മനസ്സമാധാനം: തര്‍ക്കങ്ങള്‍ക്കപ്പുറമുള്ള തിരഞ്ഞെടുപ്പ്

മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുക എന്നതു തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഈ ഭിന്നതകളെ നാം എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതിലാണ് നമ്മുടെ വ്യക്തിത്വവും ജീവിതസമാധാനവും അടങ്ങിയിരിക്കുന്നത്. കുടുംബബന്ധങ്ങളിലായാലും പൊതുവിടങ്ങളിലായാലും 'തിരുത്തല്‍', 'വിട്ടുനില്‍ക്കല്‍' എന്നീ രണ്ടു കാര്യങ്ങള്‍ കൃത്യസമയത്തു പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു പരിധിവരെ മാനസികസംഘര്‍ഷങ്ങള്‍ ഒഴിവാക്കാം.
സംവാദങ്ങളും പരിധികളും
നമുക്കു പ്രിയപ്പെട്ടവരോ അല്ലെങ്കില്‍ നമ്മുടെ വാക്കുകള്‍ക്കു മൂല്യംനല്‍കുന്നവരോ ആയ വ്യക്തികളുമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ തെറ്റുകള്‍ സ്നേഹപൂര്‍വം ചൂണ്ടിക്കാണിക്കാവുന്നതാണ്. ആരോഗ്യകരമായ തിരുത്തലുകള്‍ ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുന്നു.
പങ്കുവയ്ക്കലുകള്‍ക്കു തുറവിയും സംവാദങ്ങള്‍ക്കു സാധ്യതയുമുള്ള ഇടങ്ങളില്‍ പറയാനുള്ളതു കൃത്യമായും വ്യക്തമായും പറയാം, കേള്‍ക്കാം. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ നാം എത്ര യുക്തി
ഭദ്രമായി സംസാരിച്ചാലും അത് ഉള്‍ക്കൊള്ളാന്‍ തയാറാകാത്ത വ്യക്തികളെ കണ്ടുമുട്ടാറുണ്ട്. അവിടെ അനാവശ്യമായ വാഗ്വാദങ്ങള്‍ ആത്മവിശ്വാസത്തെയും ആത്മഗൗരവത്തെയും തകര്‍ക്കുകയേ ഉള്ളൂ.
വിട്ടുനില്‍ക്കല്‍ എന്ന വിവേകം
എല്ലാ യുദ്ധങ്ങളും ജയിക്കാനുള്ളതല്ല, ചിലത് ഉപേക്ഷിക്കാനുള്ളതാണ്. ഒരു തര്‍ക്കം നമ്മുടെ മനസ്സമാധാനത്തെ ബാധിക്കുന്നു എന്നു തിരിച്ചറിഞ്ഞാല്‍ അവിടെനിന്നു മാന്യമായി പിന്മാറുന്നതു തോല്‍വിയല്ല, മറിച്ച് വലിയൊരു തിരിച്ചറിവാണ്. സ്വന്തം ആത്മാവിനെ മുറിപ്പെടുത്തിക്കൊണ്ടു നേടുന്ന ഒരു വിജയവും യഥാര്‍ഥ വിജയമല്ല. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ചിലപ്പോഴൊക്കെ മൗനം ഒരു ആയുധമാക്കേണ്ടിവരും.
സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്
ആരാണ് സമാധാനവും സന്തോഷവും ആഗ്രഹിക്കാത്തത്? പക്ഷേ, അതു പുറത്തുനിന്നു ലഭിക്കുന്നതല്ല, നാം സ്വയം നിര്‍മിച്ചെടുക്കുന്നതാണ്. നെഗറ്റീവായ സാഹചര്യങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും അകലംപാലിക്കുന്നതു നമ്മുടെ മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. സ്നേഹപൂര്‍ണമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ വേണം, എന്നാല്‍ അതു സ്വന്തം വ്യക്തിത്വത്തെയും സമാധാനത്തെയും പണയപ്പെടുത്തിക്കൊണ്ടാകരുത്.
ചുരുക്കത്തില്‍, തിരുത്താന്‍ കഴിയുന്നവയെ തിരുത്തുക, അല്ലാത്തവയെ അവഗണിക്കുക. മനസ്സിനെ അനാവശ്യ ഭാരങ്ങളില്‍നിന്നു മോചിപ്പിക്കുമ്പോള്‍ മാത്രമേ ജീവിതം അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ നമുക്കു സാധിക്കൂ. സമാധാനപൂര്‍ണമായ ഒരു ജീവിതം നമ്മുടെ അവകാശമാണ്, അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും.
മനസ്സമാധാനം: തര്‍ക്കങ്ങള്‍ക്കപ്പുറമുള്ള തിരഞ്ഞെടുപ്പ്
ജോര്‍ജ് നടുവത്തേട്ട്
അസ്സീസി മാസിക, ഒക്ടോബർ 2026













































































































