കരുതലിലാണു കരുത്ത്


ഉച്ചയൂണുംകഴിഞ്ഞു പള്ളിമുറ്റത്തുനില്ക്കുമ്പോള് മതിലിനുപുറത്ത് റോഡ്സൈഡില് ഒരുകാറുവന്നു നിര്ത്തുന്നതുകണ്ടു. അതില്നിന്നിറങ്ങിയ സ്ത്രീ, മുറ്റത്തേക്കുകയറിവന്ന് അല്പം പരുങ്ങലോടെ ചുറ്റും നോക്കുന്നതുകണ്ടപ്പോള് എന്തെങ്കിലും ചോദിച്ചറിയാനായിരിക്കുമെന്നു പ്രതീക്ഷിച്ച് അവരെ ശ്രദ്ധിച്ച് ഞാനവിടെത്തന്നെനിന്നു. അതുമനസ്സിലായതുകൊണ്ടാകണം അവരടുത്തുവന്നു.
"ഇതു ധ്യാനമന്ദിരമാണോ ഫാദര്?"
"അല്ല, ഇതു ഞങ്ങളുടെആശ്രമമാണ്. ധ്യാനത്തിനു വന്നതാണോ?"
ധ്യാനത്തിനല്ല, ധ്യാനിപ്പിക്കുന്ന ഒരച്ചനെക്കാണാനാണു വന്നതെന്നും, ആ അച്ചന്റെ പേരും പറഞ്ഞപ്പോള് അവര്ക്കു തെറ്റുപറ്റിയതാണെന്നു മനസ്സിലായി. പത്തുപതിനഞ്ചു കിലോമീറ്ററകലെയുള്ള ഒരു ധ്യാനമന്ദിരമായിരുന്നു അവരുദ്ദേശിച്ചത്. അവിടെയെത്താനുള്ള വഴിയെല്ലാം പറഞ്ഞുകൊടുത്തു കഴിഞ്ഞിട്ടും അവരു പിന്നെയും പോകാന് മടിച്ചുനിന്നു.
"ഫാദര് ധ്യാനിപ്പിക്കുന്ന ആളാണോ?"
ധ്യാനിപ്പിക്കാറുണ്ടെന്നു പറഞ്ഞപ്പോള്, ഉടനെവരാമെന്നുപറഞ്ഞ് അവരു കാറിനടുത്തേക്കുപോയി. അവരു തിരിച്ചുവരാന് വൈകി. വന്നപ്പോള് വല്ലാതെ അസ്വസ്ഥമായിരുന്നു അവരുടെ മുഖം.
"ഫാദര്, ഇവിടെ പ്രാര്ത്ഥിച്ചു പ്രശ്നങ്ങളൊക്കെ മാറ്റുന്ന അച്ചന്മാരാരെങ്കിലുമുണ്ടോ?"
അവരെ ആരോ അങ്ങനെ മോഹിപ്പിച്ചു വിട്ടതായിരിക്കുമല്ലോ എന്നോര്ത്തപ്പോള് അവരോടു പറയാന്വന്നതൊക്കെ ഉറക്കെയൊരു ചിരിയില് ഒതുക്കി. അതുകണ്ടിട്ട് അവരുനിന്നു പരുങ്ങുന്നതുകണ്ടപ്പോള് ടെന്ഷന് മാറ്റാന്വേണ്ടി ഞാന് ചോദിച്ചു:
"നിങ്ങള് ഊണു കഴിച്ചതാണോ?"
അവരതിനുത്തരമൊന്നുംപറയാതെ എന്നെത്തന്നെ നോക്കിനിന്നപ്പോള് ഉള്ളുകൊണ്ടവരെന്നെ ശപിക്കുകയായിരിക്കും എന്നു ഞാനൂഹിച്ചു. അങ്ങനെ വെറുപ്പോടെ അവരു പോകാതിരിക്കാന്വേണ്ടി ഞാനവരെ വിളിച്ചുകൊണ്ട് കാഴ്ചമുറിയിലേക്കുപോയി. ഭക്ഷണമോ കുടിക്കാനോ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അവരതു നിരസിച്ചു. അവരാവശ്യപ്പെട്ട കാര്യം എനിക്കു തീരെ വശമില്ലാതിരുന്നതുകൊണ്ട് എത്രയുംവേഗം അവരെ പറഞ്ഞുവിടാനുറച്ച്, വീട് എവിടെയാണെന്നുമാത്രം ചോദിച്ചു. രണ്ടുമണിക്കൂറെങ്കിലും യാത്ര അകലെയുള്ള സ്ഥലമാണവരു പറഞ്ഞത്.
"ഇത്രയുംദൂരം ഓടിവന്നിട്ട് ഇവിടെ ആരെയെങ്കിലും കാണുന്നതിനേക്കാളും, നിങ്ങളന്വേഷിച്ചുവന്ന ആ അച്ചനെത്തന്നെചെന്നു കാണുന്നതല്ലേ നല്ലത്, ഇവിടെനിന്നും അരമണിക്കൂര് കൊണ്ട് എത്താവുന്ന ദൂരമേയുള്ളുതാനും."
ആശ്രമത്തില്നിന്നും ഭക്ഷണംകഴിക്കാനുള്ള മടികൊണ്ടാണെങ്കില് അവര് പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കു പോകുന്നവഴിക്കുതന്നെയുള്ള നല്ല രണ്ടുമൂന്നു ഹോട്ടലുകളുടെ പേരും പറഞ്ഞുകൊടുത്തപ്പോള് അവരുടെ മുഖത്തെ പേശികള് അല്പമൊന്നയഞ്ഞു.
"എത്രദൂരമായാലും എനിക്കു കുഴപ്പമില്ലായിരുന്നു ഫാദര്. പക്ഷേ അവന് സമ്മതിക്കുന്നില്ല."
