യാത്രികരും അഭയാർത്ഥികളും: നാഗരികതകളുടെ ആത്മീയത

യാത്രകൾ ഒഴുകുന്ന പുഴപോലെയാണ് എന്നത് വാസ്തവമാണ്.അതേസമയം യാത്രകൾ നമ്മെ അനാഥരും അഭയാർത്ഥികളുമാക്കിയേക്കാം. എന്നാൽ സ്വച്ഛന്ദമായ സഞ്ചാരങ്ങൾ ജീവന്റെ സദാ പ്രഭാവിതമാകുന്ന പ്രവർത്തന യുക്തിയും കൂടിയാണ്. ജീവന്റെ ശുദ്ധചേതനകളോട് ചേർന്ന് നിൽക്കുന്ന യാത്രികർ സ്നേഹത്തിലും കരുണയിലും നിരന്തരം സ്നാനപ്പെടുന്നവരാണ്. ഇത്തരം യാത്രികർ നിതാന്തമായ കരുണയുള്ളവരും അറുതിയില്ലാതെ ക്ഷമിക്കുന്നവരും ആയിരിക്കും. അവർക്ക് നസറായനായ യേശുവിന്റെ മുറിവുകൾ സ്വീകരിക്കാനായേക്കും. മനുഷ്യനാകുന്നതിന്റെ തിരുമുറിവുകൾ. അവർക്ക് വിരുന്നും വിളമ്പിയ അപ്പവുമാവാൻ കഴിയും. സ്വയം മറക്കുന്ന സ്പർശത്തിലൂടെ സൗഖ്യം നൽകാനാകും. സ്നേഹമില്ലായ്മയുടെ വെള്ളം നുരയ്ക്കുന്ന കരുണയുടെ വീഞ്ഞാക്കാനാവും. ഇടതും വലതുമുള്ളവരെ പറുദീസയിലേക്ക് നയിക്കാനാവും. പുല്ലും മരങ്ങളും കുഞ്ഞിപ്പൂച്ചകളും തെരുവുനായ്ക്കളും, ആട്ടിയോടിക്കപ്പെടുന്ന, ഭാരം വഹിച്ചു തളർന്ന എല്ലാ ജീവജാതികളോടുമൊപ്പം നിത്യ ജീവനിലേക്ക് ഉയിർക്കാൻ കഴിയും.
അസിസ്സിയിലെ ഫ്രാൻസിസ് അങ്ങനെ ഒരാളായിരുന്നു. കസാൻദ്‌സാകീസ് പറയുന്നതുപോലെ, ഫ്രാൻസിസ് അപകടകരമായ ഉയരത്തിൽ കൂടുകൂട്ടി ലക്ഷ്യം നഷ്ടപ്പെട്ടവനായിരുന്നെങ്കിലും, അയാളുടെ ഏകാന്തതയിലും ഒറ്റപ്പെടലിലും നസറായനായ യേശു കൂട്ടുണ്ടായിരുന്നു, ദാരിദ്ര്യവും. അതുകൊണ്ട്, ഫ്രാൻസിസ് രണ്ടാം ക്രിസ്തുവായി. യേശുവിന്റെ അഞ്ച് തിരുമുറിവുകൾ ഫ്രാൻസിസിൽ പതിഞ്ഞു. ഫ്രാൻസിസിന്റെ യാത്രകൾ എല്ലാവരെയും എല്ലാത്തിനെയും സഹോദരരാക്കി.
നാഗരിക സഞ്ചാരങ്ങളുടെ ജൈവനൈതികത
ആശിഷ് നന്ദി തന്റെ An Ambiguous Journey to the City എന്ന കൃതിയിൽ എഴുതുന്നു: “...ഒരുപക്ഷേ, ഈ നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ഭൂസഞ്ചാരികൾ സിഗ്മണ്ട് ഫ്രോയിഡും മോഹൻദാസ് കരംചന്ദ് ഗാന്ധിയുമായിരിക്കാം. ഇരുവരുടെയും കാര്യത്തിൽ, മഹത്തായ എല്ലാ യാത്രകളും ആരംഭിക്കുന്നത് ഒരാൾ കണ്ണുകളടച്ച് ഉള്ളിലേക്ക് നോക്കുമ്പോഴാണ്. നിർവചനപ്രകാരം, എല്ലാ ഭൂപ്രകൃതികളും മനസ്സിന്റെ ഭൂപ്രകൃതികളാണ്.”
