top of page

ആത്മസംതൃപ്തി

  • Writer: റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
    റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
  • Jul 15
  • 3 min read
a contented woman
"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (Jn. 19:30)

കഷ്ടിച്ച് 33 വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ മരിക്കുന്നതിനു മുമ്പുപറഞ്ഞ ഈ വാക്കുകള്‍ എല്ലാകാലത്തും വല്ലാത്ത മുഴക്കമുളളതാണ്. ഏതു പ്രായത്തില്‍ കടന്നു പോകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത മനുഷ്യ ജീവിതത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന ഉന്നത സ്ഥലമാണ് ആ വാക്കുകള്‍. എന്തെങ്കിലുമൊക്കെ ചെയ്തു പൂര്‍ത്തിയാക്കുക, നേടിയെടുക്കുക, സമ്പാദിക്കുക, അവശേഷിപ്പിക്കുക എന്നിവയൊക്കെ മനുഷ്യ സഹജമായ അടിസ്ഥാന ചോദനയാണ്. മാനുഷികമായി നോക്കുമ്പോള്‍ എന്താണ് ഈശോ നേടിയത്? എന്താണ് പൂര്‍ത്തീകരിച്ചത്?


കഴിഞ്ഞ ദിവസം വൈദികരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനിടയായി. അപ്പോള്‍ രൂപതാദ്ധ്യക്ഷന്‍റെ നിര്‍ദേശപ്രകാരം ഒരു മുതിര്‍ന്ന വൈദികന്‍ സ്വന്ത ജീവിതത്തെ കുറിച്ച് സംസാരിച്ചു. വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്ന അദ്ദേഹം സഹോദര വൈദികരോട് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂളില്‍ പഠിപ്പിച്ച ആദ്യ പത്തു വര്‍ഷക്കാലം അദ്ദേഹം ശമ്പളം വാങ്ങിയില്ല. അതിനദ്ദേഹത്തിന്‍റെ കാരണം, മറ്റു വൈദികര്‍ക്കുള്ള ശമ്പളം തന്നെ തനിക്കും മതി, അവരേക്കാള്‍ കൂടുതല്‍ പൈസ തനിക്കു വേണ്ട എന്ന് അദ്ദേഹം തീരുമാനമായിരുന്നു. പിന്നീട് മറ്റൊരു സ്കൂളിലേക്ക് മാറിയപ്പോള്‍ താമസത്തിനും ഭക്ഷണത്തിനും തികയാതെ വന്നതുകൊണ്ട് ചെറിയ ഒരു തുക ശമ്പളമായി അദ്ദേഹം കൈപ്പറ്റി. അങ്ങനെ ലളിതമായി ജീവിച്ചു വന്ന അദ്ദേഹം രണ്ടു വര്‍ഷം മുമ്പ് തന്‍റെ കൈയിലുള്ള മുഴുവന്‍ സമ്പാദ്യവും ചേര്‍ന്ന വലിയൊരുതുക അദ്ദേഹം രൂപതയ്ക്ക് എഴുതിവച്ചു. ഒരു മേജര്‍ സര്‍ജറിക്കു വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നതിനു മുമ്പായിരുന്നു അത്.


ആ തുകയാകട്ടെ അദ്ദേഹത്തിന് പലരില്‍ നിന്നും സമ്മാനമായി കിട്ടിയ പണമെല്ലാം തന്‍റെ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതെ ലളിത ജീവിതത്തിലൂടെ മിച്ചം വച്ചതാണ്. അദ്ദേഹത്തിന്‍റെ നിലപാട് ഇതായിരുന്നു: 'പണം കൊടുത്ത് ബന്ധുമിത്രാദികളെ, മനുഷ്യരെയൊന്നും തൃപ്തരാക്കാന്‍ കഴിയില്ല. നമ്മള്‍ ദൈവത്തിന്‍റേതാണ്, സഭ പഠിപ്പിച്ചു, വളര്‍ത്തി, അവസരം തന്നു, അതുകൊണ്ട് ഈ തുക പൊതുനന്മയ്ക്കുള്ളതാണ്.' സദസ്സിന്‍റെ നിറഞ്ഞ കൈയടികള്‍ക്കിടയിലുടെ വളരെ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് സ്വസ്ഥാനത്തേക്ക് അദ്ദേഹം നടന്നു.


