വൈരം


പേടിയായിരുന്നു അയാള്ക്ക്, പുലരിയില് തെരുവ് വിളക്കുകള് ഊതിക്കെടുത്താന് പോലും. അതുവഴി വിളക്കുകളുടെ ജീവന് കെട്ടുപോവുകയാണെന്ന് അയാള് കരുതി.
എന്നാല് അയാളുടെ ആത്മരേഖ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ഞാന് പാപത്തില് ആയിരിക്കുമ്പോള്... എന്തായിരിക്കാം അയാളെ ഇപ്പോഴും പൊള്ളിക്കുന്നത്? ചെറുപ്പത്തില് അയാള് യുദ്ധം ചെയ്യാന് പോയിട്ടുണ്ട്. അതിനെക്കാള് വലിയ പാപമെന്താണ്. ആ കാലം തന്നെ അങ്ങനെയായിരുന്നു. പകയിലും വെറുപ്പിലും ഉറഞ്ഞ ഒന്ന്. ഒരിക്കല് അയാള് തടവിലാക്കപ്പെട്ടു, 1202 ലാണ്, പെറുജിയയെന്ന അതിര്ത്തിദേശവുമായിട്ടുള്ള യുദ്ധത്തിനിടയിലായിരുന്നു. ഒരാള്ക്ക് എഴുന്നേറ്റു നില്ക്കാന് അവാത്ത വിധത്തിലുള്ള കുടുസ്സ് മുറിയുടെ ഇരുട്ടില് ഒരാണ്ടോളം അയാളുണ്ടായിരുന്നു. അതയാളെ രോഗിയാക്കുകയും ചെയ്തു. സ്വാഭാവികമായിട്ട് അയാള്ക്ക് ഒന്നിനോടും അനുഭാവത്തിലാവേണ്ട കാരണമില്ല. പിന്നീടെപ്പോഴോ അയാള് സമസ്ത ലോകത്തോടും അനുരഞ്ജനത്തിലായി.
എന്നാല് വൈകാതെ വിഭജിക്കപ്പെടുന്ന ഭവനം എന്ന യേശു പാഠത്തിന്റെ പൊരുള് പിടുത്തം കിട്ടും. അത് ആദ്യത്തിനെക്കാള് കഠിനമായിരിക്കും. എന്റെ സ്നേഹിതന്റെ കൂടാരത്തില് വെച്ച് ഞാന് മുറിവേല്ക്കപ്പെട്ടു എന്ന സഖര്യയായുടെ പുസ്തകത്തിലെ സങ്കടം പോലെയാണത്. സ്വന്തം അപ്പനില് നിന്ന് തന്നെ അത് ആരംഭിക്കണം. അയാളുടെ ഫാന്സികള്ക്ക് നിരക്കാത്ത മകനായിരുന്നു അവന്. അമ്മയിട്ട ജോണ് എന്ന പേര് മാറ്റി കുഞ്ഞിനെ ഫ്രാന്സീസ് എന്ന് വിളിച്ചു തുടങ്ങിയതു പോലും അങ്ങനെയാണ്. കുട്ടി പിറന്ന നേരത്ത് അയാള് സഞ്ചാരത്തിലായിരുന്നു. തനിക്ക് പ്രിയപ്പെട്ട ദേശത്തിന്റെ ഓര്മ്മയിലാണ് Francesco എന്ന പേര്. Frenchman / free man എന്നൊക്കെയാണര്ത്ഥം. കാര്യങ്ങള് ഇപ്പോള് അകന്നു പോവുകയാണ്.
ബിഷപ്പിന്റെ അരമനയില് വെച്ചു കാര്യങ്ങള് ഏതാണ്ട് പൂര്ണ്ണമായി. അടിയുടുപ്പുകള് പോലും അപ്പന്റെ കാല്ചുവട്ടില് വെച്ചു അയാള് തെരുവിലേക്കിറങ്ങിയപ്പോള് ഇനിയുള്ള കാലമെല്ലാം മകനായിരിക്കും അയാളുടെ സങ്കല്പത്തിലെ ശത്രു. തെരുവില് മുഖാമുഖം കാണുമ്പോളൊക്കെ അപ്പനയാളെ കഠിനമായി ശപിക്കും. മനസ്സ് നുറുങ്ങി അയാള് പാതയോരത്തെ ഒരു യാചകന്റെ മുന്പില് മുട്ടിന്മേല് നിന്നിങ്ങനെ പറയും : എന്റെ അപ്പന് എന്നെ ശകാരിച്ചു. താങ്കളെന്നെ ആശിര്വദിക്കുമോ. പുതിയൊരു സ്നേഹപ്രതിരോധം പകയ്ക്കെതിരെ സംഭവിക്കുകയാണ്. പക നിങ്ങളെ നുറുക്കുമ്പോള് പല മടങ്ങ് മനുഷ്യരില് നിന്ന് നിങ്ങള്ക്ക് ലഭിക്കുന്ന അളവില്ലാത്ത സ്നേഹം കൊണ്ട് ഉള്ളൊക്കെ ആശ്വസിപ്പിക്കുക.
