അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്: സമാധാനത്തിന്‍റെ സാധകന്‍


1. ആമുഖം
അസ്സീസി നഗരത്തിന്‍റെ അകത്തളങ്ങളില്‍നിന്ന് പെറുജിയയിലെ സമരമുഖത്തേക്കും അവിടെനിന്ന് ബെനഡിക്റ്റൈന്‍ സന്ന്യാസികളോടു ചോദിച്ചുവാങ്ങിയ പോര്‍സ്യുങ്കുല കുടിലിലേക്കും റിവോ ടോര്‍ട്ടോ(Rivo Torto)യിലെ കുഷ്ഠരോഗികളുടെ സൗഹൃദവും പ്രകൃതിരമണീയമായ കാര്‍ച്ചേരി മലഞ്ചെരുവിലെ ഗുഹയിലെ ധ്യാനസൗരഭ്യവും ആസ്വദിച്ചശേഷം ലാവേര്‍ണാ (La Verna) താപസമലയില്‍വച്ച് ഏകാകിത്വവും ക്രൂശിതാനുഭവവും ഏറ്റുവാങ്ങിയ ഫ്രാന്‍സിസ് ഭൗതികപ്രപഞ്ചത്തോടും തന്‍റെ സഹോദരങ്ങളോടും യാത്രപറയാനായി വീണ്ടും പോര്‍സ്യുങ്കുല (Portiuncula)യില്‍ എത്തുകയായിരുന്നു. 44 വര്‍ഷങ്ങള്‍ നീണ്ട തന്‍റെ ജീവിതയാത്രയ്ക്കിടയില്‍ തന്‍റെ ജീവിതദൗത്യം മനസ്സിലാക്കിയവരെയെല്ലാം കൂടെക്കൂട്ടി ഒരു സന്ന്യാസസമൂഹം വളര്‍ത്തിയെടുത്തശേഷം അവരെ ദൈവപരിപാലനയ്ക്കു വിട്ടുകൊടുത്ത് അവര്‍ക്കു മുന്‍പേ നടന്നവനാണ് ഫ്രാന്‍സിസ്. അവരോടൊപ്പം കൂടാന്‍ വീടുവിട്ടിറങ്ങിയ ക്ലാരയ്ക്കും സഹോദരികള്‍ക്കും അദ്ദേഹം ആത്മീയപിതാവും വഴികാട്ടിയുമായി.
തിരുസഭപോലും മറന്നുതുടങ്ങിയ യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കാന്‍ ആദ്യ അനുയായികളോടൊപ്പം റോമിലെത്തി മാര്‍പാപ്പയുടെ അനുവാദം നേരിട്ടുവാങ്ങി. ഗ്രേച്ചിയോയിലെ മലഞ്ചെരുവില്‍ നിര്‍മിച്ച ജീവന്‍തുടിക്കുന്ന ഉണ്ണീശോപ്പുല്‍ക്കൂടും ഫോന്തെ കൊളംബോ (Fonte Colombo) ഹെര്‍മിറ്റേജിലെ ഏകാന്തധ്യാനത്തില്‍ ചിട്ടപ്പെടുത്തിയെടുത്ത നിയമാവലിയും ലാവേര്‍ണയില്‍വച്ച് ക്രൂശിതന്‍റെ കയ്യൊപ്പായി നല്‍കപ്പെട്ട പഞ്ചക്ഷതങ്ങളും ആ ജീവിതത്തിന് കേവലം ചാരുത പകരുകയല്ല, അന്തസ്സത്തയുടെ ആഴങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നല്ലോ.
പ്രകൃതിസൗന്ദര്യം ആവോളം നുകര്‍ന്ന് ഭാവിയെപ്പറ്റി ആകുലതയോ അങ്കലാപ്പോ ഇല്ലാതെ ഒരു ചിത്രശലഭംപോലെ ആടിപ്പാടി പറന്നുനടന്ന്, നിയമത്തിന്‍റെ കാര്‍ക്കശ്യംകൊണ്ടോ പരിഭവത്തിന്‍റെ ആത്മവിലാപംകൊണ്ടോ സഹോദരങ്ങളുടെമേല്‍ ആധിപത്യത്തിനു ശ്രമിക്കാതെ, സ്നേഹവാത്സല്യംമൂലം നല്‍കപ്പെട്ടതെങ്കിലും കര്‍ത്താവിന്‍റെ ഇഷ്ടമല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഗുണകാംക്ഷികളുടെയും മെത്രാനച്ചന്‍റെപോലും നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാതെ സുവിശേഷംമാത്രം പ്രസംഗിക്കയും ജീവിക്കുകയുംചെയ്ത്, എല്ലാം ദൈവത്തിന് ഏല്‍പിച്ചുകൊടുത്തവനെന്നു നാം പറയുമ്പോഴും ഫ്രാന്‍സിസിന്‍റെ വ്യക്തിമഹത്വം പൂര്‍ണമായി നാം മനസ്സിലാക്കിയെന്നോ വരച്ചുകാണിച്ചുവെന്നോ നമുക്ക് അവകാശപ്പെടാനാകുമോ?
ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളുടെ വെളിച്ചത്തില്‍ ആ ജീവിതത്തിന്‍റെ അനന്യതയും മനോഹാരിതയും ഇന്നത്തെ തലമുറയ്ക്ക് ഒരു വഴിവിളക്കാകാന്‍ പര്യാപ്തമാകുമോ എന്നു പരിശോധിക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുക. സുവിശേഷം ജീവിക്കാനായി ഒഴുക്കിയ വിയര്‍പ്പും കണ്ണീരും സഹിച്ച അവഹേളനങ്ങളും തിരസ്കരണവും മാത്രമല്ല, അദ്ദേഹത്തിന്‍റെ വ്യക്തമായ ദര്‍ശനങ്ങളും ശക്തമായ നിലപാടുകളും നമ്മുടെ ശ്രദ്ധയില്‍ പതിയേണ്ടതല്ലേ?
