ദൈവത്തിന്‍റെ ദിഗംബരന്‍: ഫ്രാന്‍സിസ് ഒരു പര്യായ പദമാണ്!

അസ്സീസിയിലെ മഴവില്ല്!
ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍ ഇരുന്നാണ് ഈ കുറിപ്പ് എഴുതിത്തുടങ്ങിയത്. ദിവ്യതയുടെ ഒരു സ്പര്‍ശം ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. മധ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട ബസിലിക്കയിലെ ഫ്രാന്‍സിസിന്‍റെ കബറിടത്തിനു മുന്നില്‍ ധ്യാനപൂര്‍വ്വം ഇരിക്കുമ്പോള്‍ ഒരു മഴവില്ല് മനസിലേക്ക് വിടരുന്നുണ്ട്. അതേ, ഫ്രാന്‍സിസ് വെറുമൊരു പേരല്ലാ, മഴവില്ലഴകുള്ള ഒരു പര്യായമാലയാണ്! ഏഴഴകാണതിന്.
1. ദൈവത്തിന്‍റെ ദിഗംബരന്‍!
ജൈനമതത്തില്‍ ഉള്ള ഒരു പരികല്‍പനയാണ് "ദിഗംബരന്‍" എന്നത്. ദിക്കുകളെ അല്ലെങ്കില്‍ ആകാശത്തെ വസ്ത്രമാക്കിയ നഗ്ന സന്യാസികളെയാണ് ദിഗംബരന്മാര്‍ എന്ന് ജൈനപാരമ്പര്യത്തില്‍ വിളിച്ചിരുന്നത്. തന്‍റെ പിതാവിന്‍റെ പട്ടുതുണികള്‍ ഊരിമാറ്റി അസ്സീസിയിലെ മെത്രാന്‍റെ മുന്‍പില്‍ പൂര്‍ണ്ണ നഗ്നനായി നിന്ന ഫ്രാന്‍സിസ് ഒരു ദിശാബോധം നമുക്ക് നല്‍കുന്നുണ്ട്. അത്തിയിലകള്‍ തുന്നിക്കൂട്ടി അരക്കച്ചയുണ്ടാക്കി നഗ്നത മറച്ച ആദത്തിനും ഹവ്വയ്ക്കും നഷ്ടപ്പെട്ട സ്വത്വബോധത്തിന്‍റെ വീണ്ടെടുപ്പാണ് അസ്സീസിയില്‍ നടക്കുന്നത്. ഫ്രാന്‍സിസ് നടക്കുന്നത് ആദവും ഹവ്വയും നഷ്ടപ്പെടുത്തിയ പറുദീസയുടെ ദിശയിലേക്കാണ്. അത്തിയിലകളുടെ അരക്കച്ച ഊരിക്കളഞ്ഞ് അവന്‍ ദൈവത്തെ ധരിച്ചു. അന്നു മുതല്‍ അവന്‍ ദൈവത്തിന്‍റെ ദിഗംബരനാണ്. ദൈവത്തെ ചേലയായി ഉടുത്തവന്‍!
"മിസ്റ്റിക് ഓഫ് പാരഡോക്സ്" എന്നറിയപ്പെടുന്ന ജി കെ ചെസ്റ്റര്‍ട്ടന്‍ എഴുതിയ ഫ്രാന്‍സിസിന്‍റെ ജീവചരിത്രത്തില്‍ പറയുന്നതെത്രയോ സത്യം: "ലോകത്തെ പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ സാധിക്കൂ." "ദൈവത്തിന്‍റെ കോമാളികള്‍ക്ക്" മാത്രം സാധിക്കുന്ന ഒന്നാണിത്.
2. ദൈവത്തിന്‍റെ പോളിഗ്ലോട്ട് (Polyglot)
മരണത്തിന് മൂന്ന് വര്‍ഷം മുന്‍പ്, ഇറ്റലിയിലെ ഗ്രേച്ചോയിലെ കുന്നിന്‍പുറത്ത് ഫ്രാന്‍സിസ് ലോകത്തിലെ ആദ്യത്തെ പുല്‍ക്കൂട് ഒരുക്കി. ജീവനുള്ള കാളയെയും കഴുതയെയും നവജാത ശിശുവിനെയും അണിനിരത്തിയ ആ പുല്‍ക്കൂട് നമ്മോട് പറയുന്നതെന്താണ്? ദൈവം ദാരിദ്ര്യത്തിലും പുല്ലിലും മൃഗങ്ങളുടെ ശ്വാസത്തിലും ഭാഷയിലും മനുഷ്യനിലേക്ക് ഇറങ്ങിവന്നവനാണ് എന്നു തന്നെയല്ലേ? ക്രിസ്തു മനുഷ്യരുടെ ഭാഷ സ്വന്തമാക്കിയെങ്കില്‍ രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെട്ട ഫ്രാന്‍സിസ് ക്രിസ്ത്വാനുകരണത്തില്‍ ഒരു പോളിഗ്ലോട്ടായി. അവന്‍ മത്സ്യങ്ങളോടും പറവകളോടും ഗുബിയോയിലെ ചെന്നായയോടുപോലും ദൈവത്തിന്‍റെ നല്ല വിശേഷം പങ്കുവച്ചു.