ജീവിത സായാഹ്നത്തിലേക്ക് എത്തുമ്പോള്‍ സ്വന്തം ജീവിതത്തെ കുറിച്ച് എന്താവും ഒരാള്‍ക്ക് പറയാനുണ്ടാവുക. ചെറിയ ചെറിയ കാര്യങ്ങളൊക്കെ ചെയ്തു കടന്നുപോകുന്ന നമ്മുടെ അനുദിന ജീവിതത്തിലെ ഓരോ കാര്യങ്ങളോടും എത്രമാത്രം നീതിപുലര്‍ത്താന്‍ കഴിയുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. 'ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും' (ലൂക്കാ 16:10).


പുതിയ ചുമതലകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ മുതിര്‍ന്ന ഒരു സഹോദരന്‍ സ്വന്തം അനുഭവം പറഞ്ഞു. മിഷന്‍ പ്രദേശത്തായിരുന്നപ്പോള്‍, അവിടെയുള്ള നഷ്ടത്തിലായ ഒരു സ്ഥാപനം ഏല്‍പ്പിച്ചു കൊണ്ട് അധികാരികള്‍ അദ്ദേഹത്തോട് പറഞ്ഞു, കുറച്ചു കാലം നോക്ക് പൂട്ടിയാലും കുഴപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അധ്വാനത്താല്‍ അത് വീണ്ടും ഉയര്‍ച്ചയിലേക്ക് എത്തുകയുണ്ടായി. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും പഠിച്ച്, പണികളൊക്കെ ചെയ്യാന്‍ പരിശീലനം നേടി, മറ്റുള്ളവരെ പരിശീലിപ്പിച്ച് വളരെ പരിശ്രമത്തിലൂടെ അതിനെ വിജയത്തിന്‍റെ വഴിയിലേക്ക് എത്തിച്ചു. ആ നാടിന് അത് നന്മയായി തീരുകയും ചെയ്തു. നമ്മള്‍ കഠിനാധ്വാനം ചെയ്താല്‍ ഏല്‍പ്പിക്കുന്ന ഏതു കാര്യവും പഠിച്ചെടുക്കാനും പൊതുനന്മയിലേക്കവ ഉപയോഗിക്കാനും കഴിയും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അങ്ങനെ അന്നു കഠിനാധ്വാനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഇന്നു ഞാന്‍ സംതൃപ്തനാണ് അതുപോലെ ഇപ്പോള്‍ അധ്വാനിച്ചാല്‍ പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തിയുണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആത്മസംതൃപ്തി(Contentment)യുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നിയിട്ടുണ്ട്. റിട്ടയര്‍ ചെയ്യുന്നേരം അധ്യാപകര്‍ തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കി, നന്നായി ചെയ്തു എന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണ്? വിദ്യാഭ്യാസ യോഗ്യതയോ, കരഗതമായ സ്ഥാനങ്ങളോ ഒന്നുമല്ലല്ലോ.


"അന്ന് എല്ലാവരും കൂടി എന്നെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ സാറാണ് എന്നെ ചേര്‍ത്തുപിടിച്ചത്. അതുകൊണ്ടു മാത്രമാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്."


"റ്റീച്ചറേ, റ്റീച്ചറുമാത്രമാണ് എന്നെ മനസ്സിലാക്കിയിട്ടുളളത്."


"റ്റീച്ചറന്നു പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് ഞാന്‍ ഒരു പാട്ടുകാരനായത്."