2. സുവിശേഷം വില്‍ക്കാന്‍ അനുവദിക്കുന്ന ഫ്രാന്‍സിസ്
വിലപ്പെട്ട രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണാഭരണം ലോക്കറില്‍ സൂക്ഷിക്കുന്നതുപോലെ ഭവനത്തിലെ വിശിഷ്ടസ്ഥാനത്തു പ്രതിഷ്ഠിക്കാനും ഇടയ്ക്കിടെ പ്രദര്‍ശനമോ പ്രദക്ഷിണമോ നടത്താനുമുള്ള ഒരു വിശിഷ്ട വസ്തുവായിട്ടല്ല ഫ്രാന്‍സിസ് വിശുദ്ധഗ്രന്ഥത്തെ കണ്ടത്. വായിച്ചുപഠിച്ച് പണ്ഡിതനാകാനോ ബൈബിള്‍ക്വിസില്‍ സമ്മാനം നേടാനോ ഉള്ള ഒരു മൂലഗ്രന്ഥമായിട്ടുമല്ല ഫ്രാന്‍സിസ് സുവിശേഷത്തെ സമീപിച്ചത്. കരുണാര്‍ദ്രനായ ദൈവപിതാവിനെ യേശുവിലൂടെ കാണാനും കേള്‍ക്കാനും അറിയാനും അതിലേറെ അനുഭവിക്കാനും ആ പവിത്രമായ ആത്മാഹുതിയുടെ വക്കോളമെത്തുന്ന ഒരു ആത്മസമര്‍പ്പണമാക്കാനുമാണ് അവന്‍ ശ്രമിച്ചത്.
താന്‍ സമാരംഭിച്ച സന്ന്യാസസമൂഹത്തിന്‍റെ ആദ്യകാലഘട്ടത്തില്‍ ഫ്രാന്‍സിസും സഹോദരന്മാരും പോര്‍സ്യുങ്കുലയില്‍ താമസിക്കുമ്പോള്‍ രണ്ടു സഹോദരങ്ങളുടെതന്നെ വിധവയായ അമ്മ ഭക്ഷണത്തിനു വകയില്ലാതെ ഭിക്ഷ യാചിച്ച് അവിടെയെത്തി. അവര്‍ക്കു കൊടുക്കാന്‍ ഒന്നും അവിടെയില്ല എന്ന് ആശ്രമശ്രേഷ്ഠന്‍ അറിയിച്ചപ്പോള്‍ യാമപ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു പുതിയ നിയമഗ്രന്ഥം അവിടെയുള്ളത് ഫ്രാന്‍സിസ് ശ്രദ്ധിച്ചു. ആ പുസ്തകമെടുത്ത് അവര്‍ക്കു നല്‍കാനും അവര്‍ അതു വിറ്റുകിട്ടുന്ന പണംകൊണ്ടു കുടുംബത്തിന്‍റെ പട്ടിണിയകറ്റട്ടെ എന്നുമാണ് ഫ്രാന്‍സിസ് നിര്‍ദേശിച്ചത്. ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അതു ദൈവവചനത്തോടുള്ള നിന്ദയായിരുന്നില്ല. 'നമ്മള്‍ ആ പുസ്തകം വായിക്കുന്നതിലേറെ അതില്‍ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാകും നമ്മുടെ കര്‍ത്താവിനും പരിശുദ്ധ മാതാവിനും ഇഷ്ടമാവുക,' ഇതായിരുന്നു ഫ്രാന്‍സിസിന്‍റെ നിലപാട്. 'പെറുജിയയിലെ ലിഖിത'ങ്ങളിലും 'പരിപൂര്‍ണതയുടെ ദര്‍പ്പണ'(Mirror of Perfection)ത്തിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്.
3. മേയറും മെത്രാനും അനുരഞ്ജനത്തിലേക്ക്
ഫ്രാന്‍സിസിന്‍റെ മരണത്തിന് ഏകദേശം ഒരു വര്‍ഷംമുന്‍പ് 1225ല്‍ അസ്സീസിയില്‍ നടന്ന സംഭവമാണിത്. അസ്സീസിയുടെ സിവിക് മജിസ്ട്രേറ്റ് (പൊദെസ്ത അഥവാ മേയര്‍) ഒപ്പൊര്‍ത്തുലോ ദെ ബര്‍നാര്‍ഡും (Opportulo de Bernard) അവിടെ മെത്രാനായ ഗിഡോയും(Guido) തമ്മില്‍ വലിയ ശത്രുതയിലായിരുന്നു. മെത്രാന്‍ മജിസ്ട്രേറ്റിനെ മഹറോന്‍ ചൊല്ലി സഭയ്ക്കു പുറത്താക്കി. മജിസ്ട്രേറ്റ് ഒപ്പൊര്‍ത്തുലോ ജനങ്ങള്‍ക്കു മെത്രാസന മന്ദിരവുമായുള്ള എല്ലാ ബന്ധങ്ങളെയും വ്യാപാരങ്ങളെയും വിലക്കുകയും ചെയ്തു. അവരുടെയിടയിലെ വെറുപ്പും വിദ്വേഷവും അസ്സീസിയിലെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിച്ചെന്നു മാത്രമല്ല, വലിയ ഉതപ്പിനും കാരണമായി. ഇതറിഞ്ഞ ഫ്രാന്‍സിസ് തന്‍റെ സൂര്യകീര്‍ത്തനത്തിന് ഒരു പാദംകൂടി എഴുതിച്ചേര്‍ത്ത് അതുമായി തന്‍റെ രണ്ടു സഹോദരങ്ങളെ മെത്രാന്‍റെയും പൊദെസ്തയുടെയും പക്കലേക്ക് അയച്ചു. രോഗിയായിരുന്ന ഫ്രാന്‍സിസ് പ്രാര്‍ഥനയിലാണ്ടു. 'ദൈവസ്നേഹത്തെപ്രതി പരസ്പരം ക്ഷമിക്കുന്നതിലൂടെ കര്‍ത്താവേ, നിന്നെ ഞാന്‍ മഹത്വപ്പെടുത്തുന്നു,' എന്നു പാടിക്കൊണ്ട് അവരുടെ സന്നിധിയിലിരുന്ന്, ദൈവസ്നേഹത്തെപ്രതി പരസ്പരം ക്ഷമിക്കാന്‍ വിനയപൂര്‍വം നിര്‍ബന്ധിച്ചു. ക്രമേണ മഞ്ഞുരുകി, മനസ്സുരുകി രണ്ടു പേരും പരസ്പരം ക്ഷമിച്ച് ആലിംഗനം ചെയ്ത് സ്നേഹസഹവര്‍ത്തിത്വത്തിനു തയാറായി. ബിഷപ്പ് ഗിഡോയുടെ ജീവചരിത്രത്തിലും 'അസ്സീസി ലിഖിത'ങ്ങളിലും ഇതേപ്പറ്റി വിവരിച്ചിട്ടുണ്ട്.
