top of page

മനോനിലയും വ്യക്തിത്വവും

Writer: ടോം മാത്യു
ടോം മാത്യു
Sep 15
2 min read

പ്രസാദത്തിലേക്ക് 14 പടവുകള്‍

Illustration of Mind


വിഷാദരോഗ ( depression‑) ത്തിനും അതിന്‍റെ അതിതീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder‑) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച മനോനില ചിത്രണം (mood mapping‑) പൂര്‍ത്തിയായ ശേഷം നാം അനുബന്ധമായി മനോനില( mood) യെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണ് . മനോനില അഥവാ 'മൂഡ്' വ്യക്തിത്വവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്.

നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളുണ്ടെന്ന് നാം നേരത്തേ കണ്ടു കഴിഞ്ഞുവല്ലോ. അവ ഓരോന്നും മനോനില ( mood ‑) യോട് പ്രതികരിക്കുന്നതും വ്യത്യസ്തമായാണ് അത് എങ്ങിനെയെന്ന് നമുക്ക് പരിശോധിക്കാം.


ശക്തമായ ബഹിര്‍മുഖ വ്യക്തിത്വം


മനോനില ചിത്രണത്തില്‍ അഥവാ മൈന്‍ഡ് മാപ്പി( mind map ‑) ല്‍ ഊര്‍ജസ്വലതയുടെ ഭാഗത്താണ് ഇത്തരം വ്യക്തിത്വമുള്ളവരുടെ സ്ഥാനം. നിങ്ങളുടെ ഊര്‍ജസ്വലത ഒരു 'പകര്‍ച്ചവ്യാധി ' യാണ് . അത് കൂടെയുള്ളവരെയും ഊര്‍ജസ്വലരാക്കും. പ്രസാദാല്‍മകവും ബഹിര്‍മുഖവുമായ നിങ്ങളുടെ വ്യക്തിത്വം അനായാസം മറ്റു ഉള്ളവരുടെ മേല്‍ ആധിപത്യം ചെലുത്തും. നിങ്ങള്‍ നിങ്ങളുടെ


പ്രസാദാല്‍മക മനോനില നിങ്ങള്‍ക്കൊപ്പമുള്ളവരിലേക്കും പകരും. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളുടെ മനോനിലയെക്കുറിച്ച് അത്രയൊന്നും ആലോചിക്കാറില്ല. സ്വന്തം കര്‍ത്തവ്യം യഥാവിധി എത്രയും പെട്ടെന്ന് ചെയ്യുക എന്നതില്‍ ബദ്ധശ്രദ്ധരാണ് നിങ്ങള്‍. അത് പക്ഷേ നിങ്ങളെ കുറച്ചൊന്ന് ക്ഷീണിപ്പിച്ചേക്കാം. കാരണം മനസ് പറയുന്നതിന് നിങ്ങള്‍ അത്രയൊന്നും കാതു കൊടുക്കാറില്ലല്ലോ. വിരാമമില്ലാത്ത അധ്വാനത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കുറ്റബോധം തോന്നും എന്നാലും ആവശ്യമായ അധ്വാനത്തെക്കുറിച്ച് അല്‍പ്പവും ചിന്തിക്കാതെ ദിനചര്യ ജോലികള്‍ കൊണ്ട് നിറയ്ക്കും


ദുര്‍ബല ബഹിര്‍മുഖ വ്യക്തിത്വം


സജീവരാണ്  ഇക്കൂട്ടര്‍. ഉദാരരും. പക്ഷേ മനോനിലയ്ക്ക്  അഥവാ മൂഡിന്, പ്രത്യേകിച്ച് മറ്റു ഉളവരുടെ മനോനിലയ്ക്ക്  അവര്‍ വലിയ പരിഗണന നല്‍കുന്നു . അവര്‍ അവരുടെ മനോനില മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ അനുവദിക്കുന്നില്ല. അതേസമയം ഒപ്പമുള്ളവരുടെ ഉത്ക്കണ്കളില്‍ അവരെ ശാന്തരാക്കാനും നൈരാശ്യത്തില്‍ ഊര്‍ജസ്വലത പകരാനും  അവര്‍ ശ്രമിക്കുന്നു. സ്വന്തം മനോനിലയെക്കുറിച്ച് അവരത്രയൊന്നും പരിഗണിക്കുന്നില്ല. കാരണം സ്വിവ്യേ പ്രശ്നങ്ങള്‍ പറയാനും പരിഹാരം തേടാനും അവര്‍ ആരെയെങ്കിലും കണ്ടെത്തുന്നു. എങ്കിലും ഒറ്റപ്പെടുകയോ പിന്തുണക്കുന്നവരെ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ അവര്‍ വിഷമതകള്‍ അനുഭവിക്കുകയും ചെയ്യുന്നു. സജീ വരും ഉദാരരുമായതിനാല്‍ അവര്‍ ശാന്തത ഇഷ്ടപ്പെടുന്നു.