"സാറന്നു തല്ലിയപ്പോള്‍ എനിക്കു നല്ല ദേഷ്യമായിരുന്നു, എന്നാല്‍ അന്നു കിട്ടിയ തല്ലാണ് എന്നെ നേരെയാക്കിയത്".


ഇങ്ങനെ തുടങ്ങുന്ന, ഇതിലും ആഴമുള്ള, എത്രയോ ജീവിത സാക്ഷ്യങ്ങള്‍ ആണ് അധ്യാപകര്‍ക്ക് തങ്ങളുടെ ജീവിതം ധന്യമായി എന്ന തൃപ്തി ലഭിക്കാന്‍.


അപരന്‍റെ ഉള്ളിലെ നന്മയുണര്‍ത്താനും ദൈവത്തിലേക്കും സ്നേഹത്തിലേക്കും ശാന്തിയിലേക്കും നയിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കാന്‍ കഴിഞ്ഞു എന്നതൊക്കെയല്ലേ വൈദികരുടെയും സന്യസ്തരുടെയും സംതൃപ്തി. തങ്ങളെ ഏല്‍പ്പിച്ചവരെ ഏല്‍പ്പിച്ച ദൈവത്തിനു വേണ്ടി പൊന്നുപോലെ നോക്കിയെന്ന ചാരിതാര്‍ത്ഥ്യം വാര്‍ദ്ധക്യത്തിലേക്കെത്തുമ്പോള്‍ ഉള്ളില്‍ നിറയുന്നവര്‍.


അങ്ങനെ ഓരോരോ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കുടുംബത്തിന്‍റെ കാര്യങ്ങളൊക്കെ ക്രമീകരിച്ച് വീട് നോക്കുന്നവര്‍ ഒക്കെ തങ്ങളുടെ ജീവിത പരിസരത്തില്‍ തൃപ്തി കണ്ടെത്തേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെതായ എന്തൊക്കെയോ നിയോഗങ്ങള്‍ നിയതി കരുതി വച്ചിട്ടുണ്ട്. അതു പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ചവര്‍ എല്ലാം പൂര്‍ത്തിയായി എന്ന തൃപ്തിയോടെ മടങ്ങുന്നു. സ്വന്ത നിയോഗങ്ങളെ തിരിച്ചറിയുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നത്, 'അങ്ങയുടെ രാജ്യം വരേണമേ' എന്ന പ്രാര്‍ത്ഥനയുടെ പ്രായോഗിക തലമാണ്.