4. ഗുബിയോയിലെ ചെന്നായും നാട്ടുകാരും
അനുരഞ്ജനത്തിന്‍റെ ആഴതലങ്ങളിലേക്കാണ് ഗുബിയോയിലെ (Gubbio) ചെന്നായുടെ കാര്യത്തില്‍ ഫ്രാന്‍സിസ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മനുഷ്യരുടെ സമാധാനജീവിതത്തെക്കാള്‍ ഒരു പടികൂടെ കടന്ന് മനുഷ്യരുടെയും മൃഗങ്ങളുടെയുമിടയില്‍ പരസ്പരം ഭയമില്ലാതെയും ഭയപ്പെടുത്താതെയും ജീവിക്കാനാകുമെന്ന് ഫ്രാന്‍സിസ് നമ്മെ കാണിച്ചുതരികയാണിവിടെ. ഗുബിയോയിലെ ജനങ്ങള്‍ ഫ്രാന്‍സിസിനെ സമീപിച്ചത് തങ്ങളുടെ മൃഗങ്ങളെ കൊന്നുതിന്നുകയും തങ്ങളെ ആക്രമിക്കയുംചെയ്യുന്ന ചെന്നായെ മെരുക്കിയെടുത്ത് അവര്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍വേണ്ടിയാണ്.
എന്നാല്‍ ഫ്രാന്‍സിസ് നിരായുധനായി ഭയലേശമില്ലാതെ ചെന്നായെ സമീപിച്ചത് ഇപ്രകാരം പറഞ്ഞുകൊണ്ടാണ്: 'സഹോദരാ. ചെന്നായേ, നിനക്കും ഈ മനുഷ്യര്‍ക്കുമിടയില്‍ സമാധാനമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ചെന്നായെ കീഴ്പ്പെടുത്താനല്ല, മറിച്ച് ചെന്നായ്ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ ഒരു സന്ധിസംഭാഷണമാണ് അദ്ദേഹം നടത്തിയത്. ഭീതിയില്ലാതെ ഇനിമേല്‍ ജീവിക്കാന്‍ മൂന്ന് ഉപാധികളാണ് ഫ്രാന്‍സിസ് നിര്‍ദേശിച്ചത്.
i. ചെന്നായ ജനങ്ങളെ ആക്രമിക്കുന്നതില്‍നിന്നും വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതില്‍നിന്നും പിന്മാറണം.
ii.. ഇതുവരെയുള്ള ചെന്നായുടെ ചെയ്തികളെ ജനങ്ങള്‍ ക്ഷമിക്കണം.
iii.. ചെന്നായ്ക്ക് ദിവസവും ആവശ്യമായ ഭക്ഷണം ജനങ്ങള്‍ നല്‍കണം.
അക്രമം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മാത്രമല്ല ഫ്രാന്‍സിസ് മുന്നില്‍ക്കണ്ടത്. തങ്ങളുടെയിടയില്‍ നല്ല ബന്ധം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം മനുഷ്യരും ചെന്നായും ഏറ്റെടുക്കണം. ശത്രുക്കളെ മിത്രങ്ങളാക്കുന്ന, ഭയത്തെ പരസ്പരവിശ്വാസംകൊണ്ടു മറികടക്കുന്ന, അക്രമത്തില്‍നിന്ന് അനുരഞ്ജനത്തിലേക്കു വളരുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ ലക്ഷ്യമായത്. 'ഫ്രാന്‍സിസ്കന്‍ പുഷ്പങ്ങള്‍' (Fioretti) എന്ന പുസ്തകത്തിലാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ നമുക്കു ലഭിക്കുക.
5. അരെസ്സൊയിലെ (Arezzo) സമാധാനദൗത്യം
പകയും വെറുപ്പുമായി പരസ്പരം മല്ലടിച്ചുകൊണ്ടിരുന്ന രണ്ടു ജനവിഭാഗങ്ങളെ 1219ല്‍ ഫ്രാന്‍സിസ് സൗഹൃദത്തിലേക്കു നയിക്കുന്ന കാഴ്ചയാണ് അരെസ്സൊയില്‍ കാണാനാവുക. ഒരു കൂട്ടരെ ജയിക്കാന്‍ അനുവദിക്കാനും അങ്ങനെ മറ്റേ കൂട്ടരെ തോല്‍പിക്കാനുമല്ല ഫ്രാന്‍സിസ് ശ്രമിച്ചത്. നേരിട്ട് അവിടെപ്പോകാതെ തന്‍റെ ആദ്യകാല ശിഷ്യരിലൊരാളായ സില്‍വെസ്റ്ററിനെ (Sylvester) അവിടേക്കു ഫ്രാന്‍സിസ് നിയോഗിക്കയാണ് ചെയ്തത്. തനിക്കു ലഭിച്ച നിര്‍ദേശമനുസരിച്ച് 'നമ്മുടെ കര്‍ത്താവ് നിങ്ങള്‍ക്കു സമാധാനം നല്‍കുന്നു,' എന്നു ബ്രദര്‍ സില്‍വെസ്റ്റര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഫ്രാന്‍സിസ് ആശ്രമത്തില്‍ പ്രാര്‍ഥനയില്‍ മുഴുകി. സമാധാനത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ഫ്രാന്‍സിസിന്‍റെ ബോധ്യങ്ങളെ വ്യക്തമാക്കുന്നതാണ് അരെസ്സൊയിലെ സമാധാനസ്ഥാപനം. ഫ്രാന്‍സിസിന്‍റെ ജീവചരിത്രകാരനായ തോമസ് സെലാനൊ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, 1257മുതല്‍ 1274വരെ ഫ്രാന്‍സിസ്കന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ വി. ബൊനവഞ്ചര്‍ എഴുതുന്നത്, ഫ്രാന്‍സിസിന്‍റെ പ്രാര്‍ഥനയുടെ ശക്തിയില്‍ പിശാചുക്കള്‍ നഗരം വിട്ടുപോയി എന്നും അതോടെ അവിടെ സമാധാനം സംജാതമായി എന്നുമാണ്.
