top of page

ദൈവാശ്രയം കൈമുതലാക്കിയ ധന്യന്‍ മാര്‍ ഈവാനിയോസ്

  • ഫാ. ജോഷ്വ കൊച്ചുവിളയില്‍
  • Jul 15
  • 3 min read
Servant of God Mar Ivanios

ജറമിയ പ്രവാചകനിലൂടെ സ്രഷ്ടാവായ ദൈവം തന്‍റെ ജനമായ ഇസ്രായേലിന്‍റെ ചെയ്തികളെക്കുറിച്ച് ദു:ഖിച്ച് ഇസ്രായേല്‍ ജനത്തെ ഓര്‍മ്മപ്പെടുത്തിയത് ഇപ്രകാരമാണ്: 'അരക്കച്ച അരയോട് ചേര്‍ന്നിരിക്കും പോലെ ഇസ്രായേല്‍ ഭവനവും യൂദാ ഭവനവും എന്നോട് ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് അവര്‍ എന്‍റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു.' (ജറമി 13:11).


സാന്‍ ദാമിയാനോയിലെ ഒരു ചെറിയ കപ്പേളയില്‍ പ്രാര്‍ത്ഥനാപൂര്‍വം നിലകൊണ്ട അസ്സീസിയിലെ ഫ്രാന്‍സിസിനോട് ആ ക്രൂശിതരൂപം ഇപ്രകാരം മന്ത്രിച്ചു. 'എന്‍റെ സഭയെ പടുത്തുയര്‍ത്തുക. അതിന്‍റെ കുറവുകളും കേടുപാടുകളും നീക്കാന്‍ നീ അക്ഷീണം പരിശ്രമിക്കുക'. തിരുസഭയുടെ ചരിത്രത്തിലെ ഒരു പുത്തന്‍ വിപ്ലവത്തിന് അന്ന് ആ കപ്പേള ഉദ്ഘാടന വേദിയായി.


റാന്നി-പെരുന്നാട്ടിലെ മുണ്ടന്‍ മലയ്ക്കും ഇങ്ങനെ ഒരു ചരിത്രം പറയാനുണ്ട്. ബഥനി ആശ്രമത്തിന്‍റെ ചാണകം മെഴുകിയ തറയോട് പറ്റിച്ചേര്‍ന്ന് ധ്യാനപൂര്‍വം പ്രാര്‍ത്ഥിച്ച യതിവര്യനായ മാര്‍ ഈവാനിയോസിനോട് അതേ ക്രൂശിതന്‍ മന്ത്രിച്ചു 'തന്‍റെ സഭയെ കക്ഷിവഴക്കുകളില്‍ നിന്നും ചേരിപ്പോരുകളില്‍ നിന്നും മോചിപ്പിച്ച് പണിതുയര്‍ത്തുക'. - ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായാല്‍ സ്ഥാപിതമായ കേരളസഭയില്‍ മലങ്കര സഭാസമൂഹത്തില്‍ ഒരു പുതിയ സ്നേഹ വിപ്ലവത്തിന്‍റെ ഉദ്ഘാടന വേദിയായി മുണ്ടന്‍മലയുടെ ആശ്രമ ചാപ്പല്‍ മാറി. തുടര്‍ന്ന് ദൈവാശ്രയം കൈമുതലാക്കിയ ആ സന്യാസവര്യന്‍റെ തീര്‍ത്ഥയാത്ര, ഒരു ഭിക്ഷാംദേഹിയെപ്പോലെ ആരംഭിച്ചു. സ്വപ്നം കണ്ടതും പടുത്തുയര്‍ത്തിയതും ആയ മുണ്ടന്‍മലയെ ഉപേക്ഷിച്ച് പുറപ്പെട്ട ആ യാത്രയവസാനിച്ചത് കൊല്ലം തങ്കശ്ശേരിയിലെ അരമന ചാപ്പലില്‍ ആയിരുന്നു. ബഥനിമെത്രാന്‍ അങ്ങനെ പരിശുദ്ധ കത്തോലിക്കാ സഭയിലെ മെത്രാനായി മാറി. പിന്നീട് അങ്ങോട്ട് ക്രൂശിതന്‍റെ സ്വരം മാത്രം ശ്രദ്ധിച്ചുള്ള യാത്രയായിരുന്നു. ആ യാത്രയില്‍ അനേകായിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്കുകാരായി. വിപ്ലവഗാനത്തിന്‍റെ പല്ലവികളും അനുപല്ലവികളും ഏറ്റുപാടി അനേകര്‍ അനുധാവനം ചെയ്തു. അങ്ങനെ മലങ്കര സുറിയാനി കത്തോലിക്ക സഭയായി മാറി. പുനരൈക്യമെന്ന മഹത്തായ സ്വപ്നം സഫലമായി. പുനരൈക്യത്തിന്‍റെ ശതാബ്ദിയിലേക്ക് (1930) നടന്നടുക്കുന്ന മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ചരിത്രം പഠിക്കുമ്പോള്‍ ആദ്യം ദൈവാശ്രയം കൈമുതലാക്കിയ ആ പുണ്യ പിതാവിന്‍റെ വഴിത്താരകളെ ധ്യാനിക്കുന്നത് ഏറെ അഭികാമ്യമാണ്.