മഹാത്മാഗാന്ധിയുടെ യാത്രകൾ—ചരിത്രപരമായി നിർണായകമായ ദണ്ഡിയാത്ര ഉൾപ്പെടെ—കൊളോണിയൽ വിരുദ്ധമായ ഒരു ഇന്ത്യയെ ആലേഖനം ചെയ്യാനും പുനർനിർമ്മിക്കാനും ശക്തിയുള്ളവയായിരുന്നു. മറ്റൊരു മഹായാത്രികനായ രവീന്ദ്രനാഥ ടാഗോർ, ഭാവനയുടെയും സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിന്റെയും ആന്തരിക അങ്കണങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ട് എഴുതുന്നു:
“പഴയ പാതകൾ നഷ്ടപ്പെടുന്നിടത്ത്,
അത്ഭുതങ്ങളാൽ നിറഞ്ഞ പുതിയൊരു ദേശം വെളിപ്പെടുന്നു.”
യാത്രകളുമായി ചേർന്നുനിൽക്കുന്ന മറ്റൊന്ന് അവ മനുഷ്യനെയും ജീവന്റെ ജൈവമണ്ഡലത്തെയും ആത്മീയമായും ധാർമികമായും പുനരുജ്ജീവിപ്പിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നു എന്നതാണ്. ബുദ്ധൻ ഒരു യാത്രികനായിരുന്നു; അദ്ദേഹം ബാഹ്യമായും ആന്തരികമായും സഞ്ചരിച്ചു. യേശുക്രിസ്തു ഒരു itinerant—നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരാൾ—എന്ന നിലയിൽ അറിയപ്പെട്ടിരുന്നു. യേശു പറയുന്നു: “കുറുനരികൾക്ക് ഗുഹകളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളും ഉണ്ട്; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല.” (മത്തായി 8:20)
ഇതുപോലെ തന്നെ, യാത്രകളെ മനുഷ്യവംശത്തിന്റെ നിരന്തരം കുടിയേറാൻ നിർബന്ധിക്കപ്പെടുന്ന ആത്മാവിനോടും ചൈതന്യത്തോടും ഉപമിക്കാം. ലോകത്തിലെ എല്ലാ പ്രധാന മതങ്ങളുടെയും ആദിമ ആഖ്യാനങ്ങളുടെ കാതലിൽ വീടില്ലായ്മയുടെയും അഭയാർത്ഥിത്വത്തിന്റെയും കുടിയേറ്റയാത്രകളുടെയും അനുഭവം നിലനിൽക്കുന്നതായി കാണാം .
വൈദേശിക ഭൂമിയിൽ സാംസ്കാരികമായ ഒരു അഭയം തേടിയ, അലഞ്ഞുതിരിയുന്ന ഒരു ജനതയായാണ് വൈദിക-ഉപനിഷദ് മതദാർശനിക പാരമ്പര്യം തങ്ങളുടെ ആഴമേറിയ ആത്മീയവും മതപരവുമായ അന്വേഷണത്തെ അനുഭവിക്കുന്നത്. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും വീട് നഷ്ടപ്പെടുന്നതിന്റെയും അഭയാർത്ഥികളായി മാറുന്നതിന്റെയും അതുല്യമായ ആഖ്യാനങ്ങളാണ്.
ഒരു മതപാരമ്പര്യമെന്ന നിലയിൽ യഹൂദമതത്തിന്റെ ആന്തരിക കാതലിൽ, സ്വന്തം ദേശം ഉപേക്ഷിച്ച് ജീവിക്കാനുള്ള ഇടം തേടി പുറപ്പെട്ട അബ്രഹാമിന്റെ കഥ നിലനിൽക്കുന്നു. പിന്നീട് അദ്ദേഹത്തിന്റെ പിൻതലമുറകൾ നിർബന്ധിതമായ ഒരു പുറപ്പാടിലൂടെ വാഗ്ദത്തഭൂമി തേടിയ അഭയാർത്ഥികളായി മാറുന്നു. നസറത്തിലെ യേശു ഒരു അഭയാർത്ഥിയായാണ് ജനിച്ചത്; ക്രിസ്തുമതം പ്രവാസത്തിലെ ഒരു രാജ്യമായിരുന്നു, അതിന്റെ അംഗങ്ങൾ ജീവൻ രക്ഷിക്കാനായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടിക്കൊണ്ടിരുന്നു. ബുദ്ധമതം നിരന്തരം സഞ്ചരിക്കുന്ന ഒരു ആത്മീയ മതബോധത്തിന്റെ ഇടമാണ് അടയാളപ്പെടുത്തുന്നത് . സംഘം അടിസ്ഥാനപരമായി ഒരു അഭയകേന്ദ്രമായിരുന്നു. പിന്നീട്, ബുദ്ധമതം അത് ഉദ്ഭവിച്ച സ്വന്തം ദേശത്തുനിന്നുതന്നെ പ്രവാസത്തിലേക്ക് നീക്കപ്പെട്ടു.
