നാടകവും ജീവിതവും


സാറാ ജോസഫിന്റെ പുതിയ നോവലാണ് 'ഓപ്പറ ബോക്സ്.' നോവലിന് അനുബന്ധമായി 'പ്രോജക്ട് തീന്മേശ' എന്ന നാടകവുമുണ്ട്. റജീന മോളിയേ എന്ന നാടകപ്രവര്ത്തകയുടെ ജീവിതവും സംഘര്ഷാത്മകമായ അധ്യായങ്ങളുമാണ് നോവലിന്റെ മുഖ്യ പ്രമേയം. കലാകാരിയെന്നനിലയില് അവര് നേരിടുന്ന പലതരത്തിലുള്ള അനുഭവങ്ങള് നോവലിന്റെ ആഖ്യാനപരിസരത്തെ തീവ്രമാക്കുന്നുണ്ട്. കുടുംബവും സമൂഹവും മനുഷ്യബന്ധങ്ങളും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന കൃതിയാണിത്.
നാടകത്തെക്കുറിച്ചുള്ള സംവാദങ്ങളും നാടകചിന്തകളും നോവലില് ഇടകലരുന്നു. 'നാടിന്റെ അക'മായ നാടകം എങ്ങനെ നടീനടന്മാരും കാണികളും തമ്മിലുള്ള സംവാദമായി മാറുന്നുവെന്നു നാം തിരിച്ചറിയുന്നു. ജൈവമായ ഒരു പാരസ്പര്യമാണ് നാടകത്തില് സംഭവിക്കുന്നത്. 'നാടകത്തിന്റെ മറുപാതി'യാണ് കാണികള് എന്ന് നോവലില് എടുത്തുപറയുന്നുണ്ട്. സമൂഹം ആവൃതമാക്കിവച്ചിട്ടുള്ള സത്യത്തെ അനാവൃതമാക്കാനാണ് കലകള് ശ്രമിക്കുന്നത് എന്നും കൂട്ടിച്ചേര്ക്കുന്നു.
സാമ്പത്തികപ്രശ്നങ്ങളും മറ്റനേകം പ്രശ്നങ്ങളും നേരിടുമ്പോഴും റജീനയും സംഘവും നാടകത്തിനുവേണ്ടി സ്വയം സമര്പ്പിക്കുകയാണ്. നമ്മുടെ നാട്ടിലെ അമച്വര് നാടകാംഗത്തിന്റെ പ്രതിസന്ധികള് നോവലില് സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്നുണ്ട്. 'നാടകമെന്നാല് സ്വാതന്ത്ര്യവും സ്വാതന്ത്ര്യം ആനന്ദവുമാകുന്നു,' എന്ന നിരീക്ഷണമാണ് കഥാപാത്രങ്ങളെ മുന്നോട്ടു നയിക്കുന്നത്. 'നാടകം അപ്പൂപ്പന്താടിയുടെ വിത്തുപോലെയാണ്. പാകമാകുമ്പോള് പൊട്ടിച്ചിതറി നാടുമുഴുവന് അതിന്റെ വെണ്മ പരത്തും,' എന്നു വിചാരിക്കുമ്പോള് നാടകത്തിന്റെ അര്ഥസാധ്യതകള് വിപുലമാകുന്നു. നമ്മുടെ നാടിനെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതില് കലകള്ക്ക് പ്രത്യേകിച്ച് നാടകത്തിനുള്ള പങ്ക് നിര്ണായകമായിരുന്നുവെന്നു നമുക്കറിയാം.
