top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-18

  • Writer: പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
    പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
  • Jul 14
  • 3 min read
a village in kerala

18

ഓരോരൊ കാലത്ത് ഓരോരൊ വഴികള്‍


കോഴിക്ക് തീറ്റ കൊടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ കൊച്ചുത്രേസ്യാക്കുട്ടി അസ്വസ്ഥയാകുകയും അരിശം വരുകയും ചെയ്തു. പരിസരം മറന്ന് തനിയെ സംസാരിക്കുവാന്‍ തുടങ്ങി: "ഒരു കോഴിക്കൂട്ടത്തിന് ഒരു പൂവന്‍ മതിയെന്നത് പ്രകൃതി നിയമമാണ്. എന്നു വച്ച് ഒരു വീട്ടില്‍ ഒരു പുരുഷന്‍ മതിയെന്ന് തീരുമാനിക്കാന്‍ പറ്റുമോ? പരസ്പരം അംഗീകരിച്ചും അനുസരിച്ചും ജീവിക്കണം." ജോര്‍ജുകുട്ടിയുടെ മെരുമെരുപ്പും മേക്കിട്ട് കേറ്റവും കൊച്ചുത്രേസ്യാക്കുട്ടി കാണുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും അവന്‍റെ കല്യാണ ശേഷം. അപ്പന്‍റെ നടപടിക്രമങ്ങള്‍ ഒന്നും അവന് ശരിയായി തോന്നിയില്ല.


ജോര്‍ജുകുട്ടിയുടെ മാറ്റത്തിന്‍റെ കാരണം ഭാര്യ ഫിലോയില്‍ ആരോപിക്കുവാന്‍ പറ്റില്ലായിരുന്നു. അതൊരു പാവം പിടിച്ച പെണ്ണായിരുന്നു. നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ഒരു ചെറിയ ചിരിയില്‍ അവസാനിക്കും. എളിമയോടെ പെരുമാറും, ലളിതമായിരുന്നു സംസാരം. ഉദയനാപുരത്തെ ഒരു കര്‍ഷക പ്രമാണിയായ അരുവിയില്‍ ചാക്കോച്ചന്‍റെ മകളാണെന്ന ഒരു ഭാവവുമില്ല. ഒരു കാര്യത്തിനും കൊച്ചുത്രേസ്യാക്കുട്ടിയുടെ അടുക്കല്‍ വരില്ല. ഭയഭക്തി ബഹുമാനത്തോടെയാണ് കൊച്ചുത്രേസ്യാക്കുട്ടിയോട് പെരുമാറിയിരുന്നത്. എല്ലാ കാര്യത്തിനും അല്‍ഫോന്‍സാമ്മയുടെ അടുക്കലാണ് പോകാറ്. സേവ്യറിന്‍റെ ഭാര്യയാണ് അല്‍ഫോന്‍സാമ്മ. രണ്ടുപേരും കൂടിയുള്ള നടത്തവും സ്നേഹവും കണ്ടാല്‍ ചേച്ചിയും അനുജത്തിയുമാണെന്നേ തോന്നു. എന്ത് നല്ല ചേര്‍ച്ചയെന്ന് കൊച്ചുത്രേസ്യക്കുട്ടി പലമുറ വിചാരിച്ചിട്ടുണ്ട്. നല്ല രണ്ടു മരുമക്കള്‍. പക്ഷേ പുറമേ അവരുടെ പ്രവര്‍ത്തിയില്‍ അമര്‍ഷമുള്ളതു പോലെ പെരുമാറും. അമ്മയുടെ കോപത്തില്‍ കഴമ്പില്ലെന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കുമറിയാം. കൊച്ചുത്രേസ്യക്കുട്ടിയുടെ അരിശത്തിനു മുമ്പില്‍ ഭയവും അനുസരണയും കാണിക്കും. രഹസ്യമായി പറഞ്ഞു ചിരിക്കും. അവസരം കിട്ടിയാല്‍ നേരെ പറഞ്ഞും കളിയാക്കും.


