ഭയക്കണ്ടേ?
- George Valiapadath Capuchin

- Jul 28
- 1 min read

കുറേ മാസംമുമ്പ് പരിചയമുള്ള ഒരു സഹോദരിയിൽ നിന്ന് ഒരു കത്തുകിട്ടി. അതിൽ ഒരു ഭാഗം ഞാൻ അന്നേ വെട്ടിയെടുത്ത് വച്ചു. അതിങ്ങനെയായിരുന്നു: "ഞായറാഴ്ച ഞങ്ങൾക്ക് (പള്ളിയിൽ) നിറയെ ആളുണ്ടായിരുന്നു. ഞാൻ ഒന്നുതിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്താണെന്നോ?! മനോഹരമായ വൈവിധ്യം. വിവിധ നിറങ്ങളിലുള്ളവരും, ഉച്ചാരണശുദ്ധി ഇല്ലാത്തവരും ഉള്ളവരും, എതിർവർഗ്ഗ ലൈംഗികതയിലുള്ളവരും നേർവർഗ്ഗ ലൈംഗികതയിലുള്ളവരും, പുരുഷന്മാരും സ്ത്രീകളും, ഉയരം കുറഞ്ഞവരും ഉയരമുള്ളവരും, തടിച്ചവരും മെലിഞ്ഞവരും, ചെറുപ്പക്കാരും വൃദ്ധരുമെല്ലാം. ഇതിലും ഭംഗിയുള്ളൊരു കാഴ്ച വേറെയില്ല!"
ഞാനോർത്തു: ഇവർ ഈ പറയുന്ന കാഴ്ച മറ്റൊരാളാണ് കാണുന്നതെങ്കിൽ അത് അയാളെ ഒരുപക്ഷേ ഏറെ ഭയപ്പെടുത്തുകയും ചിലപ്പോൾ സമ്പൂർണ്ണമായും മഥിച്ചുകളയുകയും ചെയ്തേക്കാം! ഒരു കൂട്ടരെ ഭയപ്പെടുത്തുന്ന കാഴ്ച മറ്റൊരു കൂട്ടരെ ആനന്ദിപ്പിക്കുന്നു!
പണ്ട് ദൈവശാസ്ത്രം പഠിക്കുന്ന കാലത്ത് കുറേക്കാലം അവിടത്തെ ലൈബ്രേറിയൻ കൂടിയായിരുന്നു. എല്ലാവർഷവും കുറെ വിദേശ പുസ്തകങ്ങൾ ഓർഡർ ചെയ്ത് വരുത്തുമായിരുന്നതിൽ 'ഫെയ്സോളജി' എന്നൊരു പുസ്തകവും ഒരിക്കൽ ഉൾപ്പെട്ടു. മനുഷ്യരുടെ മുഖം വായിച്ച് വ്യക്തിത്വം ഊഹിക്കാൻ ഉള്ള താല്പര്യം ഉണ്ടായിരുന്നതിനാൽ മേൽപ്പറഞ്ഞ പുസ്തകം പലതവണ എടുത്തു വായിച്ചിരുന്നു. ഇരു കണ്ണുകളും തമ്മിൽ അകലമുള്ള വ്യക്തികൾ കൂടുതൽ വിശാലമനസ്കരും ഉദാരചിന്താഗതിക്കാരും ആയിരിക്കും; നേരേ തിരിച്ചും. എന്നാൽ, അത് അങ്ങനെയാണോ എന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. എന്തായാലും വ്യത്യസ്ത അഭിപ്രായമുള്ളവരെ, ഭരണക്കാർക്കെതിരേ പ്രതിഷേധിക്കുന്നവരെ കൊല്ലണം എന്നു പറയുന്നവരും (ഉൾ)കൊള്ളണം എന്നു പറയുന്നവരും ഒരേ സമൂഹത്തിലും ഒരേ കുടുംബത്തിലും കണ്ടേക്കാം. അതെങ്ങനെ സംഭവിക്കുന്നു എന്നുമാത്രം നിശ്ചയമില്ല.
ദൈവരാജ്യത്തെക്കുറിച്ച് യേശു പറയുന്ന ഉപമകൾ പലപ്പോഴും എന്നെ ഭയപ്പെടുത്താറുണ്ട്. അതിൽ ആവർത്തിച്ച് കാണുന്ന ചില ഘടകങ്ങളാണ് അതിനുകാരണം. വിധി പറയാതെ അവസാനംവരെ കാത്തിരിക്കേണ്ടതുണ്ട് എന്നതാണ് ഒന്ന്. വിളയും കളയും ഒരുമിച്ച് വളരട്ടെ; അവയെ വേർതിരിക്കുന്നതിന് അവസാനം വരെ കാത്തിരിക്കണം! നല്ലതും ചീത്തയുമായ എല്ലാത്തരം മീനുകളെയും വല കോരിയെടുക്കട്ടെ. അവയെ വേർതിരിക്കുന്നതിന് അവസാനം വരെ കാത്തിരിക്കണം. അവസാനത്തിൽ വലിയ ട്വിസ്റ്റ് പ്രതീക്ഷിക്കാം എന്നതാണ് മറ്റൊരുഘടകം.
മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്ന് അവിടന്ന് പറയുന്നുണ്ടല്ലോ! ക്ഷണിക്കപ്പെട്ടവർ ആരും വിവാഹവിരുന്ന് ആസ്വദിക്കാതെ പോവുകയും, ക്ഷണിതാക്കളല്ലാതിരുന്നവർ വിവാഹവിരുന്ന് ആസ്വദിക്കുകയും ചെയ്യുന്ന ട്വിസ്റ്റ് കാണാനുണ്ട്. ധൂർത്തപുത്രൻ അകത്തും വിശ്വസ്തപുത്രൻ പുറത്തും ആവുന്ന ട്വിസ്റ്റും കാണാം. കാഴ്ചയുള്ളവർ കാഴ്ചയില്ലാത്തവരും കാഴ്ചയില്ലാത്തവർ കാഴ്ചയുള്ളവരും ആയി മാറുന്ന ട്വിസ്റ്റും നാം കാണുന്നുണ്ടല്ലോ!



























