ജീവിത യാത്ര പൂര്‍ണ്ണമാകാറായി എന്നൊക്കെ തോന്നിത്തുടങ്ങുന്ന കാലത്ത് റിഗ്രറ്റ് (Regret) അടിക്കാതെയിരിക്കാന്‍ കഴിയണ്ടേ? ജീവിത സായാഹ്നത്തിലെത്തിയ ചിലരുടെ വല്ലാതെ അശാന്തമായ ജീവിതം കാണുമ്പോള്‍ ഉള്ളില്‍ ഭയം തോന്നാറുണ്ട്, ദൈവമേ ഈ പ്രായമെത്താന്‍ ഭാഗ്യമുണ്ടായാല്‍ എന്തായിരിക്കും എന്‍റെ അവസ്ഥ. എത്തേണ്ട ഇടത്തെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പൂര്‍ത്തിയാക്കേണ്ട നിയോഗങ്ങളെ കുറിച്ചുമൊക്കെ കുറച്ചെങ്കിലും തെളിമ കിട്ടിയവരെന്ന രീതിയില്‍ വേണ്ടത്ര സമയവും അധ്വാനവും കൊടുക്കുന്നുണ്ടോ. അവസാന കാലമാകുമ്പോള്‍ പരിഭവങ്ങളും പരാതികളും അസംതൃപ്തിയുമൊന്നുമില്ലാതെ ശാന്തമായി കടന്നുപോകാനായെങ്കില്‍. അവിടുന്നെന്നെ ഏല്‍പ്പിച്ചത് പൂര്‍ത്തിയാക്കാന്‍ എന്‍റെ പരമാവധി പരിശ്രമിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങാനായെങ്കില്‍. അതിന് തീര്‍ച്ചയായും ഇന്നത്തെ ജീവിതം തൃപ്തിയോടെ കൃതജ്ഞതയോടെ ജീവിച്ചു പോകേണ്ടതുണ്ട്. പ്രശാന്തമായ വാര്‍ദ്ധക്യം 70-ാം വയസ്സില്‍ (ഒരു പ്രത്യേക പ്രായത്തില്‍) രൂപപ്പെടുന്നതല്ല. പ്രായമാകുമ്പോള്‍ കാണുന്ന ശാന്തതയും അശാന്തതയും ആ പ്രായത്തില്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല മറിച്ച് കഴിഞ്ഞ പോയ ജീവിതത്തിന്‍റെ തുടര്‍ച്ച കൂടിയാണ്. വലിയ നേട്ടങ്ങളുടെ പിന്നാലെ പായുമ്പോഴും ചുറ്റുമുള്ള മനുഷ്യരോടുള്ള നിസ്സാരങ്ങളെന്നു തോന്നുന്ന ഉത്തരവാദിത്വങ്ങളും സ്നേഹവും അവഗണിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭുതകാലത്തിന്‍റെ കുറ്റബോധങ്ങളിലും ഭാവിയുടെ ആകുലതകള്‍ക്കുമിടയില്‍ അനുദിന ജീവിതത്തിന്‍റെ ലളിത സുന്ദര നിമിഷങ്ങളെ ആസ്വദിക്കാതെയും ചെറിയ ചെറിയ നന്മകളെ കാണാതെയും ഒക്കെ പോകുന്നുണ്ട് നമ്മള്‍. ആത്മസംതൃപ്തി ഒരു ദിവസം കൊണ്ടു കരഗതമാകുന്ന ഒന്നല്ലല്ലോ. അനുനിമിഷമുള്ള ജീവിതം കൊണ്ട് പതിയെ പതിയെ ഓരോരുത്തരും ഉള്ളില്‍ രൂപപ്പെടുത്തുന്ന ഒന്നാണ്.


പ്രായമൊന്നും കടന്നുപോയിട്ടില്ല, പതിനൊന്നാം മണിക്കൂറിലും കൂലി കുറയ്ക്കാതെ കരുതുന്ന തമ്പുരാനുള്ളപ്പോള്‍ ഇന്നും പ്രതീക്ഷ തന്നെയാണ്. ഓരോ ദിവസവും എന്തൊക്കെയോ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഒരു പുഞ്ചിരി, കനിവുള്ള ഒരു നോട്ടം, അപരിചിതനു സ്വാഗതം ചൊല്ലുന്ന ഭാവം, അകന്നുപോയ ഒരു സുഹൃത്തിന് സന്ദേശം അയയ്ക്കുന്നത്, ഒറ്റയായി പോയ ഒരാളെ സന്ദര്‍ശിക്കുന്നത്. അങ്ങനെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വലിയ നിയോഗങ്ങള്‍ ഒക്കെ ഉള്ളപ്പോള്‍ തന്നെ ചെറിയ കാര്യങ്ങള്‍കൊണ്ടും ജീവിതം മഹത്തമമാക്കാം. എല്ലാമൊന്നും 100% പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കില്ല ... എന്നാലും അതിനായി നമ്മള്‍ പരിശ്രമം നടത്തിയെന്നത് അവസാനം സംതൃപ്തി നല്‍കുന്ന കാര്യമാണ്.


ആത്മസംതൃപ്തി

റോണി കിഴക്കേടത്ത്

അസ്സീസി മാസിക, ജൂലൈ 2026

bottom of page