നിത്യതയില്‍ കണ്ണുംനട്ട്


മരണം മനുഷ്യന്റെ മുമ്പില്‍ ഒരു ചോദ്യച്ചിഹ്നമാണ്. മരണശേഷമെന്തെന്ന് എല്ലാവരും ചിന്തിക്കാറുണ്ട്. വിശ്വാസികള്‍ക്ക് മരണം ഒരു കടന്നുപോകല്‍ മാത്രമാണ്. അവിശ്വാസികള്‍ക്ക് മരണം ഭയാനകമായ ഒരു അന്ത്യമാണ്. ആത്മീയ ആചാര്യന്മാരും തത്വചിന്തകരുമെല്ലാം വിവിധവിധത്തില്‍ മരണത്തെ വിലയിരുത്തുന്നുമുണ്ട്. നാലാം നൂറ്റാണ്ടില്‍ പൗരസ്ത്യ സഭാപിതാവായ വിശുദ്ധ അപ്രേം മനുഷ്യന്റെ ആറ് ജനനത്തെക്കുറിച്ചു പഠിപ്പിക്കുന്നുണ്ട്. അതിമനോഹരമായ ഒരു ധ്യാനചിന്തയാണത്. ദൈവത്തിന്റെ മനസ്സിലാണ് ഒരു മനുഷ്യന് ആദ്യം ജനിക്കുന്നത്. രണ്ടാം ജന്മം അമ്മയുടെ ഗര്‍ഭപാത്രത്തിലാണ്. ലോകത്തിന്റെ മടിത്തട്ടിലേക്കുള്ളതാണ് മൂന്നാമത്തെ ജനനം.
നാലാമത്തെ ജനനം സഭയുടെ മാമ്മോദീസാ തൊട്ടിയിലാണ്. തിരുപ്പട്ടം, വിവാഹം, വ്രതവാഗ്ദാനം എന്നിവയിലൂടെ കടന്നുപോകുന്നതാണ് അഞ്ചാമത്തെ ജനനം. ഒരു മനുഷ്യന് മരിക്കുമ്പോള്‍ അവന്റെ ആറാമത്തെ ജനനത്തിലൂടെ കടന്നുപോകുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി മരണത്തെ സ്വര്‍ഗത്തിലേക്ക് ഒരു ജനനമായി പഠിപ്പിച്ചു. വിശ്വപ്രസിദ്ധമായ സമാധാന പ്രാര്‍ഥനയില്‍, മരിക്കുമ്പോഴാണ് ഞങ്ങള്‍ ജനിക്കുന്നത് എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
നവംബര്‍ മാസത്തില്‍ കത്തോലിക്കാസഭ മരണത്തെക്കുറിച്ചു പ്രത്യേകമായി ധ്യാനിക്കുന്ന അവസരമാണ്. വിശുദ്ധ ബൈബിള്‍ മരണത്തെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ നാം ധ്യാനിക്കേണ്ടതുണ്ട്. പഴയ നിയമകാലംമുതല് മരണത്തെ നിദ്രയായിട്ടാണ് കണ്ടിരുന്നത്. അബ്രാഹത്തിന്റെ മടിയില്‍ ഇസഹാക്കും ഇസഹാക്കിന്റെ മടിയില്‍ യാക്കോബും യാക്കോബിന്റെ മടിയില്‍ ജോസഫും നിദ്രപ്രാപിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹാ തെസലോനിക്കക്കാര്‍ക്കുള്ള ലേഖനത്തില്‍ മരണമടഞ്ഞവരെ 'നിദ്ര പ്രാപിച്ചവന്' എന്നാണ് വിശേഷിപ്പിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ലാസറിനെക്കുറിച്ചു 'നിദ്ര പ്രാപിച്ചവന്' എന്നാണ് യേശു പറയുന്നത്. ഉറങ്ങുന്നത് ഉണരാന്വേണ്ടിയാണ്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നത് പുതിയ ഉണര്‍വോടെ എഴുന്നേല്‍ക്കാനാണ്. 1 കൊറിന്ത്യര്‍ 15/55, മരണമേ നിന്റെ വിജയം എവിടെ? എന്ന് പൗലോസ് ചോദിക്കുന്നു. മരണത്തെ ഒരു നല്ല ഉറക്കമായി കാണുവാന്‍ കഴിയുകയെന്നത് ഒരു വലിയ ഭാഗ്യമാണ്.
ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഉള്ളടക്കമാണ് മരണം. ഒരാള്‍ എങ്ങനെ ജീവിച്ചോ അതുപോലെയായിരിക്കും ജീവിതാന്ത്യം. മൂല്യങ്ങള്‍ക്കായി ജീവിച്ചവര്‍ മരണസമയത്തും അചഞ്ചലചിത്തനായിരിക്കും. മരണസമയത്തും ഫലിതം പറഞ്ഞ തോമസ് മൂര്‍, കഴുത്തറുത്തു കൊല്ലാന്വന്നവന് സ്വര്‍ണനാണയം നല്കിയ വിശുദ്ധ സിപ്രിയാന്‍, വെടിയുണ്ടയേറ്റു വീണപ്പോഴും 'ഹേ റാം' എന്നു പറഞ്ഞ ഗാന്ധിജിയുമൊക്കെ മാതൃകാ വ്യക്തിത്വങ്ങളായി നമ്മുടെ മുമ്പിലുണ്ട്. മരണഭയത്തിനു മുമ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കു തയാറാവാത്ത ജീവിതങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അവര്‍ എന്തു ചിന്തിച്ചോ, പഠിപ്പിച്ചോ അതില്‍ അവസാനശ്വാസം വരെ ഉറച്ചുനിന്നു. മായയായ ജീവിതത്തില്‍ അര്‍ഥം കാണാതെ, സനാതന സത്യങ്ങളില്‍ ബലം കണ്ടെത്തിയവരാണവര്‍.
ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് മരണം നമ്മെ പഠിപ്പിക്കുന്നു. സിസ്റ്റര്‍ മേരി ബനീജ്ഞയുടെ മനോഹരമായ കവിതയില്‍ പറയുന്നതുപോലെ ലോകത്തിലെ എല്ലാ സമര്‍ഥരും കടന്നുപോകും. നമ്മള് എന്തൊക്കെയോ ആണെന്നു ചിലര്‍ കരുതും. ഞാനില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നു നാം ചിന്തിക്കുന്നു. ശക്തരായ മാര്‍പാപ്പമാര്‍, ബിഷപ്പുമാര്‍, സന്യാസി-സന്യാസിനിമാര്‍ ലോകത്തില്‍നിന്നു കടന്നുപോയി. എന്നിട്ടും തിരുസഭ ശക്തിയോടെ മുന്നോട്ടു പോകുന്നു. രാഷ്ട്രത്തലവന്മാര്, രാഷ്ട്രീയ നേതാക്കള്‍ ഒക്കെ കടന്നുപോയി. ലോകം പുരോഗതിയിലേക്കു കുതിക്കുന്നു. ഈ ലോകം സന്ദര്‍ശിക്കാന്‍ വന്നവരാണ് നമ്മള്. സന്ദര്‍ശന കാലഘട്ടത്തില്‍ ചിലതൊക്കെ ചെയ്തിട്ട് തിരിച്ചു പോകണം. മരണം ഒരു മടക്കയാത്രയാണ്. വന്നവരെല്ലാം തിരിച്ചുപോകണം. നല്കപ്പെട്ട സമയത്ത് ഏല്പിക്കപ്പെട്ട കര്‍മങ്ങള്‍ നിറവേറ്റി മടക്കയാത്ര നടത്തണം. വിനീതവ്യക്തിത്വങ്ങളായി ഭൂമിയില്‍ ജീവിക്കുവാന്‍ ശ്രമിക്കാം.
"നമ്മുടെ മരണം ഒരു പുനര്സംഗമമാണ്. മരണംമൂലം മറഞ്ഞുപോയ സകലരെയും ഒരിക്കല്‍ക്കൂടി നാം കാണും. ഗള്‍ഫില്‍പോയ ജീവിതപങ്കാളി തിരിച്ചുവരുമ്പോള്‍ നാം സ്വീകരിക്കുന്നതുപോലെ മരിച്ചു പോയവരെ നാം കാണും. മരിച്ചുപോയവര്‍ തങ്ങളെ വന്നു വിളിക്കുന്നുവെന്ന് ചില മരണാസന്നര്‍ പറയാറുണ്ട്. ഇന്നു കാണുന്ന ശരീരത്തിലല്ല അവരെ നാം കാണുന്നത്," പൗലോസ് അപ്പസ്തോലന്.
'വിതച്ചത് വിത്ത്, മുളച്ചത് ചെടി,' കല്ലറയില്വച്ചത് നശ്വരശരീരം, ഉയിര്‍ത്തെഴുന്നേറ്റത് അനശ്വരശരീരം. മരണത്തെക്കുറിച്ചു ധ്യാനിക്കുന്ന നവംബര്‍മാസത്തില്‍ ഈ ചിന്തകള്‍ നമ്മെ നയിക്കട്ടെ. കുഴിച്ചിടുന്ന കേടില്ലാത്ത വിത്തുകളെല്ലാം മുളച്ചുപൊങ്ങും. കേടില്ലാത്ത ജീവിതം നയിക്കുന്ന വൃക്ഷങ്ങള്‍ വസന്തകാലത്ത് പുതിയ ഇലകളാല്‍ അണിഞ്ഞൊരുങ്ങുന്നതുപോലെ നാം ഓരോരുത്തരും പുതുജീവിതത്താല് അലങ്കരിക്കപ്പെടട്ടെ.
നിത്യതയില്‍ കണ്ണുംനട്ട്
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, നവംബർ 2026











































































































