top of page

ഓര്‍മ്മകളുടെ അനന്യത

  • Writer: ഡോ. റോയി തോമസ്
    ഡോ. റോയി തോമസ്
  • Jul 14
  • 3 min read
 Cover image  of The Book by Arundhati Roy

അസാധാരണവും അനന്യവുമായ വായനാനുഭവമായിത്തീരുന്ന ചില പുസ്തകങ്ങളുണ്ട്. പകരം വയ്ക്കാനാവാത്ത അക്ഷരക്കൂട്ടുകളാണവ. അത്തരത്തിലുള്ള ഒരു പുസ്തകമാണ് അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് റ്റു മി'. ബീറ്റില്‍സിലെ ഒരു വരിയാണ് ശീര്‍ഷകമായി മാറിയിരിക്കുന്നത്. സ്വന്തം അമ്മയെക്കുറിച്ചെഴുതുമ്പോള്‍തന്നെ ദേശവും കാലവും രാഷ്ട്രീയവും എല്ലാം സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് സാധിക്കുന്നു.


അരുന്ധതിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥം എന്നു പറയാം. ഇതില്‍ എഴുത്തുകാരി തന്‍റെ അമ്മയായ മേരി റോയിയുമായുള്ള സങ്കീര്‍ണവും അതിതീവ്രവുമായ ബന്ധത്തെക്കുറിച്ചാണ് തുറന്നെഴുതുന്നത്. സ്നേഹവും സംഘര്‍ഷവും അടുപ്പവും അകല്‍ച്ചയും ആരാധനയും വിമര്‍ശനവും ഒരേ സമയം നിലനില്ക്കുന്ന അമ്മ-മകള്‍ ബന്ധത്തിന്‍റെ അഗാധതലങ്ങളാണ് അരുന്ധതി ആവിഷ്കരിക്കുന്നത്. വ്യക്തിപരമായ ഓര്‍മ്മകളും കുടുംബചരിത്രവും സാമൂഹിക രാഷ്ട്രീയചിന്തകളും സമന്വയിക്കുന്ന ഈ പുസ്തകം ആത്മകഥ മാത്രമല്ല. മാതൃത്വം, സ്വാതന്ത്ര്യം, സ്മരണകള്‍, വ്യക്തിത്വരൂപീകരണം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണവുമായി വികസിക്കുന്നു. ഭാഷാപരമായ ആ മികവും ധീരതയും എടുത്തുപറയേണ്ടതാണ്.


കൗമാരകാലത്തുതന്നെ അരുന്ധതി അമ്മയെ വിട്ട് വിദൂരദേശങ്ങളിലേക്ക് സഞ്ചരിച്ചു. "അമ്മയോടു സ്നേഹമില്ലാഞ്ഞിട്ടല്ല ഞാനവരെ വിട്ടുപോന്നത്; അവരോടുള്ള സ്നേഹം നഷ്ടപ്പെടാതിരിക്കാനാണ്" എന്ന് അവര്‍ പറയുന്നു. രാഗദ്വേഷസമ്മിശ്രമായ ഓര്‍മകള്‍ അവര്‍ തിരിച്ചെടുക്കുന്നു. 'ഓര്‍മ്മകളും ഭാവനകളും കൂടിക്കലര്‍ന്ന, ജീവനുള്ള, ശ്വസിക്കുന്ന മിശ്രരൂപികളാണ് മനുഷ്യരെന്ന്'പഠിച്ചു എന്ന പറയുന്ന എഴുത്തുകാരി ആ സ്വഭാവം ഇവിടെ വെളിപ്പെടുത്തുന്നു. "അമ്മ തൊട്ടുണര്‍ത്തിയ ജീവിതങ്ങളില്‍ അവര്‍ അവശേഷിപ്പിച്ചു പോയ സ്നേഹത്തിന്‍റെ അമൂല്യസമ്പാദ്യവും എന്‍റെ ജീവിതത്തില്‍ അവര്‍ വിതറിയിട്ട മുള്ളുകളും തമ്മിലുള്ള വിടവ് നികത്താനാണ് ഞാനീ പുസ്തകം എഴുതുന്നത്" എന്നാണ് അരുന്ധതി പ്രസ്താവിക്കുന്നത്. "സ്നേഹിക്കപ്പെട്ടതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ഭാഗ്യത്തിന് എനിക്കതില്ലായിരുന്നു" എന്നതായിരുന്നു എഴുത്തുകാരിയുടെ അനുഭവസത്യം.


'ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് മീനച്ചിലാര്‍. നദിയും പരിസരവും എല്ലാം നോവലില്‍ സ്വാഭാവികമായി വന്നു നിറയുന്നു. അതിനുള്ള കാരണം നാം ഇവിടെ മനസ്സിലാക്കുന്നു. "അന്നു പുഴയായിരുന്നു എന്‍റെ അഭയകേന്ദ്രം. എന്‍റെ ജീവിതത്തിലെ എല്ലാ ഇല്ലായ്മകളുടെയും ഒറ്റമൂലി. മണിക്കൂറുകളോളം ഞാന്‍ പുഴക്കരയിലായിരുന്നു. മീനുകളോടും പുഴുക്കളോടും പക്ഷികളോടും ചെടികളോടും എല്ലാം പേരുചൊല്ലി വിളിക്കാവുന്നത്ര സ്നേഹബന്ധം സ്ഥാപിച്ചു.' ഈ സ്നേഹബന്ധത്തിന്‍റെ സൂക്ഷ്മാവിഷ്കാരം നോവലില്‍ നാം വായിക്കുന്നു. "അയ്മനത്തെത്തി മാസങ്ങള്‍ കഴിയുമ്പോഴേയ്ക്കും ഞാനാ പ്രകൃതിയുടെ ഭാഗമായി - തഴമ്പിച്ച കാലുകളുള്ള, പുഴയിലേക്കു പോകുന്ന എല്ലാ ഇടനാഴികളും അറിയാവുന്ന ഒരു കാട്ടുപെണ്ണ്." ഈ കാട്ടുപെണ്ണാണ് 'കൊച്ചുകാര്യങ്ങളുടെ തമ്പുരാനെ' സൃഷ്ടിച്ചത്.


'പള്ളിക്കൂടം' എന്ന വിദ്യാലയത്തിലൂടെ തനതുമുദ്ര പതിപ്പിക്കാന്‍ മേരി റോയിക്ക് കഴിഞ്ഞു. അവരുടെ വിദ്യാഭ്യാസ ദര്‍ശനം ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. "സൗമ്യശീലരായ പുരുഷന്മാരുടെ പല തലമുറകളെ അമ്മ ലോകത്തിന് സമ്മാനിച്ചു. അതേസമയം പെണ്‍കുട്ടികളെ വിപ്ലവകാരികളാക്കി മാറ്റി; അവര്‍ക്ക് നട്ടെല്ലും ചിറകും നല്‍കി ആകാശത്തേക്കു പറത്തിവിട്ടു. തന്‍റെ വിദ്യാര്‍ഥികള്‍ക്ക് അമ്മ അചഞ്ചലമായ ശ്രദ്ധയും ഉറച്ച സ്നേഹവും നല്‍കി; ഒരു കണ്ണാടിയിലെന്നപോലെ അവര്‍ ആ പ്രകാശത്തെ തിരികെ പ്രതിഫലിപ്പിക്കുകയും ചെയ്തു" എന്ന് അരുന്ധതി വിശദീകരിക്കുന്നു.


താന്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് അരുന്ധതി എഴുതുന്നത്. ശാരീരികവും മാനസികവുമായിരുന്നു ആ ഓട്ടം. "ലോകത്തിലെ ഭൂരിഭാഗം ആളുകളെയും പോലെ, അന്നും ഇന്നും. ആക്രോശങ്ങള്‍ക്കും നിശ്ശബ്ദതയ്ക്കും ഇടയിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളില്‍ ചിലര്‍ സ്വന്തമായി തീരുമാനങ്ങളെടുത്തു. മറ്റു ചിലര്‍ക്കുവേണ്ടി മറ്റാരൊക്കെയോ കാര്യങ്ങള്‍ നിശ്ചയിച്ചു" എന്നതാണ് ജീവിതസത്യം. "തന്‍റെ വിദ്യാര്‍ഥികള്‍ക്ക് പ്രകാശവും സര്‍വസ്വവും പകര്‍ന്നു കൊടുത്തപ്പോള്‍, ഞങ്ങള്‍ക്ക് - എനിക്കും ചേട്ടനും - അമ്മയുടെ ഇരുട്ടു മാത്രമാണ് ലഭിച്ചത്" എന്നെഴുതുന്ന അരുന്ധതി തുടര്‍ന്ന് ഇപ്രകാരം കുറിക്കുന്നു: "പക്ഷേ, ഇന്ന്, സമ്മാനമായിക്കിട്ടിയ ആ ഇരുട്ടിനോട് എനിക്ക് നന്ദിയുണ്ട്. അതിനെ ചേര്‍ത്തുവയ്ക്കാനും അതിന്‍റെ രൂപം മനസ്സിലാക്കാനും അതിന്‍റെ ഛായകളിലൂടെ സഞ്ചരിക്കാനും അതിന്‍റെ രഹസ്യങ്ങള്‍ അഴിഞ്ഞുവീഴും വരെ അതിലേക്കു കണ്ണുനട്ടിരിക്കാനും ഞാന്‍ പഠിച്ചു. അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു മാര്‍ഗ്ഗം കൂടിയായിരുന്നുന്നു. ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുന്ന രസവിദ്യയുടെ ചരിത്രമാണിത്.