'അവന്' ആരാണെന്നു മനസ്സിലായില്ലെങ്കിലും മകനായിരിക്കും എന്നും, കഥാപാത്രം കാറില്തന്നെ ഉണ്ടായിരിക്കും എന്നും ഊഹിച്ചു. കൂടുതലൊന്നും ചോദിക്കാന്പോയില്ല. അപ്പോഴേക്കും രണ്ടുമൂന്നുതവണ കാറിന്റെ ഹോണടി ഞാന് കേട്ടിരുന്നു.
"ടാക്സിക്കാറാണോ, വണ്ടിക്കാരന് തിരക്കിലാണെന്നു തോന്നുന്നു, തെരുതെരെ ഹോണടിക്കുന്നുണ്ടല്ലോ."
"ഞങ്ങളുടെ കാറുതന്നെയാണ്, അവന് തന്നെയാണ് ഓടിക്കുന്നതും."
സംസാരത്തില്നിന്നും 'അവന്' മകന്തന്നെയാണെന്ന് ഏതാണ്ടുറപ്പായി.
"ഇങ്ങോട്ടു വിളിച്ചാല് ഞാനവനോടൊന്നു പറഞ്ഞുനോക്കാം."
"അവന് അച്ചന്മാരെയാരേയും ഇഷ്ടമില്ല. അവന്റെ കാര്യത്തിനുവേണ്ടിത്തന്നെയാണു ഞാന്വന്നത്. അതു പറയാതെ, എനിക്കൊരച്ചനെക്കാണാനാണെന്നും പറഞ്ഞാണുപോന്നത്. ഡ്രൈവറെയും കൂടെകൂട്ടി വരാനിരുന്നതായിരുന്നു. അവന് സമ്മതിച്ചില്ല. അവനു ഡ്രൈവിങ്ങു ഭയങ്കര ഹരമാണ്. നല്ല ഡ്രൈവിങ്ങുമാണ്. ഇവിടെത്താറായപ്പോള്, ഞാന് കാണാന്പോകുന്ന അച്ചന് അവനെയുംകൂടെ കാണണമെന്നുപറഞ്ഞാല് ഇറങ്ങിവരണമെന്നു ഞാന് പറഞ്ഞപ്പോള്മുതല് ഉടനെ തിരിച്ചുപോയേക്കാമെന്നുപറഞ്ഞു വഴക്കുതുടങ്ങിയതാണ്. അതുകൊണ്ടാണ് ഊണുപോലും കഴിക്കാതിരുന്നത്."
"നിങ്ങള്ക്ക് എത്ര മക്കളുണ്ട്."
"മൂന്നുപേര്, ഇവനാണു മൂത്തത്. ഞങ്ങളെല്ലാം ഗള്ഫിലായിരുന്നു ഫാദര്. ഹസ്ബന്റും രണ്ടുമക്കളും ഇപ്പോഴും അവിടെത്തന്നെയാണ്. ഞാന് നേഴ്സാണ്. എനിക്കും അവിടെ നല്ലജോലിയുണ്ടായിരുന്നതു കളഞ്ഞിട്ട് ഇവന്കാരണം ആറുമാസംമുമ്പു തിരിച്ചുപോന്നതാണ്. ഇളയമക്കള് അവിടെ പഠിക്കുന്നതുകൊണ്ട് ഹസ്ബന്റിന്റെ അമ്മ അങ്ങോട്ടുപോയി. ഇവന് ഭയങ്കര സ്മാര്ട്ടായിരുന്നു ഫാദര്, പഠിക്കാനും കമ്പ്യൂട്ടറിലുമൊക്കെ. ഇപ്പോള് ഉഴപ്പുകാരണം കോളേജില്നിന്നു സസ്പെന്ഡു ചെയ്തിരിക്കുകയാണ്. ഹസ്ബന്റു വിളിച്ചുപറഞ്ഞിട്ടാണു ഞാനിപ്പോള് ഈ അച്ചനെക്കാണാന് വന്നത്."
ഇടയ്ക്കിടെ പിന്നെയും ഹോണടി കേട്ടപ്പോള് അവര് വല്ലാതെ അസ്വസ്ഥയാകുന്നുണ്ടായിരുന്നു. തൊണ്ടയിടറി അവരിത്രയും പറഞ്ഞതുകേട്ടപ്പോള് എനിക്കു വിഷമംതോന്നി.
"അവന്റെ പേരെന്താണ്. ഇത്രയും ദൂരംവന്നിട്ടു വെറുതെ തിരിച്ചു പോകരുതല്ലോ. ഞാനവനോടൊന്നു പറഞ്ഞുനോക്കട്ടെ."
അവരെന്തോ തടസ്സംപറയാന്തുടങ്ങിയിട്ടും അതുശ്രദ്ധിക്കാതെ ഞാന് പുറത്തേക്കുനടന്നപ്പോള് അവര് അവന്റെ പേരു വിളിച്ചു പറഞ്ഞു. ഞാന് വണ്ടിക്കടുത്തുചെന്നത് അവനറിഞ്ഞില്ല. വണ്ടിയുടെ എന്ജിന് ഓണായിരുന്നതുകൊണ്ട് എസി ഇട്ടിരിക്കുകയാണെന്നു മനസ്സിലായി. ഡ്രൈവിങ്സീറ്റില് ചാഞ്ഞിരുന്ന് ലാപ്ടോപ്പില് എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവന്. ഞാന്മുട്ടിയപ്പോള് ഷട്ടറുതാഴ്ത്തി. ഞാന് ഇവിടുത്തെ ഒരച്ചനാണെന്നും എന്റെ പേരും പറഞ്ഞു. അവരു പോകാനുദ്ദേശിച്ചിടത്തേക്കു ദൂരക്കൂടുതലായതുകൊണ്ട് തിരിച്ചുപോവുകയാണെന്ന് അമ്മപറഞ്ഞെന്നും ഇറങ്ങിവന്നാല് അല്പം എന്തെങ്കിലുംകുടിച്ചിട്ടു പോകാമെന്നുംപറഞ്ഞിട്ടും അവന് ലാപ്ടോപ്പില്നിന്നും കണ്ണെടുത്തില്ല. പരാജയംസമ്മതിച്ചു തിരിച്ചു പോന്നാലോ എന്നാലോചിച്ചപ്പോഴേക്കും വെറുതെയൊരു ബുദ്ധി തോന്നി.
