top of page

ഒറ്റനിയമം

Writer: George Valiapadath Capuchin
George Valiapadath Capuchin
1 day ago
1 min read
വെള്ള പശ്ചാത്തലത്തിൽ കറുത്ത കൈയെഴുത്ത് ശൈലിയിൽ love എന്ന വാക്കിന്റെ സ്റ്റൈലിഷ് ലോഗോ.

പരമ്പരാഗത യഹൂദർ അവരുടെ ഉമ്മറ വാതിലിന്റെ കട്ടിളപ്പടിമേൽ ഒരു തിരുവചനച്ചുരുൾ ആണിയടിച്ച് കെട്ടിവയ്ക്കാറുണ്ട്. മെസൂസ എന്നാണ് അത് പറയപ്പെടുന്നത്. "ഷേമാ"-യാണ് അതിൽ എഴുതിയിരിക്കുന്നത്. പുറത്തേക്ക് പോകുമ്പോഴും പുറമേനിന്ന് അകത്തേക്ക് വരുമ്പോഴും അവർ മേൽപ്പറഞ്ഞ മെസൂസയിന്മേൽ തൊട്ട് സ്വയം ആചാരം ചെയ്യും. വീടിനുവെളിയിൽ ഷേമായാണ് എൻ്റെ വഴികാട്ടി. വീടിനുള്ളിലും ഷേമാ തന്നെ എൻ്റെ വഴികാട്ടി എന്നാണ് അയാൾ പ്രഖ്യാപിക്കുന്നത്. പരമ്പരാഗത യഹൂദ പുരുഷന്മാർ വചനം വായിച്ച് പ്രാർത്ഥിക്കുമ്പോൾ ഒരുചെറിയ കറുത്തപെട്ടി തങ്ങളുടെ തിരുനെറ്റിയിൽ തുകൽ വാർ കൊണ്ട് കെട്ടിവയ്ക്കാറുണ്ട്. "ടെഫിളിൻ"എന്നാണ് അത് അറിയപ്പെടുന്നത്. അതിന് നാല് അറകളുണ്ട്. ഓരോന്നിലും നാല് വചനഭാഗങ്ങൾ എഴുതിയ ചെറിയ തുകൽച്ചുരുളുകളാണ്. അതിലൊന്ന് ഷേമാ ആണ്. കൈമുട്ടുകൾക്ക് മുകളിലും ഓരോ ചെറിയ തുകൽ ചുരുൾ അവർ കെട്ടിവെക്കും. അതിലും ഉള്ളടക്കം ഷേമാ തന്നെ. പ്രഭാത- മധ്യാഹ്‌ന-സായാഹ്‌ന പ്രാർത്ഥനകളിലും ഷേമാ ആവർത്തിക്കും. സർവ്വത്ര ഷേമായാണ്. "കേൾക്കുക" എന്നാണ് അതിന് വാച്യാർത്ഥം.


"ഇസ്രായേലേ കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഒരേയൊരു കർത്താവാണ്. നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണആത്മാവോടും പൂർണ്ണശക്തിയോടുംകൂടി സ്നേഹിക്കണം" (നിയമാവർത്തനം 6:4), ഇതാണ് "ഷേമാ". "ഷേമാ" ഒരേസമയം വിശ്വാസ പ്രഖ്യാപനവും സുപ്രധാന കൽപ്പനയുമാണ്. ഏറ്റവും പ്രധാന കൽപ്പന "ഷേമാ" ആണ് എന്ന കാര്യത്തിൽ യഹൂദർക്കാർക്കും ഒരു സംശയവും ഇല്ല.


സംശയം എപ്പോഴും രണ്ടാമത്തെ സുപ്രധാന കൽപ്പനയെ കുറിച്ചാണ്. അതിനെക്കുറിച്ചാണ് തർക്കം നിലനിന്നിരുന്നത്. 'സുപ്രധാന കൽപ്പന ഏതാണ്' എന്ന് ഫരിസേയരിൽ ഒരാൾ യേശുവിനോട് ചോദിക്കുമ്പോഴും അയാൾ ഉദ്ദേശിക്കുന്നത് ഈ രണ്ടാമത്തെ കൽപ്പനയെ കുറിച്ചാണ്. ഷബാത്ത് ആചരണമാണോ രണ്ടാമത്തെ സുപ്രധാന കല്പന? ശുദ്ധാശുദ്ധതയുടെ കൽപ്പനയാണോ രണ്ടാമത്തെ സുപ്രധാന കൽപ്പന? ഫരിസേയരുടെ പല സ്കൂളുകളും പലവിധത്തിലാണ് അത് പഠിപ്പിച്ചിരുന്നത്. "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. ഞാനാണ് കർത്താവ്" (ലേവായർ 19:18) ഇതാണ് രണ്ടാമത്തെ സുപ്രധാന കൽപ്പന എന്ന വാദിക്കുന്ന നന്നേചെറിയൊരു വിഭാഗവും അന്നുണ്ടായിരുന്നു. യേശു ഈ ന്യൂനപക്ഷ നിലപാടാണ് സ്വന്തം നിലപാടായി പറയുന്നത്. ഷബാത്ത് നിയമം തെറ്റിക്കുന്നു എന്ന് എത്രയോ തവണ അവൻ കുറ്റം ചാർത്തപ്പെട്ടിരിക്കുന്നു! കൈകഴുകാതെ, കോപ്പയുടെയും പാത്രത്തിന്റെയും അകവും പുറവും ആചാരപരമായി വെള്ളം കുടയാതെ, കുഷ്ഠരോഗിയെയും രക്തസ്രാവക്കാരിയെയും മൃതദേഹത്തെയും സ്പർശിച്ചും ഒക്കെ എത്രയോതവണ ശുദ്ധതയുടെ നിയമങ്ങൾ അവൻ തെറ്റിച്ചു! കാര്യമിതാണ്; ദൈവസ്നേഹത്തിന്റെ കൽപ്പനപോലെതന്നെ പ്രധാനമാണ് മാനവസ്‌നേഹത്തിൻ്റെ കൽപ്പനയും.


എന്നാൽ, ഒരുവേള ക്രിസ്‌റ്റ്യാനിറ്റിയിൽ ഒന്നാം നമ്പർ കൽപ്പനതന്നെ മാനവസ്നേഹമായി വരും. അന്ത്യത്താഴ വേളയിൽ ക്രിസ്‌തു പ്രഖ്യാപിക്കുന്നത് അതാണ്: "ഞാൻ നിങ്ങൾക്ക് ഒരു കൽപ്പന തരുന്നു: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക". "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന് പറയുന്നത് ആപേക്ഷികമാണ്. സ്വയം സ്നേഹം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ, യേശു പഴയ കൽപ്പനയെ പുതുക്കുമ്പോൾ താനെന്ന റഫറൻസ് പോയൻ്റുമായാണ് അതിനെ ബന്ധിപ്പിക്കുന്നത്! അതാണ് പുതിയനിയമം!

bottom of page