top of page

ദാമ്പത്യത്തിന്‍റെ കണ്ണ് (Healthy relationships ​among couples)

  • Writer: ജോയി മാത്യു
    ജോയി മാത്യു
  • Jul 12
  • 3 min read

Updated: Jul 16

Line Drawing of two persons chatting
Healthy relationships ​among couples


കടല്‍ പിന്‍വലിയുന്നത് കണ്ടു നിന്നവരെയാണ് സുനാമിയുടെ തിരകള്‍ വന്നു വിഴുങ്ങിയത്. ചിത്രീകരിച്ച ആള്‍ മരണപ്പെട്ടെങ്കിലും ആ വീഡിയോ ക്യാമറ ബാക്കിവച്ച ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു.


പിന്‍വലിയല്‍ അപകടത്തിന്‍റെ മുന്നോടിയാണ്, കടലിന്‍റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യത്തിന്‍റെ കാര്യത്തിലും.


രണ്ടിലൊരാള്‍ പിന്‍വലിയുന്നു അല്ലെങ്കില്‍ ഉള്‍വലിയുന്നു എന്നതാണ് ദാമ്പത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളരെ ഉന്‍മേഷത്തോടെ പോയിരുന്ന ബന്ധത്തില്‍ മെല്ലെ മെല്ലെ ഒരു മൗനം കയറി വരുന്നു. രണ്ടു പേരും തുടക്കത്തില്‍ അത് ശ്രദ്ധിക്കുന്നു പോലും ഉണ്ടാവില്ല. നാളുകള്‍ കഴിയുമ്പോള്‍ മനസിലാകുന്നു - പരസ്പരം തുറന്നു ചിരിച്ചിരുന്ന, ഓരോരോ ചെറിയ വിശേഷങ്ങളും പങ്കുവച്ചിരുന്ന, ഫോണില്‍ വന്ന ഓരോ മെസേജുകളെ കുറിച്ചു പോലും ചര്‍ച്ച ചെയ്തിരുന്ന തങ്ങളിപ്പോള്‍ വല്ലതും മിണ്ടിയിട്ട് നാളുകളായി എന്ന്. പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാത്തവരായി മാറി എന്ന്.


കുറച്ചു കൂടി കഴിയുമ്പോള്‍ അവര്‍ രണ്ടു യന്ത്രങ്ങളായി രൂപപ്പെടുന്നു. മാര്‍ക്കറ്റില്‍ പോവുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്ന, ഫീസുകളും ബില്ലുകളും അടയ്ക്കുന്ന, വയ്ക്കുകയും അലക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന വെറും യന്ത്രങ്ങള്‍. മനസുകൊണ്ടു ബന്ധമില്ലാതെ ശരീരം പോലും യാന്ത്രികമായി പങ്കുവയ്ക്കുന്നവര്‍. ചിലപ്പോള്‍ ശാരീരിക ബന്ധം പോലും നിലച്ചു പോയവര്‍.


താന്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന്, സ്നേഹിക്കപ്പെടുന്നില്ലെന്ന്, താലോലിക്കപ്പെടുന്നില്ലെന്ന്, ഒരു ദിനം രാവിലെ ഒരാള്‍ക്ക് ബോധമുദിക്കുമ്പോള്‍ മുതല്‍ ദാമ്പത്യകലഹം ആരംഭിക്കുന്നു. തനിക്കവയെല്ലാം നിഷേധിച്ച മറ്റെയാളോട് എണ്ണിയെണ്ണി കണക്കു പറഞ്ഞു തുടങ്ങുന്ന കലഹം ഒടുവില്‍ ഡിവോഴ്സില്‍ എത്തിയേ നില്‍ക്കുകയുളളൂ. ഈ ഉള്ളുലച്ചിലുകള്‍ക്കിടയില്‍ സാന്ത്വനവും സ്നേഹവും വാരിയെറിഞ്ഞ് കയറി വരുന്ന മറ്റൊരാളുമായി സ്ഥാപിക്കുന്ന ബന്ധം 'പവിത്രമായ ഒരു അവിഹിതം' മാത്രമാണെന്ന് തിരിച്ചറിയാതെയും പോകുന്നു.


