top of page

ജെൻ്റർ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 25
  • 2 min read
symbols of man and woman in white background

ബൈബിൾ നിറയെ രൂപകങ്ങളുടെ പെരുമഴയാണ്. യേശുവും രൂപകങ്ങൾ ഉപയോഗിച്ചാണ് മിക്കവാറും പഠിപ്പിച്ചിരുന്നത്. രൂപകങ്ങൾ മനസ്സിൽ അഴ്ന്നിറങ്ങും. പ്രധാന ആശയത്തെ കൂടുതൽ മിഴിവോടെ പ്രകാശിപ്പിക്കും. യേശു പറയുന്ന ഉപമകളിലെല്ലാം രൂപകങ്ങളുണ്ട്.


ദൈവം മനുഷ്യരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നാണ് ഉല്പത്തി പുസ്തകത്തിൻ്റെ വെളിപാട്. പുരുഷനെയും സ്ത്രീയെയും തൻ്റെ ഛായാസാദൃശ്യങ്ങളിൽ ദൈവം സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ പുരുഷനും സ്ത്രീയും ഒരേപോലെയും സമനന്വിതമായും ദൈവ പ്രതിഛായകൾതന്നെ.

സത്യത്തിൽ പുരുഷത്വവും സ്ത്രീത്വവും ഈ ഭൂമിയിലെ താൽക്കാലികമായ ക്രമീകരണങ്ങൾ മാത്രമാണെന്ന് യേശു വ്യക്തമാക്കിയിട്ടുമുണ്ടല്ലോ! (അവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. അവർ സ്വർഗ്ഗത്തിലെ മാലാഖമാരെപ്പോലെ ആയിരിക്കും: ലൂക്ക 20: 34-36). നമുക്ക് വലതു കൈയും ഇടതുകൈയും ഉള്ളതുപോലെ മാത്രം!


ദൈവത്തെ പുരുഷനായി മനസ്സിലാക്കുന്നത്, ഒരു സൗകര്യത്തിനുവേണ്ടി ചെയ്യുന്നത് മാത്രമാണ്. ദൈവത്തിന് ശരീരമില്ലാത്തതിനാലും ദൈവം ഒരു സൃഷ്ടിയല്ലാത്തതിനാലും ലിംഗ പരിമിതികൾ ദൈവത്തിന് ഉണ്ടാവരുതല്ലോ! ദൈവം അരൂപിയും ആത്മാവുമാണ്.

അതായത്, നാം ദൈവത്തെ പുരുഷനായോ സ്ത്രീയായോ പരികല്പന ചെയ്യുന്നുവെങ്കിൽ നമുക്ക് റിലേറ്റ് ചെയ്യാൻ പാകത്തിന് അത്തരം ഗുണം അഥവാ സ്വഭാവം നാം ദൈവത്തിൽ ആരോപിക്കുന്നു എന്ന് മനസ്സിലാക്കിയാൽ മതി. യഹൂദ പാരമ്പര്യത്തിലും സവിശേഷമാം വിധം ക്രൈസ്‌തവ പാരമ്പര്യത്തിലും ദൈവത്തെ കരുണാമയനും ക്ഷമാശീലനുമായ പിതാവായിട്ടാണ് നിദർശിക്കുന്നത്. ആദ്യം തുടക്കമിടുന്നയാൾ, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നവൻ, ശക്തനായവൻ എന്നീ പ്രത്യയങ്ങൾ ഏറ്റവും ചേരുന്ന ഭാവം എന്ന നിലക്ക് ആവണം, അരൂപിയും ആത്മാവുമായ ദൈവത്തെ പിതാവ് എന്ന രീതിയിൽ നിദർശിക്കാനുള്ള കാരണം.