6. ഫ്രാന്‍സിസ് സുല്‍ത്തന്‍റെ അരമനയില്‍
1219ല്‍ ഈജിപ്റ്റിലെ ഡാമിയറ്റായില്‍ (Damietta) നടന്ന 5-ാം കുരിശുയുദ്ധസമയത്ത് ഫ്രാന്‍സിസും സഹോദരന്‍ ഇല്ലുമിനാത്തൊയും അവിടെ എത്തിയിരുന്നു. ഈ യുദ്ധത്തിനു നേതൃത്വം നല്‍കേണ്ടിയിരുന്ന ജറുസലേമിലെ രാജാവ് ജോണ്‍ ബ്രിയന്‍ (John Brien) സുല്‍ത്താനുമായി സന്ധിസംഭാഷണത്തിനു തയാറായിരുന്നെങ്കിലും കുരിശുയുദ്ധക്കാരുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഹൊണോരിയുസ് മൂന്നാമന്‍ (Honorius III) നിയമിച്ച കര്‍ദിനാള്‍ പെലാജിയുസ് (Pelagius) സുല്‍ത്താന്‍റെമേലുള്ള സമ്പൂര്‍ണ വിജയത്തിനുള്ള അവസരമായാണ് ഈ യുദ്ധത്തെ കണ്ടണ്ടത്. എന്നാല്‍, അത് ദയനീയ പരാജയത്തിലും കനത്ത ആള്‍നാശത്തിലുമാണ് കലാശിച്ചത്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ്, സുല്‍ത്താന്‍ അല്‍മാലിക് അല്‍കമീലിനെ സന്ദര്‍ശിക്കാന്‍ കര്‍ദിനാള്‍ പെലാജിയോയുടെ പക്കല്‍ നിര്‍ബന്ധപൂര്‍വം അനുവാദം ചോദിച്ചത്. ആവര്‍ത്തിച്ചുള്ള അപേക്ഷ നിരസിക്കാനാവാതെ, ക്രിസ്ത്യന്‍ പട്ടാളത്തിന്‍റെ ഔദ്യോഗിക പ്രതിനിധിയല്ലെന്നും ഏതെങ്കിലും മിലിട്ടറിക്കരാറിനെപ്പറ്റി സംഭാഷണത്തില്‍ ഏര്‍പ്പെടില്ല എന്നുമുള്ള നിബന്ധനകളോടെയാണ് അവര്‍ക്ക് അനുവാദം ലഭിച്ചത്.
ഫ്രാന്‍സിസും ഇല്ലുമിനാത്തൊയും സുല്‍ത്താനെ സന്ദര്‍ശിച്ചതിനെപ്പറ്റി ഫ്രാന്‍സിസിന്‍റെ ജീവചരിത്രകാരന്മാരായ തോമസ് സെലാനൊയും ബൊനവഞ്ചറുംഎഴുതിയിട്ടുണ്ട്. എന്നാല്‍, അന്ന് റോമില്‍നിന്നും എത്തിയിരുന്ന ഫ്രഞ്ച് വൈദികന്‍റെ സാക്ഷ്യമാണ് കൂടുതല്‍ കൃത്യതയുള്ളത്.
പിന്നീട് മെത്രാന്‍ ഴാക് ദെ വിട്രി (Joeques de Vitry), ഏതാനും ദിവസങ്ങള്‍ ഫ്രാന്‍സിസും ഇല്ലുമിനാത്തൊയും സുല്‍ത്താന്‍ അല്‍കമീലിനോടൊപ്പം ചെലവഴിച്ചുവെന്നും ആത്മീയകാര്യങ്ങളെപ്പറ്റിയാണ് അവര്‍ സംസാരിച്ചതെന്നും ഴാക് ദെ വിട്രി 1220ല്‍ എഴുതിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ 'പാശ്ചാത്യചരിത്രം' എന്ന പുസ്തകത്തില്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് സുല്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ധാരാളം സമ്മാനങ്ങള്‍ നല്‍കിയാണ് അവരെ യാത്രയാക്കിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. സംഭവത്തിനുശേഷം 40 വര്‍ഷം കഴിഞ്ഞ് എഴുതുന്ന ബൊനവഞ്ചര്‍ ആശ്ചര്യജനകമായ പല കാര്യങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അന്നു നിലവിലിരുന്ന സഭാ-രാഷ്ട്രീയ സാഹചര്യത്തില്‍ അസാധാരണമായ ഒരു സംഭവമായിരുന്നു ഈ സന്ദര്‍ശനം. പരസ്പരം ആദരവോടെയും സ്നേഹത്തോടെയുമാണ് ഈ കൂടിക്കാഴ്ച നടന്നതെന്നുള്ള കാര്യത്തില്‍ സംശയമില്ല.