'പള്ളിക്കൂട'വുമായി ബന്ധപ്പെട്ട നിര്‍മ്മിതികള്‍ക്ക് നേതൃത്വം കൊടുത്തത് ലാറി ബേക്കറാണ്. ബേക്കറിനെക്കുറിച്ച് അരുന്ധതി എഴുതുന്നു: "അദ്ദേഹത്തിന്‍റെ കൈകള്‍ പടുത്തുയര്‍ത്തിയ ഓരോ കെട്ടിടവും അനന്യമായിരുന്നു; അതിന് സ്വന്തമായൊരാത്മാവും ഉല്ലാസ ഭാവവും ഉണ്ടായിരുന്നു." "മരങ്ങളും ചെടികളും മണ്ണില്‍ നിന്ന് മുളച്ചുപൊന്തുന്നതുപോലെ ബേക്കറിന്‍റെ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്ന കാഴ്ച എന്‍റെ ഹൃദയം കവര്‍ന്നു. സംഗീതവും നൃത്തവും സാഹിത്യവും നല്‍കുന്ന അതേ ആനന്ദം വാസ്തുവിദ്യയ്ക്കും നല്‍കാനാവുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു' എന്നും അരുന്ധതി പറയുന്നുണ്ട്. ബേക്കറിന്‍റെ അനന്യമായ നിര്‍മ്മാണകൗശലം തിരിച്ചറിഞ്ഞ എഴുത്തുകാരിയാണ് അരുന്ധതിയെന്നു നാം മനസ്സിലാക്കുന്നു. ആര്‍ക്കിടെക്ചര്‍ പഠിക്കാനുള്ള പ്രചോദനമായത് ലാറി ബേക്കര്‍ ആയിരുന്നുവെന്ന് അവര്‍ ഓര്‍മ്മിക്കുന്നു.


'മനസ്സുവെച്ചാല്‍ ഏതു നിലയിലുമെത്താമെന്ന്, തന്‍റെ കലിതുള്ളലുകള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും ഇടയിലുള്ള ചെറിയ ഇടവേളകളില്‍ മിസ്സിസ് റോയി മകളോട് പറയുമായിരുന്നു. കുറ്റാക്കൂരിരുട്ടില്‍, കുത്തിയൊലിക്കുന്ന പുഴയില്‍, മരണച്ചുഴികള്‍ക്കു മേലേ തുഴയാനൊരു കുഞ്ഞു ചങ്ങാടം പോലെയായിരുന്നു അവള്‍ക്ക് ആ വാക്കുകള്‍' എന്ന് കുട്ടിക്കാലത്തെ അനുഭവങ്ങളെ അരുന്ധതി ഓര്‍ത്തെടുക്കുന്നു. തീവ്രാനുഭവങ്ങളുടെ കടല്‍ താണ്ടിയ എഴുത്തുകാരിയുടെ ബാല്യകാല ചിത്രങ്ങള്‍ നാം കണ്ടെത്തുകയാണിവിടെ. "മിസ്സിസ് റോയി എന്നെ ചിന്തിക്കാന്‍ പഠിപ്പിച്ചു; എന്‍റെ ചിന്തകളെ എതിര്‍ത്തു. അവര്‍ എന്നെ സ്വതന്ത്രയാകാന്‍ പഠിപ്പിച്ചു; എന്‍റെ സ്വാതന്ത്ര്യത്തെ എതിര്‍ത്തു. അവര്‍ എന്നെ എഴുതാന്‍ പഠിപ്പിച്ചു; ഞാനെന്ന എഴുത്തുകാരിയെ വെറുത്തു." അമ്മയുടെ ഭിന്നമുഖങ്ങളാണ് ഇവിടെ വെളിപ്പെടുന്നത്.


