അധരം


തനിക്ക് സ്വർഗത്തിന്റെ ദർശനം ഉണ്ടാകുന്നതായി ആറാം അധ്യായത്തിൽ ഏശയ്യാ വിവരിക്കുന്നുണ്ട്. ദൈവത്തിൻ്റെ പരമപരിശുദ്ധി ദർശിച്ച വേളയിൽ, "ഞാൻ നശിച്ചു, എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനും ആകുന്നു" എന്ന് പ്രവാചകൻ വിലപിക്കുന്നു. "ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനും" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞാൻ പലപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു. ഈയ്യിടെയാണ് അതിൻ്റെ ക്ലൂ ലഭിച്ചത്. "ഹൃദയത്തിന്റെ നിറവിൽനിന്നാണ് അധരം സംസാരിക്കുന്നത്" എന്ന യേശുവചനം ഓർക്കുന്നുവല്ലോ. ഉള്ളിൽ നാമെന്താണോ സംഭരിച്ച് ഉള്ളിൽ സൂക്ഷിക്കുന്നത്, ക്രമേണ നാം അതാ വുന്നു. നാം പുറത്തേക്കെടുക്കുന്നതും അതുതന്നെയാവും. "ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനും ആകുന്നു" എന്ന് ഏശയ്യാ പറയുമ്പോഴും ഏതാണ്ട് അതുതന്നെയാണ്. ദൈവത്തിൻ്റെ പരമപരിശുദ്ധിക്കുമുന്നിൽ നില്ക്കുമ്പോൾ ഞാനും എൻ്റെ കുലവും തിന്മ നിറഞ്ഞവരാണ്, മർത്ത്യതയാണ് എന്ന അവബോധമാണ് നമ്മിലുണ്ടാകുന്നത്. പരമ്പരാഗതമായ പ്രബോധനമനുസരിച്ചുള്ള കർമ്മപാപത്തെയും ഉത്‌ഭവപാപത്തെയും കുറിച്ചുള്ള സൂചനയും ഒരുപക്ഷേ അതേ വചനത്തിൽ നമുക്ക് വായിച്ചെടുക്കാനാകും എന്നു തോന്നുന്നു.
ദൈവകൃപയുടെ, ദൈവാരൂപിയുടെ തീക്കട്ട മാത്രമാണ് മനുഷ്യൻ്റെ പാപാവസ്ഥയെ ഹരിക്കുന്നതും അയാളെ ശുദ്ധിയുള്ളതാക്കിത്തീർക്കുന്നതും. അതാരംഭിക്കുന്നതാവട്ടെ ഒരാളുടെ അധരത്തിലും! അധരത്തിൽ നിന്ന് ഹൃദയത്തിലേക്ക് എന്നതാണ് ക്രമം.
പൗലോസിൻ്റെ വിഖ്യാതമായ ആ വാക്യവും അതേ ക്രമമാണ് പാലിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. "ക്രിസ്തുവാണ് യേശു എന്ന് അധരത്താൽ ഏറ്റുപറയുകയും ദൈവം അവനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും."
ഒരാളുടെ ഉള്ളിൻ്റെ സമഗ്രതയെയാണ് ഹൃദയം എന്നുപറയുന്നത്. അധരമാവട്ടെ, അതിൻ്റെ പ്രവേശനവും പ്രകാശനവും.
പൗലോസ് പറയുന്ന വാക്യത്തെ ഒരുപക്ഷേ, ഇങ്ങനെ വായിക്കാം. മാനവപൂർണ്ണതയുടെ, മാനവസാക്ഷാത്ക്കാരത്തിൻ്റെ ബ്ലൂപ്രിൻ്റ് ആണ് യേശു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, സ്‌നേഹപ്രോക്തമായ സ്വയം ശൂന്യമാക്കൽ. മരണത്തിൽ മുങ്ങിത്താണാലും ജീവനോടെ പൊന്തിവരാനുള്ള തീർച്ച!

















































































