കഠിനമായ മഞ്ഞുകാലത്ത്, പാറക്കെട്ടുകള്‍ക്ക് നടുവില്‍ ഉണങ്ങി നില്‍ക്കുന്ന ആല്‍മണ്ട് മരത്തോട് ഫ്രാന്‍സിസ് ഒന്നേ ആവശ്യപ്പെട്ടുള്ളു: "എന്നോട് ദൈവത്തെക്കുറിച്ച് പറയുക". ആ മരം മറുപടി നല്‍കി; എങ്ങനെയെന്നോ, അകാലത്തില്‍ പൂത്തുലഞ്ഞുകൊണ്ട്! ദൈവഭാഷ പൂക്കുകയാണ്!
അഞ്ചാം കുരിശുയുദ്ധത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍, ഈജിപ്തിലെ ദാമിയേറ്റയില്‍ വെച്ച് ഫ്രാന്‍സിസ് നിരായുധനായി യുദ്ധമുഖം മുറിച്ചുകടക്കുകയും, സുല്‍ത്താനായ അല്‍-മാലിക് അല്‍-കാമിലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സംവാദം" എന്ന് പറഞ്ഞ ഗുരുപരമ്പരയിലെ മൂത്താശാരിയാണ് ഫ്രാന്‍സിസ്. ഭാഷ സംഹരിക്കാനല്ല, സംവദിക്കാനാണ് എന്ന് ബാബേലിന്‍റെ മേസ്തിരിമാരെ ഓര്‍മ്മപ്പെടുത്തുന്ന പന്തക്കുസ്തയുടെ മീഡീവല്‍ ആര്‍ക്കിടെക്റ്റ് ആണ് ഫ്രാന്‍സിസ്! നട്ടുച്ചയ്ക്ക് കിണറ്റിന്‍ കരയിലും സമരിയക്കാരിയോട് സംവദിച്ച നസ്രത്തിലെ തച്ചന്‍റെ ആരെയും അളക്കാത്ത മുഴക്കോല്‍ സ്വന്തമാക്കിയ ദൈവത്തിന്‍റെ പോളിഗ്ലോട്ട്! സുല്‍ത്താന്‍ ഫ്ലാറ്റായതില്‍ അത്ഭുതമെന്ത്?
3. പള്ളി പണിക്കാരന്‍!
പത്രോസിനോട് "നീ എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക' എന്നാണ് ക്രിസ്തു പറഞ്ഞതെങ്കില്‍ "എന്‍റെ പള്ളി പണിയുക" എന്നാണ് ഫ്രാന്‍സിസിനോട് പറഞ്ഞത്. ആത്മീയതയിലെ തുടക്കക്കാരന്‍ ഈ വചനം ലിറ്ററല്‍ സെന്‍സിലെടുത്തു. തന്‍റെ കുതിരയെയും പിതാവിന്‍റെ വിലപിടിപ്പുള്ള തുണികളും വിറ്റ് കുമ്മായവും കല്ലുകളും വാങ്ങി സ്വന്തം കൈകള്‍കൊണ്ട് തകര്‍ന്നു കിടന്ന സാന്‍ ദാമിയാനോ ദേവാലയം പണിതുയര്‍ത്തി. ചാപ്പല്‍ പുനര്‍നിര്‍മ്മിക്കുന്ന വേളയില്‍ വഴിയാത്രക്കാരോട് ഫ്രാന്‍സിസ് പണത്തിന് പകരമായി കല്ലുകളാണ് യാചിച്ചത്: "ഒരു കല്ല് തരുന്നവന് രണ്ട് അനുഗ്രഹം!"
