വരൂ, നമുക്കും മറിയത്തെപോലെ ആകാം

Updated: 4 hours ago

കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ലൂക്കാ 10 : 41
തിരക്ക്, സർവ്വത്ര തിരക്ക്. കൊച്ചുകുട്ടികൾ മുതൽ വർദ്ധക്യത്തിലായിരിക്കുന്നവർ വരെ സാധാരണയായി പറയുന്ന ഒരു പരാതിയാണ് ആണ് ഒന്നിനും സമയം തികയുന്നില്ല എന്നത്. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പലതും മാറ്റി വയ്ക്കുന്നതും ഈ ഒരു വാക്കിന്റെ ബലത്തിൽ അല്ലേ? സമയം, എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. ഉപയോഗപ്പെടുത്താനും നഷ്ടപ്പെടുത്താനും സാധിക്കുന്ന ഒന്നല്ലേ സമയം. എല്ലാം സമയത്തിൽ അധിഷ്ഠിതവുമാണ് എന്നിരിക്കെ ഈ ലോക ജീവിതത്തിൽ സമയത്തിന് നാം വളരെയേറെ പ്രാധാന്യം കൊടുക്കുന്നുമുണ്ട്, പ്രത്യേകിച്ച് ഈ ആധുനീക കാലഘട്ടത്തിൽ. മനുഷ്യ ജീവിതം കൂടുതൽ സങ്കീർണ്ണമാകുമ്പോഴും അവനു ചെയ്യാനുള്ള കാര്യങ്ങൾ അനുദിനം പതിന്മടങ്ങു കൂടുമ്പോഴും അവനു കിട്ടുന്ന സമയം ഒട്ടും കൂടുന്നുമില്ല. കയ്യിൽ ഒരു വാച്ച് കെട്ടിയാണ് മനുഷ്യൻ ചിന്തിക്കാൻ ഇരിക്കുന്നത് എന്ന ജർമൻ തത്വചിന്തകനായ ഫ്രഡറിക് നീറ്റ്ഷേയുടെ വാക്കുകൾ സമയം മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനം എത്രമാത്രം എന്ന് വിളിച്ചോതുന്നു.
ലൗകീക ജീവിതത്തിന്റെ വ്യഗ്രതകളിൽപ്പെട്ട് ദിശാബോധം നഷ്ടപ്പെടുമ്പോൾ, അല്ലെങ്കിൽ താൻ ചെയ്യുന്നത് അത്യാവശ്യമാണെന്ന് വിശ്വസിക്കുമ്പോഴാണ് മുകളിലെ വചനത്തിന്റെ പ്രസക്തി. ജോലി ഭാരം മൂലം നടുവൊന്നു നിവർത്താൻ പോലും സമയം തികയുന്നില്ല എന്ന പരാതിയും പിറുപിറുക്കലും സ്വയം ശപിക്കലുമായി പരക്കംപായുന്ന മനുഷ്യനെ ചിന്തിപ്പിക്കാൻ ഏറ്റവും പര്യാപ്തമായ വാക്യം. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ യേശുവിന്റെ വരവറിഞ്ഞ സഹോദരികൾ സ്വഭവനത്തിൽ അവിടുത്തെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിനിടയിലെ രംഗങ്ങളിൽ നിന്നാണ് ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ തനിക്കു ലഭിച്ചിരിക്കുന്ന സമയത്തിന്റെ മൂല്യവും അത് വിനിയോഗിക്കേണ്ടത് എപ്രകാരം ആയിരിക്കണമെന്നുള്ള പ്രബോധനവും . മറ്റു സുവിശേഷ ഭാഗങ്ങളിൽ കാണുന്നപോലെ പ്രത്യക്ഷത്തിൽ കാണുന്ന അത്ഭുത പ്രവർത്തനങ്ങൾ ഇല്ല, പ്രസംഗങ്ങൾ ഇല്ല, അവിടെ നടന്ന മറ്റു സംഭാഷണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല, മറ്റു തെറ്റുകളൊന്നും മാർത്ത ചെയ്തതായും സുവിശേഷം രേഖപ്പെടുത്തിയിട്ടില്ല, എന്നിരിക്കിലും ജീവിതത്തെ എപ്രകാരം ക്രമപ്പെടുത്തണം എന്ന വലിയൊരു ബോധ്യം യേശു നൽകുന്നുണ്ട്.
തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പാഞ്ഞു പോകുകയല്ല മറിച്ചു ഒരു കല്ലേറ് ദൂരം മാറി ശാന്തമായി ഇരുന്നു കേൾക്കേണ്ടത് കേൾക്കാനുള്ള തുറവി സ്വയത്തമാക്കുകയാണ് വേണ്ടത്. പരിഭവങ്ങളുടെ, പിറുപിറുക്കലുകളുടെ ,സ്വയം ശപിക്കലിന്റെ ലോകത്തിരുന്നാൽ ചിലപ്പോൾ നിന്റെ നാഥൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്നത് കേൾക്കാതെ പോയാലോ? ? അങ്ങനെ ആകാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടേ നമ്മൾ. അത്യാവശ്യം എന്ന് തോന്നുന്ന പലതും ആവശ്യം പോലുമല്ലാത്തതാണെന്നു ശാന്തമായി ഇരുന്നാൽ നമുക്ക് കാണാൻ കഴിയും. കലങ്ങിയ മനസ്സും പ്രക്ഷുബ്ധമായ അന്തരീക്ഷവും ഒന്നും നമ്മുടെ കാഴ്ചയെ മറക്കാതിരിക്കട്ടെ. മനസ്സു പതറുമ്പോൾ ഒരു വേള നമ്മളെതന്നെ ശൂന്യമാക്കി ആ പാദത്തിൽ ഇരിക്കാം, ചെവിയോർക്കാം, അവിടുത്തേയ്ക്ക് നമ്മോടു പറയാൻ ധാരാളം ഉണ്ടാകുമെന്നേ. അങ്ങനെ ഇരുന്നവർ ഇന്ന് ലോകത്തിന്റെ നെറുകയിൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവർ ആയി വിരാജിക്കുമ്പോൾ, നമ്മളും അവരുടെ പാത പിൻതുടരുന്നില്ലേ പലപ്പോഴും. നമുക്കും അവരോടൊപ്പം സഞ്ചാരിക്കാം ആ നസ്രയേന്റെ പക്കലേയ്ക്ക്, ആ പാദത്തിൽ ഇരിക്കാം എന്നിട്ട് അവനോടു പറയാം നീ മതിയെനിക്ക്. ഇല്ലെങ്കിൽ തെല്ലൊരു പരിഭവത്തോടെ അവൻ നിന്നെയും വിളിക്കും മാർത്താ, മാർത്താ.
















































































