7. സമാധാനം സാധ്യമാക്കുക; സുവിശേഷദൗത്യം
'കര്‍ത്താവ് നിങ്ങള്‍ക്ക് സമാധാനം നല്‍കട്ടെ,' എന്ന് എല്ലാ സന്ദര്‍ഭങ്ങളിലും പ്രഘോഷിക്കാന്‍ തന്‍റെ സഹോദരങ്ങളോട് ആവശ്യപ്പെട്ടത് കേവലം ഒരു മര്യാദയുടെ ആശംസയായിട്ടല്ല. 'സമാധാനം നിങ്ങളോടുകൂടെ...' എന്ന ലിറ്റര്‍ജിക്കല്‍ ആശംസയുമായിരുന്നില്ലത്. ഫ്രാന്‍സിസിന് അത് ഒരു സുവിശേഷദൗത്യ പ്രഘോഷണമായിരുന്നു. സമാധാനത്തോട് യാതൊരു ആമുഖ്യവുമില്ലാതെ പരസ്പരം മത്സരിക്കയും പോരാടുകയും ചെയ്തവരും 'കര്‍ത്താവ് നിങ്ങള്‍ക്കു സമാധാനം നല്‍കട്ടെ,' എന്ന വചനത്തിലൂടെ ദൈവത്തിന്‍റെ പ്രത്യേക ഇടപെടലിനായി സ്വന്തം ജീവിതത്തില്‍ ഒരു പ്രവേശനകവാടം തുറക്കാന്‍ സന്നദ്ധരാവുകയായിരുന്നു. ശാശ്വതമായ സമാധാനം ദൈവിക ഇടപെടലിന്‍റെ സാക്ഷ്യവും ഫലവുമായി ജനം മനസ്സിലാക്കി.
തന്‍റെ ജീവിതത്തില്‍ മാനസാന്തരത്തിന്‍റെ ആദ്യഘട്ടത്തില്‍ നടന്ന ഒരു കൊച്ചുസംഭവം എങ്ങനെ തനിക്ക് ഒരു വഴിത്തിരിവായി എന്ന് ഫ്രാന്‍സിസ് തന്‍റെ വില്‍പത്രത്തില്‍(Testament) എഴുതിച്ചേര്‍ത്തിട്ടുണ്ട്. 'കര്‍ത്താവുതന്നെ എന്നെ അവരുടെ (കുഷ്ഠരോഗികളുടെ) പക്കലേക്ക് അയയ്ക്കുകയും അവരോട് എനിക്കു കരുണ തോന്നുകയും ചെയ്തു. മുന്‍പ് എനിക്ക് കയ്പായി അനുഭവപ്പെട്ടത് എനിക്ക് ആത്മാവിലും ശരീരത്തിലും മധുരിക്കുന്നതായി അനുഭവപ്പെട്ടു.' ഫ്രാന്‍സിസിന്‍റെ സമാധാനദൗത്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും അടിത്തറയാണിത്. അപരനായി ഇതുവരെ നാം കണ്ടിരുന്ന വ്യക്തി സഹോദരനോ സഹോദരിയോ ആയി മാറുമ്പോഴാണ് അനുരഞ്ജനം ആരംഭിക്കുന്നത്. ഗുബിയോയിലെ ചെന്നായുടെ കാര്യത്തിലും അസ്സീസിയിലെ മെത്രാന്‍റെ കാര്യത്തിലും ഡാമിയറ്റായിലെ സുല്‍ത്താന്‍റെ കാര്യത്തിലും ഇതു ശരിയാണ്. സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹവും സാധ്യതയുമുള്ള സഹോദരനെയാണ് ഫ്രാന്‍സിസ് ഇവരിലെല്ലാം കണ്ടത്.
8. സമാധാനദൗത്യത്തിലെ മൂന്നു മേഖലകള്‍
1. വിഭജിതമായ അസ്സീസിസമൂഹം
ഉന്നതകുലജാതരെന്ന് അഭിമാനിക്കുന്നവരും (Nobles - ഉദാ: ക്ലാരയുടെ കുടുംബം) പുതുപ്പണക്കാരും (ഉദാ: ഫ്രാന്‍സിസിന്‍റെ കുടുംബം) വൈദികപ്രമുഖരും ഒരുവശത്തും സാധാരണ ജനങ്ങള്‍-കര്‍ഷകരും കൈത്തൊഴില്‍ക്കാരും കച്ചവടക്കാരും-മറുവശത്തും പരസ്പരവിശ്വാസമോ സ്നേഹമോ കാരുണ്യമോ ഇല്ലാതെ ജീവിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലായിരുന്നു ഫ്രാന്‍സിസ് വളര്‍ന്നത്. ഭിക്ഷക്കാര്‍ക്കും കുഷ്ഠരോഗികള്‍ക്കും മാനുഷികപരിഗണനപോലും കിട്ടിയിരുന്നില്ല. എല്ലാ മനുഷ്യരും സ്വര്‍ഗീയപിതാവിന്‍റെ മക്കളാണെന്നു ബോധ്യപ്പെടുത്താന്‍, സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കു തള്ളപ്പെട്ടവരെ ഒപ്പമിരുത്താന്‍, മുകള്‍ത്തട്ടിലാണ് എന്ന വ്യര്‍ഥാഭിമാനത്തില്‍ കഴിഞ്ഞവരില്‍ ചിലരെങ്കിലും ആ തട്ടുപൊളിച്ചു താഴേക്കിറങ്ങേണ്ടിയിരുന്നു. അതാണ് ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ അസ്സീസിയില്‍ ആരംഭിച്ചത്. പാരിസ് കമ്യൂണുകളുണ്ടാകുന്നതും പന്തിഭോജനം നടത്തുന്നതുമൊക്കെ എത്രയോ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്. ഫ്രാന്‍സിസിന്‍റെ അനുയായികളെ അറിയുമ്പോഴാണ് അന്ന് വെറും 26 വയസ്സുകാരനായ ഈ യുവാവിന്‍റെ 'വൈബ്'-ധാര്‍മിക-ആധ്യാത്മിക-സ്വാധീനശക്തി-നമുക്കു മനസ്സിലാവുക.