റജീനയ്ക്ക് നാടകം ജീവിതംതന്നെയാണ്. നാടകത്തിന്റെ പ്രാഗ് രൂപങ്ങളും നാടക കലയ്ക്കുവേണ്ടി മനുഷ്യര് ചെയ്തിരുന്ന കഠിനാധ്വാനവും നടത്തിയ അന്വേഷണങ്ങളുമൊക്കെ നമ്മള് പഠിച്ചിരിക്കണം. വേരുകളാണവ! 'നാടകവൃക്ഷത്തിന്റെ വേരുകള്' എന്നാണ് അവര് പറയുന്നത്. എന്തിനും ഒരു ചരിത്രമുണ്ട്; നാടകത്തിനും. ഇന്നലെയെന്തു നടന്നു എന്നറിയുമ്പോള് അതില് നിന്ന് ഊര്ജം സ്വീകരിക്കാന് നമുക്കു സാധിക്കുന്നു. 'മനുഷ്യചൈതന്യത്തിന്റെ മഹാശിലയാണ് നാടക'മെന്നു പ്രഖ്യാപിക്കാന് റജീനയ്ക്കു കഴിയുന്നത് അതുകൊണ്ടാണ്. സ്വന്തം നാടകവേദിക്കുവേണ്ടിയുള്ള തന്റെ അന്വേഷണങ്ങളും പഠനങ്ങളും ഉപേക്ഷിക്കാന് പറ്റില്ല എന്നു പറയുന്നതിനു കാരണവും മറ്റൊന്നല്ല. 'പരിപൂര്ണമായ ശ്രദ്ധ, പരിപൂര്ണമായ അര്പ്പണം, പരിപൂര്ണമായ സ്വാതന്ത്ര്യം അതാണ് തിയേറ്റര് ആവശ്യപ്പെടുന്നത്,' എന്നതുകൊണ്ടാണ് കുടുംബജീവിതത്തെ അവര് മാറ്റിനിര്ത്തുന്നത്.
ജീവിതത്തില്നിന്നു നാടകമുണ്ടാക്കാം, എന്നാല് ജീവിതവും നാടകവും രണ്ടും രണ്ടാണ് എന്ന സത്യം നോവലിലെ നാടകപ്രവര്ത്തകര് മനസ്സിലാക്കുന്നുണ്ട്. നാടകപ്രസ്ഥാനങ്ങള് ക്ഷീണാവസ്ഥയിലായിരിക്കുന്ന കാലത്ത് നാടകപ്രവര്ത്തകരുടെ ജീവിതം ദാരിദ്ര്യത്തിലേക്കു നിപതിക്കും. പ്രായോഗിക ജീവിതവും പ്രധാനമാണെന്ന് അറിയുമ്പോള് ഗൗരവമുള്ള നാടകപ്രവര്ത്തനങ്ങളെ കയ്യൊഴിയാന് അവര് നിര്ബന്ധിതരായിത്തീരും. 'നാടകം മണംപരത്തുന്ന മുല്ലപ്പൂവാണ്,' എന്നൊക്കെ പറഞ്ഞാലും ജീവിതം മുന്നില് യഥാര്ഥ മുഖം കാണിച്ചു നില്ക്കുന്നു എന്നതും യാഥാര്ഥ്യമാണ്.
'നിരന്തരം പരത്തുന്ന ജീവനുള്ള ഒരസ്തിത്വമാകുന്നു നാടകം' എന്ന തിരിച്ചറിവ് നാടകത്തെ പുതിയ സാധ്യതകളിലേക്കു നയിക്കുന്നു. 'ഇതൊരു സംഘര്ഷവുമാണ്. എന്റെ വേദനയ്ക്കുള്ള മരുന്നാണ് എന്റെ നാടകം. അത് എങ്ങനെയാവണമെന്ന് ഞാന്തന്നെ വേണം തീരുമാനിക്കാന്,' എന്നു റജീന പറയുമ്പോള് അവര്ക്ക് എന്താണ് നാടകം എന്നു നാം മനസ്സിലാക്കുന്നു. 'വിരസവും നീതിശൂന്യവുമാണ് ലോകം. അതിനുള്ളിലെ ചലനാത്മകമായ നീതിലോകമാണ് നാടകം,' എന്ന് കബീര് എന്ന കഥാപാത്രം പറയുന്നത് അതിനോടു കൂട്ടിവായിക്കാവുന്നതാണ്.
