top of page

കാൽവരി ആൾത്താരയിൽ അവസാനിക്കുന്നില്ല; അത് ഹൃദയത്തിൽ തുടരേണ്ടതാണ്

Writer: പോൾ ഗ്രിഗറി
പോൾ ഗ്രിഗറി
3 days ago
1 min read

ബലി,  മനുഷ്യവംശത്തോളം പഴക്കമുള്ളതും ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നതുമായ ഒന്നാണത്. ഫലങ്ങൾ, മൃഗങ്ങൾ എന്നിവ മുതൽ ബലിയർപ്പിക്കാനായി മനുഷ്യരെ വരെ  കൊന്നു എന്നു കേൾക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഏവരും. ദൈവത്തെ പ്രീതിപ്പെടുത്തി ഈ ലോക ജീവിതത്തിൽ സകല ഐശ്വര്യങ്ങളും തനിക്കു സ്വന്തമാക്കണം എന്ന മോഹമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ഇന്ന് മനുഷ്യരേ പ്രേരിപ്പിക്കുന്നത്.   എന്നാൽ വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ എന്തിനായിരുന്നു ബലി എന്നു നാം പരിശോധിക്കുമ്പോൾ അത് നന്ദി കാണിക്കലിന്റെയും തെറ്റ് സമ്മതിക്കലിന്റെയും ദൈവവുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന്റെയുമൊക്കെ പ്രതീകമായിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും.  


വിശുദ്ധഗ്രന്ഥത്തിലൂടെ കടന്നു പോകുമ്പോൾ ആബേലിന്റെ ബലി മുതൽ സകലമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കാൽവരിയിലെ ബലിവരെ നീണ്ടുകിടക്കുന്നതാണ് ആ ചരിത്രം.  മൃഗങ്ങളെയും കായ്കനികളുമെല്ലാം ബലിയർപ്പിച്ചിടത്തു നിന്ന് തന്നെ തന്നെ ബലിയർപ്പിക്കുന്ന ഒരു വലിയ രഹസ്യത്തിലേയ്ക്കാണ് ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുന്ന ഒരു വിശ്വാസി എത്തി നിൽക്കുന്നത്. അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യും. കല്ലുകൾ അടുക്കി വെച്ച് ബലിയർപ്പിച്ചിടത്തു നിന്ന് കോടികൾ വിലമതിക്കുന്ന ആൾത്താരയിൽ ബലിയർപ്പിക്കുന്ന കാലത്തിൽ എത്തി നിൽക്കുമ്പോൾ ചിന്തിക്കേണ്ടുന്ന ഏറ്റം പ്രധാനപ്പെട്ട കാര്യം അവിടെ ദൈവസാന്നിധ്യം അനുഭവിക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ്.  ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് പഴയ ഗ്രന്ഥ പശ്ചാത്തലങ്ങൾ തന്നെയാണ്.  


ആബേലിന്റെ കാഴ്ചയിൽ പ്രീതനായി എന്നും ഇസ്സഹാക്കിന് പകരം ഒരു മുട്ടാടിനെ കൊടുത്തു എന്നും ആകാശത്തുനിന്ന് അഗ്നി ഇറങ്ങി ബലിവസ്തു കത്തിച്ചു കളഞ്ഞു എന്നുമൊക്കെയുള്ള വിവരണങ്ങൾ ബലികൾ സ്വീകരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മെ അനുസ്മരിപ്പിക്കുന്നു.  എന്നാൽ ഇതെന്റെ ശരീരമാകുന്നു ഇതെന്റെ രക്തമാകുന്നു എന്നു പറഞ്ഞുകൊണ്ട് തന്നെതന്നെ മനുഷ്യവംശത്തിന് പകുത്തു നൽകിയ ആ വലിയ രഹസ്യം ഇന്നും നമ്മൾ അവന്റെ മേശയ്‌ക്കൊപ്പമിരുന്നു ഓർമ്മ പുതുക്കുമ്പോൾ എന്നിൽ മാറ്റം വരുന്നു എങ്കിൽ അവന്റെ കാൽവരിബലി എന്നിൽ പ്രാവർത്തികമാകുന്നു എന്നു ഉറപ്പിക്കാം.  തന്നെ മുറിപ്പെടുത്തിയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും, അവരോടു ക്ഷമിക്കുന്നതും,  തന്നെ ഓർക്കണം എന്നു ആവശ്യപ്പെട്ടവനോട് പറുദീസ്സായിൽ ആയിരിക്കും എന്നു വാക്ക് നൽകുകയും ചെയ്ത നാഥന്റെ വഴിയേ സഞ്ചരിക്കാൻ സാധിക്കുന്നു എങ്കിൽ നമുക്കുറപ്പിക്കാം നമ്മളിൽ ഒരു കാൽവരി രൂപപ്പെടുന്നു എന്ന്.  ബഹ്യമായ അൾത്താരകളെക്കാൾ ശ്രേഷ്ഠമായ, ഹൃദയമാകുന്ന അൾത്താരകൾ നമുക്കൊരുക്കാം അവനായി അവിടെ നമ്മേ തന്നെ കാഴ്ചയായി, ബലിയായി നമുക്ക് സമർപ്പിക്കാം.

bottom of page