താക്കോല്

'ഞാന് വിശന്നിരുന്നു, നിങ്ങള് എനിക്ക് ഭക്ഷണം തന്നു; ഞാന് ദാഹിച്ചിരുന്നു, നിങ്ങള് എനിക്ക് കുടിക്കാന് തന്നു... ഭവനരഹിതനായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു.' മത്തായി 25:35
ദൈവശാസ്ത്രം പലപ്പോഴും ക്രിസ്തുവിനെ അള്ത്താരയിലും ഗ്രന്ഥത്തിലും തിരയുന്നു. എന്നാല് സുവിശേഷം അവനെ കണ്ടെത്തുന്നത് വേറൊരിടത്താണ്, വിശപ്പിന്റെയും വീടില്ലായ്മയുടെയും തണുപ്പിലാണ്. പൗരോഹിത്യം ഒരു കൂദാശയാണ്. എന്നാല് ക്രിസ്തുവിന്റെ യഥാര്ത്ഥ മുഖം തെളിയുന്നത് അള്ത്താരയില് അപ്പം മുറിക്കുമ്പോള് മാത്രമല്ല, ഒരാള് സ്വന്തം ജീവിതം മുറിച്ചു കൊടുക്കുമ്പോള്ക്കൂടിയാണ്. അസ്സീസിയിലെ ഫ്രാന്സിസ് കണ്ടെത്തിയതും ഇതുതന്നെ. കുഷ്ഠരോഗിയെ ആശ്ലേഷിച്ചപ്പോള് കയ്പു മധുരമായി മാറിയ ആ നിമിഷം, ദൈവം സ്വര്ഗ്ഗത്തിലല്ല, ഏറ്റവും അശരണനിലാണ് പാര്ക്കുന്നതെന്ന തിരിച്ചറിവ്.
2018-ലെ പ്രളയം ഇടുക്കിയുടെ ഉള്പ്രദേശങ്ങളെ വിഴുങ്ങിയപ്പോള്, മണ്ണിടിഞ്ഞ വഴികളും ഒലിച്ചുപോയ വീടുകളും ബാക്കിവെച്ചത് കേവലം നാശാവശിഷ്ടങ്ങള് മാത്രമായിരുന്നില്ല വേരറ്റുപോയ ജീവിതങ്ങള്കൂടിയായിരുന്നു. ആ ഇടിഞ്ഞ മണ്ണിനു മുന്നില് വെറുതെ നോക്കിനില്ക്കാന് ഫാ. ജിജോ കുര്യന് എന്ന കപ്പൂച്ചിന് പുരോഹിതനു കഴിഞ്ഞില്ല. കൈയില്ക്കിട്ടിയ മനുഷ്യസഹായമെല്ലാം സംഘടിപ്പിച്ച്, അദ്ദേഹം വീടുകള് പണിതു തുടങ്ങി; പഠനം മുടങ്ങിയ കുട്ടികള്ക്ക് വീണ്ടും പുസ്തകം കൈയിലെടുക്കാന് വഴിയൊരുക്കി. ഇതൊന്നും ആസൂത്രിതമായ ഒരു ദൗത്യമായിരുന്നില്ല വലയെറിഞ്ഞ് മീന് പിടിക്കുകയായിരുന്ന ശിമയോനെ 'മനുഷ്യരെ പിടിക്കുന്നവനാക്കാം' എന്ന് ക്രിസ്തു വിളിച്ചതുപോലെ, വളരെ സ്വാഭാവികമായി സംഭവിച്ചുപോയ ഒരു വിളിയായിരുന്നു അത്. ആ പാലം ഇന്നും തകര്ന്നിട്ടില്ല. പഠനവഴിയില് ഇരുട്ടു വീണ കുട്ടികള്ക്കായി, മുഖം കാണിക്കാതെ, ഒരു അദൃശ്യകരം സോഷ്യല് മീഡിയയുടെ നൂല്പ്പാലത്തിലൂടെ സുമനസ്സുകളെയും വിദ്യാര്ത്ഥികളെയും ഇന്നും ബന്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മില് മുഖം കാണാതെ, എന്നിട്ടും ഹൃദയംകൊണ്ട് തൊട്ടറിയുന്ന ഒരു കൊടുക്കല് വാങ്ങല്. ആ പ്രളയജലം ഇറങ്ങിയിട്ടും ആ വിളി ഇറങ്ങിയില്ല. ചെറിയ കാബിനുകളായി തുടങ്ങിയത് പിന്നീട് അടുക്കളയും കുളിമുറിയുമുള്ള കൊച്ചു ഭവനങ്ങളായി വളര്ന്നു. ഇന്ന് കേരളത്തിലെമ്പാടുമായി നാനൂറ്റി എഴുപതിലേറെ കുടുംബങ്ങള് ആ കൈകളിലൂടെ ഒരു മേല്ക്കൂര കണ്ടെത്തി.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഒരു കൈപ്പുണ്യംകൊണ്ട് നികത്താന് ശ്രമിക്കുമ്പോള്, ഒരാള് സ്വയം ഒരു ബലിയായി മാറുകയാണ്. 'ഇത് എന്റെ ശരീരമാണ്, നിങ്ങള്ക്കുവേണ്ടി മുറിക്കപ്പെടുന്നത്' എന്ന വചനം അള്ത്താരയില് മാത്രം ഒതുങ്ങുന്നതല്ല; അത് ജീവിതത്തിന്റെ ഓരോ കൈമാറ്റത്തിലും ആവര്ത്തിക്കപ്പെടേണ്ട ഒരു യാഥാര്ത്ഥ്യമാണ്. ഫ്രാന്സിസ് തന്റെ അപ്പന്റെ മുന്നില് വസ്ത്രം അഴിച്ചുവെച്ചത് സമ്പത്തിനോടുള്ള വിരക്തി മാത്രമായിരുന്നില്ല, സ്വന്തമെന്നു കരുതിയതെല്ലാം മറ്റുള്ളവര്ക്കു വേണ്ടി ഒഴിഞ്ഞുകൊടുക്കാനുള്ള സന്നദ്ധതയായിരുന്നു (kenosis). വിധവകള്ക്കും കിടപ്പുരോഗികള്ക്കും അംഗപരിമിതര്ക്കും ക്യാന്സര് അതിജീവിതര്ക്കും വേണ്ടി ജിജോ അച്ചന് പണിത ആ ഭവനങ്ങള്ക്ക് ജാതിയോ മതമോ അതിരു നിശ്ചയിച്ചില്ല എന്നത് യാദൃച്ഛികമല്ല, അത് സമരിയാക്കാരന്റെ കഥയിലെ അതിരില്ലാത്ത അയല്പക്കബോധത്തിന്റെ തുടര്ച്ചയാണ്.