'നിങ്ങളുടെ ഡിഎന്എയില് എന്തുണ്ടായാലും അതു വികസിപ്പിക്കാനുള്ള സാഹചര്യം നിങ്ങള്ക്കില്ലെങ്കില് എന്തു കാര്യം,' എന്ന ചോദ്യം നോവലിലെ നാടകപ്രവര്ത്തകരെ സംബന്ധിച്ച് സുപ്രധാനമാണ്. 'നമ്മുടേതല്ലാത്ത ജീവിതം ജീവിക്കലാണ് നാടകം,' എന്നു പറയാമെങ്കിലും യഥാര്ഥ ജീവിതം അവിടെത്തന്നെയുണ്ടല്ലോ. ഈ രണ്ടു ജീവിതവും തമ്മിലുള്ള സംഘര്ഷവും വൈരുധ്യങ്ങളുമാണ് നോവലിനെ മുന്നോട്ടുനയിക്കുന്നത്. 'നമ്മെ ജീവിപ്പിക്കാനുള്ള ഊര്ജം നമ്മില്നിന്നുതന്നെ വലിച്ചെടുക്കുക,' എന്ന വിചാരത്തില് പലരും മുന്നോട്ടുപോകുന്നു.
'ആശയത്തില് ഇടുക്ക'മുള്ളവരോട് കലാകാരന്മാര്ക്കും കലാകാരികള്ക്കും യോജിക്കാന് സാധിക്കണമെന്നില്ല. കാരണം കല സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശത്തിലാണ് പ്രകാശിക്കുന്നത്. അതു തടവറയുടെ ഭിത്തികളെ ഭേദിക്കാനാണു ശ്രമിക്കുന്നത്. സ്വന്തം തീയേറ്ററിനെ ആഘോഷിക്കാത്ത, പ്രോത്സാഹിപ്പിക്കാത്ത ജനത, ഇതുവരെ ചത്തിട്ടില്ലെങ്കില്, ചത്തുകൊണ്ടിരിക്കുകയാണ് എന്നാണ് റജീന പറയുന്നത്. നാടിന്റെ ഉള്ളിലെ പ്രകാശിപ്പിക്കുന്ന നാടകമാണ് സമൂഹത്തെ ചൈതന്യവത്തായി നിലനിര്ത്തുന്നത്.

നോവലിന്റെ അനുബന്ധമായി റജീന മോളിയേയുടെ 'പ്രോജക്ട് തീന്മേശ' എന്ന നാടകവും ഉള്പ്പെടുത്തിയിരിക്കുന്നു. അടുക്കളയില്നിന്നു തുടങ്ങുന്ന നാടകം അരങ്ങത്തെത്തുന്നു. പിന്നീട് കാലത്തിലേക്കും ചരിത്രത്തിലേക്കും വ്യാപിക്കുന്നു. പാചകത്തിന്റെ പശ്ചാത്തലത്തില് ചില അപ്രിയസത്യങ്ങള് അവതരിപ്പിക്കപ്പെടുന്നു. ഏകാധിപത്യം പാചകംചെയ്യുന്ന വിഷക്കൂണുകള് സമൂഹമനസ്സാക്ഷിയെ എങ്ങനെ വിഷലിപ്തമാക്കുന്നുവെന്ന അന്വേഷണം നാടകത്തിലുണ്ട്. 'എല്ലാവരും ഓരേ രീതിയില് ചിന്തിക്കുന്ന, ഒരേതരത്തില് ജീവിക്കുന്ന, ഒരേ ഭക്ഷണം കഴിക്കുന്ന, ഒരേ ദൈവത്തെ ആരാധിക്കുന്ന, ഒരേ നേതാവിനെ വാഴ്ത്തിപ്പാടുന്ന അങ്ങനെ ഒരു പ്രോജക്ടാണ് ഏകാധിപതി വിഭാവനംചെയ്യുന്നത്. വൈവിധ്യത്തെ, ബഹുസ്വരതയെ ഇല്ലാതാക്കുന്ന രാഷ്ട്രീയ പ്രോജക്ട്കൂടിയാണ് തീന്മേശയില് ഒരുങ്ങുന്നതെന്ന് അധികമാളുകളും അറിയുന്നില്ല.
