top of page

ഉദരഫലം

Writer: George Valiapadath Capuchin
George Valiapadath Capuchin
Sep 18
1 min read
Statue of mother of Sorrows

വ്യാകുലമാതാവ് എന്നുകേൾക്കുമ്പോഴേ, കുരിശിൻ ചുവട്ടിലെ അമ്മയെ ഓർമ്മവരും. വ്യാകുലം എന്നത് മനുഷ്യരുടെ ഒരു വൈകാരിക യാഥാർത്ഥ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഒത്തിരി മനുഷ്യർക്ക്, പ്രത്യേകിച്ച് വ്യാകുലകളായ അമ്മമാർക്ക് വ്യാകുലമാതാവ് ഒരു ബലവും അഭയസ്ഥാനവുമാണ്.

എന്നാൽ, സ്വാഭാവിക യാഥാർഥ്യത്തിനപ്പുറം ദൈവശാസ്ത്രപരമായോ മിസ്‌റ്റിക്കലായോ നാം ആ അമ്മയെ സമീപിച്ചാൽ മറ്റൊരു ചിത്രമാവും അയമ്മ നമുക്കുമുന്നിൽ വരച്ചിടുക!


ആദിമ ഹവ്വാക്ക് വിപരീതം എന്ന നിലയിൽ പുതിയ ഹവ്വാ എന്ന നിലയിൽ ഹവ്വായായി നാം മറിയത്തെ കാണാറുണ്ട്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷച്ചുവട്ടിൽ നില്ക്കുകയാണ് ഹവ്വ. നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ കനി ഭക്ഷിച്ചാൽ മരിക്കുകയല്ല, കണ്ണുകൾ തുറക്കുകയും ദൈവത്തെപ്പോലെ ആകുകയുമാണ് ചെയ്യുക എന്നത് അവൾ കണ്ടെത്തിയ പുതിയ അറിവായിരുന്നു. സർപ്പത്തിൽനിന്ന് അവൾ നേടിയ പുത്തനറിവിൻ്റെ സന്തോഷത്തോടെയാവും ആദവുമായി ആ പഴം അവൾ പങ്കുവച്ചിരിക്കുക!


ഇവിടെ പുതിയ ഹവ്വ നില്ക്കുന്നത് നന്മതിന്മകളുടെ അറിവിൻ്റെ വൃക്ഷച്ചുവട്ടിലല്ല, മറിച്ച് ജീവൻ്റെ വൃക്ഷച്ചുവട്ടിലാണ്. കുരിശാണ് അമതത്വം നല്കുന്ന ആ ജീവൻ്റെവൃക്ഷം. പക്ഷേ, ഇവിടെ ജീവൻ്റെ വൃക്ഷത്തിൽ ഉള്ളത് അവളുടെതന്നെ ഉദരഫലമാണ്!


തൻ്റെ ഉദരഫലത്തെ നല്കിക്കൊണ്ട് ജീവൻ്റെ വൃക്ഷച്ചുവട്ടിൽ നില്ക്കുന്ന ഹവ്വ മനസ്സിലാവാത്ത അറിവിനെ വെട്ടിവിഴുങ്ങിയവളല്ല, മറിച്ച് മനസ്സിലാവാത്തതിനെ ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ധ്യാനിച്ചവളാണ്. മനസ്സിലാക്കാനാവാത്തതിനെ ഉള്ളിൽ കോരി സംഗ്രഹിച്ച് ജീവൻ്റെ സ്വന്തം ഉദരഫലമാക്കി നല്കുകയാണവൾ!

അവളതാ ജീവൻ്റെ വൃക്ഷത്തിൻ്റെ ചില്ല താഴ്ത്തിത്തരുന്നു. ആ വൃക്ഷത്തിൽ തൂങ്ങിക്കിടക്കുണ്ട് ആ പഴം, രക്തച്ചുവപ്പോടെ !

bottom of page