സ്വന്തം സന്യാസ സമൂഹത്തില് നിന്നും അയാള്ക്ക് ബുദ്ധിമുട്ടുകള് ഉണ്ടാകും. അയാള് ശഠിക്കുന്ന ദാരിദ്ര്യമെന്ന പദം കുറേ കൂടി പ്രായോഗിക ബുദ്ധിയുള്ളവരാല് വിചാരണ ചെയ്യപ്പെടും. വൈകാതെ അതിന്റെ സമ്മര്ദ്ദം താങ്ങാനാവാതെ ഘടനാപരമായ ഉത്തരവാദിത്തങ്ങളില് നിന്ന് അയാള് വഴി മാറും. ബ്രദര് ഏലിയാസിനെ കണക്ക് പിടിപ്പുള്ള മനുഷ്യര് ഇനി തീരുമാനങ്ങളെടുക്കും.
തനിക്ക് അഭയമേകുമെന്ന് കരുതിയ സഭാഗാത്രവും ആരംഭത്തില് അയാളില് നിന്ന് അകലം സൂക്ഷിക്കാന് ശ്രദ്ധിക്കും. അലയുന്ന ഈ ചെറുപ്പക്കാര് പിന്നീട് ഓരോരോ പ്രതിസന്ധികള്ക്ക് കാരണമായി തീരുമെന്നവര് ഭയന്നു. വാക്കാല് ദാരിദ്യം പാലിക്കാനുള്ള ഇന്നസെന്റ് മാര്പ്പാപ്പയുടെ അനുവാദം പോലും പലയിടങ്ങളിലും അവര്ക്കിനി സംരക്ഷണമാവില്ല. ഒന്നിനോടും നീരസമില്ലാതെ ജീവിക്കാന് ശ്രമിച്ച അയാളോട് മനുഷ്യര് പല അളവുകളില് ഹൃദയം കഠിനമാക്കി. എന്നിട്ടും അത്യന്തിക വിജയം സ്നേഹത്തിന്റെയായിരിക്കുമെന്ന ധൈര്യത്തിന്റെ മൂലക്കല്ലിലാണ് അയാള് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും കല്ലുകള് കെട്ടിയുയര്ത്താന് ശ്രമിക്കുന്നത്. മനുഷ്യര്ക്കത് മനസിലായില്ലെങ്കിലും ഒരു ചെന്നായ്ക്കത് പിടുത്തം കിട്ടും. അങ്ങനെയാണ് സകലരേയും ആക്രമിച്ചുക്കൊണ്ടിരുന്ന ഒരു ചെന്നായ് അയാളുടെ പാദങ്ങളില് ഉരുമി കിടന്നത്. ഫ്രാന്സിസിന്റെ ചിത്രങ്ങളില് മിക്കപ്പോഴും കാണുന്ന ഗുബിയോളയിലെ ചെന്നായ് സ്നേഹം കൊണ്ട് മെരുങ്ങു വൈരത്തിന്റെ പ്രതീകമാണ്. കഠിന ഹൃദയനായ ഒരു കൊള്ളക്കാരന്റെ മാനസാന്തര കഥയായി അതിനെ കരുതുന്നവരുമുണ്ട്.
ദീര്ഘയാത്രയ്ക്ക് ശേഷം മടങ്ങി വരുമ്പോള് തന്റെ സമൂഹം തന്നെ തിരിച്ചറിയുന്നില്ല എന്ന് ഒരു പേടി സ്വപ്നം അയാള്ക്കുണ്ടായിരുന്നു. ഒരു ശത്രു ഉണ്ടായിരിക്കുക എന്നാല് ഏകാഗ്രതയും സമഗ്രതയും ഇല്ലാതിരിക്കുക എന്നതല്ലാതെ വേറെ അര്ത്ഥമൊന്നുമില്ല. ഏതൊരു അര്പ്പണത്തിനും ശത്രു ഇല്ലാതിരിക്കുക എതാണ് പ്രധാനം. എവിടെയോ ഒരാള് നിങ്ങള്ക്കെതിരാണെന്നുള്ള തോന്നല് പോലും ജീവിതത്തിന്റെ അഭംഗികളെ ത്വരിതപ്പെടുത്തും. അവിടെയാണ് 'എല്ലാത്തിനോടും നിരപ്പിലാകുക, അതിനുശേഷം ബലിയര്പ്പിക്കുക' എന്ന സുവിശേഷ സൂചനയുടെ പൊരുള്.
