top of page

ഞാന്‍ നഗ്നനായിരുന്നു

Writer: ഫാ. ഷാജി CMI
ഫാ. ഷാജി CMI
3 days ago
2 min read
LINE ART OF A GIRL SITTING

ജൂണ്‍ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ അപകടമുണ്ടായത്. സ്വകാര്യ ബസിന്‍റെ മുന്‍ചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടര്‍യാത്രിക മീറ്ററുകളോളം ടയറില്‍ക്കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിര്‍ത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരുക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങള്‍ കീറിപ്പോയിരുന്നു. സൈക്കിളില്‍ ചായവില്‍പന നടത്തിയിരുന്നയാള്‍ ഓടിയെത്തി. മുണ്ടു വാങ്ങാന്‍ സമയമെടുക്കും. നിമിഷങ്ങള്‍ക്കകം, മറ്റൊന്നും ആലോചിക്കാതെ അയാള്‍ സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് അവരുടെ നഗ്നത മറച്ചു.


സാഹോദര്യത്തിന്‍റെ ആ കാഴ്ചയ്ക്ക് മറ്റൊരു തുടര്‍ച്ചയുണ്ടായി. അടുത്തുള്ള കടയിലെ പയ്യന്‍ അയാള്‍ക്കൊരു മുണ്ടുമായി ഓടിയെത്തിയെന്ന് ആ നല്ല സമരായന്‍ പറഞ്ഞു. അതും അഭിനന്ദനാര്‍ഹമാണ്. സഹായിക്കാനെത്തിയ ഏതാനും പേര്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കുവിടുകയും ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ ഷാജി എന്ന അന്‍പത്തിമൂന്നുകാരനാണ് ആ നല്ല സമരായന്‍. അദ്ദേഹത്തെ മുഖ്യമന്ത്രിയുള്‍പ്പെടെ അഭിനന്ദിച്ചു. ഉള്ളില്‍ നന്മയും സാഹോദര്യവുമുള്ള ലക്ഷക്കണക്കിനാളുകള്‍ ആ വീഡിയോ കാണു കയും പങ്കുവയ്ക്കുകയും ചെയ്തു.


പതിവുപോലെ ഒന്നിലുമിടപെടാതെ സൗകര്യപ്രദമായ ദൂരത്തില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ അവിടെയുമുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്നെങ്കില്‍ നാം ഏതു പക്ഷത്തായിരിക്കുമെന്നു ഭാവനയില്‍ കാണുന്നതു നല്ലതാണ്. തീര്‍ന്നില്ല, തൃപ്പൂണിത്തുറയിലേത് അപൂര്‍വസംഭവമാണ്. പക്ഷേ, ജീവിതത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വ്യാജവാര്‍ത്ത കളാലും അധിക്ഷേപങ്ങളാലും വിവസ്ത്രരാക്കപ്പെടുന്ന മനുഷ്യര്‍ കുറച്ചല്ല. അതു ഷെയര്‍ചെയ്യുന്നവര്‍ ഒടുവിലത്തെ തുണിക്കീറും ചോദിക്കുകയാണ്. ഇങ്ങനെ അപരന്‍റെ അഭിമാനത്തിന്‍റെ തുണിയഴിക്കുന്നവരുടെ എണ്ണം പെരുകവേ അപരിചിതരുടെപോലും മാനത്തിനായി ഉടുതുണികൊടുക്കുന്ന ഷാജി മാതൃകയാണ്. ഈ വീഡിയോ കണ്ടുമറക്കാനുള്ളതല്ല, നമ്മുടെ കാഴ്ചപ്പാടുകളെ നവീകരിക്കാനുള്ളതാണ്.