നാടോടി ജീവിതം നയിച്ച ഒരു കാലത്തെയും അരുന്ധതി തനതായ രീതിയില്‍ ആവിഷ്കരിക്കുന്നു. അന്നത്തെ സൗഹൃദങ്ങള്‍ എന്തായിരുന്നുവെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്:


"ഞാന്‍ തുഴഞ്ഞു മുന്നേറുന്ന നൗകയാണ് സൗഹൃദം. എന്‍റെ കൊടിക്കൂറയാണ് സൗഹൃദം." ഈ സൗഹൃദങ്ങളാണ് ജീവിതത്തോണിയെ മുന്നോട്ടു നയിച്ചതെന്ന് അനുഭവവിവരണങ്ങളിലൂടെ അരുന്ധതി വെളിവാക്കുന്നുണ്ട്.


തോല്‍വികളും ജീവിതത്തിന്‍റെ ഭാഗമാണെന്ന തരിച്ചറിവ് പ്രധാനമാണ്. വിജയത്തെക്കാള്‍ ചിലതെല്ലാം നമ്മെ പഠിപ്പിക്കുന്നത് തോല്‍വികളാണെന്നു പറയാം. അരുന്ധതിയും തനിക്കുണ്ടായ തോല്‍വികളെ അടയാളപ്പെടുത്തുന്നുണ്ട്. തോല്‍വിയുമായി അവര്‍ 'ചങ്ങാത്തം' കൂടാന്‍ പഠിച്ചു. 'എന്‍റെ മനസ്സാകുന്ന മുറിയില്‍ നിറയെ തകര്‍ന്നുവീണ വിമാനങ്ങളായിരുന്നു' എന്ന് അവര്‍ എഴുതുന്നു. 'പരാജയവുമായി ചങ്ങാത്തത്തിലാവുക' എന്നു വച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കുക എന്നല്ല അര്‍ഥമെന്ന് ഐസക്ക് എനിക്ക് കാണിച്ചുതന്നുവെന്നും അരുന്ധതി കുറിക്കുന്നു.


ഓരോ വ്യക്തിയും എന്തെല്ലാമോ തേടിയുള്ള യാത്രയിലാണ്. അരുന്ധതിയും അത്തരത്തില്‍ ഒരു യാത്രയിലായിരുന്നു. "സര്‍ക്കാര്‍ ജോലിയും മെഡിക്കല്‍ ഇന്‍ഷുറന്‍സും സ്വന്തം വീടും ഒന്നുമായിരുന്നില്ല എന്‍റെ മനസ്സില്‍. ഇതൊന്നുമല്ലാത്ത ഒന്നിനെ തേടിയായിരുന്നു എന്‍റെ യാത്ര". അനിര്‍വചനീയമായ എന്തോ അന്വേഷിച്ചുള്ള യാത്രയുടെ ഫലമാണ് അവരുടെ പ്രവര്‍ത്തനങ്ങളും കൃതികളും എന്ന് നാം മനസ്സിലാക്കണം. അര്‍ഥപൂര്‍ണമായ ഒരു യാത്ര. ആ യാത്ര വ്യത്യസ്തവുമായിരുന്നു. "എനിക്ക് എന്‍റേതായ യുദ്ധങ്ങളുണ്ടായിരുന്നു. ഒരു കാലത്തും എന്നെ സ്വീകരിക്കാത്ത ഒരു സമുദായത്തിന്‍റെ സദാചാരത്തിനും ധാര്‍മ്മികതയ്ക്കും അനുസരിച്ച് എന്‍റെ ജീവിതം തുന്നിയെടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു." ഈ ദൃഢനിശ്ചയമാണ് അരുന്ധതിയുടെ യാത്രയെ അനന്യമാക്കിയത്.


"ഞാന്‍ വേണ്ടത്ര ക്രിസ്ത്യാനിയല്ല

വേണ്ടത്ര ഹിന്ദുവല്ല.

വേണ്ടത്ര കമ്യൂണിസ്റ്റല്ല.

വേണ്ടത്ര ഒന്നുമല്ല.


