മനോനിലയും മറ്റുള്ളവരും


വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്നിന്ന് ഡോ. ലിസ് മില്ലര് ആവിഷ്കരിച്ച മനോനില ചിത്രണ(mood mapping)ത്തിന്റെ പതിനാലു ദിന പഠനം നാം പൂര്ത്തിയാക്കിക്കഴിഞ്ഞു. അനുബന്ധമായി 'മൂഡ്' (‑mood) എന്ന മനോനിലയെക്കുറിച്ചു ചില കാര്യങ്ങള് ഈ ലക്കങ്ങളില് ചര്ച്ചചെയ്യുന്നു. നമ്മുടെ മനോനില മറ്റുള്ളവരുമായുള്ള ബന്ധത്തെ എപ്രകാരം ബാധിക്കുന്നുവെന്നും മനോനിലയില് അഥവാ 'മൂഡി'ല് മാറ്റംവരുത്തി ബന്ധങ്ങള് എങ്ങനെ മെച്ചപ്പെടുത്താമെന്നുമാണ് ഇനി നാം പരിശോധിക്കുന്നത്.
മറ്റുള്ളവരുമായുള്ള ഇടപഴകലിലാണ് നമ്മുടെ ജീവിതം നിലനില്ക്കുന്നതുതന്നെ. നാം മറ്റുള്ളവരോട് എങ്ങനെ ഇടപഴകുന്നു എന്നതു നിശ്ചയിക്കുന്നതില് മനോനില അഥവാ 'മൂഡ്' പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. നമ്മുടെ മനോനിലയും നാം ഇടപഴകുന്ന മറ്റുള്ളവരുടെ മനോനിലയും നാം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. മനോനിലയെ നമ്മുടെ നിയന്ത്രണത്തിലാക്കേണ്ടതിന്റെ പ്രധാന കാരണവും അതുതന്നെ.
ശബ്ദരഹിത ആശയവിനിമയത്തിന്റെ ഒരു ക്ഷണികരൂപമാണ് മനോനില അഥവാ മൂഡ്. ഒരാള് സംസാരം തുടങ്ങുംമുന്പുതന്നെ അയാള് ഏതു മനോനിലയിലാണെന്ന് നിങ്ങള്ക്ക് ഊഹിക്കാന് കഴിഞ്ഞേക്കാം. വളര്ത്തുമൃഗങ്ങള്ക്ക് അവരുടെ യജമാനന്റെ മൂഡ് പെട്ടെന്നു മനസ്സിലാകും. മാതാപിതാക്കള് വായ തുറക്കുംമുന്പേ മക്കള് അവരുടെ മനോനില മനസ്സിലാക്കുന്നു. അതിനാല് നമ്മുടെ മനോനില എന്താണെന്നു മനസ്സിലാക്കേണ്ടതും അതു നമ്മുടെ ചുറ്റുപാടിനെ പ്രതിലോമകരമായി ബാധിക്കുന്നതിനുമുന്പേ അതില് മാറ്റംവരുത്തേണ്ടതും നമ്മുടെ ബന്ധങ്ങളും ഇടപഴകലുകളും നിലനിര്ത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും അത്യന്താപേക്ഷിതമാണ്.
മനോനില ചിത്രണം (mood mapping‑) നമ്മുടെ മനോനില എന്തെന്ന് അറിയുന്നതിനുള്ള മാര്ഗമാണ്. മനോനില അഥവാ മൂഡ് നമ്മുടെ ചുറ്റുമുള്ള മനുഷ്യരുമായുള്ള ബന്ധത്തെ എപ്രകാരം നിര്ണയിക്കുന്നു എന്നാണ് നാമിപ്പോള് ചര്ച്ചചെയ്യുന്നത്. മനോനില ചിത്രണംവഴി ആരോഗ്യകരവും സന്തുലിതവുമായ മനോനില എങ്ങനെ കൈവരിക്കാമെന്നു നാം തുടര്ന്നു പരിശോധിക്കും.
