top of page

വിസ്മയങ്ങൾ

Writer: George Valiapadath Capuchin
George Valiapadath Capuchin
Sep 24
1 min read
Wonders

പോളണ്ടിൽ നിന്നുള്ള ഹെൻറിക് എന്ന സഹോദരനാണ് ഇപ്പോൾ കൂടെയുള്ളത്. അഞ്ചട്ടുവർഷം മുമ്പ് റോമിൽ ആയിരുന്നപ്പോൾ ഉണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവെച്ചു. വിശുദ്ധ പാദ്രേ പിയോക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കക്കു മുന്നിൽ അദ്ദേഹത്തിൻ്റെ ഭക്തർ ഒരു കരിമരുന്നുകാലാപ്രകടനം നടത്തിയത്രേ! ഹെൻറിക്കിന് അന്നത് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവിചാരിതമായി രോഗബാധിതനായ ഹെൻറിക് വത്തിക്കാനിൽനിന്ന് ഏതാനും ബ്ലോക്കുകൾ അപ്പുറമുള്ള ആസ്പത്രിയിൽ അഡ്മിറ്റ് ആയിപ്പോയി. സെൻ്റ് പീറ്റേഴ്സിന് പുറം തിരിഞ്ഞാണ് ബഹുനിലകളുള്ള ആസ്പത്രിയുള്ളത്. എല്ലാ ജാലകങ്ങളും എതിർദശയിലേക്കാണ്. തന്റെ മുറിയുടെ ജാലകം അദ്ദേഹം തുറന്നിട്ടു. ആസ്പത്രിയുടെ മുന്നിൽ റോഡിന് മറുപുറം മറ്റൊരു ബഹുനില കെട്ടിടമാണ്. അതിന്റെ മുകളിലത്തെ നിലയിലാവട്ടെ, ഒരു കന്യാസ്ത്രീ മഠവും. കരിമരുന്ന് പ്രകടനം കാണുവാൻ സിസ്റ്റേഴ്സ് കെട്ടിടത്തിന്റെ ടെറസ്സിനുമുകളിൽ കയറിയിട്ടുണ്ട്. ആകാശ വിസ്മയങ്ങൾ വിരിയുന്ന മുറക്ക് വൗ; ആഹാ; ഹൂൂ; ബ്യൂട്ടിഫുൾ എന്നിങ്ങനെ അവരിൽനിന്ന് വിസ്മയ ഘോഷങ്ങൾ ഉയരുന്നു. ഹെൻറിക്കിനാകട്ടെ ഒന്നും കാണാൻ കഴിഞ്ഞില്ല. കന്യാസ്ത്രീകളുടെ വിസ്മയശബ്ദങ്ങൾ കേൾക്കാൻ മാത്രമേ അയാൾക്ക് ഭാഗ്യം ഉണ്ടായുള്ളൂ!


നമ്മളിൽ മിക്കവരും ആസ്പത്രി മുറിയിലെ ഹെൻറിക്കിനെ പോലെയാണ്. പല വിശുദ്ധരും റോഡിനപ്പുറത്തെ കെട്ടിടത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്ന കന്യാസ്ത്രീകളെ പോലെയും! അവർ ആകാശത്തേക്ക് നോക്കി അവിടെ വിരിയുന്ന വിസ്മയ കാഴ്ചകൾ കണ്ട് ആഹാ - ബ്യൂട്ടിഫുൾ - വൗ എന്നിങ്ങനെയുള്ള അതിശയശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. നമ്മളാകട്ടെ, നോക്കിയിട്ട് ഒന്നും കാണുന്നുമില്ല. അവരൊക്കെ എന്തെല്ലാമോ കാണുന്നുണ്ട് എന്നത് വ്യക്തം!

bottom of page