ഒന്നാമതായി, മാര്‍ ഈവാനിയോസ് തിരുമേനി, ദൈവാശ്രയത്തില്‍ ശരണം പ്രാപിച്ച് സ്വയം ശൂന്യനായി. വി. പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അധ്യായം ഏഴാം വാക്യത്തില്‍ പഠിപ്പിക്കുന്നതുപോലെ തന്നെത്തന്നെ ശൂന്യനാക്കിയ ലോകത്തിന്‍റെ ഏക രക്ഷകനായ യേശുക്രിസ്തുവിനോട് താദാമ്യപ്പെട്ട് മുണ്ടന്‍മലയിലെ സകല ഭൗതികവസ്തുക്കളെയും ഉപേക്ഷിച്ചു. ആ നിശ്ചയദാര്‍ഡ്യമാണ് ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സര്‍വഐശ്വര്യങ്ങള്‍ക്കും കാരണം. കേരളത്തില്‍ മാത്രം വളര്‍ന്നുതുടങ്ങിയ ഒരു സഭ ആഗോളകത്തോലിക്ക സഭയുടെ ഐക്യത്തില്‍ ലോകമെങ്ങും ശാഖകള്‍ വീശിയ ഒരു മഹാവൃക്ഷമായി മാറുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ഐക്യത്തിന്‍റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ സിദ്ധിയുള്ള ഒന്നായി മലങ്കര സുറിയാനി കത്തോലിക്ക സഭ മാറി. അതിവേഗം വളരുന്ന സഭയാണിതെന്ന് വി.ജോണ്‍ പോള്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത് ഈ സഭയുടെ ഭാഗ്യമല്ലാതെ മറ്റെന്താണ്. പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ അധിഷ്ഠിതമായ അന്ത്യോക്യന്‍ ആരാധനക്രമത്തില്‍ അടിയുറച്ച ഈ സഭയെ പ്രത്യാശയോടെ ഞാന്‍ കാണുന്നു എന്ന് ആഗോള കത്തോലിക്ക സഭയുടെ അമരക്കാരന്‍ പരിശുദ്ധ ലെയോ പതിനാലാമന്‍ പറഞ്ഞതും ദൈവീകതയല്ലാതെ മറ്റെന്താണ്.


രണ്ടാമതായി, എവിടെ ദൈവാശ്രയബോധം നഷ്ടപ്പെടുന്നുണ്ടോ അവിടെ ജീര്‍ണ്ണതയുണ്ടാകും എന്ന് തിരിച്ചറിഞ്ഞ പിതാവായിരുന്നു മാര്‍ ഈവാനിയോസ് തിരുമേനി. വളരെ സുന്ദരമായ ചണ വസ്ത്രം യൂഫ്രട്ടീസ് നദീതീരത്ത് കുഴിച്ചിട്ടിട്ട് ഏതാനും നാളുകള്‍ കഴിഞ്ഞ് പുറത്തെടുക്കുമ്പോള്‍ ജറെമിയ പ്രവാചകന്‍ ദൈവത്തോട് പറയുന്നുണ്ട്- ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ ചണ വസ്ത്രം ജീര്‍ണ്ണിച്ച് പോയിരിക്കുന്നു. അദൃശ്യനായ ദൈവത്തിന്‍റെ ക്യപാവരങ്ങള്‍ കൂദാശകളിലൂടെ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുന്ന സത്യാരാധകര്‍ക്ക് സംലഭ്യമാക്കി കൊടുക്കേണ്ട ഒരു സഭ, യൂദാസിന്‍റെ കണ്ണുകളില്‍ ഉടക്കിയ മുപ്പതു വെള്ളിക്കാശിനു സദൃശ്യമുള്ള ഒരു വട്ടിപ്പണത്തിലേക്ക് മാറിയപ്പോള്‍ ഒരു സഭയുടെ ജീര്‍ണ്ണതയാരംഭിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് നാളിതുവരെയും തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കാത്ത കോടതി വ്യവഹാരങ്ങളുടെ ഊരാകുടുക്കില്‍ നിന്നും മോചിതമാകാത്ത ഒരു സഭയെ ഉള്‍ക്കണ്ണിന്‍റെ വെളിച്ചത്തില്‍ കാണുവാന്‍ പിതാവിന് കഴിഞ്ഞതുകൊണ്ടാണ്, ജീര്‍ണ്ണതയില്ലാത്ത ഒരു സഭയായി മലങ്കര സുറിയാനി കത്തോലിക്ക സഭ മാറിയത്.


