കീഴാവൽ


പൗലോസിന്റെ സ്ത്രീവിരുദ്ധമെന്ന് തോന്നാവുന്ന ഒരു പരാമർശം മൂലം തമസ്കരിക്കപ്പെട്ടുപോയ ഒരു സുപ്രധാന വാക്യമുണ്ട്: "ക്രിസ്തുവിനോടുള്ള ആദരവിനെപ്രതി നിങ്ങൾ അന്യോന്യം കീഴായിരിക്കുവിൻ." മലയാളത്തിലാവട്ടെ, "പരസ്പരം വിധേയരായിരിക്കുവിൻ" എന്നാണ് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടുപേർക്കിടയിൽ എന്ന അർത്ഥമാണ് -each other- എന്നതിന് മലയാളത്തിൽ "പരസ്പരം" എന്നാണ് മനസ്സിലായിട്ടുള്ളത്. ഇംഗ്ലീഷിലെ one another എന്നതിന് "അന്യോന്യം" എന്നാണ് ഉപയോഗിക്കേണ്ടത് എന്നുവായിച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞാൽ അതൊരു പൊതുതത്ത്വം ആകും. പൗലോസ് ഒരു പൊതുതത്ത്വമാണ് ആദ്യം പറയുന്നത്. അതിനെ സാധൂകരിക്കുന്നതിനായി ഭാര്യാഭർത്താക്കന്മാരുടെ ഉദാഹരണം കൊണ്ടുവരികയാണ്. "ഭാര്യമാർ എല്ലാക്കാര്യങ്ങളിലും ഭർത്താക്കന്മാർക്ക് വിധേയരായിരിക്കുവിൻ" എന്നതാണ് സ്‌ത്രീവിവേചനപരമായ പരാമർശമായി പരിഗണിക്കപ്പെടുന്നത്. അതാകട്ടെ, ആദ്യം പറയുന്ന പൊതു തത്ത്വത്തിനുള്ള ഒരു വിശദീകരണമാണ്. എന്നാൽ തൻ്റെ കാലഘട്ടത്തിലെ സാംസ്കാരിക ബോധത്തിൽനിന്ന് എടുത്തെഴുതിയ വിശദീകരണം ആധുനിക സമൂഹത്തിന് അനുയോജ്യമല്ലാതായിപ്പോവുകയാണ്.
"Be subordinate" എന്നുപറയുന്നതുപോലും നമ്മുടെ കാലത്തിന് അശ്ലീലമായാണ് തോന്നുക. അത് സ്വാഭാവികവുമാണ്. ക്രിസ്തീയമായ ആത്മീയധാരതന്നെ പ്രതിസംസ്കൃതിയുടെ ധാരയാണല്ലോ. അസ്സീസിയിലെ ഫ്രാൻസിസ് എല്ലാ വിശ്വാസികൾക്കുമായി എഴുതുന്ന കത്തിൽ ഇങ്ങനെ കുറിക്കുന്നുണ്ട്:
"മറ്റുള്ളവർക്ക് മീതെയായിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കരുത്. മറിച്ച്, ദൈവത്തെപ്രതി എല്ലാ മനുഷ്യർക്കും കീഴ്പ്പെട്ടിരിക്കുന്ന ശുശ്രൂഷകരായിരിക്കണം നാം."
ശിഷ്യരുടെ പാദങ്ങൾ കഴുകിയിട്ട് യേശു അവർക്കുനൽകുന്ന ഉത്ബോധനവും അതു തന്നെയാണ്. 'ഞാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിയിരിക്കുന്നു: നിങ്ങളും അന്യോന്യം പാദങ്ങൾ കഴുകുവിൻ'!












































































