അനുയോജ്യ മനോനില
നാം ഒരാളെ, അത് അപരിചിതനാവട്ടെ, ദീര്ഘകാല സുഹൃത്താവട്ടെ, കുടുംബാംഗമാവട്ടെ, സഹപ്രവര്ത്തകനാകട്ടെ, കണ്ടുമുട്ടുമ്പോള് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്കൊന്നു പരിശോധിക്കാം. ആദ്യ അഭിവാദ്യം തീര്ച്ചയായും അത്യന്തം ഊഷ്മളവും ഊര്ജസ്വലവുമായിരിക്കും, ഉറപ്പ്. പിന്നെ മനോനില അഥവാ മൂഡ് മാറുകയും ഇരുവരും 'കംഫര്ട്ട്' അഥവാ സ്വച്ഛത അനുഭവിക്കുകയും ചെയ്യുന്നു. നാം നമ്മുടെ മനോനില പങ്കുവയ്ക്കുന്നു. ഊര്ജസ്വലമായ മൂഡുള്ള ഒരാള് ചുറ്റുമുള്ളവരെയൊക്കെ ഊര്ജസ്വലരാക്കുന്നതു നാം ശ്രദ്ധിച്ചിട്ടുണ്ടല്ലോ.
കൂട്ടത്തില് ഒരാളുടെ മനോനില തികച്ചും പ്രതിലോമകരമെങ്കില് അതു കൂട്ടായ മനോനിലയെയും ഒരുപരിധിവരെ പ്രതികൂലമായി ബാധിക്കുമെന്നതിലും സംശയമില്ല. അതേ സമയം ആ വ്യക്തിയുടെ മനോനിലയിലാവട്ടെ, കൂട്ടായ മനോനില പ്രസാദാത്മകമായി പ്രതിഫലിക്കുകയും ചെയ്യും. പ്രതിലോമകരമായ മനോനിലയില്നിന്ന് ഒട്ടൊക്കെ പ്രസാദാത്മകമായ മനോനിലയിലേക്ക് അവര്ക്കു മാറാന് അതു സഹായിക്കുകയും ചെയ്യും. അങ്ങനെ അവര്ക്ക് അത്ര പ്രതിലോമകരമല്ലാത്ത മനോനിലയില് എത്തിപ്പെടാം.
നാമൊരു കൂട്ടത്തിന്റെ ഭാഗമാണെന്ന തോന്നലിലൂടെ നാം ആ കൂട്ടത്തിന്റെ പൊതു മനോനിലയും പങ്കുപറ്റുന്നു. അതേ സമയം ആള്ക്കൂട്ടത്തില് തനിയെയാണ് എന്ന അനുഭവം എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാത്ത ആരുംതന്നെ ഉണ്ടാവില്ല. കൂട്ടത്തിന്റെ പൊതു മനോനില പങ്കിടാന് കഴിയാത്തതില്നിന്നാണത് ഉണ്ടാവുക. വലിയ വ്യക്തിപ്രഭാവമുള്ള മനുഷ്യര്ക്ക് തങ്ങളുടെ മനോനില തങ്ങളുടെ ചുറ്റുമുള്ളവരിലേക്കു പ്രസരിപ്പിക്കാനും ഓരോരുത്തര്ക്കും തങ്ങള് സവിശേഷ വ്യക്തിത്വങ്ങളാണെന്ന അനുഭവം ഉളവാക്കാനും സാധിക്കും. എന്നാല്. തികച്ചും പ്രതിലോമകരമായ മനോനിലയുള്ളവരാകട്ടെ സംഭാഷണങ്ങളെ തടസ്സപ്പെടുത്തുന്നു, കൂട്ടത്തിന്റെ പ്രസാദാത്മകതയെ ഹനിക്കുന്നു.
നമ്മുടെയും നമുക്കു ചുറ്റുമുള്ളവരുടെയും മനോനിലയെ കൈകാര്യംചെയ്യുന്നതിന് നാം ആരുമായി ഇടപഴകുന്നു എന്നതനുസരിച്ചു വ്യത്യസ്തമായ സമീപനങ്ങള് സ്വീകരിക്കേണ്ടതുണ്ട് വ്യത്യസ്ത ബന്ധങ്ങളില് നമ്മുടെ 'മൂഡ്' ക്രമീകരിക്കുന്നതിനു സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച് അടുത്ത ലക്കത്തില് നമുക്കു ചര്ച്ചചെയ്യാം.(തുടരും...)
മനോനിലയും മറ്റുള്ളവരും
ടോം മാത്യു
അസ്സീസി മാസിക, ഒക്ടോബർ 2026













































































