ജീര്‍ണ്ണതയിലേക്ക് വഴുതിവീണ ഒരു സഭയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ മറു പേരായിരുന്നു 'പുനരൈക്യം.' യേശു ക്രിസ്തുവിന്‍റെ പുനരൈക്യത്തില്‍ വിശ്വസിക്കാത്ത ഫരിസേയരുടേയും സദൂക്കായരുടേയും പിന്‍തലമുറപോലെ ചിലര്‍ കേരളസഭയില്‍ ഇപ്പോഴും ഉള്ളതുകൊണ്ടാണ്, പുനരൈക്യത്തിന്‍റെ ആനന്ദം അനുഭവിക്കാന്‍ കഴിയാതെ പോകുന്നത്. ഇത്തരം ജീര്‍ണ്ണതയുടെ ദുര്‍ഗന്ധത്തില്‍ നിന്നും മോചിതരാകുവാന്‍ പ്രാര്‍ത്ഥിക്കാം.


മൂന്നാമതായി, ദൈവത്തെ തിരസ്ക്കരിക്കാതെ ജീവിച്ച പുണ്യ പിതാവായിരുന്നു മാര്‍ ഈവാനിയോസ്. 'സ്വര്‍ണ്ണമായിരുന്നു എന്‍റെ ആശ്രയമെങ്കില്‍, തങ്കത്തില്‍ ഞാന്‍ എന്‍റെ പ്രത്യാശ അര്‍പ്പിച്ചത് എങ്കില്‍, അത് ഉന്നതനായ ദൈവത്തെ തിരസ്ക്കരിക്കലായിരുന്നു' (ജോബ് 31: 24,28). നീതിമാനായ ജോബിനെപ്പോലെ ദൈവത്തില്‍ മാത്രം പ്രത്യാശവച്ചും ദൈവത്തില്‍ മാത്രം ശരണംവച്ചും ജീവിക്കാന്‍ ഋഷി തുല്യനായ മാര്‍ ഈവാനിയോസിന് സാധിച്ചു. മുണ്ടന്‍മലയിലെ ഏതാനും ഭൗതിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച് ജീവിച്ചിരുന്നെങ്കില്‍ അത് ഉന്നതനായ ദൈവത്തെ തിരസ്ക്കരിക്കുന്നതിന്, ആ ദിവ്യമായ സ്നേഹം തിരസ്ക്കരിക്കുന്നതിന് തുല്യമായി മാറിയേനെ. എന്നാല്‍, ഉന്നതനായ ദൈവത്തെ തിരസ്ക്കരിക്കാന്‍ തയ്യാറാകാതെ ഇരുന്നതുകൊണ്ടാണ് ഇന്ത്യയിലെ ഒരു സഭ ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. നമുക്ക് പ്രാര്‍ത്ഥിക്കാം - ഓ, എന്‍റെ ദൈവമേ, ഒരു നിമിഷാര്‍ദ്ധത്തില്‍ പോലും നിന്നെ തിരസ്ക്കരിക്കാന്‍ എന്നെ അനുവദിക്കരുതെ.