ധനാഢ്യനും വിദ്യാസമ്പന്നനും പ്രഭുകുടുംബത്തിലെ അംഗവുമായിരുന്ന ബെര്‍നാര്‍ഡ് ക്വിന്‍റവാല്ലെ (1208) ആയിരുന്നു ആദ്യത്തെ അനുയായി. സാന്‍ ഡാമിയാനോ പള്ളിയിലെ വൈദികനും കാനന്‍ നിയമപണ്ഡിതനുമായിരുന്ന പീറ്റര്‍ കത്താനിയും അസ്സീസിയിലെത്തന്നെ മറ്റൊരു വൈദികനായിരുന്ന സില്‍വെസ്റ്ററും (ഇദ്ദേഹത്തെയാണ് പള്ളി പുതുക്കിപ്പണിയാനുള്ള പണവുമായി ഫ്രാന്‍സിസ് മുന്‍പ് സമീപിച്ചത്) അതേ വര്‍ഷംതന്നെ ഫ്രാന്‍സിസിനോടൊപ്പം ചേര്‍ന്നു. താമസിയാതെ മാടമ്പിയും ധനികനും ഉന്നതകുലജാതനുമായ ആഞ്ചലോയും ദരിദ്ര കര്‍ഷകനും വിദ്യാഭ്യാസമില്ലാത്തവനുമായ ജൈല്‍സും അവരോടൊപ്പംകൂടി. കുടുംബപാരമ്പര്യവും സമ്പത്തുമുണ്ടായിരുന്നെങ്കിലും കാര്യമായ വിദ്യാഭ്യാസമോ പ്രസംഗചാതുര്യമോ ഇല്ലാത്ത റുഫീനോയും കുടുംബമഹിമയോ വിദ്യാഭ്യാസമോ അവകാശപ്പെടാനില്ലാത്ത ഫിലിപ്പോയും (അദ്ദേഹത്തിന് വിശുദ്ധഗ്രന്ഥം വിശകലനംചെയ്യാന്‍ അസാധാരണ കഴിവുണ്ടായിരുന്നു) സംഘത്തില്‍ ചേര്‍ന്നു. പില്‍ക്കാലത്ത് ഫ്രാന്‍സിസിന്‍റെ സന്തതസഹചാരിയും കുമ്പസാരക്കാരനും സെക്രട്ടറിയുമായിത്തീര്‍ന്ന വൈദികന്‍ ലിയോയും കുടുംബമഹിമയിലോ സമ്പത്തിലോ വിദ്യാഭ്യാസത്തിലോ അഭിമാനിക്കാനൊന്നുമില്ലാതിരുന്ന ജൂണിപ്പറും മസയോ(Maseo)യും (1210) താമസിയാതെ ഈ സമൂഹത്തില്‍ അംഗങ്ങളാകുന്നതോടെ നമുക്കു സങ്കല്‍പാതീതമായ ഒരു സന്ന്യാസസമൂഹം സംജാതമാവുകയായിരുന്നു. അക്കാലത്ത് ഇത്തരമൊരു സന്ന്യാസം അചിന്തനീയമായിരുന്നു.
ഓരിയിടാതെയും ഓളമില്ലാതെയും സമൂഹത്തിലും സഭയിലും ഒരു നിശ്ശബ്ദവിപ്ലവത്തിന് വേരുപാകുകയായിരുന്നു, ഫ്രാന്‍സിസ്. ഇവിടെയാണ് അദ്ദേഹത്തിന്‍റെ ജീനിയസ് (genius) നാം തിരിച്ചറിയുന്നത്. വൈദികരും അത്മായരും ധനികരും ദരിദ്രരും കുടുംബമഹിമയുള്ളവരും സാധാരണക്കാരും പണ്ഡിതരും പാമരരും സഹോദരങ്ങളായി ഒരുമിച്ചു പ്രാര്‍ഥിക്കയും ഭക്ഷിക്കയും ഒരുമിച്ചു ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കയും സുവിശേഷം പ്രഘോഷിക്കയും ചെയ്യുന്ന ഒരുകൂട്ടമാളുകള്‍!
താമസംവിനാ സഹോദരന്‍ റുഫീനോയുടെ ബന്ധു ക്ലാരയും ഫ്രാന്‍സിസിന്‍റെ പ്രസംഗത്തിലും ജീവിതക്രമത്തിലും ആകൃഷ്ടയായി ഈ പുതിയ ജീവിതരീതി സ്വീകരിക്കാനെത്തി. അവളുടെ പിന്നാലെ സ്വന്തം സഹോദരിമാരും അമ്മയും ഏതാനും സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു. സാന്‍ ഡാമിയാനോ ദേവാലയത്തോടു ചേര്‍ന്ന് അവര്‍ക്കായി സഹോദരന്മാര്‍ ഒരു സന്ന്യാസഭവനം ഒരുക്കി. കുടുംബത്തില്‍നിന്നു ശക്തമായ എതിര്‍പ്പും സമൂഹത്തില്‍ നിസ്സാരമല്ലാത്ത അസ്വസ്ഥതയും അവര്‍ക്കു നേരിടേണ്ടിവന്നു. ഒരു ഭൗതികശക്തിക്കും കീഴടക്കാനാവാത്ത ആത്മധൈര്യവും ഇച്ഛാശക്തിയും ദൈവാശ്രയബോധവും സുവിശേഷമൂല്യങ്ങളോടുള്ള അദമ്യമായ പ്രതിബദ്ധതയുമാണ് അവരെ ഈ നാടകീയപാതയിലൂടെ പ്രാര്‍ഥനയിലും ശുശ്രൂഷയിലും പരിപൂര്‍ണ ദാരിദ്ര്യത്തിലും ജീവിക്കുന്ന സന്ന്യാസത്തിലെത്തിച്ചത്. അങ്ങനെ സഭയിലും സമൂഹത്തിലും ഒരു ജെന്‍ഡര്‍ വിപ്ലവം(ലിംഗതുല്യത)കൂടി അസ്സീസിയില്‍ അരങ്ങേറി.
2. മനുഷ്യനും പ്രപഞ്ചവുമായി സമരസപ്പെടുന്നു.