എന്നാല് ഈ കഥയിലെ ഏറ്റവും ശ്രദ്ധേയമായ വരി വേറൊന്നാണ്. വീട് പണിതു തീര്ന്നപ്പോള്, ദാതാക്കള്ക്കു മുന്നില് കണക്കുകള് അവതരിപ്പിക്കുമ്പോള്പ്പോലും, ആ വീട്ടിലേക്കു കയറിച്ചെല്ലുന്നവരുടെ മുഖം ലോകം കാണരുതെന്ന് അദ്ദേഹം നിര്ബന്ധം പിടിച്ചു. ഫോട്ടോയെടുപ്പില്ല, പ്രചാരണമില്ല, ദാനം സ്വീകരിക്കുന്നവരെ തേടിപ്പോകലുമില്ല. സാമൂഹികമാധ്യമത്തിലൂടെ വന്നുചേരുന്ന നന്മ മാത്രം സ്വീകരിച്ച്, മുന് വാതിലില് താക്കോല് വെച്ചിട്ട്, ആരും കാണാതെ, അദ്ദേഹം അടുത്ത കര്മ്മത്തിലേക്ക് നടന്നുപോകുന്നു. ഇത് വിനയത്തിന്റെ ഒരു അഭിനയമല്ല, സ്വീകര്ത്താവിന്റെ അന്തസ്സിനെ കാത്തുസൂക്ഷിക്കാനും സ്വന്തം പേരിനെപ്പോലും ബലിയര്പ്പിക്കാനുമുള്ള ഒരു ആത്മീയതയാണ്. 'ഞങ്ങള് നിന്റെ നാമത്തില് പലതും ചെയ്തില്ലേ' എന്ന് സ്വന്തം ശുശ്രൂഷയുടെ കണക്കുകള് നിരത്തുന്നവരെക്കുറിച്ച് ക്രിസ്തു മുന്നറിയിപ്പു തന്നിട്ടുണ്ട് (മത്തായി 7:22). എന്നാല് ഈ താക്കോല് വെച്ചിട്ടു പോകുന്ന കൈ, തന്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന വചനത്തെ അക്ഷരാര്ത്ഥത്തില് ജീവിക്കുകയാണ്.
ഇവിടെ പുരോഹിതനല്ല, മറിച്ച് ഒരു സാന്നിധ്യമാണ് നാം കാണുന്നത് വരുന്നു, മുറിവുണക്കുന്നു, മറയുന്നു. കടല്ത്തീരത്ത് അപരിചിതനായി നിന്ന് അപ്പം വിളമ്പിയിട്ട് പിന്മാറിയ ഉയിര്ത്തവനെപോലെ. ഗലീലിയിലെ കടലില് വലയെറിഞ്ഞവര് പിന്നീട് തിരിഞ്ഞു നോക്കുമ്പോള് മാത്രമാണ് ആ അപരിചിതന് ആരാണെന്ന് തിരിച്ചറിഞ്ഞത്. ജിജോ കുര്യന് എന്ന പേരും അങ്ങനെയൊരു നിഴല് മാത്രമായി മാറാന് ആഗ്രഹിക്കുന്നു. വീടിന്റെ ചുവരിലല്ല, കൊടുത്ത കൈയിലാണ് കഥ ഒളിഞ്ഞിരിക്കുന്നത് എന്ന ബോധ്യത്തോടെ.
ഫ്രാന്സിസ്കന് ദര്ശനത്തിന്റെ കാതല് ഇതു തന്നെയാണ്. ദാരിദ്ര്യം ഒരു നേട്ടമല്ല, മറിച്ച് സ്വയം ഒഴിഞ്ഞു കൊടുത്ത് ഇടം സൃഷ്ട്ടിക്കലാണ്. വീടില്ലാത്തവനു വീടു പണിതു കൊടുത്തിട്ട്, പണിതയാള് തന്നെ ഭവനരഹിതനെപ്പോലെ വീണ്ടും യാത്ര തുടരുന്നു. അതിലാണ് ക്രിസ്തുവും ഫ്രാന്സിസും ഒരേ വരിയില് വന്നു നില്ക്കുന്നത് അത്താണിയാകുക, എന്നിട്ട് സ്വയം മറയുക. കൈകള് ശൂന്യമായി വീണ്ടും അടുത്ത വാതിലിനു മുന്നില് നില്ക്കാന് തയ്യാറാവുക.
താക്കോല്
സജിമോന് ജോസഫ്
അസ്സീസി മാസിക, ഒക്ടോബർ 2026ി













































































