അല്‍ഫോന്‍സാമ്മയുടെയും ഫിലോയുടെയും കെട്ടിവന്മാരായ സേവ്യറും ജോര്‍ജുകുട്ടിയും ചേട്ടാനിയന്മാരാണെങ്കിലും ശത്രുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. രണ്ടുപേരും വ്യാപാരികള്‍, എന്നാല്‍ വ്യാപാര കാര്യങ്ങള്‍ അവര്‍ തമ്മില്‍ സംസാരിക്കത്തില്ല. അപ്പന്‍ തുടങ്ങിവച്ചതും തുടര്‍ന്നു കൊണ്ടുപോകുന്നതുമായ കച്ചവടങ്ങള്‍ക്ക് മേല്‍നോട്ടം സേവ്യര്‍ നിര്‍വ്വഹിച്ചു. കണക്കെല്ലാം കണക്കന്‍ ഭാസ്കരന്‍റെ കൈയിലുണ്ട്. കൊച്ചുതോമായ്ക്ക് കാണുകയും ചെയ്യാം. എന്നാല്‍ ജോര്‍ജുകുട്ടി ചില പുതിയ മേഖലകള്‍ സ്വന്തമായി കണ്ടെത്തി സ്വതന്ത്രമായി ചെയ്തു തുടങ്ങി. കൊച്ചുതോമയുടെ പേര് ഉപയോഗിച്ച് കൊച്ചുതോമയുടെ പണംകൊണ്ട് കൊച്ചുതോമയുടെ ഇടപെടലുകള്‍ ഇല്ലാതെ ചെയ്യുന്ന ചില തേങ്ങാക്കച്ചവടങ്ങള്‍ ആയിരുന്നു അവ. കിഴക്കന്‍ തേങ്ങ വെട്ടിപ്പിരിവിനെടുക്കുന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. അതിലേക്കായി കിഴക്കന്‍ മേഖലകളില്‍ തേങ്ങ ഇടപാടുകാരനായിരുന്ന ഐപ്പിയേട്ടനുമായി ഒരു കരാറുണ്ടാക്കി. കൊച്ചുതോമയുടെ മകനുമായി ചേര്‍ന്ന് വ്യാപാരം ചെയ്യുന്നതിനോട് ഐപ്പിയേട്ടന് പൂര്‍ണ്ണ സമ്മതമായിരുന്നു.


കിഴക്കന്‍ മല മേഖലകളിലെ തെങ്ങിനും തേങ്ങയ്ക്കും പല പ്രത്യേകതകളുമുണ്ടായിരുന്നു. വേനല്‍ക്കാലങ്ങളില്‍ മലമുകളില്‍ വെള്ളം തീര്‍ത്ത് പറ്റും. അപ്പോഴും മണ്ടയില്‍ വളരുന്ന തെങ്ങ് പോലും അവിടെ നിലനില്‍ക്കുന്ന അല്പം ഈര്‍പ്പം വലിച്ചെടുത്ത് മഴ വരെ പച്ച കൈവിടാതെ പിടിച്ചു നില്‍ക്കും. തേങ്ങയ്ക്ക് അസാമാന്യ മുഴുപ്പുമുണ്ടായിരുന്നു. അക്കാലത്ത് ചരക്ക് നീക്കത്തിനുള്ള സൗകര്യം കുറവായിരുന്നതിനാല്‍ ആറുമാസം മുതല്‍ ഒരാണ്ട് വരെയുള്ള തേങ്ങ കൂട്ടിയിട്ട് ആണ്ടില്‍ ഏതാനും അവസരങ്ങളില്‍ മാത്രമാണ് കച്ചവടം നടത്തുന്നതും കയറ്റിക്കൊണ്ടു പോകുന്നതും. പകുതിയിലേറെ തേങ്ങ കിളിര്‍ത്ത് കഴിഞ്ഞിരിക്കും. മുഴുപ്പ് കൂടുതലായതു കൊണ്ടും കിളിര്‍പ്പ് വന്നതു കൊണ്ടും ബോംബെയ്ക്ക് കയറ്റാന്‍ അവ കൊള്ളില്ല. അതുകൊണ്ട് തന്നെ കൊപ്ര ആക്കാനെ പറ്റൂ. തേങ്ങ വെട്ടുമ്പോള്‍ മിക്ക തേങ്ങായ്ക്കുള്ളിലും പൊങ്ങ് ഉണ്ടാകും. പണിക്കാര്‍ അവര്‍ക്ക് ആവശ്യമുള്ളത്ര കഴിച്ചതിനുശേഷം ബാക്കി ഉല്ലലച്ചന്തയില്‍ വിറ്റ് തുച്ഛമായ തുക സമ്പാദിക്കുകയും വീതിക്കുകയും ചെയ്തിരുന്നു. മുതലാളിമാര്‍ ലാഭം വീതിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് വീതിക്കാന്‍ എന്തെങ്കിലുമൊക്കെ വേണ്ടേ. ജോര്‍ജുകുട്ടിയും ഐപ്പിയേട്ടനും വെട്ടിയുണക്കിയ തേങ്ങ വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം പപ്പാതിയായി വീതിക്കും.