ഗുബിയോയിലെ ചെന്നായുടെ ക്രൂരതയും അവിടത്തെ കര്‍ഷകരുടെ ആവലാതിയും മാത്രമല്ല ഫ്രാന്‍സിസിനെ അവിടെയെത്താന്‍ സ്വാധീനിച്ചത്. പരസ്പര ഭീതിയുടെയും സംഘര്‍ഷത്തിന്‍റെയും മൂലകാരണമാണ് ഫ്രാന്‍സിസിന്‍റെ ശ്രദ്ധയാകര്‍ഷിച്ചത്.
ഈ പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം ദൈവസൃഷ്ടിയാണെങ്കില്‍ അവയ്ക്കെല്ലാം ജീവിക്കാനുള്ള അവസരവും അവകാശവും ഉണ്ടാകണമല്ലോ. അതു ക്രമപ്പെടുത്താനുള്ള ബുദ്ധിവൈഭവവും ഹൃദയവിശാലതയും മനുഷ്യനുണ്ടാകണമല്ലോ, എന്നാണ് അദ്ദേഹം ചിന്തിച്ചത്. നാം നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ മിക്കപ്പോഴും സൂക്ഷ്മവീക്ഷണം (micro vision) പര്യാപ്തമാവുകയില്ല; ഒരു വിശാലവീക്ഷണം അഥവാ സമഗ്രദര്‍ശനം (macro vision) അനിവാര്യമാകും. മനുഷ്യര്‍ക്ക് സ്വസ്ഥമായും സ്വൈരമായും ജീവിക്കാന്‍ അവകാശമുണ്ട്; അതുപോലെ മൃഗങ്ങള്‍ക്കും അവരുടെ ഭക്ഷണത്തിന് അവകാശമുണ്ടല്ലോ. ഇതു രണ്ടും അംഗീകരിക്കപ്പെടുന്ന ഒരു പരസ്പരബന്ധം സാധ്യമാക്കുകയാണ് കരണീയം. അതായിരുന്നു ഫ്രാന്‍സിസിന്‍റെ ഇടപെടലിന്‍റെ അടിസ്ഥാനവും ലക്ഷ്യവും. മനുഷ്യജീവന്‍റെതന്നെ നിലനില്‍പ് സകല ജീവജാലങ്ങളുമായുള്ള പാരസ്പര്യത്തിലും സഹകരണത്തിലുമാണെന്ന തിരിച്ചറിവുണ്ടാകുന്നതിനുമുന്‍പുതന്നെ ഒരു സാഹോദര്യ ജീവല്‍-വ്യവസ്ഥിതിക്കു ഫ്രാന്‍സിസ് വഴിയൊരുക്കുകയായിരുന്നു.
ലൗദാത്തോ സി (Laudato Si) എന്ന ചാക്രിക ലേഖനത്തിലൂടെ ഈ സത്യത്തിലേക്കും മനുഷ്യന്‍റെ ധാര്‍മിക ഉത്തരവാദിത്വത്തിലേക്കുമാണ് ഫ്രാന്‍സിസ് പാപ്പ വിരല്‍ചൂണ്ടിയത്.
3. മത-രാജ്യ-സംസ്കാര അതിര്‍വരമ്പുകള്‍ അനിവാര്യമോ?
എതിരാളിയെ എങ്ങനെയും പരാജയപ്പെടുത്തി കീഴ്പ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരായ ക്രിസ്ത്യന്‍-മുസ്ലിം പോരാളികളാണ് 'കുരിശുയുദ്ധ'മെന്ന അശുഭ വാക്സമുച്ചയത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയത്. യുദ്ധംതന്നെ ഒരു കുരിശായി പരിണമിച്ചു, എന്നാല്‍ അത് ഒരിക്കലും രക്ഷാകര കുരിശായിരുന്നില്ല. ആ കുരിശ് വെറുപ്പിന്‍റെയും ആധിപത്യത്തിന്‍റെയും കൊലയുടെയും സാമ്രാജ്യത്വ പ്രതീകമായിരുന്നു.
കുരിശില്‍ തറയ്ക്കപ്പെട്ട് യേശു കൊലചെയ്യപ്പെട്ടതിലൂടെ കുരിശിന്‍റെ പ്രതീകാത്മക അര്‍ഥം നേരേ വിപരീതമായി സ്വയം ശൂന്യവല്‍ക്കരണത്തിലൂടെയും ആത്മപരിത്യാഗത്തിലൂടെയും ഉത്ഥാനത്തിലേക്കുള്ള പ്രവേശനത്തിന്‍റെ പ്രതീകമായിമാറി. ഈ കുരിശിലെ യേശുവിനോട് താദാത്മ്യം പ്രാപിച്ചതിന്‍റെ അടയാളവും കയ്യൊപ്പുമായിരുന്നു ഫ്രാന്‍സിസിന്‍റെ പഞ്ചക്ഷതങ്ങള്‍.
എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ മത-ഭാഷാ-സംസ്കാരഭേദമില്ലാതെ ഒരുമിച്ചു വസിക്കുകയും കുടിയേറുകയും കുടിയിറങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുപോലും അതിര്‍ത്തിഭിത്തികള്‍ അനിവാര്യമാണോ? സ്വയം തിരഞ്ഞെടുക്കാനാവാതെ ഈ ഭൂമിയിലെവിടെയെങ്കിലും ജനിച്ച് എവിടെയെങ്കിലും ജീവിക്കേണ്ടിവന്ന് എവിടെയെങ്കിലും മരിക്കേണ്ടിവരുന്ന മനുഷ്യന് സ്വന്തം രാജ്യം, മതം, ഭാഷ, ബന്ധുജനം എന്നൊക്കെ അവകാശപ്പെട്ട്-ചിലരെ സ്വന്തമാക്കി, ചിലരെ അന്യരാക്കി-ജീവിക്കുന്നതില്‍ എന്തര്‍ഥം?