"വാസ്തവത്തില് ഞാനിപ്പോള് വന്നത് ഇദ്ദേഹത്തോട് ഒരു ചെറിയ സഹായംകൂടെ ചോദിക്കാനായിരുന്നു. മകന് കമ്പ്യൂട്ടര് എക്സ്പേര്ട്ടാണെന്ന് അമ്മപറഞ്ഞു. വലിയ പഴക്കമില്ലാത്ത എന്റെയൊരു ലാപ്ടോപ് കംപ്ലെയ്ന്റായിട്ടു പലപ്രാവശ്യം റിപ്പയറുചെയ്തിട്ടും പിന്നെയും പ്രശ്നമുണ്ടാക്കുന്നു. ഇദ്ദേഹത്തിന്റെ മടിയിലിരിക്കുന്ന ലെനോവോ കമ്പനിയുടേതു തന്നെയാണ് എന്റെ ലാപ്ടോപ്പും. ഒന്നു നോക്കാമോ, പറ്റുമെങ്കില്മതി."
അവന് എന്റെമുഖത്തേക്ക് അല്പനേരം സൂക്ഷിച്ചുനോക്കി. പോയി വേറെപണിനോക്കാന് അവന് പറയുമെന്നു ഞാന് പ്രതീക്ഷിച്ചു. പക്ഷേ, എന്റെമുഖത്തെ ആ 'പാവംലുക്ക്' കണ്ടിട്ടാവാം, അവന് ലാപ്ടോപ് ഷട്ട്ഡൗണ്ചെയ്തു. വണ്ടി അകത്തുകയറ്റി തണലിലിടാമെന്നു പറഞ്ഞപ്പോള് അവന് വണ്ടി മുറ്റത്തേക്കു കയറ്റിക്കൊണ്ടുവന്നു. ഒട്ടുംപ്രതീക്ഷിക്കാതെ വണ്ടി മുറ്റത്തെത്തിയപ്പോള് അന്തംവിട്ട് അമ്മ നില്പുണ്ടായിരുന്നു. ലാപ്ടോപ് എടുത്തുകൊടുത്താല് അവന് വണ്ടിയില്തന്നെയിരുന്നു നോക്കാമെന്നു പറഞ്ഞപ്പോള്, ചാര്ജുതീര്ന്നിരിക്കുകയായതുകൊണ്ട് മുറിയിലിരുന്നു ചാര്ജ്ജുചെയ്തുകൊണ്ടു നോക്കാമെന്നു ഞാന് പറഞ്ഞത് മനസ്സില്ലാമനസ്സോടെ അവന് സമ്മതിച്ചു. ഉടനെയങ്ങും അതു ശരിയാകരുതെ എന്നു പ്രാര്ത്ഥിച്ചുകൊണ്ട് മുറിയിലെത്തി ഞാന് ലാപ്ടോപ് അവന്റെ മുമ്പില്വച്ചു. കംപ്ലെയിന്റ് എന്താണെന്നു പറഞ്ഞപ്പോള് അവന് പണിതുടങ്ങി. ഒരുകപ്പു കാപ്പിയും കൊണ്ടുചെന്നുകൊടുത്ത്, എന്റെ മൊബൈല്നമ്പരും കൊടുത്തിട്ട് അമ്മയോടല്പം സംസാരിച്ചുകൊണ്ടു ഞാന് പുറത്തുതന്നെയുണ്ടാകും എന്നുപറഞ്ഞപ്പോള് അവന് എതിരൊന്നും പറഞ്ഞില്ല. ഞാന് പുറത്തുചെല്ലുമ്പോള് അമ്മ ആകാംക്ഷയോടെ നില്പുണ്ടായിരുന്നു.
"അവന് പോകാന് സമ്മതിച്ചോ അച്ചാ?"
"പറയാറായിട്ടില്ല, ഞാനവനോടതു ചോദിച്ചുമില്ല, തല്ക്കാലം അവന്റെ മൂഡൊന്നു മാറാനൊരു പണി ഞാന് കൊടുത്തിട്ടുണ്ട്."
"ഇങ്ങനെയൊന്നുമല്ലായിരുന്നച്ചാ അവന്. ശരിക്കും മാലാഖാപോലത്തെ കൊച്ചായിരുന്നു. എന്തിനും കൊള്ളാമായിരുന്നച്ചാ. ഗള്ഫിലായിരുന്നപ്പോള് പള്ളിയിലെ കൊയറിന്റെ ലീഡറായിരുന്നു. നന്നായിട്ടു പാടും. അഞ്ചാംക്ലാസ്സുമുതല് സ്ഥിരം കുര്ബ്ബാനയ്ക്കും കൂടുന്നുണ്ടായിരുന്നച്ചാ. വീട്ടില്വന്നാലും അത്ര ചിട്ടയുണ്ടായിരുന്നു. ഞങ്ങളുരണ്ടും ജോലിക്കുപോയിരുന്നതുകൊണ്ട്, ഇളയരണ്ടുപേരുടെയും കാര്യത്തിലും ഇവന് അതുപോലെ ശ്രദ്ധയുമുണ്ടായിരുന്നതാണ്. അതെല്ലാം പോയിട്ടിപ്പോള് പള്ളീലും പോകത്തില്ല, പഠിക്കത്തുമില്ല, കമ്പ്യൂട്ടറും മൊബൈലും കമ്പനികൂടലും മാത്രം."