ആത്മാര്‍ത്ഥമായി രണ്ടുപേരും കച്ചവടത്തില്‍ സഹകരിക്കുമ്പോള്‍ തന്നെ ഒരു ഉളുപ്പും കൂടാതെ രണ്ടുപേരും അങ്ങുംമിങ്ങും അറിയാത്ത മാതിരി പരസ്പരം പറ്റിക്കുകയും ചെയ്യും. ഐപ്പിയേട്ടന്‍ തേങ്ങായ്ക്ക് മുടക്കിയ തുക കൂട്ടിക്കാണിക്കുമായിരുന്നു. ജോര്‍ജുകുട്ടി കൊപ്ര വിറ്റു വരവ് കുറച്ചും കാണിക്കുമായിരുന്നു. ഇതെല്ലാം സാമാന്യ നിയമം. തിരിവും കൊത്തും കണക്കില്‍ ചേര്‍ക്കില്ല. അത് തേങ്ങാ വെട്ടുകാരനുള്ളതാണ്. അത് ആട്ടി എണ്ണ എടുക്കും. എന്നാല്‍ ജോര്‍ജുകുട്ടി മനപൂര്‍വം നല്ല കൊപ്ര ഒടിച്ചു നുറുക്കി കൊത്താക്കും. അങ്ങനെ നല്ല കൊപ്രയും കൊത്താക്കി തട്ടിച്ചെടുക്കുകയും, അത് ആട്ടിയെടുക്കുന്ന എണ്ണ ചന്തയിലെ കടക്കാര്‍ക്ക് വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. സമ്പാദിക്കാന്‍ ആഗ്രഹിച്ചിറങ്ങുന്നവര്‍ക്ക് നേര്‍വഴികളെക്കാള്‍ വളഞ്ഞ വഴികളാണിഷ്ടം. നേര്‍ വഴിയിലൂടെ മാത്രം സമ്പാദിച്ചിരുന്ന കൊച്ചുതോമയ്ക്ക് ജോര്‍ജുകുട്ടിയുടെ അത്യാര്‍ഥിയും കുറുക്കുവഴികളും പരാക്രമവുമെല്ലാം കണ്ട് അമര്‍ഷവും ഭയവും ഉണ്ടായി. കൊച്ചുതോമ ഓര്‍ത്തു, "ഞാന്‍ ഒന്നും വെട്ടിപ്പിടിച്ചതല്ല, എല്ലാം വന്നു ചേര്‍ന്നതാണ്. വന്നുചേരുന്നത് നോക്കി നടത്തിയാല്‍ മതി, വീണ്ടും വന്നുചേരും. പരാക്രമം പിടിച്ച് പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ പണം പോകുന്ന ഓട്ടകള്‍ കാണാറില്ല." ഇതാണ് കൊച്ചുതോമയുടെ പ്രമാണം. ഇതിനോടകം, മക്കള്‍ ഒന്നിച്ചു നിന്ന് വ്യാപാരം മുന്നോട്ടു കൊണ്ടുപോകില്ലെന്ന് കൊച്ചുതോമയ്ക്ക് ഏകദേശം തീര്‍ച്ചയായി. എല്ലാവരും പ്രാപ്തരെന്ന് വിശ്വസിച്ചാല്‍ ഒരുത്തന്‍റെയും പ്രാപ്തി ഫലപ്രാപ്തി കാണില്ല.


ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകാത്തവര്‍ പലതായി പ്രവര്‍ത്തിച്ചു വളരട്ടെയെന്ന് കൊച്ചുതോമയും തീരുമാനിച്ചു. ആദ്യകാലങ്ങളില്‍ വാങ്ങിയ സ്വത്തെല്ലാം കൊച്ചുതോമയുടെയും കൊച്ചുത്രേസ്യാക്കുട്ടിയുടെയും പേരിലായിരുന്നു. പില്ക്കാലത്ത് വാങ്ങിയതെല്ലാം ആണ്‍മക്കളുടെയും അവരുടെ ഭാര്യമാരുടെയും പേരിലുമായിരുന്നു. ഭൂസ്വത്ത് വീതം വെയ്ക്കുന്നതില്‍ ആണ്‍മക്കള്‍ക്ക് മാത്രമല്ല, നാരായണന്‍കുട്ടിക്കും കൊച്ചുതോമായുടെ അളിയന്മാര്‍ക്കുമെല്ലാം ഏക അഭിപ്രായമായിരുന്നു. അതിനാല്‍, കൊച്ചുതോമയുടെയും കൊച്ചുത്രസ്യാക്കുട്ടിയുടെയും പേരില്‍ ചെറിയൊരു വിഹിതം വീതമായി വെച്ച് ബാക്കിയെല്ലാം നാല് ആണ്‍മക്കള്‍ക്കുമായി പിരിച്ചു നല്‍കി. പെണ്‍മക്കളുടെ കാര്യങ്ങളും അമ്മായിമാരുടെയും മക്കള്‍ മരിച്ചുപോയ കുടുംബത്തിലെ കാരണവന്മാരുടെയും കാര്യങ്ങള്‍ക്കായി ഓരോ മക്കളെയും ചുമതലപ്പെടുത്തി.