അതൊരു വലിയ ആശ്വാസമായിരുന്നു. വിമോചനത്തിന്‍റെ വായു ശ്വസിച്ച് ഞാന്‍ മുന്നോട്ടു പോയി... മദര്‍ മേരി പഠിപ്പിച്ചതുപോലെ, സ്വതന്ത്രയായ സ്ത്രീ, സ്വതന്ത്രമായ ജീവിതം. ആ കാഞ്ചനക്കൂടിനെ ഞാന്‍ ഒഴിവാക്കുക മാത്രമല്ല, തകര്‍ത്തു തരിപ്പണമാക്കുക കൂടി ചെയ്തു" എന്നെഴുതുന്ന അരുന്ധതി പുതിയ ആകാശം കണ്ടെത്തിയവളായി മാറുന്നു.


മേധാ പട്കറുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവുമായി അരുന്ധതി ബന്ധം സ്ഥാപിക്കുന്നുണ്ട്. മേധയെക്കുറിച്ച് അവര്‍ ഇങ്ങനെയാണ് എഴുതുന്നത്: "അസാധ്യമാം വിധം ലളിതമായിരുന്നു അവരുടെ ജീവിതം. പരുക്കന്‍ കൈത്തറി ഖാദി സാരികള്‍ മാത്രം ധരിക്കുകയും പ്രണയമുള്‍പ്പെടെയുള്ള എല്ലാ സന്തോഷങ്ങളെയും പരിത്യജിക്കുകയും ചെയ്തു മേധ. നന്മയുടെയും അര്‍പ്പണബോധത്തിന്‍റെയും പ്രതിബദ്ധതയുടെയും കാര്യത്തില്‍ എനിക്കവരുടെ ചെരുപ്പിന്‍റെ വാറഴിക്കാന്‍ പോലും യോഗ്യതയുണ്ടായിരുന്നില്ല." സമരോത്സുകമായ ഒരു ജീവിതത്തെയാണ് കുറഞ്ഞ വാക്കുകളില്‍ അരുന്ധതി വരച്ചിടുന്നത്. നര്‍മദാ തീരത്തുകൂടിയുള്ള യാത്രയില്‍, ജീവിതവും മണ്ണും ചരിത്രവും ജലസമാധിയാകാന്‍ പോകുന്ന മനുഷ്യരെയും, പാടേ മായ്ച്ചുകളയപ്പെടാന്‍ പോകുന്ന ദരിദ്രരെയും കണ്ടപ്പോള്‍" അരുന്ധതി വേറിട്ടു ചിന്തിക്കാന്‍ തുടങ്ങി. എഴുത്തുകാരിയുടെ മറ്റൊരു മുഖം ആക്ടിവിസ്റ്റിന്‍റേതു കൂടിയായി മാറുന്നു.


"മരണമെത്തുംവരെ അമ്മ പഠനം നിര്‍ത്തിയില്ല; ഒരിടത്തും തളം കെട്ടി നിന്നില്ല. മാറ്റങ്ങളെ ഭയപ്പെട്ടില്ല, ജിജ്ഞാസയെ കൈവിട്ടതുമില്ല" എന്ന് അമ്മയെക്കുറിച്ചെഴുതുന്ന മകള്‍ അവരിലെ വെളിച്ചത്തെ കാണിച്ചുതരുന്നു. അതിന്‍റെ മറുവശവും ഇങ്ങനെ കാണിക്കുന്നുണ്ട്: "ആ കോപതാപങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടു നിര്‍മിക്കപ്പെട്ട ഒരു മനുഷ്യജീവിയാണ് ഞാന്‍... "


'മദര്‍ മേരി കംസ് റ്റു മീ' ഒരാസാധാരണ കൃതിയാണ്. അമ്മയും മകളുമായുള്ള ബന്ധത്തോടൊപ്പം ഭിന്നകാലങ്ങളും ചരിത്രവും ഇടകലരുന്നു. അരുന്ധതിയുടെ ഓര്‍മകള്‍ ചില്ല പടര്‍ത്തി മഹാവൃക്ഷമായി മാറുന്നത് നാം കാണുന്നു.


(മദര്‍ മേരി കംസ് ടു മി - അരുന്ധതി റോയി - വിവ. നയനതാര - ഡി. സി. ബുക്സ്)


ഓര്‍മ്മകളുടെ അനന്യത

ഡോ. റോയി തോമസ്

അസ്സീസി മാസിക, ജൂലൈ 2026

bottom of page