"വിശദമായ കാര്യങ്ങളൊക്കെ, അവിടെപോകാന് അവന് സമ്മതിച്ചാല് ആ അച്ചനോടു പറഞ്ഞാല്മതി. എന്നാലും ഒരുസംശയം തീര്ക്കാന്വേണ്ടി, നിങ്ങള് പറഞ്ഞതില് കണക്ഷന് കിട്ടാത്ത ഒരുഭാഗത്തെപ്പറ്റി ഒന്നറിയാനാണ്. ഗള്ഫിലാണു പഠിച്ചുകൊണ്ടിരുന്നതെന്നു പറഞ്ഞിട്ട് നാട്ടിലിവന് ഉഴപ്പിയെന്നു പറഞ്ഞതു മനസ്സിലായില്ല."
"സോറി അച്ചാ."
അതുവരെയുണ്ടായിരുന്നു 'ഫാദര്' പ്രയോഗം മാറി 'അച്ചാ' വിളി തുടങ്ങിയപ്പോള് അവരുടെ ടെന്ഷന് കാര്യമായ അയവുവന്നു എന്നുറപ്പായി.
"ടെന്ത് സ്റ്റാന്ന്റേഡ് കഴിഞ്ഞപ്പോള് അവനെ നാട്ടിലേക്കു കൊണ്ടുപോന്നച്ചാ. അവന് അത് ഒട്ടും ഇഷ്ടവുമില്ലായിരുന്നു. എനിക്കും അതുതീരെ താത്പര്യമില്ലായിരുന്നു. ഹസ്ബന്റ് ഒറ്റയാളിന്റെ നിര്ബ്ബന്ധംകൊണ്ടാണ് നാട്ടിലേക്കവനെ കൊണ്ടുപോന്നത്. സത്യത്തില് പുള്ളിക്കാരന്റെ സ്നേഹംകൊണ്ടും പേടികൊണ്ടുമായിരുന്നച്ചാ അങ്ങനെ വാശിപിടിച്ചത്. ഇവന് കൊച്ചായിരിക്കുമ്പോള് മുതല് ഏറോപ്ലെയിന് ഭ്രാന്തനായിരുന്നു. അഞ്ചാംക്ലാസ്സുമുതല് എപ്പോഴുംപറയുമായിരുന്നു പൈലറ്റാകണമെന്ന്. സത്യംപറഞ്ഞാലച്ചാ, ഗള്ഫില് ജോലിയായിട്ടു പത്തിരുപത്തഞ്ചു വര്ഷമായെങ്കിലും, ഭര്ത്താവിന് ഇപ്പോഴും ഏറ്റവും പേടി വിമാനയാത്രയാണ്. വിമാനയാത്ര ഭയന്ന് അവധിക്കു നാട്ടില്വരുന്നതുപോലും മുടക്കിയിട്ടുണ്ട്. അതുകൊണ്ട് അവനെ, പൈലറ്റല്ലാതെ വേറെ എന്തെങ്കിലും പ്രൊഫഷന് നിര്ബ്ബന്ധിക്കുമായിരുന്നു. അതിന് പുള്ളിക്കാരന് കണ്ടുപിടിച്ച ഒരു ട്രിക്കായിരുന്നു, നാട്ടിലെ വലിയപേരുള്ള ഈ സ്ഥാപനത്തില് പ്ലസ്റ്റൂവിന് അഡ്മിഷന് വാങ്ങിയത്. പഠിത്തത്തില് നല്ലമിടുക്കനായിരുന്നതുകൊണ്ട് ഈ സ്ഥാപനത്തില്നിന്നും പഠിച്ചിറങ്ങുമ്പോളേക്കും അവന്റെ മനസ്സുമാറുമെന്നും അവനൊരു എന്ജിനീയറോ ഡോക്ടറോ ആകുമെന്നും വലിയപ്രതീക്ഷയായിരുന്നു ഹസ്ബന്റിന്. അതിനുള്ള എല്ലാ സംവിധാനങ്ങളും ഈ സ്ഥാപനത്തിലുണ്ടുതാനും. സത്യത്തില് അവനോടുള്ള ഭയങ്കരസ്നേഹംകൊണ്ടാണ് പുള്ളിക്കാരന് അങ്ങനെ ചെയ്തത്. അതെനിക്കും നന്നായിട്ടറിയാമായിരുന്നതുകൊണ്ട് ഞാനും ഒത്തിരി തടസ്സംപറഞ്ഞില്ല. ഒരുപാടു വിഷമത്തോടെയായിരുന്നു അവന് നാട്ടിലേക്കു പോന്നത്. അഞ്ചാറുമാസത്തേക്കു വലിയകുഴപ്പമില്ലായിരുന്നു. പിന്നെപിന്നെ പഠനത്തിനു തീരെ പിന്നോട്ടായി. അതെല്ലാം സാവകാശം ശരിയാകുമെന്നുപ്രതീക്ഷിച്ചു. പക്ഷെ രണ്ടാമത്തെകൊല്ലമായപ്പോഴേക്കും ഹോസ്റ്റലില്നിര്ത്താന് സാധിക്കില്ല എന്ന് വാര്ഡന് വിളിച്ച് അറിയിച്ചതുകൊണ്ട് വേറെ വഴിയൊന്നുംകാണാതെ ഞാന് ജോലിഉപേക്ഷിച്ചു നാട്ടില്വന്നു കോളേജിനടുത്തു ഫ്ളാറ്റെടുത്ത് അവിടെനിന്നും അവനെ കോളേജില്വിട്ടു. ഒരുമാറ്റവുംവന്നില്ല എന്നുമാത്രമല്ല, ഒരുമാസംമുമ്പ് ഏതാണ്ടു വൃത്തികെട്ട ഫോട്ടോ മൊബൈലില് ആര്ക്കോ അയച്ചതു പിടിച്ച് കോളേജില്നിന്നും സസ്പെന്റു ചെയ്തിരിക്കുകയാണ്. എന്റെ കണ്ണുനീരിനൊന്നും അവന് വിലവയ്ക്കുന്നില്ല. ഗള്ഫില്നിന്നു പപ്പാ വിളിച്ചാല് അവന് അറ്റന്റുചെയ്യാറില്ല. വല്ലാത്ത പ്രതിസന്ധിയില് ഒത്തിരിയിടത്തു പ്രാര്ത്ഥിക്കാന് ഏല്പിച്ചു. അവന് പള്ളിയിലൊന്നും പോകത്തില്ല. ഹസ്ബന്റിനും ഭയങ്കര ടെന്ഷനാണ്. പുള്ളിക്കാരനോട് ആരോ പ്രാര്ത്ഥിച്ചിട്ടുപറഞ്ഞതാണ്, ഇതെന്തോ പൂര്വികരുടെ പാപത്തിന്റെ ശിക്ഷയാണ്, അതുകൊണ്ട് ഈ അച്ചനെത്തന്നെ ചെന്നുകാണണമെന്ന്."