വിവാഹമോചനം ഒരു ദിവസത്തെ സംഭവമല്ല. അവിഹിതബന്ധവും ഒരു ദിവസത്തെ തീരുമാനമല്ല. വലിയ കലഹങ്ങളും പലപ്പോഴും ഒരു ദിവസത്തില്‍ രൂപപ്പെടുന്നില്ല. അവയുടെ വേരുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച വൈകാരിക അകലങ്ങളിലാണ്. ഒരേ വീട്ടില്‍ താമസിക്കുന്നു എന്നത് ദാമ്പത്യ ബന്ധത്തിന്‍റെ തെളിവല്ല. ഒരേ ജീവിതം ജീവിക്കുന്നത് പോലും ബന്ധത്തിന്‍റെ തെളിവല്ല. പരസ്പരം ഒരാളുടെ ഉള്ളില്‍ മറ്റേയാള്‍ക്ക് ഇടമുണ്ടോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.


മനുഷ്യന്‍റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഒന്ന് "Emotional Validation" ആണ്. നമ്മുടെ വികാരങ്ങള്‍ ആരെങ്കിലും അംഗീകരിക്കുന്നു, മനസ്സിലാക്കുന്നു, കേള്‍ക്കുന്നു എന്ന ബോധം. കുട്ടിക്കാലം മുതല്‍ തന്നെ മനുഷ്യന്‍ അത് അന്വേഷിക്കുന്നു. അതുകൊണ്ടാണ് കുഞ്ഞ് വീഴുമ്പോള്‍ അമ്മയെ നോക്കുന്നത്; വേദനിച്ചതു കൊണ്ടല്ല, വേദന അമ്മ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയാനാണ്. ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ അമ്മ ആശ്വാസമാകുന്നത് കുഞ്ഞിന്‍റെ വൈകാരികമായ തലത്തിനാണ്. ഒരു Emotional connection അവിടെയുണ്ട് - നീ വീഴുമ്പോള്‍ ഞാനുണ്ടാവും കരുതലായി എന്ന കണക്ഷന്‍.


ഒരാള്‍ എത്ര തന്നെ വളര്‍ന്നാലും എത്ര വലിയ ബിരുദധാരിയായാലും അയാളുടെ ഉള്ളില്‍ Emotional connection ആഗ്രഹിക്കുന്ന ഒരു കുഞ്ഞുണ്ട് എന്നതു തന്നെയാണ് സത്യം. വികാരങ്ങളുടെ തലത്തെ തലോടാതെയും കരുതല്‍ നല്‍കാതെയും ഒരു ദാമ്പത്യ ബന്ധത്തിന് നിലനിന്നു പോവുക സാധ്യമല്ല.


കുഞ്ഞിന്‍റേതിനു തുല്യമായ കുസൃതികളും,  സ്വകാര്യ ലോകത്തെ ബാല ചാപല്യങ്ങളും, കൗമാരക്കാര്‍ക്കു തുല്യമായ പ്രണയ വികാരങ്ങളും, യൗവനത്തിന്‍റെ ചൂടുള്ള ശാരീരിക വികാരങ്ങളും ചേര്‍ന്ന ഒരു വലിയ മിശ്രിതമാണ് ദാമ്പത്യം. അവിടെ ചെറിയ ചെറിയ വിശദാംശങ്ങള്‍ക്കു (details‑) പോലും വലിയ പ്രാധാന്യമുണ്ട്. Emotional bonding ന് ഇവയെല്ലാം കാരണമാകും. കഴിച്ചോ? തലവേദന മാറിയോ? ഇന്ന് ഏത് നിറത്തിലുള്ള ഡ്രസ്സാണിടുന്നത്? ഇത് നിനക്കു ചേരുന്നുണ്ട്, You look fabulous എന്നിങ്ങനെയുള്ള 'കൊച്ചു വര്‍ത്തമാനങ്ങള്‍' മുഴുവന്‍ മേല്‍പ്പറഞ്ഞ detailing ന്‍റെ ഭാഗമാണ്. ദാമ്പത്യത്തിന്‍റെ ആദ്യ പാദത്തില്‍ അതുണ്ട്.


ഞാന്‍ നിന്നെ അനുനിമിഷം ശ്രദ്ധിക്കുന്നുണ്ട് എന്ന ഓര്‍മ്മിപ്പിക്കലും ഞാന്‍ ഓരോ നിമിഷവും ശ്രദ്ധിക്കപ്പെടുന്നല്ലോ എന്ന സന്തോഷവുമാണ് ഒരു ബന്ധത്തിന്‍റെ നിലനില്‍പ്പിനാധാരം. അതിപ്പോ ദാമ്പത്യത്തില്‍ മാത്രമല്ല, ജോലിയിടത്തും കമ്യൂണിറ്റിയിലുമെല്ലാം അതിന് പ്രാധാന്യമുണ്ട്. Detailing നു പ്രാധാന്യമുണ്ട്. Emotional connection നും Emotional bonding  നും പ്രാധാന്യമുണ്ട്.