നാലാമതായി, ബലിപീഠത്തോട് ചേര്‍ന്ന് ജീവിച്ച പുണ്യ പിതാവായിരുന്നു, കൂദാശ ശെമ്മാശ്ശന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മാര്‍ ഈവാനിയോസ് തിരുമേനി. എന്‍റെ ഗുരുവും മാര്‍ ഈവാനിയോസ് തിരുമേനിയുടെ ശിഷ്യനുമായിരുന്ന വന്ദ്യ തൈക്കൂട്ടത്തില്‍ സാമുവേല്‍ റമ്പാച്ചന്‍ ഒരിക്കല്‍ പറഞ്ഞു. ബലിപീഠത്തില്‍ വയ്ക്കുന്ന അപ്പവും വീഞ്ഞും യേശു ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയി പരിണമിക്കുന്നതു പോലെ ബലിപീഠത്തില്‍ ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികളും അനുഗ്രഹമായി പരിണമിക്കും. മാര്‍ ഈവാനിയോസ് പിതാവ് കണ്ണുനീരില്‍ ചാലിച്ച പ്രാര്‍ത്ഥന ബലിപീഠത്തിലര്‍പ്പിച്ചതുകൊണ്ടാണ് ഈ സഭ പടര്‍ന്നു പന്തലിച്ചത്. നിത്യവും വി.കുര്‍ബാനയര്‍പ്പിക്കാന്‍ ഒരു പക്ഷേ മറന്നു പോകുന്നവര്‍ക്ക് പുണ്യ പിതാവിന്‍റെ ദിവസേനയുള്ള ബലിയര്‍പ്പണത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നും നാം ഓര്‍ക്കണം. ' കുരുകില്‍ പക്ഷി ഒരു സങ്കേതവും മീവല്‍ പക്ഷി ഒരു കൂടും അങ്ങയുടെ ബലിപീഠത്തില്‍ കണ്ടെത്തുന്നുവല്ലോ. എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവന്‍ ഭാഗ്യവാന്‍. അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജ വീഥിയുണ്ട്' (സങ്കീ 84: 3 -4). ഈ കാലഘട്ടത്തില്‍ സ്വര്‍ഗ്ഗീയ രാജവീഥിയിലേക്ക് അനേകരെ ആനയിക്കുന്ന സവിശേഷമായ ദൗത്യം നിര്‍വഹിക്കുകയാണ് മലങ്കര സുറിയാനി കത്തോലിക്ക സഭ. നമുക്ക് പ്രാര്‍ത്ഥിക്കാം, അനുദിന ബലിയര്‍പ്പണം മുടക്കാതിരിക്കാന്‍ ഒരു കൃപ തരണമെയെന്ന്.


അഞ്ചാമതായി, ദൈവത്തോട് ചേര്‍ന്നിരിക്കാന്‍ മനസ്സുകാട്ടിയ പുണ്യ പിതാവാണ് ധന്യന്‍ മാര്‍ ഈവാനിയോസ്. അരക്കച്ച അരയോട് ചേര്‍ന്നിരിക്കും പോലെ ദൈവത്തോട് പിതാവ് ചേര്‍ന്നിരുന്നു. 2014 നവംബര്‍ 8 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയോട് ഇപ്രകാരം പറഞ്ഞു. ' നല്ല ഇടയനുമായി താദാത്മ്യത്തില്‍ എത്തിയ ഒരുവനുമാത്രമേ, ഏകത്വവും സമാധാനവും ബലവും ശുശ്രൂഷയിലൂടെ പ്രാപ്തമാകൂ." നല്ലയിടയനായ ദൈവത്തോട് ചേര്‍ന്നിരിക്കാന്‍ മനസ്സുകാട്ടിയതുകൊണ്ടാണ് ഭാരത സഭയുടെ സമാധാനമായ പുനരൈക്യത്തിന് ചുക്കാന്‍ പിടിക്കാന്‍ മാര്‍ ഈവാനിയോസ് പിതാവിന് സാധിച്ചത്.


ക്രൂശിത രൂപത്തിന്‍റെ മുമ്പില്‍ ഇരുന്ന വി.ഫ്രാന്‍സിസ് അസ്സീസിയും ധന്യന്‍ മാര്‍ ഈവാനിയോസ് തിരുമേനിയും കേട്ടത് ഒരേ ക്രിസ്തുവിന്‍റെ സ്വരമായിരുന്നു. അതുകൊണ്ടാണ് മരണക്കിടക്കയിലും പുണ്യ പിതാവ് പറഞ്ഞത്. എന്‍റെ കട്ടിലിന്‍റെ ഇരുവശവും ഓരോ കുരിശ് വയ്ക്കണം, ഞാന്‍ ഇടത്തോട്ടൊ വലത്തോട്ടോ തിരിയുമ്പോള്‍ എന്‍റെ ശ്രദ്ധ ക്രൂശിതനില്‍ തന്നെയാകണം.


ദീര്‍ഘവീക്ഷണത്തോടെ സഭയെ നയിച്ച ആ പുണ്യ പിതാവിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ (ജൂലൈ 15) അനുഗ്രഹമായി തീരട്ടെ.



ദൈവാശ്രയം കൈമുതലാക്കിയ

 ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത

ഫാ.ജോഷ്വ കൊച്ചുവിളയില്‍

അസ്സീസി മാസിക ജൂലൈ 2026

bottom of page