സമകാലിക രാഷ്ട്രീയ സൈദ്ധാന്തികരും ദാർശനികരും പറയുന്നത്, ആധുനികവും ഉത്തരാധുനികവുമായ മനുഷ്യന്റെ പ്രതീകം കുടിയേറ്റക്കാരന്റേതാണെന്നാണ്; അല്ലെങ്കിൽ അഭയാർഥിയുടേത്. “പുരാതന ലോകത്തിൽ യുദ്ധവും തട്ടിക്കൊണ്ടുപോകലും മൂലം മനുഷ്യരെ അവരുടെ പ്രദേശങ്ങളിൽനിന്ന് പുറത്താക്കുകയായിരുന്നു; മധ്യകാല ലോകത്തിൽ ഭൂമിയോട് അവരെ ബന്ധിച്ചിരുന്ന പൊതുവായ ആചാരനിയമങ്ങളുടെ നീക്കം ചെയ്യലും ഭൂമിയുടെ വേലിക്കെട്ടലും അവരെ പുറത്താക്കി; ആധുനിക ലോകത്തിൽ സ്വകാര്യസ്വത്തിന്റെ മൂലധനസഞ്ചയമാണ് അവരെ പുറത്താക്കിയത്. സംസ്ക്കാരങ്ങളുടെ ഓരോ യാത്രാസമന്വയങ്ങളും ചരിത്രപരമായി സവിശേഷമാണെങ്കിലും, അവയ്ക്കെല്ലാം പൊതുവായ ഒരു സാമൂഹിക ചലനാത്മക സ്വഭാവമുണ്ട് . സമകാലിക കുടിയേറ്റം ഈ പൈതൃകത്തിന്റെ ഭാഗമാണ്. ഇന്ന് വ്യാവസായിക കൃഷി കുടിയേറ്റ കർഷകത്തൊഴിലാളികളെ അവരുടെ ഇടങ്ങളിൽനിന്ന് പുറത്താക്കുന്നു; യുദ്ധം തദ്ദേശീയ ജനവിഭാഗങ്ങളെ അവരുടെ ജന്മഭൂമിയിൽനിന്ന് പുറത്താക്കി മലകളിലേക്കും കാടുകളിലേക്കും ‘പാഴ്‌ഭൂമികളിലേക്കും’ നിർബന്ധിതമായി നീക്കുന്നു; കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സമുദ്രനിരപ്പുയർച്ച ദ്വീപുവാസികളെ അവരുടെ പ്രദേശങ്ങളിൽനിന്ന് പുറത്താക്കുന്നു.”
ഇതിന്റെ ചെറുരൂപങ്ങളായ, ഓരോ ദൈനംദിന യാത്രകളും കത്തുന്ന പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെ മഥനപൂർണ്ണമായ പ്രാർത്ഥനയുടെയും ഇടയിലൂടെയുള്ള ഒന്നാണ്. പച്ചപ്പാർന്ന മേച്ചിൽപ്പുറങ്ങൾ അവർക്കു കാണാനായേക്കാം; കാണാനാകാതെയും വരാം. എന്നിരുന്നാലും, യാത്രകൾ തുടർന്നുകൊണ്ടേയിരിക്കണം. സ്വയം തിരിച്ചറിയാനും അപരനെ തിരിച്ചറിയാനുമായി മുന്നേറുന്ന ഈ യാത്രകളോടൊപ്പം പ്രതീക്ഷയുടെയും വാഗ്ദാനങ്ങളുടെയും പേടകം ഒഴുകിക്കൊണ്ടിരിക്കണം. അത്തരമൊരു സഞ്ചാരത്തെക്കുറിച്ച് രാമചന്ദ്ര ഗാന്ധി നമ്മെ ഓർമ്മിപ്പിക്കുന്നു:
“ആധുനികതയോടും അതുപോലെ തന്നെ ‘പാരമ്പര്യത്തോടും’ ഗാന്ധിയുടെ സവിശേഷമായ സംഭാവന, അലഞ്ഞുനടക്കലിന്റെ (nomadism) ആത്മീയ സത്യത്തെ ഉൾക്കൊള്ളുന്ന ഒരു നടത്തത്തിന്റെ ദർശനമാണ്. പഴയതോ പുതിയതോ ആയ എല്ലാ സംസ്കാരങ്ങളും ഗണ്യമായി മറന്നുപോയ ഒന്നാണിത്. യാചകന്റെ ഭിക്ഷാടനമല്ല അത്; മറിച്ച് സത്യാഗ്രഹത്തിന്റെ ചലച്ചിത്രസമാനമായ ഊർജ്ജസ്വലമായ നടത്തമാണ്—ചാപ്ലിനെപ്പോലെ, ഉത്കണ്ഠകളില്ലാത്തതും അതേസമയം അതിവേഗം മുന്നോട്ടുപോകുന്നതുമായത്.”