ജീവിതം ഒരു സംയുക്ത സംരംഭം മാത്രമായി മാറുമ്പോള്‍ ബന്ധം മരിക്കാന്‍ ആരംഭിക്കുന്നു. കുട്ടികളെ വളര്‍ത്തണം. വായ്പ അടയ്ക്കണം. വീട് നോക്കണം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം.


എല്ലാം ചെയ്യപ്പെടുന്നു. പക്ഷേ ബന്ധം മാത്രം ജീവിക്കുന്നില്ല. ആരുടെയെങ്കിലും കുറ്റം കൊണ്ടല്ല ഇതു സംഭവിക്കുന്നത്. മറിച്ച് ബന്ധത്തെക്കാള്‍ ഉത്തരവാദിത്തങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിന്‍റെ ഫലമാണ്. കുട്ടികള്‍ക്കായി ജീവിക്കുന്നു. ഭാവിക്കായി ജീവിക്കുന്നു. സാമ്പത്തിക സുരക്ഷയ്ക്കായി ജീവിക്കുന്നു. പക്ഷേ, വൈകാരിക തണല്‍ ആവശ്യമുള്ളൊരാള്‍ കൂടെ ജീവിക്കുന്നു എന്നത് മറക്കുന്നു. തങ്ങളുടെ ബന്ധവും ജീവിച്ചിരിക്കണം എന്നത് മറക്കുന്നു.


അവിടെയാണ് അപരിചിതത്വം ആരംഭിക്കുന്നത്. രണ്ടു പേരും ഒരേ മേല്‍ക്കൂരയ്ക്കു കീഴെ രണ്ട് ഭൂഖണ്ഡങ്ങളില്‍ പാര്‍ത്തു തുടങ്ങുന്നത്. ഫീസടച്ചു, ബില്ലടച്ചു തുടങ്ങിയ വികാരങ്ങളെ അവഗണണിച്ചു, information മാത്രം പങ്കുവയ്ക്കുന്നത്. ഉച്ചയ്ക്ക് എന്തു കഴിച്ചു എന്നു പോലും മറക്കുന്നത്. പിറന്നാളുകളും ആനിവേഴ്സറികളും പോലും മറക്കുന്നത്.


വിവാഹം ഒരു ദിവസത്തെ ല്ലിേ മാത്രമാണ്. അതിന് ആയുസില്ല. അനുനിമിഷം നീളുന്ന പരസ്പരം ചേര്‍ത്തു പിടിക്കലിലൂടെയും വൈകാരികമായ  ഇഴയടുപ്പം സൃഷ്ടിക്കലിലൂടെയും മാത്രമേ അതിനെ 365 ദിവസവും ജീവിപ്പിച്ചു കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ. ഒരു ചെടിയുടെ ചുവട്ടില്‍ നിന്ന് ശ്രദ്ധ മാറുമ്പോള്‍ അത് പാഴായി തുടങ്ങുന്നതു പോലെ (emotional neglect) തുടങ്ങുന്നിടത്ത് ഒരു ദാമ്പത്യത്തിന്‍റെ മരണം ആരംഭിക്കും.


വിശന്ന ഒരാള്‍ക്ക് സാധാരണ ഭക്ഷണം പോലും വിരുന്നായി തോന്നും. അതുപോലെ വൈകാരിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരാള്‍ക്ക് ചെറിയ പരിഗണന പോലും അസാധാരണമായി തോന്നാം. അങ്ങനെയൊരാളുടെ വരവിന്‍റെ പേരാണ് അവിഹിതം.


പല അവിഹിതബന്ധങ്ങളും ലൈംഗിക ആകര്‍ഷണത്തില്‍ ആരംഭിക്കുന്നതല്ല. കേള്‍ക്കപ്പെടാനുള്ള ആഗ്രഹത്തിലാണ് ആരംഭിക്കുന്നത്. മനസ്സിലാക്കപ്പെടാനുള്ള ദാഹത്തിലാണ് ആരംഭിക്കുന്നത്. അവിടെ ലഭിക്കുന്ന ആശ്വാസത്തെ ആളുകള്‍ സ്നേഹമായി തെറ്റിദ്ധരിക്കുന്നു.


