ഇത്തിരി


ഫ്രാങ്കോ സഫ്രെല്ലി സംവിധാനം ചെയ്ത 'സോദരൻ സൂര്യൻ സോദരി തിങ്കൾ' (Brother Sun and Sister Moon) എന്ന വിഖ്യാത ചലച്ചിത്രത്തിൽ "If you want your dream to be" എന്നാരംഭിക്കുന്ന ഒരു ഗീതമുണ്ട്.
'നിങ്ങളുടെ സ്വപ്നം സാക്ഷാത്കൃതമാവണമെങ്കിൽ
അത് സാവധാനത്തിലും ഉറപ്പായും പണിയുക.
ചെറുതുടക്കങ്ങൾ വൻ ലക്ഷ്യങ്ങൾ:
ഹൃദ്യമായ പ്രവൃത്തികൾ നിർമ്മലമായി വളരുന്നു'
എന്നും മറ്റുമാണ് അതിൻ്റെ ലളിതമായ വരികൾ.
ഏറ്റവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും യേശു പുളിപ്പ് എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്. പക്ഷേ രണ്ടിടത്തും രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് എന്നുമാത്രം. എന്നാൽ, മൂന്ന് സമാന്തര സുവിശേഷങ്ങളിൽ മൂന്നുവിധത്തിലാണ് ആദ്യത്തേത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ലൂക്കായുടെ സുവിശേഷത്തിൽ ഫരിസേയരുടെ കാപട്യമെന്ന പുളിമാവിനെ സൂക്ഷിക്കണം (12:1) എന്ന് കാണുമ്പോൾ, 'ഫരിസേയരുടെയും സദുക്കായരുടെയും അസത്യ പ്രബോധനമാകുന്ന പുളിമാവിനെ സൂക്ഷിക്കണം' എന്നാണ് മത്തായി രേഖപ്പെടുത്തുന്നത് (16:11). അതേസമയം 'ഫരിസേയരുടെയും ഹേറോദേസിൻ്റെയും പുളിമാവിനെക്കുറിച്ച് കരുതലോടെ ഇരിക്കുവിൻ' എന്നാണ് മർക്കോസ് എഴുതുന്നത്. കാപട്യമനോഭാവമാ വട്ടെ, അസത്യ പ്രബോധനമാവട്ടെ, ലൗകികതയാവട്ടെ, മൂന്നിടത്തും ദുസ്വാധീനങ്ങളിൽ പെടാതിരിക്കാനാണ് അവിടന്ന് പറയുന്നത് എന്നുവ്യക്തം.
'പുളിപ്പ്' എന്ന അതേ രൂപകം വളരെ പോസിറ്റീവ് ആയ ഭാവത്തിലും യേശു ഉപയോഗിക്കുന്നതുകാണാം. 'ദൈവരാജ്യം' എന്ന പ്രോജക്റ്റിനെ വിശദീകരിക്കുമ്പോഴാണത്. അതിങ്ങനെയാണ്: "മൂന്നിടങ്ങഴി മാവിൽ അത് പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിന് സദൃശ്യമാണ് സ്വർഗ്ഗരാജ്യം." ഒറ്റവരിയുപമ. ഇവിടെയും സ്വാധീനം തന്നെയാണ് സൂചിതം.
മൂന്ന് ഇടങ്ങഴി മാവ് കുഴച്ച് അപ്പമുണ്ടാക്കുന്നത് അബ്രാഹത്തിൻ്റെ ഭാര്യ സാറായാണ് (ഉല്പ. 18:6). സാറാ ഉണ്ടാക്കിയത് പക്ഷേ, പുളിക്കാത്ത അപ്പമായിരുന്നു. അത് ദൈവത്തെ ഊട്ടാനായിരുന്നു. ഇവിടെ യേശുവിൻ്റെ ഉപമയിൽ ദൈവരാജ്യം എന്ന പുളിമാവ് മൂന്ന് ഇടങ്ങഴി മാവിൽ ചേർക്കുന്ന സ്ത്രീ ആരായിരിക്കാം? അത് ദൈവംതന്നെയാണ്. മാനവകുലമെന്ന, അഥവാ ലോകമെന്ന മൂന്നിടങ്ങഴി മാവിൽ ദൈവം എന്ന സ്ത്രീ കുഴച്ചുചേർത്തിരിക്കുന്ന ഇത്തിരി പുളിമാവ് മാത്രം! ആ ഇത്തിരിപ്പുളിമാവ് അതിനെ മുഴുവൻ പുളിപ്പിക്കാൻ എത്രകാലം എടുക്കുമായിരിക്കും? യുഗങ്ങൾതന്നെ വേണ്ടിവന്നേക്കാം. എന്നാൽ, അത് പുളിക്കുവോളം കാത്തിരിക്കാൻ ആ സ്ത്രീ ഒരുക്കമാണെങ്കിലോ!
















































































