ഒരു തെരുവിലെ സ്ത്രീയുടെ നഗ്നത മറച്ച ദേവദൂതനെപ്പോലൊരു മനുഷ്യന്‍റെ കഥയ്ക്ക് മറ്റൊരു തുടര്‍ച്ച ആവശ്യമാണ്. അദ്ദേഹത്തെ അഭിനന്ദിച്ച ലക്ഷങ്ങളില്‍ ചിലരെങ്കിലും തങ്ങളാല്‍ നഗ്നരാക്കപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം വസ്ത്രം കീറുന്ന ഗൗരവം, മറ്റുള്ള വരുടെ ആത്മാഭിമാനത്തെ കീറുന്നതിനു പലരും കൊടുക്കുന്നില്ല. അപരനെക്കുറിച്ച് ഉറപ്പില്ലാത്ത കാര്യം പറഞ്ഞുപരത്തുന്നവര്‍ പണ്ട് വിരലിലെണ്ണാവുന്നവരായിരുന്നു. അവര്‍ക്കു നാട്ടിലൊരു വിലയുമില്ലായിരുന്നു. ഇന്‍റര്‍നെറ്റ് യുഗത്തില്‍ കാര്യങ്ങള്‍ മറി ഞ്ഞു. സമൂഹമാധ്യമത്തിന്‍റെ കോട്ടും സൂട്ടുമണിഞ്ഞതോടെ ഏഷണിക്കാരെ കേള്‍ ക്കാന്‍ ആളുണ്ടായി. സ്വീകാര്യതയായി.

പ്രചാരണത്തിനു നാവു വേണ്ട, ഷെയര്‍ബട്ടണിലെ ഒരു സ്പര്‍ശംതന്നെ ധാരാളം. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ എതിര്‍പ്പുകള്‍, മതവിദ്വേഷം, വര്‍ഗീയ ധ്രുവീകരണം... എല്ലാം വിരല്‍ത്തുമ്പില്‍.


വ്യാജപ്രൊഫൈലുകളില്‍നിന്ന് വിഷം കുത്തിയൊഴുകി. രാഷ്ട്രീയ-വര്‍ഗീയ സംരക്ഷണമുള്ള വിദ്വേഷപ്രചാരകര്‍ സ്വന്തം വിലാസത്തില്‍നിന്നുതന്നെ അസത്യങ്ങളും അര്‍ഥസത്യങ്ങളും അയച്ചു. നിരപരാധികള്‍ തനിച്ചിരുന്നു കരഞ്ഞു. ദുര്‍ബലമാനസര്‍ സമൂഹമാധ്യമങ്ങളില്‍നിന്നു വിട്ടുനിന്നു. അപമാനിതരായ ചിലര്‍ ജീവനൊടുക്കി. ചില സ്ഥാപനങ്ങള്‍ പ്രവര്‍ ത്തനം നിര്‍ത്തി. ലൈംഗികാരോപണങ്ങള്‍ വ്യക്തിഹത്യയുടെ ഏറ്റവും മൂര്‍ച്ചയുള്ള മാരകായുധമായി. കല്ലെറിഞ്ഞവരൊന്നും പാപമില്ലാത്തവരായിരുന്നില്ല. കോടതി വെറുതേവിട്ടവരെയും വേട്ടക്കാര്‍ പിന്തുടര്‍ന്നു. പലരുടെയും ശിഷ്ടജീവിതം ഇരുട്ടിലായി. സമൂഹമാധ്യമങ്ങളില്‍ മനുഷ്യര്‍ നിരന്തരം നഗ്നരാക്കപ്പെടുന്നു. അതിവേഗത്തിന്‍റെ ഡിജിറ്റല്‍ക്കാലത്ത് നിയമം അതിന്‍റെ ആമവേഗവുമായി ബഹുദൂരം പിന്നിലായി.


