top of page

അടക്കാനാവാത്തത്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 22
  • 1 min read
ഇരുണ്ട മണ്ണിൽ നിന്ന് ഉയരുന്ന പച്ച തൈയുടെ അടുത്ത ദൃശ്യം, ചൂടുള്ള വെളിച്ചത്തിൽ പുതുജീവന്റെ ശാന്തമായ ഭാവം.

തനിക്ക് വേണ്ടിത്തന്നെ അല്ലാതെ മറ്റാർക്കും വേണ്ടി തപിക്കുന്ന ഹൃദയമുള്ളവരിൽ ക്രിസ്തുവുണ്ട്.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരിലും ക്രിസ്തുവുണ്ട്.

സ്വന്തം സുരക്ഷിതത്വവും ആരോഗ്യവും തൃണവൽഗണിക്കുന്നവരിലും ക്രിസ്തുവുണ്ട്.

അധികാരത്തെയും ദുഷ്ടതയെയും ഭയക്കാത്തവരിലും ക്രിസ്തു ഉണ്ട്.

വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നവരിലും ദാഹിക്കുന്നവർക്ക് ദാഹനീർ പകരുന്നവരിലും ക്രിസ്തുവുണ്ട്.

അധികാര കേന്ദ്രങ്ങളിലേക്ക് കഴുതപ്പുറത്തേറി യാത്ര ചെയ്യുന്നവരിലും ക്രിസ്തുവുണ്ട്.

അടികൊണ്ട് വീഴുന്നവരിൽ ക്രിസ്തുവുണ്ട്.

മതം തലയ്ക്കുപിടിച്ചവർ കാറിത്തുപ്പിയ മുഖം ക്രിസ്തുവിന്റേതാണ്.

മർദ്ദിതർക്കുവേണ്ടി ശബ്ദമുയർത്തുന്നവരിൽ ക്രിസ്തുവുണ്ട്.


അടിയേറ്റ് പുറം പൊളിഞ്ഞവരിൽ ക്രിസ്തുവുണ്ട്.

ചവിട്ടേറ്റ് വീഴുന്നവരിലും ക്രിസ്തുവുണ്ട്.

കരയുന്നവരിൽ ക്രിസ്തുവുണ്ട്.

അപഹസിക്കപ്പെടുന്നവരിലും കാരാഗ്രഹത്തിൽ അടയ്ക്കപ്പെടുന്നവരിലും ക്രിസ്തുവുണ്ട്.

തങ്ങൾ പറഞ്ഞതിൽ തെറ്റില്ലെങ്കിൽ തങ്ങളെ അടിക്കുന്നതെന്തിന് എന്ന് തിരിച്ചു ചോദിക്കുന്നവരിലും ക്രിസ്തുവുണ്ട്.

ജനത്തെ വഴിതെറ്റിക്കുന്നു എന്ന അപരാധം ചാർത്തപ്പെടുന്നവരിലും ക്രിസ്തുവുണ്ട്.

സീസറിന് കപ്പം കൊടുക്കുന്നതിൽ നിന്ന് ജനത്തെ തടയുന്നവൻ എന്ന കുറ്റം ചാർത്തപ്പെടുന്നവരിലും ക്രിസ്തുവാണ്.


താൻ ഏറ്റെടുക്കാൻ പോകുന്ന സഹനത്തെക്കുറിച്ച് പറയുമ്പോൾ തടസ്സം പറയുന്നയാൾക്ക് എതിരേ നില്ക്കുന്നതാരോ, അതാണ് ക്രിസ്തു.

സ്വന്തം അധികാരം നിലനിർത്തുന്നതിനായി 'തനിക്ക് ഈ രക്തത്തിൽ പങ്കില്ല' എന്ന് പറഞ്ഞ് കൈകഴുകുന്നവരുടെ എതിരേ നിൽക്കുന്നു ക്രിസ്തു.

സ്വന്തം കസേര കാക്കുന്നവർക്കും അധികാരം കൈവിട്ടു പോകാതെ നോക്കുന്നവർക്കും എതിരേ നിൽക്കുന്നു, ക്രിസ്തു.

അന്യായ വിധികൾ പ്രസ്താവിക്കുന്നവർക്ക് എതിരേ നിൽക്കുന്നു, ക്രിസ്തു.

അവനെ ക്രൂശിക്കുക എന്ന് ആക്രോശിക്കുന്നവർക്ക് എതിരേ നിൽക്കുന്നത് ക്രിസ്തുവാണ്.

മുറിവേറ്റവരെ കണ്ടിട്ടും തലതിരിച്ച് കാണാത്ത മട്ടിൽ കടന്നുപോകുന്നവർക്ക് എതിരേ നില്ക്കുന്നു, ക്രിസ്‌തു.

സീസറല്ലാതെ ഞങ്ങൾക്ക് വേറൊരു രാജാവില്ല എന്ന് വിളിച്ചുപറയുന്ന അന്തഃസാരശൂന്യരായ വിധേയന്മാരെ നോക്കി മന്ദഹസിക്കുന്നവൻ ക്രിസ്തു.

വെറും കാഴ്ചക്കാരായി വഴിയരികിൽ നോക്കിനില്ക്കുന്നവർക്ക് മുന്നിലൂടെ എത്രയും പെട്ടന്ന് കടന്നുപോകുന്നു, ക്രിസ്തു!


പക്ഷേ, ഒന്നുണ്ട്. അടക്കാനാവാത്തതാണ്, ഉയിർപ്പാണ് ക്രിസ്തു!

bottom of page