ഞാനിടയ്ക്കിടെ മുറിയില് അവന്റെയടുത്തു ചെല്ലുന്നുണ്ടായിരുന്നു. അവന് ആവശ്യപ്പെട്ടതനുസരിച്ചു ഞാന്കൊടുത്ത ഹാര്ഡ്ഡിസ്ക്കിലേക്ക് അവന് ഫയലെല്ലാം കോപ്പിചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതു കുറെസമയമെടുക്കുമെന്നവന് പറഞ്ഞപ്പോള് ആ സമയത്ത് ഭക്ഷണം കഴിക്കാമെന്നുപറഞ്ഞു വിളിച്ചപ്പോള്വന്നു. അമ്മയും മകനും മിണ്ടാതെയിരുന്ന് ഊണുംകഴിഞ്ഞു വീണ്ടും അവന് മുറിയിലേക്കു കയറിയപ്പോള് ഞാനമ്മയെയുംകൂട്ടി പുറത്തേക്കിറങ്ങി.
"ഒരു തൂവാല കാണിച്ചിട്ട് അതെന്താണെന്നു ശിഷ്യന്മാരോടു ചോദിച്ച ഒരു ഗുരുവിന്റെ കഥകേട്ടിട്ടുണ്ട്. ശിഷ്യര് പറഞ്ഞു, അതു തൂവാലയാണെന്ന്. ഗുരു അതു ചുരുട്ടി നടുക്കൊരു കെട്ടിട്ടു. ഇപ്പോളതെന്താണെന്നു ചോദിച്ചു. ഇപ്പോളും അതു തൂവാലയാണെങ്കിലും അത് ഉപയോഗിക്കാന് പറ്റില്ല എന്നു ശിഷ്യര് പറഞ്ഞു. ഗുരു രണ്ടുമൂന്നു കെട്ടുകളൂടെയിട്ടിട്ടു പിന്നെയും കാണിച്ചു, തൂവാലയാണെങ്കിലും അത് ഒന്നിനും കൊള്ളത്തില്ലെന്നവരു പറഞ്ഞു. ഇനിയിപ്പോള് എന്താണിതിനൊരു പ്രതിവിധിയെന്നായി ഗുരുവിന്റെ ചോദ്യം. കെട്ടുകളഴിക്കണം എന്നു ശിഷ്യരുടെ മറുപടി. ആരഴിക്കണം എന്ന് അടുത്ത ചോദ്യം. കെട്ടിയ ആളുതന്നെ അഴിക്കുകയാകും ഏറ്റവും എളുപ്പം എന്ന ശിഷ്യരുടെ ഉത്തരം ഗുരുവും ശരിവച്ചു. കെട്ടുകളും കടുംകെട്ടുകളുമഴിക്കാന് ഏറ്റവും എളുപ്പം കെട്ടിയവര്ക്കുതന്നെയാണ്. മാലാഖക്കൊച്ചായിരുന്നു എന്നു നിങ്ങളുതന്നെ പറയുന്ന അവന്റെ ജീവിതത്തില്, നിങ്ങള് നിങ്ങളുടെ ഇഷ്ടങ്ങളുടെ കെട്ടുകളിട്ടു. ആ കെട്ട് അഴിയാതിരിക്കാന് വീണ്ടും നിങ്ങളു കടുംകെട്ടുമിട്ടു. ഇന്നിപ്പോള് ഉപയോഗമില്ലാതായി എന്നു നിങ്ങള് വിലപിക്കുന്ന അവന്റെ ജീവിതത്തിന്റെ കെട്ടുകളഴിക്കാന് നിങ്ങളിപ്പോള് ഒരു മൂന്നാമനെ തേടുന്നതു ശരിയോ?