പഴയ നിയമത്തിൽ ചിലയിടങ്ങളിലെങ്കിലും സ്ത്രൈണ ബിംബങ്ങൾ ഉപയാഗിച്ച് ദൈവത്തെ അടയാളപ്പെടുത്തുന്നുണ്ട്. "വളരെക്കാലം ഞാൻ നിശബ്ദത പാലിച്ചു. എന്നെത്തന്നെ നിയന്ത്രിച്ച് ശാന്തനായി കഴിഞ്ഞു. ഇപ്പോൾ ഈറ്റുനോവെടുത്തവളെപ്പോലെ നിലവിളിക്കുകയും നെടുവീർപ്പിടുകയും കിതക്കുകയും ചെയ്യും" (ഏശ. 42:14); കർത്താവ് അരുൾച്ചെയുന്നു: ഞാൻ പ്രസവത്തോളം എത്തിച്ചിട്ട് പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മംനല്കുന്ന ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?" (ഏശ. 66:9); "അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും. ജറൂസലേമിൽ വച്ച് നീ സാന്ത്വനം അനുഭവിക്കും" (ഏശ. 66:13); "നിനക്ക് ജന്മംനല്കിയ പാറയെ നീ അവഗണിച്ചു; നിനക്ക് രൂപമേകിയ ദൈവത്തെ നീ വിസ്‌മരിച്ചു" (നിയമാവർത്തനം 32:18). സമാനമായ രൂപകങ്ങൾ പുതിയ നിയമത്തിൽ യേശുവും ഉപയോഗിക്കുന്നതുകാണാം.


" ജറൂസലേം, ജറൂസലേം ... തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ നിർത്തുന്നതുപോലെ നിൻ്റെ സന്താനങ്ങളെ ഒന്നിച്ചുചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു" (ലൂക്ക 13: 34); 'മൂന്നിടങ്ങഴി മാവ് പുളിമാവ് ചേർത്തുകുഴച്ച് അത് മുഴുവൻ പുളിക്കുവോളം കാത്തിരിക്കുന്ന സ്ത്രീയോട് യേശു ഉപമിക്കുന്നുണ്ട് ദൈവരാജ്യത്തെ. ദൈവത്തെ സ്‌ത്രൈണ ഭാവത്തിൽ അവതരിപ്പിക്കുകയാണ് യേശു ഈ ഉപമയിൽ.


നഷ്‌ടപ്പെട്ട ആടിനെ തേടിപ്പോകുന്ന ഇടയൻ എന്ന പുരുഷരൂപകത്തെയും ധൂർത്തപുത്രനെ കാണുന്ന മാത്രയിൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന പിതാവ് എന്ന പുരുഷരൂപകത്തെയും നാം ഉടനെ ദൈവവുമായി ബന്ധിപ്പിക്കുമെങ്കിലും ഈ രണ്ട് ഉപമകൾക്കും തൊട്ട് നടുവിലുള്ള നഷ്‌ടപ്പെട്ട നാണയം അന്വേഷിച്ച് വീട് മുഴുവൻ അടിച്ചുവാരി അത് കണ്ടുകിട്ടുവോളം അന്വേഷിക്കുന്ന സ്ത്രീ എന്ന രൂപകത്തെ സാധാരണ ഗതിയിൽ നാം ദൈവത്തോട് ബന്ധിപ്പിക്കാറില്ല എന്നതാണ് വാസ്തവം (ലൂക്ക 15: 8-10).


അന്ത്യഅത്താഴമേശയിൽ 'ഇതാ ഇതെടുത്ത് ഭക്ഷിച്ചു കൊള്ളൂ; ഇതെൻ്റെ ശരീരമാണ്' എന്നുപറയുന്നതിന്, ഒരമ്മ തൻ്റെ ഗർഭസ്ഥ ശിശുവിന് തൻ്റെതന്നെ മാംസം നല്കുന്നതുമായും 'ഇതാ ഇതെൻ്റെ രക്തം; ഇതെടുത്ത് പാനം ചെയ്യൂ' എന്നുപറയുന്നതിന് ഒരമ്മ തൻ്റെ കുഞ്ഞിന് അമ്മിഞ്ഞ നല്കുന്നതിനോടും ഏറെ അടുപ്പമുണ്ടെന്നത് വാസ്‌തവമല്ലേ?


ഇങ്ങനെ, പഴയനിയമത്തിലും പുതിയനിയമത്തിലും ചിലയിടങ്ങളിലെങ്കിലും സ്ത്രൈണ രൂപകങ്ങൾ ഇടകലർന്ന് വരുന്നതായി നാം കാണുന്നുണ്ട് എന്നത് മറക്കാതിരിക്കാം.

bottom of page