ബലതന്ത്രം


ചെറിയ സൈന്യവുമായി പോയിട്ട് വലിയ സൈന്യത്തെ പരാജയപ്പെടുത്തിയ കഥകൾ പഴയ നിയമത്തിലുണ്ട്. തങ്ങൾ എണ്ണത്തിലും ബലത്തിലും മെച്ചമാണ് എന്നു കരുതി ആരംഭിച്ച യുദ്ധങ്ങളിൽ തോറ്റു തുന്നംപാടിയ കഥകളും അവിടെയുണ്ട്. ദുർബല സൈന്യങ്ങൾ പ്രബലർക്കെതിരേ പട ജയിക്കുന്ന കഥകളാണ് ഇസ്ലാമിക പാരമ്പര്യത്തിലും. എണ്ണത്തിലോ സമ്പത്തിലോ അധികാരത്തിലോ ആശ്രയിക്കരുത് എന്ന് തന്നെയാണ് ഖുറാൻ പാഠവും.
രാക്ഷസനെപ്പോലെ ഭീമാകാരനായ ഗോലിയാത്തിനെ ദാവീദ് എന്ന ചെറിയ ചെക്കൻ തന്റെ കവണയിൽ കല്ലുകൊരുത്ത് അടിച്ചിട്ട കഥ പഴയനിയമത്തിൽ കാണാം. അതേ ദാവീദ് രാജാവായപ്പോൾ ഇസ്രായേലിലെ ആരോഗ്യമുള്ള ആണുങ്ങളുടെ എണ്ണം എടുത്തത് ദൈവത്തെ കോപാകുലനാക്കുന്നതും നമുക്കവിടെ വായിക്കാം.
മനുഷ്യരുടെ എണ്ണത്തിൽ, കൈക്കരുത്തിൽ, അധികാരത്തിൽ, സമ്പത്തിൽ, സാങ്കേതിക വിദ്യയിൽ, കുതിരശക്തിയിൽ, തേരുകളിൽ ഒക്കെ ആശ്രയിക്കുന്നത് ഭോഷത്തമാണ് എന്ന് ആവർത്തിച്ച് പറയാനേ ബൈബിളിന് നേരമുള്ളൂ! അക്ഷൗഹിണികൾ എത്രയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. "ദൈവം നമ്മുടെ പക്ഷത്ത് എങ്കിൽ ആര് നമുക്ക് എതിർ നിൽക്കും?" എന്നാണ് അതേ ധാരയിൽ നിന്നുകൊണ്ട് പൗലോസും ചോദിക്കുന്നത്!
ഇൻഡ്യയുടെ ഇതിഹാസമായ മഹാഭാരതത്തിലും പറയുന്നത് അതുതന്നെയാണ്. കൗരവർ നൂറുപേരാണ്. പാണ്ഡവർ അഞ്ചും. ഭഗവാൻ കൃഷ്ണന്റെ സൈന്യവും നൂറ്റവരോടൊപ്പം ഉണ്ട്. എന്നാൽ ഭഗവാൻ അഞ്ചുപേരോടൊപ്പം ആണ്. ഭഗവാനാകട്ടെ പൊരുതുന്നുപോലുമില്ല. കൂട്ടുകാരന്റെ വെറും സാരഥി മാത്രം. എന്നിട്ടും നൂറുപേർക്ക് എതിരേ അഞ്ചുപേർ ജയിക്കും.
എത്രകാലം ഏതെല്ലാം മതപാരമ്പര്യങ്ങളിൽ എങ്ങനെയെല്ലാം പറഞ്ഞാലും ലോകത്തിന് ഇത് മനസ്സിലാവില്ല, അല്ലേ?












































































