വേറൊന്നുകൂടെ ഞാന് പറയാം, അതും എന്നോ വായിച്ച ഒരു കഥയാണ്. മനുഷ്യരെ അനുകരിച്ച് പക്ഷികളും, മൃഗങ്ങളും, മത്സ്യങ്ങളുംചേര്ന്ന് ഒരു സര്വ്വവിജ്ഞാനവിദ്യാലയം തുടങ്ങാന് തീരുമാനിച്ചു. കുരങ്ങനും, പരുന്തും, അണ്ണാനും, വരാലും, തവളയുമായിരുന്നു പ്രൊഫസര്മാര്. മുയലച്ചന് പ്രിന്സിപ്പാളും. എല്ലാവിഭാഗങ്ങളില്നിന്നും വിദ്യാര്ത്ഥികള് ഇടിച്ചുകയറി. എല്ലാവരും എല്ലാം പഠിച്ചിരിക്കണമെന്നതായിരുന്നു യൂണിവേഴ്സിറ്റി സെനറ്റിന്റെ തീരുമാനം. പ്രിന്സിപ്പല് മുയലച്ചനാണെങ്കില് ഭയങ്കര കര്ക്കശക്കാരനും. പറക്കലില് ഒന്നാമതായിരുന്ന പരുന്തുകള് മാളമുണ്ടാക്കുന്നതിലും വിദഗ്ധരാകണമെന്ന് മുയലച്ചന് കടുംപിടുത്തം. പരുന്തുകള് മാളമുണ്ടാക്കാന് പണിപ്പട്ട് ചണ്ടും നഖവുമെല്ലാം ഒടിഞ്ഞ് പറക്കാനുംകൂടെ പറ്റാതായി. മുയലുകള് മരംകേറാന് നോക്കി പിടഞ്ഞുവീണു കാലൊടിഞ്ഞു മാളമുണ്ടാക്കാനും പറ്റാതായി, അണ്ണാന് നീന്താന്നോക്കി മുങ്ങിച്ചാകാതെ കഷ്ടിച്ചു രക്ഷപെട്ടു, മീനാണെങ്കില് പറക്കാന്നോക്കിയിട്ടു കരയില് വീണ് ചാകേണ്ടതായിരുന്നു. തവളമാത്രം ഏതാണ്ട് എല്ലാറ്റിലും ആവറേജായി പാസ്സായി. അവസാനം അവരൊരു സത്യം തിരിച്ചറിഞ്ഞു: അറിയാത്തതെല്ലാം പഠിക്കുന്നതല്ല, അറിയേണ്ടതു നന്നായി പഠിക്കുന്നതാണു വിദ്യാഭ്യാസമെന്ന്. ആയിത്തീരേണ്ടതിലേക്കുള്ള അറിവും പരിശീലനവുമാണ് വിദ്യയുടെ അഭ്യാസമെന്ന്.
ഓരോരുത്തരിലെയും അഭിരുചികളറിഞ്ഞ് പരിപോഷിപ്പിക്കപ്പെടുന്നില്ലെങ്കില് അവര് എവിടെയെങ്കിലുമൊക്കെ ചെന്നെത്തി പാഴ്ജന്മങ്ങളായി മുദ്രകുത്തപ്പെടും. ബിഎസ്സി നേഴ്സായി വര്ഷങ്ങള് ജോലിചെയ്തിട്ടുള്ള നിങ്ങള്ക്ക്, ഞാന് എന്താണു സൂചിപ്പിക്കുന്നതെന്നു കൂടുതല് വിശദീകരണം ആവശ്യമില്ലെന്നു വിശ്വസിക്കുന്നു. ഇപ്പോള് നിങ്ങളുടെ മകന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില് എങ്ങനെയെത്തിപ്പെട്ടു എന്നറിയാനും ഒരു സംഭവംപറയാം. അതും എവിടെയോ വായിച്ചതാണ്. തിരക്കുള്ള ഒരു ഡോക്ടര്. ഡ്യൂട്ടിക്കിടയില് ഞായറാഴ്ചക്കുര്ബ്ബാനയ്ക്കു പോയി. പ്രസംഗത്തിന്റെ സമയത്ത് സൈലന്റാക്കാന് മറന്നുപോയ മൊബൈല് ഫോണ് പോക്കറ്റില്ക്കിടന്നു ശബ്ദിച്ചു. വികാരിയച്ചന് അരിശംവന്നു. അച്ചന് പള്ളിയില് പരസ്യമായിട്ടദ്ദേഹത്തെ ശാസിച്ചു. രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും അതുതന്നെ സംഭവിച്ചു. അച്ചന് അപ്പോള് ഒന്നും പറഞ്ഞില്ലെങ്കിലും കുര്ബ്ബാനകഴിഞ്ഞ് ഡോക്ടറിന്റെ ഭാര്യയെവിളിച്ച് പലരുടെയും മുമ്പില്വച്ച് ശാസിച്ചു. വീട്ടില് ചെന്നപ്പോള് ഭാര്യ ഡോക്ടറുടെ നേരെ തട്ടിക്കയറി. അന്നു വൈകുന്നേരം ഡോക്ടറു ബാറില്പോയി സ്മോളടിച്ചു. അല്പം ബാലന്സുതെറ്റി കൈതട്ടി മേശയിലിരുന്ന ഒരു ഗ്ലാസുംപ്ലേയ്റ്റും താഴെവീണുടഞ്ഞു. ഓടിയെത്തിയ സപ്ലയര്, ആകെ അന്ധാളിച്ചുനിന്ന അദ്ദേഹത്തിന്റെ തോളില്തട്ടി, സാരമില്ല എന്നുപറഞ്ഞു സമാധാനിപ്പിച്ചു എന്നുമാത്രമല്ല, വേറെ ഗ്ലാസും പ്ലേറ്റും ഉടനെ പകരമെത്തിക്കുകയും ചെയ്തു. അത്രയും ക്ഷമയും മാന്യതയും കാണിച്ച ആ സപ്ലയറോടു തോന്നിയ സ്നേഹംകാരണം അദ്ദേഹം അവിടുത്തെ നിത്യസന്ദര്ശകനായി, മദ്യപാനിയായി. കഥയായിരിക്കാമെങ്കിലും കാര്യവുമുണ്ട് അതില്.
