top of page

തുരപ്പത്വം

Writer: George Valiapadath Capuchin
George Valiapadath Capuchin
38 minutes ago
1 min read

ആദ്യമേ പറയട്ടെ, എനിക്ക് പൊളിറ്റിക്കൽ സയൻസിൽ ബിരുദമൊന്നുമില്ല. രാഷ്ട്രീയ ജനാധിപത്യത്തിൽ താല്പര്യമുണ്ടെങ്കിൽ പോലും അതിലേറെ താൽപര്യം സാമൂഹിക ജനാധിപത്യത്തിലാണ്. എന്നിരിക്കിലും, ഒരു ഭരണക്രമം എന്ന നിലയിൽ ജനാധിപത്യം മറ്റു ഭരണക്രമങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, സിംഹമാണ്, പുലിയാണ്, ആണത്തമുള്ളവനാണ് (ആണത്തമുണ്ടെന്ന് വീമ്പുപറയുന്ന പലരും പെണ്ണിനെ കാണുമ്പോൾ ഒളിച്ചോടിപ്പോകുന്നവരാണ്) എന്നൊക്കെ ഒരു ജനാധിപത്യ സംവിധാനത്തിൽ ഏത് രാഷ്ട്രീയ കക്ഷിക്കാർ പറഞ്ഞാലും, അതിനെല്ലാം നെഗറ്റീവ് മാർക്കു നല്കാനേ എനിക്ക് കഴിയൂ.


സവിശേഷ അവകാശങ്ങളുള്ള ഏതാനും ചിലർ ഭരണം കൈയ്യാളുന്ന ഒളിഗാർക്കിയിൽ നിന്നും, കുടുംബപരമായി കൈമാറിക്കിട്ടിയ അധികാരം കൈയ്യാളുന്ന മൊണാർക്കിയിൽ നിന്നും, ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത് ബലപ്രയോഗത്തിലൂടെതന്നെ അധികാരം കൈയ്യാളുന്ന സ്വേച്ഛാധിപത്യത്തിൽ നിന്നും ഒത്തിരിയൊത്തിരി വ്യത്യസ്തമാണ് ആധുനിക ജനാധിപത്യസങ്കല്പം. ജനങ്ങളാണ് അധികാരികൾ എന്നതാണ് മേൽപ്പറഞ്ഞവയിൽ നിന്ന് ജനാധിപത്യ സങ്കല്പത്തെ കീഴ്മേൽ മറിക്കുന്നത്. മുകളിലുള്ളവർ തങ്ങളുടെ അധികാരം കീഴുള്ളവരുടെ മേൽ പ്രയോഗിക്കുകയല്ല, തങ്ങളുടെ കാര്യങ്ങൾ നിർവഹിക്കുന്നതിന് അധികാരം നൽകി സാധാരണ ജനങ്ങൾ ചിലരെ നിയോഗിച്ചാക്കുകയാണ് ജനാധിപത്യത്തിൽ.


ഭൂരിപക്ഷംപേർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ, മൃഗീയ ഭൂരിപക്ഷത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കപ്പെടുന്ന ഒരു സംവിധാനമായി ജനാധിപത്യം മാറിപ്പോയിട്ടുണ്ട്, പലയിടത്തും. അങ്ങനെയായാൽ സമൂഹത്തിലെ ന്യൂനപക്ഷങ്ങൾ എക്കാലവും അടിച്ചമർത്തപ്പെട്ടും പരിമിതമായ അവകാശങ്ങളോടയും മാത്രം നിലകൊള്ളും. അതുകൊണ്ടാണ് ആധുനിക ജനാധിപത്യക്രമങ്ങളിൽ തുല്യ അവകാശങ്ങളും തുല്യനീതിയും പ്രായോഗികമാക്കുന്നതിനുവേണ്ടി ന്യൂനപക്ഷ സംരക്ഷണ നയങ്ങൾ നിർമ്മിക്കപ്പെടുന്നത്. അത്തരം നയങ്ങൾ നിർമ്മിക്കപ്പെടാത്തതോ നിലനിർത്തപ്പെടാത്തതോ ആയ ജനാധിപത്യങ്ങളെ പ്രാകൃത ജനാധിപത്യങ്ങൾ എന്നേ പറയാനാവൂ. അവ ഒരിക്കലും ആധുനിക ജനാധിപത്യങ്ങളുടെ നാലയലത്തുപോലും എത്തുന്നില്ല.


ജനാധിപത്യ ക്രമത്തിന്റെ മറ്റൊരു സവിശേഷത എന്നത് ലിഖിതമായ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പും ഭരണവും നടക്കുന്നത് എന്നതാണ്. ഭരണഘടന എന്നത് മുമ്പേ എഴുതപ്പെട്ടു കഴിഞ്ഞതാണ്. ആ ഭരണഘടന അനുസരിച്ചാണ് ജനത ഒരു രാഷ്ട്രമായിരിക്കുന്നത്. അതിന്റെ തത്ത്വങ്ങളും പ്രമാണങ്ങളും അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണഘടനാ തത്ത്വങ്ങൾ അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവർ ചെയ്യേണ്ടത് ഏത് ഭരണഘടനാ സാമഗ്രി അടിസ്ഥാനമാക്കിയാണോ ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്തത്, പ്രസ്തുത ഭരണഘടനാ സാമഗ്രികളെ സംരക്ഷിക്കുകയും അവയെ ബലപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവർ ജനാധിപത്യത്തെയും ഭരണഘടനയെയും സേവിക്കുന്നു എന്ന പ്രത്യക്ഷനാട്യത്തിൽ ഭരണഘടനയെയും ജനാധിപത്യത്തെത്തന്നെയും ഉള്ളുതുരന്ന് നശിപ്പിക്കുന്നു എന്നുവന്നാൽ; സ്നേഹിക്കുന്നു എന്ന നാട്യത്തിൽ ആർക്കും സംശയം തോന്നാത്തവിധം മെല്ലെമെല്ലെ വിഷം കുത്തിവച്ച് കൊല്ലാൻ ശ്രമിക്കുന്നു എന്നുവന്നാൽ, ഭരണഘടയോട് വിശ്വാസവഞ്ചന കാട്ടുന്ന അത്തരം ഭരണാധികാരികളായിരിക്കണം രാഷ്ട്രത്തിൻ്റെ മുമ്പിൽ ഒന്നാം നമ്പർ രാജ്യദ്രോഹികൾ.


"സീസറിൻ്റേത് സീസറിന് തിരികെ നല്കുക; ദൈവത്തിൻ്റേത് ദൈവത്തിനും" എന്നാണ് ക്രിസ്‌തുവാക്യം.


bottom of page