ഈജിപ്റ്റില്‍ ഡാമിയറ്റോയിലെ യുദ്ധമുഖത്തെത്തി സുല്‍ത്താന്‍റെ അരമനയിലെ ആതിഥ്യം സ്വീകരിച്ചതും ദിവസങ്ങളോളം ഹൃദ്യമായ സംഭാഷണത്തില്‍ ചെലവഴിച്ചതും വെറും ഒരു സാധാരണ സംഭവമായിരുന്നില്ല എന്നു വ്യക്തം. സംഭാഷണത്തിന്‍റെ ഉള്ളടക്കത്തെപ്പറ്റി രണ്ടു പേരും മൗനം പാലിച്ചെങ്കിലും അതിന്‍റെ ഊഷ്മളത മറച്ചുവയ്ക്കാവുന്നതായിരുന്നില്ല. നിരവധി സമ്മാനങ്ങളും വിശുദ്ധ നാട് സന്ദര്‍ശിക്കാനുള്ള അനുവാദവും നല്‍കി തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഫ്രാന്‍സിസിനെ സുല്‍ത്താന്‍ അല്‍കമീല്‍ യാത്രയാക്കുന്നത് നിസ്സാര കാര്യമല്ല. മാത്രമല്ല, അസ്സീസിയില്‍ തിരിച്ചെത്തിയശേഷം മുസ്ലിങ്ങളുടെയിടയിലെ പതിവുപോലെ ദിവസവും മൂന്നു നേരം പ്രാര്‍ഥനയ്ക്കുള്ള ഓര്‍മപ്പെടുത്തലായി ദേവാലയത്തിലെ മണിയടിക്കാന്‍ ഫ്രാന്‍സിസ് അധികാരികളുടെ അനുവാദം വാങ്ങി. നല്ലതെന്നു കണ്ടത് അംഗീകരിക്കാനും സ്വീകരിക്കാനും ഫ്രാന്‍സിസ് മടിച്ചില്ല.
പരസ്പരം കണ്ടുമുട്ടാതെ എങ്ങനെ മറ്റൊരാളെ മനസ്സിലാക്കും. പരസ്പരം മനസ്സിലാക്കാതെ എങ്ങനെ നമുക്കു ക്ഷമിക്കാനും ക്ഷമ ചോദിക്കാനും സാധിക്കും. ക്ഷമിക്കാതെയും ക്ഷമ ചോദിക്കാതെയും എങ്ങനെ അനുരഞ്ജനപ്പെടാനാകും. അനുരഞ്ജനപ്പെടാതെ എങ്ങനെ സമാധാനത്തില്‍ ജീവിക്കും. സമാധാനത്തില്‍ ജീവിക്കാതെ, മറ്റുള്ളവരെ അതിന് അനുവദിക്കാതെ എങ്ങനെ സന്തോഷമായിരിക്കാനാകും. സന്തോഷമായിരിക്കാനല്ലേ ദൈവം നമ്മെ സൃഷ്ടിച്ചത്. ഇങ്ങനെ ആയിരിക്കണം ഫ്രാന്‍സിസ് ചിന്തിച്ചത്!
9. ഉപസംഹാരം
ഫ്രാന്‍സിസിന്‍റെ വ്യക്തിശോഭയും പ്രതിഭയും സ്വാധീനവും മനസ്സിലാക്കാന്‍ അന്നത്തെ ഇറ്റലിയിലെ സാഹചര്യത്തിലേക്കു കണ്ണോടിച്ചാല്‍ മതിയാകും. 13-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ഒരു കോടി 25 ലക്ഷം ജനങ്ങളാണുണ്ടായിരുന്നത്. അതില്‍ 99% കത്തോലിക്കരായിരുന്നു. 44-ാം വയസ്സില്‍ ഫ്രാന്‍സിസ് മരിക്കുമ്പോള്‍ 5,000ത്തിലേറെ സന്ന്യാസസഹോദരന്മാരും നൂറിലേറെ ക്ലാരിസ്റ്റ് സന്ന്യാസിനിമാരും ആയിരക്കണക്കിനു മൂന്നാം സഭാംഗങ്ങളും ഉണ്ടായിരുന്നു. ഇന്ന് ആഗോളതലത്തില്‍ നാലു വിഭാഗങ്ങളിലായി [Order of Friars Minor(OFM), Order of Friars Minor Capuchin (OFM Cap.), Order of Friars Minor Conventuals (OFM Conv.) & Third Order Regular (TOR)] ഏകദേശം 27,000 സഹോദരന്മാര്‍ 110 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദരിദ്ര ക്ലാരിസ്റ്റുകള്‍ അഥവാ ഫ്രാന്‍സിസ്കന്‍ രണ്ടാം സഭ എന്നറിയപ്പെടുന്ന 2000 ത്തോളം സന്ന്യാസിനികളും മറ്റെല്ലാ ഫാന്‍സിസ്കന്‍ സഹോദരികളുംകൂടെ ഏകദേശം 1,55,000 പേരും ഫ്രാന്‍സിസ്കന്‍ അല്‍മായസഭയില്‍ നാലു ലക്ഷം അംഗങ്ങളുമുണ്ട്.
അനീതിയും അക്രമവും യുദ്ധവുംമൂലം വളരെ കലുഷിതമായ അന്തരീക്ഷമാണ് ഇന്ന് നിലവിലുള്ളത്. സഭാനവീകരണത്തിനും ലോകസമാധാനത്തിനുമായി ഫ്രാന്‍സിസിന്‍റെ ചൈതന്യമാണ് ഇന്നും പ്രസക്തമായുള്ളത് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ലിയോ മാര്‍പ്പാപ്പയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മനുഷ്യനിര്‍മിതമായ എല്ലാ അതിര്‍ത്തികളെയും ഭേദിച്ച് വിശ്വസാഹോദര്യത്തിലൂന്നിയ ഒരു ലോകത്തിനായി നമുക്കു പ്രയത്നിക്കാം.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്: സമാധാനത്തിന്‍റെ സാധകന്‍
മാത്യു പൈകട കപ്പൂച്ചിന്‍
അസ്സീസി മാസിക, ഒക്ടോബർ 2026















































































