'ഓര്മകള് മായ്ചുകളയുക' എന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. ഓര്മകളില്ലാത്ത, ചരിത്രമില്ലാത്ത മനുഷ്യനെ നയിക്കാന് എളുപ്പമാണെന്ന് ഏകാധിപതിക്കറിയാം. 'മനുഷ്യരുടെ ഓര്മകളെടുത്തുകളഞ്ഞാല് അവരുടെ സര്വസ്വവും നിങ്ങളെടുത്തുകളഞ്ഞു. ഓര്മകളൊന്നൊന്നായി അടര്ത്തിക്കളയുമ്പോള് തലച്ചോറില് ഒരു ആണിയടിച്ചുകേറ്റിയാലെന്നോണം നിങ്ങളെ നശിപ്പിക്കുന്നു,' എന്ന് നാടകത്തിലെ വക്കീല് പറയുന്നുണ്ട്. വര്ത്തമാനകാല ഭരണസംവിധാനങ്ങള് ശ്രമിക്കുന്നത് മറവിയിലേക്കു നമ്മെ ആഴ്ത്തിക്കളയാനാണ്.
നാടകത്തിലെ ആതിഥേയന് പറയുന്നു, 'പ്രോജക്ട് തീന്മേശയുടെ പ്രധാന ലക്ഷ്യം ഇതായിരുന്നു. ഓര്മകളെ സമീകരിക്കുക! എല്ലാവര്ക്കും ഒരേ ഓര്മകള്, ഒരോ ജീവിതവീക്ഷണം! ആഹാ! എത്ര മനോഹരം! നൂറു ശതമാനം വിജയക്കുതിപ്പിലാണ് നമ്മള്.' നമ്മുടെ നാട്ടില് നടക്കുന്ന പലതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. സമൂഹത്തില് വിഷവും വിദ്വേഷവും കടത്തിവിട്ട് ചിലര് ശ്രമിക്കുന്നത് അത്തരത്തിലുള്ള സമീകരണത്തിനാണ്. ഏകാധിപത്യം എപ്പോഴും വൈവിധ്യങ്ങളെ ഭയപ്പെടുന്നു! 'ലക്ഷ്യമാണ് പ്രധാനം, മാര്ഗമല്ല. നമ്മള് ലക്ഷ്യത്തിലെത്തി ജയിച്ചു. ലോകത്താരും ഇതുവരെ വിജയിച്ചിട്ടില്ലാത്ത ഒരു അസാധാരണ പ്രോജക്ട് നമ്മള് കൊണ്ടുവന്നിരിക്കുന്നു. നമുക്കിത് ആഘോഷിക്കണം, എന്ന് ആതിഥേയന് പറഞ്ഞുനിര്ത്തുമ്പോള് ആ വാക്കുകളില് കാലം മുഴങ്ങുന്നതു നാം കേള്ക്കുന്നു.'
'ഓപ്പറ ബോക്സും' 'പ്രോജക്ട് തീന്മേശയും' ആവിഷ്കരിക്കുന്നത് നാടകത്തിന്റെ, ജീവിതത്തിന്റെ, കാലത്തിന്റെ സ്പന്ദനങ്ങളാണ്. റജീന മോളിയേയുടെ പ്രവര്ത്തനങ്ങളിലൂടെ സാറാ ജോസഫ് നാടകത്തിന്റെയും ജീവിതത്തിന്റെയും മറ്റു സംഘര്ഷങ്ങളുടെയും അകപ്പൊരുള് അന്വേഷിക്കുകയാണ്. നോവലും നാടകവും ഇവിടെ ഇടകലരുന്നു. ഒരുകാലത്ത് നമ്മുടെ ചിന്തയെ ജ്വലിപ്പിച്ചുനിര്ത്തിയ നാടകപ്രസ്ഥാനങ്ങളുടെ അപചയം സമൂഹത്തെ എങ്ങനെയൊക്കെ പിന്നോട്ടടിച്ചു എന്നു നാമറിയുന്നു. എല്ലാവരും ഒരുപോലെ ചിന്തിക്കുന്ന കാലം എത്ര ഭീകരമായിരിക്കും എന്നും നാം അറിയുക.
(ഓപ്പറബോക്സ് - സാറാ ജോസഫ് -മാതൃഭൂമി ബുക്സ്)
നാടകവും ജീവിതവും
ഡോ. റോയി തോമസ്
അസ്സീസി മാസിക, ഒക്ടോബർ 2026












































































