സ്നേഹത്തിനു കാരണങ്ങള് ഇല്ലാത്തതു പോലെ വെറുപ്പിനും ന്യായങ്ങള് ആവശ്യമില്ലാത്ത ഭൂമിയാണിത്. ഒരു ബുദ്ധയ്ക്ക് പോലും ഒഴിവാക്കാനാവാത്ത ഗതിയാണത്. ലോകത്തെ ഏറ്റവും കരുണയുള്ള മനുഷ്യനാണ് ജീവിതാന്ത്യത്തോളം ഒരു ശത്രുവിനെ കൊണ്ടുനടക്കേണ്ടിവന്നത്. ചെറുപ്പത്തിലെ ചെറിയ ചെറിയ തര്ക്കങ്ങള് കുമിഞ്ഞുകുമിഞ്ഞ് അയാളുടെ അന്പിന്റെ ജാലകങ്ങള് അടഞ്ഞിരുന്നു. ബുദ്ധയെ കൊലപ്പെടുത്താന് അയാള് നിശ്ചയം ചെയ്തിടത്തോളം കാര്യങ്ങളെത്തി. അങ്ങനെ ആചാര്യനെ വധിക്കാന് ദേവദത്തന് മല്ലന്മാരെ ഏര്പ്പെടുത്തി. പക്ഷേ, ബുദ്ധയുടെ മുന്പിലെത്തിയ അവര് അവന്റെ അനുഭാവത്തില് മയങ്ങിപ്പോയി. (ഒരു ചെറിയ ജംപ് കട്ടില്, തോട്ടത്തിലെത്തിയ സായുധരായ പട്ടാളക്കാര് 'അതു ഞാനാണെ'ന്ന യേശുമൊഴിയില് മോഹാലസ്യപ്പെട്ടത്.) പിന്നെ ഉയരങ്ങളില് നിന്ന് ഒരു കല്ലുരുട്ടി വീഴ്ത്തുകയായിരുന്നു. അതും വഴിമാറി. ഒടുവില് നളഗിരി എന്ന അപകടകാരിയായ ഒരാനയെ ലഹരി പിടിപ്പിച്ച് ആ കൃശഗാത്രനിലേക്ക് നയിച്ചു. അതാവട്ടെ, ഒന്നു ചിന്നം മുഴക്കി പാദാരവിന്ദങ്ങളില് ഭജനയിരുന്നു. പകയുടെ മീതെ കരുണ നേടുന്ന ആത്യന്തിക വിജയത്തിന്റെ നാള്വഴിയായി ഇവയെ എണ്ണാവുന്നതാണ്.
അജ്ഞതയില് നിന്നാണ് വെറുപ്പുണ്ടാകുന്നതെന്നുതന്നെയാണ് ബുദ്ധ കരുതിയത്. ഓരോരോ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യചരടുണ്ടെന്ന ധാരണയില്ലാതെ പോകുന്നതുകൊണ്ടാണത്. ജീവന്റെ ചാരുതയെ ഹനിക്കുന്ന മൂന്നു തരം വിഷയങ്ങളില് ഒന്നായിട്ടാണ് അതെണ്ണുന്നത്. മറ്റു രണ്ടെണ്ണം അവിദ്യയും ആര്ത്തിയുമാണ്. ഭാവചക്രത്തില് (Wheel of Life) അതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. നാഗം വിദ്വേഷത്തിന്റേയും സുകരം അവിദ്യയുടെയും കുക്കുടം ആര്ത്തിയുടേയും ബിംബങ്ങളാണ് അതില്. അവിദ്യയെ ജ്ഞാനം കൊണ്ടും ആര്ത്തിയെ ഔദാര്യം കൊണ്ടും ദ്വേഷത്തെ അന്പു കൊണ്ടുമാണ് ഒരാള് നേരിടേണ്ടത്.
