top of page

ജപമാല രാജ്ഞി

Writer: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 1
2 min read
A person in habit with a rosary in hand

പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥത യാചിച്ചുകൊണ്ട് സഭ ജപമാല ചൊല്ലി കാഴ്ചവയ്ക്കുന്ന മാസമാണ് ഒക്ടോബര്‍. പ്രകൃതിദുരന്തങ്ങള്‍, യുദ്ധം, വിശ്വാസ ജീവിതത്തിന്‍റെ തകര്‍ച്ചകള്‍ എന്നിവ നിറഞ്ഞുനില്‍ക്കുന്ന ലോകത്തില്‍ ജപമാലസമര്‍പ്പണം നമ്മെ ബലപ്പെടുത്തും. തന്നെ ഉപേക്ഷിക്കുന്ന ജനതകളെ ഇരുട്ടിലാഴ്ത്തുന്ന ആത്മാവിന്‍റെ അന്ധതയ്ക്കു പരിഹാരമായി പിതാവായ ദൈവം പരിശുദ്ധ അമ്മയെ നമുക്കായി നല്‍കിയിരിക്കുന്നു. തിന്മയുടെ ശബ്ദം ഓരോ ദിവസവും വര്‍ധിച്ചുവരുന്നു. ലോകത്തില്‍ ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചു പ്രാര്‍ഥിക്കുവാന്‍ ജപമാല നമ്മെ സഹായിക്കും. കലഹിക്കുന്ന രാഷ്ട്രങ്ങളെ ക്രിസ്തുവിന്‍റെ സ്നേഹമാകുന്ന പ്രകാശംകൊണ്ടു സുബോധത്തിലേക്കും വിവേകത്തിലേക്കും ലയിക്കുവാന്‍ കൊന്തനമസ്കാരം സഹായിക്കും.


ദൈവം ശേഖരിച്ച ദൈവത്തിന്‍റെ അളവറ്റ നിധി നമുക്കു വിതരണംചെയ്യുന്ന മാധ്യസ്ഥയാണ് മറിയം. പുത്രനിലൂടെയല്ലാതെ ഒരുവനും പിതാവിലേക്കു പോകുന്നില്ല. അതുപോലെ ക്രിസ്തുവിലേക്ക് ഒരുവനും അവിടുത്തെ അമ്മയിലൂടെയല്ലാതെ പോകുന്നില്ല. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നു: "ക്രിസ്ത്യാനിയായിരിക്കുക എന്നാല്‍ മരിയന്‍ ആയിരിക്കുക."


മറിയം സര്‍വശക്തന്‍റെ അമ്മയാണ്. പക്ഷേ, അവള്‍ ശാന്തതയുടെ ഉദാത്ത ഭാവമാണ്. തന്‍റെ ഏകജാതന്‍റെ അമ്മയാവാന്‍ ദൈവം അവളെ തിരഞ്ഞെടുത്തു. ഒരമ്മയുടെ വികാരം അവിടുന്ന് അവളെ പഠിപ്പിച്ചു. പൊറുക്കലും സ്നേഹിക്കലുമല്ലാതെ മറ്റൊന്നുമല്ല ആ വികാരം പ്രസരിപ്പിക്കുന്നതും. മരിയഭക്തിയുടെ പ്രകടനമായ ജപമാല പ്രാര്‍ഥന സഭയില്‍ ആരംഭിച്ചതുമുതല്‍ അനേകര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ക്രൈസ്തവജനതയുടെ മരിയഭക്തി ദൈവമാതാവിനെ അനേകം പദവിപ്പേരുകളില്‍ ബഹുമാനിക്കുന്നുണ്ട്. ജപമാല ചൊല്ലിക്കൊണ്ട് മറിയത്തിന്‍റെ വിവിധ പേരുകള്‍ നാം വിളിച്ചുപറയുന്നു. യേശുക്രിസ്തുവിനോടു ബന്ധപ്പെടുത്തിയാണ് അമ്മയുടെ നാമങ്ങള്‍ പറഞ്ഞു നാം പ്രാര്‍ഥിക്കുന്നതും. ക്രിസ്തു രഹസ്യത്തില്‍ അമ്മ സന്നിഹിതയായിരുന്ന ഓരോ നിമിഷവും ഏറ്റുപറഞ്ഞുകൊണ്ടാണല്ലോ നാം ജപമാലയര്‍പ്പിക്കുന്നത്. യേശുവുമായി, മാതാവുമായി ചേര്‍ന്നുനില്‍ക്കുന്ന നിമിഷങ്ങളാണ് ജപമാല സമര്‍പ്പണ സമയം.