ഇവിടെയാണ് 'പവിത്രമായ അവിഹിതം' എന്ന അപകടകരമായ മിഥ്യ രൂപപ്പെടുന്നത്. മുറിവ് സുഖപ്പെടുത്താന്‍ വന്ന മരുന്നിനെ ജീവിതപങ്കാളിയെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥ.


സ്നേഹം ഒരു വികാരമാണെന്ന് നാം കരുതുന്നു. യഥാര്‍ത്ഥത്തില്‍ അത് ഒരു പരിശീലനമാണ്. കരുതല്‍ ഒരു സ്വഭാവമല്ല. ഒരു ശീലമാണ്. സാമീപ്യം ഒരു യാദൃശ്ചികതയല്ല. ഒരു തിരഞ്ഞെടുപ്പാണ്. ഓരോ ദിവസവും പരസ്പരം കേള്‍ക്കുക, മനസ്സിലാക്കുക, അന്വേഷിക്കുക, അംഗീകരിക്കുക, സ്പര്‍ശിക്കുക, അഭിനന്ദിക്കുക ഇവയാണ് ബന്ധത്തിന്‍റെ ജലസേചനം.


ആത്മീയതയുടെ ഭാഷയില്‍ പറഞ്ഞാല്‍, ദാമ്പത്യം ഒരു സാധനയാണ്. പ്രാര്‍ത്ഥന ഒരിക്കല്‍ ചെയ്താല്‍ മതിയാകാത്തതുപോലെ, സ്നേഹവും ഒരിക്കല്‍ പ്രകടിപ്പിച്ചാല്‍ മതിയാകില്ല. അത് പുതുക്കപ്പെടണം. എല്ലാ ദിവസവും.

A man and woman in hand in hand

മിക്ക ദാമ്പത്യപ്രശ്നങ്ങള്‍ക്കും വലിയ പരിഹാരങ്ങള്‍ ആവശ്യമില്ല. ചെറിയ ശീലങ്ങള്‍ മതി.


1. ദിവസവും പത്ത് മിനിറ്റ് എങ്കിലും പരസ്പരം കേള്‍ക്കുക.


2. ഉപദേശം നല്‍കാതെ കേള്‍ക്കുക.


3. വിധി പറയാതെ കേള്‍ക്കുക.


4. തിരുത്താന്‍ ശ്രമിക്കാതെ കേള്‍ക്കുക.


5. കേള്‍ക്കുക മാത്രം.


6. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുട്ടികളില്ലാതെ, ഫോണുകളില്ലാതെ, മറ്റാരുമില്ലാതെ ഒരുമിച്ച് സമയം ചെലവിടുക. പഴയ കൗമാരക്കാരനും കൗമാരക്കാരിയും യുവാവും യുവതിയുമാകുക.


7. പങ്കാളിയെ സ്വാഭാവികമായി കാണുന്നത് നിര്‍ത്തി, ബോധപൂര്‍വം കാണാന്‍ തുടങ്ങുക.


8. 'നീ ചെയ്തതിന് നന്ദി' എന്ന് പറയുക. 'സോറി' പറയേണ്ടപ്പോള്‍ അതും.


9. 'നീ ക്ഷീണിച്ചിട്ടുണ്ടല്ലോ' എന്ന് ശ്രദ്ധിക്കുക.


10. 'നിനക്ക് എന്താണ് വിഷമം?' എന്ന് ചോദിക്കുക.


തിരികെ പിടിക്കാന്‍ കഴിയും ഇടറിക്കൊണ്ടിരിക്കുന്ന ഓരോ ബന്ധത്തെയും. ബോധപൂര്‍വം ശ്രദ്ധിച്ചാല്‍ മാത്രം മതി. നാം ശ്രദ്ധിക്കുന്നതു മാത്രമേ കണ്ണില്‍പെടുകയുള്ളൂ എന്നത് തിരിച്ചറിയുക. പങ്കാളിയുടെ കുറവുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ അവ മാത്രം വളരുന്നതായി കാണാം. നന്‍മകള്‍ ശ്രദ്ധിച്ചാല്‍ അവയും വളരും.


'കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും.' (ലൂക്കാ 11 : 34).








ദാമ്പത്യത്തിന്‍റെ കണ്ണ്

ജോയ് മാത്യു പ്ലാത്തറ

അസ്സീസി മാസിക ജൂലൈ 2026

bottom of page