ചോദ്യങ്ങൾ
- George Valiapadath Capuchin

- Jul 23
- 1 min read

ശകുനിയുടെ കള്ളച്ചൂതിനെ കള്ളച്ചൂത് എന്ന് വിളിക്കാൻ പോലും നട്ടെല്ലു കാട്ടാത്ത യുധിഷ്ഠിരൻ തങ്ങൾ അഞ്ചുപേരുടെ പത്നിയായ ദ്രൗപതിയെ വച്ച് പകിടയെറിഞ്ഞു. അങ്ങനെ കൃഷ്‌ണയും ദുര്യോധനൻ്റെ വസ്തുവായി.
രജസ്വലയായിരുന്ന അവൾ രാജസഭയിലേക്ക് വരാൻ തടസ്സങ്ങൾ പറഞ്ഞപ്പോൾ ദുശ്ശാസനൻതന്നെ ദ്രൗപതിയെ പിടിച്ചുവലിച്ച് കൗരവ സഭയിലേക്ക് കൊണ്ടുവരുന്നു. അയാളുടെ പരാക്രമം കാരണത്താൽ യാജ്ഞസേനിയുടെ വസ്ത്രം ആകെ ഉലഞ്ഞ് അയഞ്ഞിരുന്നു.
വലിച്ചിഴച്ച് സഭയിലേക്ക് കൊണ്ടുവരപ്പെട്ട അവൾ തീപാറുന്ന കണ്ണുകളോടെ കുറേ ചോദ്യങ്ങൾ സഭയിലേക്ക് എറിയുന്നുണ്ട്.
ഭർത്താവിൻ്റെ പണയപണ്ടമാണോ ഭാര്യ എന്നാണവൾ ആദ്യം പറയാതെ പറയുന്നത്. ആദ്യം തന്നെത്തന്നെ പണയപ്പെടുത്തി ചൂതിൽ തോറ്റ് സ്വയം അടിമയായിക്കഴിഞ്ഞ ഒരാൾക്ക് സ്വതന്ത്രനായിരിക്കേ അയാൾക്ക് ഭാര്യയായിരുന്നവളെ പണയം വക്കാൻ അവകാശമുണ്ടോ എന്നാണ് അവളാദ്യം ചോദിക്കുന്നത്.
അങ്ങനെ പണയം വച്ചാൽ ആ പണയത്തിന് സാധുതയുണ്ടോ എന്ന നൈയ്യാമിക പ്രശ്‌നമാണ് അവൾ അടുത്തതായി തൊടുക്കുന്നത്.
ധാർമ്മികതയാണ് ലോകത്തിലെ പരമമായ കാര്യം. കൗരവ സദസ്സിന് പ്രസ്തുത ധാർമ്മികനീതി അവകാശപ്പെടാനുണ്ടോ എന്നവൾ ചോദിക്കുന്നു.
സമാനതകളില്ലാത്ത പാതകങ്ങൾ കണ്ടിട്ടും മൗനമായി നോക്കിയിരിക്കുന്ന മൂപ്പന്മാർ ഗുരുക്കന്മാരാണോ എന്ന് കൃഷ്ണ ചോദിക്കുമ്പോൾ അത് ഉത്തരവാദിത്തത്തെക്കുറിക്കുന്ന ചോദ്യം കൂടിയാണ്.
ഒരു മൂഢൻ പറയുന്നത് പല മൂഢർ കൊണ്ടാടും സഭ സഭയാണോ എന്നും അവൾ ചോദിക്കുന്നുണ്ട്.
സഭയിലെ സ്ത്രീജനങ്ങളുടെ ഭാഗത്തേക്ക് നീങ്ങിയ ദ്രൗപതിയെ, "അടിമേ, അടിമേ" എന്നുവിളിച്ച് അട്ടഹസിച്ചുകൊണ്ട് ദുശ്ശാസനൻ മുടിക്കുത്തിനുപിടിച്ചാണ് വലിച്ചുകൊണ്ട് നടുത്തളത്തിലേക്ക് വരുന്നത്.
അതുകണ്ട് കർണ്ണൻ ഊറിച്ചിരിക്കുന്നു.
അതുനോക്കി ശകുനി കൈകൊട്ടിച്ചിരിക്കുന്നു.
സങ്കീർണ്ണത പിടിച്ചതാണ് ധാർമ്മികത എന്നു പറഞ്ഞ് ഭീഷമരും അവളെ കൈവെടിയുന്നു.
ഒരുപക്ഷേ, ഇരുപാളികളുള്ള മഹാഭാരതത്തിൻ്റെ വിജാഗിരിയാണ് ദ്രൗപതിയും, ഉത്തരം പറയാതെപോയ അവളുടെ ചോദ്യങ്ങളും!
"യുദ്ധം കഴിഞ്ഞു, കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടിക്കുഴച്ചിട്ട ഭൂമിയിൽ" വീണ്ടുവിചാരങ്ങളോടെ ആരെല്ലാമാവും എത്തുക?



























