The forgiveness project അങ്ങനെയാണ് പുതുകാലത്തിന് പ്രിയപ്പെട്ട പദമായി മാറുന്നത്. അനുരഞ്ജനത്തിനുള്ള സാധ്യതകള് എല്ലാ ജീവജാലങ്ങളിലുമുണ്ട്. അതിന്റെ ഉറവകള് ഓരോരുത്തരുടെയും ഉള്ളില് അഗാധമായി ഭൂമിയ്ക്കടിയിലെ നദിയിലെ പോലെ മറഞ്ഞുകിടപ്പുണ്ടാവും.ആരെങ്കിലുമൊക്കെ അതിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ. The forgiveness project എന്ന രാഷ്ട്രീയ മതാതീത ആഭിമുഖ്യം 2004 ല് ആരംഭിക്കുമ്പോള് അതിന്റെ പിന്നണിയിലുള്ളവര് സങ്കല്പിച്ചത് ആ സുകൃതത്തെ ലോകമെമ്പാടും വിളിച്ചുണര്ത്തുകയായിരുന്നു. ഒരു പ്രധാന ടൂളായി അവര്ക്ക് അനുഭവപ്പെട്ടത് കഠിന ദുര്യോഗങ്ങളിലൂടെ കടന്നുപോയ മനുഷ്യര് അതിന് കാരണമായ വ്യക്തികളോടോ, സംഭവങ്ങളോടോ ഉപാധികളില്ലാതെ പൊറുത്തതിന്റെ കഥകള് കേള്ക്കാനും പറയാനുമുള്ള സാഹചര്യങ്ങള് സൃഷ്ടിച്ചതാണ്. നിരന്തരമായ അത്തരം കേള്വികള് കാലാന്തരേ ഉണ്ടാക്കുന്ന പ്രകാശം സങ്കല്പാതീതമാണ്. ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തില് നിന്നാണ് Marina Cantacuzino ഇത്തരം കഥകള് ശേഖരിച്ച് തുടങ്ങുന്നത്.
പതിമൂന്നാം നൂറ്റാണ്ടില് നിന്നുള്ള forgivenesse project ആയിട്ടാണ് ഫ്രാന്സിസിന്റെ കഥകള് ഇപ്പോള് അനുഭവപ്പെടുന്നത്. അയാളെ കേന്ദ്രബിന്ദുവാക്കിയുള്ള എല്ലാ കഥകളിലും മറഞ്ഞും തെളിഞ്ഞും സമവായത്തിന്റെയും സൗഹൃദത്തിന്റെയും അനുദിനഭാഷയാണ്. അവസാനത്തോളം അതങ്ങനെ തന്നെയായിരുന്നു. സൂര്യകീര്ത്തനത്തിന്റെ കഥയോര്ക്കൂ. ഒടുവിലത്തെ വരികള് പിന്നീടതില് തുന്നി ചേര്ത്തതാണ്. ദേശത്തിന്റെ മേയറും ബിഷപ്പും തമ്മില് വിദ്വേഷത്തോളമെത്തുന്ന അകല്ച്ചയിലായിരിക്കുമ്പോള് അവരുടെ മുന്പില് അത് പാടാനായി തന്റെ സന്യാസികളെ അയാളയച്ചു: 'അങ്ങയോടുള്ള പ്രേമത്താല് പൊറുക്കുന്ന മനുഷ്യരെയൊര്ത്തും ഞങ്ങളങ്ങയെ വാഴ്ത്തുന്നു'. (Be Praised,my Lord, through those who forgive for love of You) ആ രണ്ടുപേര്ക്കിടയിലെ ഗാഢാലിംഗനത്തിലാണ് സ്തോത്രഗീതം അവസാനിച്ചത്. ഉപാധിയില്ലാതെ പൊറുക്കപ്പെട്ടതിന്റെ ഒരോര്മ്മ വായനക്കാരുടെ ഉള്ളിലുമുണ്ടാകും.
അസാധാരണമായ രൂപാന്തരസാധ്യതയുള്ള അത്തരം ഒരു കഥ അത്താഴത്തിനിടയില് കുഞ്ഞുമക്കളോട് പറയാനാവുമോ എന്നതാണ് ഈ ഓര്മ്മയുടെ ഗൃഹപാഠം. പക വീട്ടാനുള്ളതല്ലെന്നും പരിഹരിക്കേണ്ടതാണെന്നുമുള്ള ബോധം നമ്മള് പാര്ക്കുന്ന ഈ നീലഗൃഹത്തെ കുറേക്കൂടി കുലീനമാക്കും. അതുകൊണ്ടാണയാള് നിരന്തരം പൊറുക്കാന് പറഞ്ഞു കൊണ്ടിരിക്കുന്നത്.
വൈരം
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, ഒക്ടോബർ 2026














































































































