top of page

പുണ്യവഴിയിലെ വിശുദ്ധ സോദരൻ

Writer: George Valiapadath Capuchin
George Valiapadath Capuchin
2 days ago
1 min read
A news paper Clip
(ഒക്ടോബർ 3 ന് മനോരമ പ്രസിദ്ധീകരിച്ചത്)

പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ വെറും 44 വർഷം നീണ്ട തൻ്റെ ജീവിതധർമം നിറവേറ്റി കടന്നുപോയ ഒരാളാണു ഫ്രാൻസിസ് അസ്സീസി. കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി കൊണ്ടാടുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ദിവസങ്ങളിൽ ലോകമെങ്ങും അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ എഴുതപ്പെടുന്നത്?

ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിൽ ധനിക കുടുംബത്തിൽ ജനനം. തിന്നും കുടിച്ചും ആടിയും പാടിയും തിമിർത്താഘോഷിച്ച കൗമാരം. എന്നാൽ, 22–ാം വയസ്സിൽ യുവാവിൽ ചില മാനസാന്തരങ്ങൾ സംഭവിച്ചു. ഒരിക്കൽ തന്റെ കുതിരപ്പുറത്തു യാത്ര ചെയ്യുകയായിരുന്നു ആ ചെറുപ്പക്കാരൻ. ദൂരെ ഒരു കുഷ്ഠരോഗിയുടെ രൂപം കണ്ടപ്പോൾ കുതിരയെ തിരിച്ച്, വന്നവഴിയേ പാഞ്ഞു. പെട്ടെന്ന് ഒരു വെളിപാട് ആ മനസ്സിൽ മിന്നി: ‘അതു ക്രിസ്തുവാണെങ്കിലോ?’ അയാൾ മടങ്ങിയെത്തി ആ കുഷ്ഠരോഗിയെ ആശ്ലേഷിച്ച് ചുംബിച്ചത്രേ! തന്റെ ഏറ്റവും ശക്തമായ ദൈവാനുഭവമായി ജീവിതാവസാനത്തിൽ ഫ്രാൻസിസ് കുറിക്കുന്നത് അതേക്കുറിച്ചാണ്. ആ ഒരൊറ്റ ആശ്ലേഷത്തിൽ അയാളുടെ ഉള്ളിലെ ലോകം കീഴ്മേൽ മറിഞ്ഞു...

ഫ്രാൻസിസിൻ്റെ ചില ദർശനങ്ങൾ, സമീപനങ്ങൾ, നിലപാടുകൾ എന്നിവയാവണം അദ്ദേഹത്തെ ഇന്നും പരിഗണനാർഹനാക്കുന്നത്. സമ്പത്തും കുലമഹിമയും ഉള്ളവർ അന്നാട്ടിൽ ‘മേജർമാർ’ എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്; മേലാളന്മാർ എന്ന് ഭാഷാന്തരം ചെയ്യാം. ദരിദ്രരും തൊഴിലാളികളും ‘മൈനർമാർ’ എന്നാണ് അറിയപ്പെട്ടിരുന്നത് (കീഴാളർ). തനിക്കും തൻ്റെ സംഘത്തിനും അദ്ദേഹം നൽകിയ പേര് ‘കീഴാള സഹോദരന്മാർ’ എന്നായിരുന്നു (Friars Minor). സവർണ ജാതിയിൽപെട്ട ഒരാൾ അവർണ ജാതിപ്പേര് സ്വന്തം പേരിനോടു ചേർക്കുന്നതുപോലെ!

‘ഫ്രത്തെല്ലി തൂത്തി’ - ഏവരും സോദരർ എന്നതാണു ഫ്രാൻസിസിൻ്റെ ദർശനം. ഫ്രഞ്ച് വിപ്ലവക്കാർ കൂട്ടിത്തുന്നിയത് 3 വാക്കുകളായിരുന്നു: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. ഇതിൽ ഇനിയും പൂർത്തിയാകാനുള്ളത് ആ മൂന്നാമത്തെ സ്വപ്നമാണ്: സാഹോദര്യം!

ജീവജാലങ്ങൾ ഫ്രാൻസിസിനോടു പ്രത്യേകമായ സൗഹൃദം കാട്ടി. റോഡ് മുറിച്ചുകടക്കുന്ന പുഴുവിനെ ഫ്രാൻസിസ് അരുമയോടെ അപ്പുറം എത്തിക്കും. ഒരു പക്ഷിക്കൂട്ടത്തെ കാൺകേ അവയോടു പ്രസംഗിക്കും. പാതിരാത്രിയിൽ ശബ്ദമുണ്ടാക്കുന്ന ചീവീടിനെത്തേടി പുറത്തുപോയി അതിനോടൊപ്പം കുറേനേരം പ്രാർഥിക്കും. ആക്രമണകാരിയായ ചെന്നായയോട് സന്ധിസംഭാഷണം നടത്തും. പ്രകൃതിയോടുള്ള ആദരവും പാരിസ്ഥിതികമായ കരുതലും ഇനിയും ആഴപ്പെടേണ്ട അവബോധങ്ങളാണെന്ന് ആർക്കാണറിയാത്തത്?

മഹാത്മാ ഗാന്ധി തീർച്ചയായും ഫ്രാൻസിസിനെ വായിച്ചിട്ടുണ്ടാവണം! അദ്ദേഹത്തിൻ്റെ ‘അന്ത്യോദയ’ ദർശനവും അർധനഗ്‌നനായ ഫക്കീറാവലും ഫ്രാൻസിസിൻ്റെ സ്വാധീനങ്ങളാവാനാണു സാധ്യത എന്നു കരുതപ്പെടുന്നുണ്ട്. ‘ക്രിസ്‌റ്റ്യാനിറ്റിയിലെ ഏറ്റവും ആകർഷകമായ വ്യക്തിത്വങ്ങളിൽ ഒന്ന്’ എന്നാണ് അസ്സീസിയിലെ ഫ്രാൻസിസിനെക്കുറിച്ചു ജവാഹർലാൽ നെഹ്‌റു എഴുതിയത്.

നമ്മുടെ പ്രിയകവി സച്ചിദാനന്ദൻ പാടും:

‘ഞാൻ, അസ്സീസിയിലെ ഫ്രാൻസിസ്.

ഞാനാകുന്നു ഊമയുടെ വാക്കും കുരുടൻ്റെ കാഴ്ചയും;

ഞാനാകുന്നു പുഴുവിൻ്റെ കുളമ്പും മുയലിൻ്റെ ചിറകും.

ഞാൻ സ്‌നേഹിക്കുന്നു,

അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു...’

bottom of page