ശക്തമായ അന്തര്‍മുഖ വ്യക്തിത്വം


ശാന്തരും പ്രതിസന്ധികളിലും ശാന്തത കാത്തുസൂക്ഷിക്കുന്നവരുമാണ് നിങ്ങള്‍. നിങ്ങളുടെ മനോനിലയെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ട് എങ്കിലും ഏത് മനോനിലയിലും നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നു. അത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്നു. എങ്കിലും അവരവരെക്കുറിച്ച് നിങ്ങള്‍ പുലര്‍ത്തുന്ന ഉന്നതമായ മതിപ്പ് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പ്രത്യേകിച്ച് നിങ്ങള്‍ നിശ്ചയിച്ച നിലവാരത്തിനനുസരിച്ച് നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍. ചെയ്ത കാര്യങ്ങള്‍ വേണ്ടത്ര ശരിയായില്ലെന്ന തോന്നലില്‍ വീണ്ടും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് നിങ്ങളെ നിരന്തരം ദുര്‍ഘടസന്ധിയിലാക്കും. സംസാരിക്കുന്നതിനേക്കാള്‍ ചിന്തിക്കുന്നവരാകയാല്‍ നിങ്ങള്‍ ഉള്‍വലിഞ്ഞവരായി കാണപ്പെടും. പൊതുവെ ശാന്തരായ നിങ്ങള്‍ ചുറ്റുമെന്ത് സംഭവിച്ചാലും സ്വന്തം ജോലി തുടരും.


ദുര്‍ബല അന്തര്‍മുഖ വ്യക്തിത്വം


നാല് അടിസ്ഥാന വ്യക്തിത്വങ്ങളില്‍ മനോനിലയുടെ ഏറ്റവും വലിയ ഇരകള്‍ ദുര്‍ബല അന്തര്‍മുഖ വ്യക്തിത്വങ്ങളത്രെ. അവര്‍ തങ്ങളുടെയും തങ്ങളുടെ ചുറ്റുമു ഉളവരുടെയും മനോനിലയ്ക്ക്  വലിയ പരിഗണന നല്‍കുന്നു. സഹാനുഭൂതിയുള്ളവരാണ് അവര്‍. എന്നാല്‍ അന്തര്‍മുഖത്വം മൂലം അവര്‍ ഉള്‍വലിഞ്ഞ് നില്‍ക്കുന്നു,  പ്രത്യേകിച്ച് പ്രതികൂല അവസ്ഥകളില്‍. അവരുടെ മനോനില, ഉല്‍ക്കണ്ഠയായാലും വിഷാദമായാലും പലപ്പോഴും അതിരു കവിയുന്നു. അതവരെ തളര്‍ത്തുന്നു. അവര്‍ നിഷ്ക്രിയത്വത്തിലേക്ക്, ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്ക് വീഴ്ത്തുന്നു. ഇക്കൂട്ടര്‍ സ്വന്തം മനോനിലയെ ക്രിയാല്‍മകമായി കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്. ചുറ്റുപാടുകളുടെ മൂഡ് അനുസരിച്ച് പെരുമാറാനും സ്വന്തം മനോനില ക്രിയാല്‍ മകമാക്കാനും അവര്‍ ശ്രമിക്കേണ്ടതുമുണ്ട്.

(തുടരും)

മനോനിലയും വ്യക്തിത്വവും

ടോം മാത്യു

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2026

bottom of page