ദാർശനികരുടെയും ശാസ്ത്രജ്ഞരുടെയും കാര്യത്തിൽ, ഇമ്മാനുവൽ കാന്റ്, നീഷെ, ലുഡ്വിഗ് വിറ്റ്ഗൻസ്റ്റൈൻ, ഐൻസ്റ്റൈൻ എന്നിവർ നിരന്തര സഞ്ചരികളായ ദാർശനികരായിരുന്നു. തങ്ങളിലുള്ള സംവാദരഹിതമായ ആത്മദർശനങ്ങളെ (undialogical self-perspectives) ചോദ്യം ചെയ്യാനും, അവയെ വിഷമുക്തമാക്കാനും, പുനർനിർമ്മിക്കാനും അവർ നടത്തത്തെ ഒരു മാർഗമായി ഉപയോഗിച്ചു. ദർശനത്തിന്റെ ആത്മാവായ അന്വേഷണത്തിന്റ ചാലകശക്തിയും അഭയം തേടിയുള്ള യാത്ര തന്നെയാണ്. നീഷെ ഒരു ഉത്സുകനായ യാത്രികനായിരുന്നു . തുടക്കത്തിൽ അദ്ദേഹത്തെ തളർത്തിയിരുന്ന മൈഗ്രെയ്ൻ-ന്റെ വേദന ഒഴിവാക്കാനുള്ള ഒരു മാർഗമായാണ് അദ്ദേഹം നടത്തത്തെ ഉപയോഗിച്ചിരുന്നത്. പിന്നീട്, നദികളുടെയും വനങ്ങളുടെയും തടാകങ്ങളുടെയും ആൽപ്സ് പർവതനിരകളുടെയും അരികിലൂടെ നടത്തിയ ദീർഘനടത്തങ്ങൾ തന്റെ ചിന്തയെ ഉത്തേജിപ്പിക്കുന്നതായി അദ്ദേഹം കണ്ടെത്തി.
ആത്മാന്വേഷണങ്ങളുടെ ഈ അഭയാർത്ഥി പ്രവാഹത്തിൽ ഡോസ്‌റ്റോയെവസ്കി തൊട്ടു കസൻദ് സാക്കീസും വാങ്കോഗും തർക്കോവ്സ്‌കിയും എണ്ണമില്ലാത്ത എഴുത്തുകാരും കവികളും ചിത്രകാരന്മാരും പെടും. ഫ്രാൻസിസിനെപ്പോലെ യേശുവിന്റെ മുറിവുകൾ ശരീരത്തിലും മനസ്സിലും വഹിക്കുന്നവർ. എല്ലാ യാന്ത്രികതകൾക്കും സ്ഥാവര യുക്തികൾക്കും ഉപരിയായി ജീവന്റെ അടയാളങ്ങൾ ആവാൻ വിളിക്കപ്പെട്ടവർ. തീർത്ഥാടക സഭയ്ക്കൊപ്പം അഭയാർത്ഥികളുടെ സഭ. ‘പുണ്യവാന്മാരുടെ ഐക്യത്തിൽ’ എന്ന വിശ്വാസപ്രമാണ സത്യം സാക്ഷാത്കരിക്കപ്പെടുന്നത് ഒരുപക്ഷേ, നൈയാമിക സഭയ്ക്കൊപ്പം നാഗരികതകളുടെ അഭയാർത്ഥി സഭ കൂടിക്കലരുന്നിടത്താവാം.
പ്രൊഫ പയസ് വി തോമസ്,
അസം യൂണിവേഴ്സിറ്റി
















































































