ആ മനുഷ്യസ്നേഹിയെ നെഞ്ചോടുചേര്‍ത്ത നാം ഇതുകൂടി മനസ്സില്‍വയ്ക്കണം: സമൂഹമാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ ആകട്ടെ, ഒരു മനുഷ്യനെയും നാം നഗ്നരാക്കില്ല. എന്നെ നഗ്നരാക്കിയവരെക്കാള്‍ കൂടുതല്‍ ഞാന്‍ നഗ്നരാക്കിയവരല്ലേ

നഗ്നതയുടെ ഏറ്റവും കാലികമായ രൂപമാണ് അവഗണന. ഒരാളെ അവഗണിക്കുക എന്നതാണ് അയാള്‍ക്കേല്‍പിക്കാന്‍ കഴിയുന്ന മാരക മുറിവ്. അപരിചിതരാരും അവഗണിക്കപ്പെടുന്നു എന്നു പരാതിപറയാറില്ല. ആരുമല്ലാത്തവര്‍ തിരസ്കരിച്ചാലും സ്വീകരിച്ചാലും ആര്‍ക്കും പ്രശ്നമില്ല. ആരൊക്കെയോ ആണെന്നു കരുതുന്നവരുടെ മുന്‍ഗണനാപ്പട്ടികയില്‍ ഒരിടത്തും തങ്ങളില്ല എന്ന തിരിച്ചറിവ് എല്ലാവരുടെയും ഹൃദയം നുറുക്കും. ഏതെങ്കിലും തണല്‍മരങ്ങളെ എല്ലാവരും എക്കാലവും ആശ്രയിക്കുന്നുണ്ട്.


വയോധികന്‍ മൊബൈല്‍ഫോണ്‍ നന്നാക്കുന്ന കടയിലെത്തി യുവാവിനോടു പറഞ്ഞു: "എന്‍റെ ഫോണിനെന്തോ തകരാറുണ്ട്, ഒന്നു നോക്കുമോ." പ്രഥമ പരിശോധനയ്ക്കുശേഷം അയാള്‍ പറഞ്ഞു: "ഇതിനു പ്രശ്നമൊന്നും കാണുന്നില്ല." വയോധികന്‍ പിന്‍വാങ്ങാതെ പറഞ്ഞു: "അല്ല, ഈ ഫോണിനു രണ്ടു വര്‍ഷമായി കാര്യമായ പ്രശ്നമുണ്ട്." യുവാവ് വീണ്ടും ഫോണ്‍ പരിശോധിച്ചശേഷം പറഞ്ഞു: "ഇതിനൊരു കുഴപ്പവുമില്ല. ഫോണിന് എന്തു തകരാറുണ്ടെന്നാണ് അങ്ങേയ്ക്കു തോന്നിയിട്ടുള്ളത്?" വയോധികന്‍ പറഞ്ഞു: "എന്‍റെ മകന്‍റെ വിളി ഇതിലേക്കു വരുന്നില്ല."


വളര്‍ത്തി വലുതാക്കിയവരെ വിലകുറച്ചു കാണുന്നതാണ് ഏറ്റവും നിന്ദ്യമായ തെറ്റ്. വളരുന്നവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരാനോ അവരുടെ ഇഷ്ടങ്ങളിലൂടെ മാത്രം സഞ്ചരിക്കാനോ വളര്‍ത്തുന്നവര്‍ക്കു സാധിക്കണമെന്നില്ല. തണല്‍മരങ്ങള്‍ക്കും ഇലപൊഴിയും കാലമുണ്ട്, അവരെയും വേനല്‍ ബാധിക്കും, അവര്‍ക്കും ക്ഷതങ്ങളേല്‍ക്കും. എല്ലാ പ്രതിസന്ധികളെയും തരണംചെയ്തുതന്നെയാണ് അവരും മുന്നോട്ടുനീങ്ങിയത്. തങ്ങള്‍കൊണ്ട വെയിലിനെക്കാള്‍ താഴെയുള്ളവര്‍ അനുഭവിക്കേണ്ട തണലായിരുന്നു അവരുടെ മുഖ്യവിഷയം.

ഞാന്‍ നഗ്നനായിരുന്നു

ഷാജി സി.എം.ഐ.

അസ്സീസി മാസിക, ഒക്ടോബ‌ർ 2026

bottom of page