അബദ്ധങ്ങളെ അവഹേളനമായും, തെറ്റുകളെ അഹങ്കാരമായും മാത്രം വ്യാഖ്യാനിക്കരുത്. എത്ര ശ്രദ്ധിച്ചാലും, ആവര്ത്തിച്ച് ഓര്മ്മപ്പെടുത്തിയാലും അബദ്ധങ്ങള് സംഭവിക്കാം. അജ്ഞതകൊണ്ടും ആലോചനക്കുറവുകൊണ്ടും തെറ്റുകളും സംഭവിക്കാം. നിബന്ധനകളും നിയമങ്ങളുംമാത്രം പോരാ, അനുകമ്പയും സഹാനുഭൂതിയുംവേണം. ആശ്രയം ആശിക്കുന്നിടത്തുനിന്ന് അവഹേളനമുണ്ടായാല്, സഹിഷ്ണതയും സഹായവും ലഭിക്കേണ്ടിടത്തുനിന്ന് അവഗണനയും അവമതിപ്പുമുണ്ടായാല്, അനന്തരഫലം പ്രവചനാതീതമായിരിക്കും. പ്രകാശം പരത്തേണ്ടവര്തന്നെ വിളക്കണച്ചാലോ? വിശുദ്ധനും സല്ഗുണനും, ആരുടെയും സംരക്ഷണമോ ആനുകൂല്യങ്ങളോ ആവശ്യമില്ലായിരിക്കാം. എന്നാല് തെറ്റുകാരനും പാതകിക്കും അവ കൂടിയേതീരൂ, എങ്കിലേ അവനു തിരുത്താനും തിരിച്ചുവരാനും വഴിയൊരുങ്ങൂ. കൂടെനടക്കാനും കൈപിടിക്കാനും ആളുണ്ടായിരുന്നെങ്കില് പലരുടെയും ആദ്യത്തെ തെറ്റ് അവസാനത്തേത് ആയിരുന്നേനേം എന്നു മറക്കരുത്! വിശുദ്ധിയുടെ വാഴ്ത്തിനേക്കാള് വീഴ്ചകളിലെ കരുതലിനു കരുത്തുണ്ട് എന്നറിയണം!!"
ചലനമില്ലാതെ, എന്റെ മുഖത്തുനിന്നു കണ്ണുപറിക്കാതെയുള്ള അവരുടെ ഇരിപ്പുകണ്ടപ്പോള് മനസ്സിലായി, അവരുടെ ഭൂതകാലംമുഴുവന് അവര് അയവിറക്കുകയാണെന്ന്. പയ്യന്റെ പണി എവിടെയെത്തി എന്നറിയാന് ഞാന് അകത്തേക്കു കയറുമ്പോള് അവന് കതകിനു പുറകില്. അമ്മയോടു ഞാന് പറഞ്ഞതു കുറെയെങ്കിലും അവന് കേട്ടുകാണും.
"ശരിയാക്കിയിട്ടുണ്ടെന്ന് ഫാദറിനോടു പറയാന് വന്നതായിരുന്നു. ഫാദറിന്റെ ഇ മെയിലിന്റെ പാസ് വേഡ് കൂടെത്തന്നാല് എല്ലാം ഓക്കെ ആകും."
ഞാന് പാസ് വേഡ് പറഞ്ഞുകൊടുത്തു, അവന് മുറിയിലേക്കുപോയി. ഞാന് പുറത്തേക്കുചെന്നു.
"ഇനി നിങ്ങളാദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരംകൂടിപറയാന് സമയമുണ്ടെന്നുതോന്നുന്നു. പ്രാര്ത്ഥിച്ചു പ്രശ്നങ്ങള് മാറ്റുന്ന അച്ചന്മാരാരെങ്കിലും ഇവിടെ ഉണ്ടോ എന്നു കണ്ടപ്പോഴേ ചോദിച്ചില്ലേ? അങ്ങനെയുള്ളവരുണ്ട് എന്നു നിങ്ങളെ ആരോ ധരിപ്പിച്ചിരിക്കുന്നു. നിങ്ങളുമാത്രമല്ല, ഒത്തിരിപ്പേര് അങ്ങനെയാണു ധരിച്ചുവച്ചിരിക്കുന്നത്. അത്ഭുതങ്ങള്ക്കു പിന്നാലെയുള്ള പരക്കംപാച്ചിലും അതു കിട്ടാതെവരുമ്പോഴുള്ള നിരാശയും, വീണ്ടുമുള്ള ഓട്ടവും നിങ്ങളെപ്പോലെ ഒത്തിരിപ്പേര് ഓടുന്നുണ്ട്. ആളുകള്ക്ക് അത്ഭുതങ്ങളില് ഭ്രമംകയറുമ്പോള് ആദ്ധ്യാത്മികതയില് ശോഷണമുണ്ടാകും, ഉറപ്പാണ്. അതുകൊണ്ടുതന്നെയാണു കര്ത്താവ് ഏതത്ഭുതം പ്രവര്ത്തിച്ചപ്പോഴും അതിന്റെ ആനുകൂല്യം ലഭിച്ചവരോട്, മിണ്ടിപ്പോകരുത്, വിളിച്ചുകൂവിനടക്കരുത് ആവേശം കാട്ടരുത് എന്നു നിഷ്ക്കര്ഷിച്ചത്. അതീന്ദ്രിയശക്തിയും അത്ഭുതപ്രവര്ത്തനസിദ്ധിയും ജനത്തെ ഭ്രമിപ്പിക്കാനും ആകര്ഷിക്കാനുമുള്ളതല്ല. വ്യക്തിപൂജയിലേക്കു നയിക്കുന്ന ആവക പ്രകടനങ്ങള്ക്ക് ആദ്ധ്യാത്മികതയുടെ പരിവേഷമുണ്ടാകാമെങ്കിലും