മരണം ഒരു സ്ത്രീയുടെ സഹകരണത്താല്‍ ലോകത്തില്‍ ആവിര്‍ഭവിച്ചതുപോലെ ജീവന്‍റെ പുനര്‍സ്ഥാപനത്തിലും ഒരു സ്ത്രീ സഹകരിക്കുക ഉചിതമായിരിക്കും. മറിയത്തെ ജീവിക്കുന്നവരുടെ മാതാവേ എന്നു സംബോധനചെയ്യുന്നു. മരണം ഹവ്വാവഴിയും ജീവന്‍ മറിയംവഴിയും എന്നു സഭ ആവര്‍ത്തിച്ചു പറയുന്നു. മറിയം തന്‍റെ വിശ്വാസത്തില്‍ മുന്നേറുകയും പുത്രനുമായുള്ള ഐക്യം കുരിശുവരെ വിശ്വസ്തതാപൂര്‍വം തുടരുകയും ചെയ്തു. മരണാസന്നനായി കുരിശില്‍ തൂങ്ങിക്കിടന്നിരുന്ന ക്രിസ്തു അവളെ മാതാവായി തന്‍റെ ശിഷ്യനു നല്‍കി.


'ഇതെന്‍റെ ശരീരമാണ്,' 'ഇതെന്‍റെ രക്തമാണ്,' എന്നു പറഞ്ഞുകൊണ്ട് തന്‍റെ ശരീരരക്തങ്ങള്‍ കര്‍ത്താവു നമുക്കു നല്‍കി. ആ ശരീരരക്തങ്ങള്‍ പുത്രനു നല്‍കിയ അമ്മയെ, 'ഇതാ നിന്‍റെ അമ്മ' എന്നു പറഞ്ഞുകൊണ്ടണ്ട് ദൈവപുത്രന്‍ നമുക്കു നല്‍കി. 'ഇതാ കര്‍ത്താവിന്‍റെ ദാസി,' എന്നു പറഞ്ഞ് ആരംഭിച്ചതാണ് മറിയത്തിന്‍റെ ജീവിതം. കാല്‍വരി കുരിശിന്‍റെ ചുവട്ടില്‍ 33 വര്‍ഷങ്ങള്‍ക്കുശേഷം ആ സമര്‍പ്പണവാക്യം നിശ്ശബ്ദമായി മുഴങ്ങി. പുത്രനെ തറച്ച കുരിശിന്‍റെ ചുവട്ടില്‍വച്ച് മറിയം ഹൃദയത്തില്‍ മന്തിച്ചു, 'നിന്‍റെ ഇഷ്ടം എന്നിലും എന്‍റെ പ്രിയ മകനിലും നിറവേറട്ടെ. മംഗളവാര്‍ത്ത ശ്രവിച്ച മറിയം ഓടാന്‍തുടങ്ങി. ഹൃദയത്തില്‍ തിടുക്കമുള്ളവര്‍ക്ക് കാലിനു വേഗത കൂടുന്നു. സഖറിയയുടെ വീട്ടിലേക്ക്, ബേത്ലഹേമിലേക്ക്, ഈജിപ്തിലേക്ക്, തിരിച്ച് നസ്രത്തിലേക്ക്, കാനായിലേക്ക്, കാല്‍വരിയിലേക്ക്, സെഹിയോന്‍ ഊട്ടുശാലയിലേക്ക് ഒക്കെ ആ ഓട്ടം തുടര്‍ന്നു. മിശിഹാ ചരിത്രത്തിലൂടെ, ക്രിസ്തുരഹസ്യങ്ങളിലൂടെ ഓടിനടക്കുവാന്‍ മറിയം നമ്മെ ക്ഷണിക്കുന്നു.


ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടു മറഞ്ഞു പോയവളല്ല മറിയം. അവള്‍ ക്രിസ്തുവില്‍ സ്വയം നഷ്ടപ്പെട്ടവളാണ്. ക്രിസ്തുവിനെ നഷ്ടപ്പെട്ടവളല്ല. കാണാതെപോയ പന്ത്രണ്ടു വയസ്സുകാരനെ കഷ്ടപ്പെട്ടു കണ്ടെണ്ടത്തിയവളുമാണ് മറിയം. ആഘോഷങ്ങളില്‍, ആര്‍ഭാടങ്ങളില്‍ ക്രിസ്തുവിനെ നമുക്കു നഷ്ടപ്പെടാം. മറിയത്തോടൊപ്പം ക്രിസ്തുവിനെ അന്വേഷിച്ചു കണ്ടുപിടിച്ച് നമ്മുടെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണം. ആത്മാവിനെ കാത്തിരുന്ന ശിഷ്യസമൂഹത്തില്‍ മറിയവും ഉണ്ടായിരുന്നു. ശ്ലീഹന്മാരുടെ ചെറിയ സമൂഹത്തിന്മേല്‍ അടയിരുന്ന് പന്തക്കുസ്തായുടെ ചൂടില്‍ സഭയെ വിരിയിച്ചത് പരിശുദ്ധ അമ്മയാണ്. നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്‍റെ മുഖം വിരിയിക്കുന്നതില്‍ മറിയം നമ്മോടു ചേര്‍ന്നു നില്‍ക്കാം. ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ മാതാവിന്‍റെ മാതൃക നമുക്ക് ഉത്തരം നല്‍കുന്നു. 'ഇതെങ്ങനെ സംഭവിക്കും,' എന്ന് മറിയം മാലാഖയോടു ചോദിക്കുന്നു. അത്യുന്നതന്‍റെ ശക്തി ഒരു വ്യക്തിയില്‍ വന്നു വസിക്കുമ്പോള്‍ അത്ഭുതങ്ങള്‍ പിറക്കുമെന്ന് ദൂതന്‍ മറുപടി പറയുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി നാം അലയുമ്പോള്‍ മറിയത്തിനു ലഭിച്ച ഉത്തരം നമ്മെ പ്രതീക്ഷയുള്ളവരാക്കിമാറ്റും.


ആത്മാവ് നിറഞ്ഞവര്‍ കണ്ടുമുട്ടുമ്പോള്‍ ആഹ്ലാദമുണ്ടണ്ടാവും. സഖറിയയുടെ ഭവനത്തില്‍ ഉദരത്തില്‍ യേശുവിനെ വഹിച്ചുകൊണ്ടണ്ടു മറിയം കടന്നുചെന്നു. അതേ സമയത്ത് സ്നാപകയോഹന്നാനെ ഉദരത്തില്‍ വഹിച്ചുകൊണ്ടണ്ട് എലിസബത്തും വന്നു. വഴിയൊരുക്കിയവനും വഴിയേ വന്നവനും ഗര്‍ഭപാത്രങ്ങളില്‍ക്കിടന്നു കണ്ടണ്ടുമുട്ടി. ഓരോ തുള്ളിച്ചാടുന്ന അനുഭവത്തിലേക്ക് എലിസബത്ത് പ്രവേശിച്ചു. പരിശുദ്ധാത്മാവിന്‍റെ നിറവുള്ളവര്‍ ഒന്നിച്ചുവരുമ്പോള്‍ ആനന്ദമുണ്ടണ്ടാകും. അപരിനിലുള്ള ദൈവസാന്നിധ്യം തിരിച്ചറിയുവാന്‍ മറ്റേയാള്‍ക്കു കഴിയുന്നു. കണ്ടണ്ടുമുട്ടലുകള്‍ കണ്ടെത്തലിന്‍റെ അവസരമായിമാറുന്നു. ഓക്ടോബര്‍ മാസത്തിലെ ജപമാല ഭക്തിയുടെ മരിയന്‍വഴികളില്‍ നാം യാത്രചെയ്യുന്നു. മറിയത്തെപ്പോലെ സ്വര്‍ഗത്തിലെത്തിച്ചേരുവാന്‍ ജപമാലഭക്തി നമ്മെ ശക്തിപ്പെടുത്തട്ടെ.


കര്‍ത്താവിന്‍റെ ദാസി ജപമാല രാജ്ഞി

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

അസ്സീസി മാസിക, ഒക്ടോബ‌ർ 2026

bottom of page