ഓരോ തവണയും ഭൂമി വാങ്ങുവാന്‍ കൊച്ചുതോമ മടിക്കുമ്പോള്‍, കണക്കന്‍ ഭാസ്കരന്‍ ഉപദേശിക്കുമായിരുന്നു, "കൂട്ടുകുടുംബവും കൂട്ടുകച്ചവടവും മാപ്പിളമാര്‍ക്ക് ചേരില്ല. ഓരോരുത്തര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കണം. അതിന് ഭൂമിയാണ് നല്ലത്. കീറിമുറിച്ച് കൊടുക്കണമെങ്കില്‍ ആകാമല്ലോ?" കണക്കന്‍ ഭാസ്കരന്‍റെ വാക്കുകള്‍ കൊച്ചുതോമ അടിക്കടി ചിന്തിക്കാറുണ്ടായിരുന്നു. വ്യാപാരം ഒരു ചങ്ങലയുടെ പല കണ്ണികള്‍ പോലെ ബന്ധപ്പെട്ട് കിടന്നിരുന്നതിനാല്‍ തല്‍ക്കാലം വീതിക്കേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ കച്ചവടത്തെ സംബന്ധിച്ച് പരസ്പരം ബന്ധപ്പെട്ടും ഭൂസ്വത്തിനെ സംബന്ധിച്ച് സ്വന്തമായും പ്രവര്‍ത്തിക്കുവാനുമുള്ള സാഹചര്യം കൊച്ചുതോമ ഉരുവാക്കി.


കൊച്ചുതോമ എന്ത് ചെയ്താലും അത് നല്ലതിനായി പരിണമിച്ചിരുന്നു. ഭൂപരിഷ്കരണ നിയമം മൂലം ഓരോ കുടുംബത്തിനും ഭൂപരിധി നിശ്ചയിച്ചപ്പോള്‍ കൊച്ചുതോമയ്ക്കും കുടുംബത്തിനും മിച്ചഭൂമിയായി കൊടുക്കുവാന്‍ വളരെ കുറച്ച് ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളു. അതും ഉദ്യോഗസ്ഥരുടെ പ്രാവീണ്യം മൂലം എവിടെയോ കൊള്ളിച്ചു. ഇളയ മകന് കാലങ്ങള്‍ കൊണ്ട് പരത്തി പണിത കുടുംബ വീടും, മറ്റു മൂന്നുപേര്‍ക്കും പുതിയ വീടുകളും. കുടുംബത്തിന്‍റെ വളര്‍ച്ചതളര്‍ച്ചകളില്‍, കുടുംബത്തെ പെരുവഴിയില്‍ ഇറക്കാതെ പിടിച്ചുനിര്‍ത്തിയത് ഇവയെല്ലാമാണ്. കൊച്ചുതോമായുടെ ഏറ്റവും വലിയ സംഭാവനകളായി പില്‍ക്കാലത്ത് ഇവ പരിഗണിക്കപ്പെട്ടു.


ഏറ്റവും ഇളയ മകന്‍ തോമസ്, എന്താണ് ജീവിതം എന്ന് അറിയുന്നതിന് മുമ്പേ വീതം കിട്ടിയത് സ്വതന്ത്രമായി അനുഭവിച്ചു തുടങ്ങി. തന്നെ, ധാരാളമായി സഹായിച്ചുകൊണ്ടിരുന്ന ഭൂസ്വത്തുക്കളെ അമിത സ്നേഹത്തോടെ പരിപാലിക്കുകയും, തേങ്ങയിട്ടു കിട്ടുന്ന പണം വീണ്ടും വീണ്ടും എണ്ണി ചിട്ടയായി അടുക്കിവെച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. ആവശ്യത്തിലധികം പണം കയ്യില്‍ കിട്ടിക്കൊണ്ടിരുന്നതിനാല്‍ ചേട്ടന്മാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും വ്യാപാര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്തു. അങ്ങനെ കുടുംബത്തിനും നാട്ടുകാര്‍ക്കും തിന്മകള്‍ ഒന്നും ചെയ്യാതെ സത്പുത്രനായി തോമസ് ജീവിച്ചു പോന്നു.

(തുടരും)

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക, ജൂലൈ 2026

Comments


bottom of page