അത് ആത്മീയതയില് വേരൂന്നിയതായിരിക്കില്ല. അവര്ക്ക് ആളുകള് തേടിവരണമെന്നും ഫ്ളെക്സും ബാനറുംകെട്ടി സ്തുതി പാടണമെന്നും വല്ലാത്ത താത്പര്യമായിരിക്കും. വഴിവെട്ടം തെളിക്കുന്ന വഴികാട്ടികളാണ് വഴിവിളക്കുകള്. വഴി അവസാനിക്കുന്നത് വഴിവിളക്കുകളിലല്ല, ആണെങ്കില് അവ വഴിമുടക്കികളാണ് എന്നറിയണം. വഴിവിളക്കാണ് വിശ്വദീപം എന്നു ചിന്തിക്കുന്നവര് ആ വിളക്കിന്ചുവട്ടില്തന്നെ എരിഞ്ഞുതീരുന്ന രാതിശലഭങ്ങള് മാത്രമാകും. വഴിവിളക്കുകള്, അതായത് ദിശകാട്ടുന്ന വിളക്കുകള് മാത്രമാണു തങ്ങളെന്നു തിരിച്ചറിയുന്നവരും, വെളിച്ചം പകര്ന്ന്, വഴി പ്രശോഭിതരാക്കുന്നവരുമാണ് യഥാര്ത്ഥ ഗുരുക്കന്മാര്. അത്ഭുതം വിളിച്ചുകൂവരുത് എന്നുപറഞ്ഞപ്പോള് യേശു തരുന്ന പാഠമതാണ്.
അത്ഭുതങ്ങള്ക്കായി കാത്തിരിക്കുന്നവര്ക്ക് അനുദിനജീവിതത്തിലെ അനുഗ്രഹങ്ങള് തിരിച്ചറിയാനോ ആസ്വദിക്കാനോ കഴിയാതെവരും. നിങ്ങള്ക്കിപ്പോള് ഒരു നാല്പത്തിയഞ്ചു വയസ്സുകാണും. ഇത്രയുംകാലവും ഒരുമിനിറ്റുപോലും മുറിയാതെ ഇപ്പോഴും മിടിക്കുന്ന നിങ്ങളുടെ ഹൃദയവും, നിലയ്ക്കാതെ പ്രവര്ത്തിക്കുന്ന നിങ്ങളുടെ ശ്വാസകോശവും അല്ലെ ഏറ്റവും വലിയ അത്ഭുതം! സ്വന്തം ഹൃദയമിടിപ്പിലും, ശ്വാസോച്ഛ്വാസത്തിലുമുള്ള തമ്പുരാന്റെ നിരന്തരസാന്നിദ്ധ്യമെന്ന അത്ഭുതം തൊട്ടറിയാന് നിങ്ങള്ക്കു കഴിയാതെവന്നു, അതുകൊണ്ട് അത്ഭുതങ്ങള്തേടി അലയുന്നു. സ്വയമുണ്ടാക്കിയ കുരുക്കഴിക്കാന്വേണ്ടി, പ്രാര്ത്ഥിച്ചു പ്രശ്നങ്ങള്മാറ്റുന്ന സിദ്ധന്മാരെതേടി ഓടേണ്ടിവന്നിരിക്കുന്നു."
പരിസരം മറന്നു ഞനങ്ങനെ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് അപ്പോഴും പുറകില് നില്പുണ്ടായിരുന്ന പയ്യന്സിനെ ഞാന് ശ്രദ്ധിച്ചത്. അവനെപ്പോളാണ് പിന്നിലെത്തിയതെന്നു ഞാനറിഞ്ഞില്ല. പിന്നെയുള്ള സംസാരം വളരെ സൗഹൃദപരമായിരുന്നു. രണ്ടുമൂന്നു മണിക്കൂര്കഴിഞ്ഞ് അവരു പിരിയുമ്പോള് വേറെങ്ങോട്ടെങ്കിലും പോകുന്നകാര്യം അവര് ചോദിച്ചില്ല. പോകാനായി കാറില് കയറുന്നതിനുമുമ്പ് അവന് എന്നെ മാറ്റിനിര്ത്തിപ്പറഞ്ഞു:
"ഫാദര് മമ്മിയോടു പറഞ്ഞതു പലതും മറഞ്ഞുനിന്നു ഞാന് കേള്ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പണി നീണ്ടുപോയത്. അവസാനം പറഞ്ഞതു മുഴുവനും ഞാന് കേള്ക്കുന്നുണ്ടായിരുന്നു. എന്തായാലും ഫാദര് പറഞ്ഞ ആ തൂവാലയിലെ കടുംകെട്ടുണ്ടല്ലോ, അതഴിക്കാന് അതിട്ടവരെ കാത്തു ഞാനിരിക്കില്ല, അതു ഞാന്തന്നെ അഴിക്കും, അഴിച്ചിരിക്കും, ഫാദറിനു ഞാന് ഉറപ്പുതരുന്നു."
"നീയിതു നിന്റെ അമ്മയോടും പറയണം."
"ഉറപ്പായും."
അവനതിനു സാധിക്കട്ടെയെന്ന് ഇന്നും ഞാന് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നു.
കരുതലിലാണു കരുത്ത്
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക, ഒക്ടോബർ 2026












































































