ഭൗതികമായ കല്ലുകള്‍ പെറുക്കിവെച്ച് ദേവാലയം നന്നാക്കാനുള്ള ഫ്രാന്‍സിസിന്‍റെ ശ്രമം, മധ്യകാലസഭയുടെ ആത്മീയവും ധാര്‍മ്മികവുമായ അപചയത്തെ പരിഹരിക്കാനുള്ള വലിയ ദൗത്യത്തിനുള്ള പരിശീലനമായി മാറുകയായിരുന്നു. വലിയ ആത്മീയ നവീകരണങ്ങള്‍ ആരംഭിക്കുന്നത് നമ്മുടെ ജീവിത പരിസരത്തിലെ ഏറ്റവും ലളിതമായ ശുശ്രൂഷകളില്‍ നിന്നാണെന്ന് ഓര്‍മ്മിപ്പിക്കുന്നു ഫ്രാന്‍സിസിന്‍റെ പള്ളി പണി. സത്യത്തില്‍ പള്ളി പണി ഒരിക്കലും തീരാന്‍ പാടില്ല. സ്വിസ് ദൈവശാസ്ത്രജ്ഞനായ കാള്‍ ബാര്‍ത്ത് ആവര്‍ത്തിച്ചിരുന്ന ഒരു ലത്തീന്‍ പ്രയോഗമുണ്ട് ((Latin Phrase)‑) ഉണ്ട്: Ecclesia semper reformanda 'സഭ ഏപ്പോഴും സ്വയം നവീകരിച്ചു കൊണ്ടേയിരിക്കണം" എന്നര്‍ത്ഥം. ഫ്രാന്‍സിസ് നിര്‍ത്തിയിടത്ത് നിന്ന് നമുക്ക് പള്ളി പണി തുടങ്ങിയാലോ? എല്ലാ പണിയും ആരംഭിക്കുന്നത് താഴത്തു നിന്നാണ്!
4. അത്യുന്നതന്‍റെ കുഴലൂത്തുകാരന്‍!
ആദ്യകാലത്ത് നഗ്നപാദനായി നടന്നു തുടങ്ങുമ്പോള്‍ സ്ഥലത്തെ സദാചാര പോലീസുകാര്‍ ഫ്രാന്‍സിസിനെ ചോദ്യം ചെയ്യുന്നുണ്ട്. തങ്ങളുടെ സ്വത്വത്തെക്കുറിച്ച് മറവിയിലാണ്ട അവര്‍ ഫ്രാന്‍സിസിന്‍റെ സ്വത്വത്തെ ചോദ്യം ചെയ്യുകയാണ്: "നീ ആരാണ്" എന്നതാണ് അവരുടെ ചോദ്യം? വിചാരണാവേളയില്‍ ദൈവപുത്രനും നേരിട്ടത് ഈ ചോദ്യം തന്നെയാണ്. ഫ്രാന്‍സിസിന്‍റെ ഉത്തരം രസകരമാണ്: "ഞാന്‍ അത്യുന്നതന്‍റെ കുഴലൂത്തുകാരനാണ്!" മധ്യകാലത്ത് രാജാവിനും പ്രഭുക്കന്‍മാര്‍ക്കും വേണ്ടി കുഴലൂത്ത് നടത്തുന്ന സംഗീതജ്ഞന്മാര്‍ ഉണ്ടായിരുന്നു. ഇവിടെയിതാ ദൈവത്തിന് വേണ്ടി പുതിയൊരു ഓര്‍ക്കസ്ട്ര കണ്ടക്ടര്‍! ഈ ഓര്‍ക്കസട്രയില്‍ കക്കോഫണി (Cacophon) അഥവാ "കലപില" ഇല്ല, ഒരുമയുടെ സിംഫണിയേ ഉള്ളൂ! ഫ്രാന്‍സിസിന്‍റെ പാട്ടില്‍ സൂര്യന്‍ സഹോദരനും ചന്ദ്രന്‍ സഹോദരിയുമാണ്.
കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലും, ശരീരത്തിലെ പഞ്ചക്ഷതങ്ങളുടെ (ടശേഴാമമേ) കഠിനവേദനയിലും ഇറ്റാലിയന്‍ സാഹിത്യത്തിലെ ക്ലാസിക് കൃതിയായ "സൂര്യകീര്‍ത്തനം" (Canticle of the Sun) ഫ്രാന്‍സിസ് രചിച്ചു. അന്ത്യമടുത്തുവെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ഫ്രാന്‍സിസ് പാട്ടുപാടാന്‍ തുടങ്ങി. സ്വന്തമായി ഒന്നുമില്ലാത്തവനായി ലോകം വിടാന്‍ അദ്ദേഹം നഗ്നനായി ചാരത്തില്‍ കിടത്താന്‍ ആവശ്യപ്പെട്ടു. ആകാശങ്ങളെ ധരിച്ച ദിഗംബരനായി പറുദീസയുടെ പടികയറുന്ന ഫ്രാന്‍സിസ്! ചാരം വാരിപ്പൂശിയാല്‍ മാത്രം ആരും സന്യസിയാവില്ല എന്ന ഓര്‍മപ്പെടുത്തല്‍!
5. സ്വര്‍ഗ്ഗത്തിന്‍റെ സ്വപ്നാടകന്‍!
ചരിത്രത്തിലെ എണ്ണം പറഞ്ഞ എല്ലാ സത്യാന്വേഷികള്‍ക്കും ജീവിതത്തിന്‍റെ നിര്‍ണായക തീരുമാനങ്ങള്‍ക്കു മുന്‍പ് സ്വപ്നങ്ങളുണ്ടാകുമായിരിന്നു. സോക്രട്ടീസും റെനെ ഡെക്കാര്‍ട്ടുമൊക്കെ ഇങ്ങനെ സ്വപ്നം കണ്ടവരാണ്. അവരുടെ ജീവിതത്തിലെ കടുത്ത ആശയക്കുഴപ്പങ്ങളാണ് സ്വപ്നരൂപത്തില്‍ പരിഹാരം തേടിയത്. യുദ്ധം ജയിച്ച് മാടമ്പിയാകാന്‍ പോയ ഫ്രാന്‍സിസ് കണ്ട സ്വപ്നത്തില്‍ അവന്‍ കേള്‍ക്കുന്ന ചോദ്യം നമ്മള്‍ എല്ലാവരും കേള്‍ക്കേണ്ട ചോദ്യമാണ്: "ആരാണ് നിന്‍റെ യജമാനന്‍?" എന്നതാണാ ചോദ്യം. സ്വപ്നത്തിലെ ചോദ്യത്തിന് അവന്‍ ജീവിതം കൊണ്ട് ഉത്തരം കൊടുത്തു: "ദൈവമാണ് എന്‍റെ ഉടമ; ഇനി മുതല്‍ ഞാന്‍ ആരുടെയും അടിമയല്ലാ." സ്വപ്നത്തിന് ജിഎസ്ടി അടയ്ക്കണ്ടാ; ഫ്രീ ആയിട്ട് സ്വപ്നം കണ്ട് തുടങ്ങാം; ഉടമയെ തിരിച്ചറിയാം.
6. ബ്രഹ്മത്തില്‍ ചരിക്കുന്ന ബ്രഹ്മചാരി!
"സ്ത്രീകളെ, ശിശുക്കളെ, പൂക്കളെ നോക്കാത്ത അലക്സിസ് പുണ്യാളന്‍" എന്ന എന്‍. വി. കൃഷ്ണവാര്യരുടെ കവിതയിലെ വരികള്‍ മധ്യകാല ആത്മീയതയിലെ നിഷേധാത്മകതയെ പ്രതിനിധാനം ചെയ്യുന്നതാണ്. ആത്മാവില്‍ ആരംഭിച്ച് മാംസത്തില്‍ അവസാനിക്കുന്ന ബന്ധങ്ങളെക്കുറിച്ച് സെന്‍റ് പോള്‍ വ്യാകുലപ്പെടുന്നുണ്ട്. അവിടെയാണ് ഫ്രാന്‍സിസും ക്ലാരയും തമ്മിലുള്ള ബന്ധത്തിന്‍റെ പരിണാമം നമ്മെ അത്ഭുതപ്പെടുത്തുന്നത്.
ഇനി എന്നാണ് മഠത്തിലേക്ക് വരുന്നതെന്ന് ക്ലാര ചോദിക്കുമ്പോള്‍ ഫ്രാന്‍സിസ് പറയുന്നുണ്ട്: "ക്ലാര താമസിക്കുന്ന "സാന്‍ ദാമിയാനോ" മുതല്‍ ഫ്രാന്‍സിസിന്‍റെ ആശ്രമമായ പോര്‍സ്യൂങ്കുള വരെ വെള്ള പൂക്കള്‍ വിരിയുമ്പോള്‍ വരാം" എന്ന്. മഞ്ഞ് പെയ്യുന്ന അതിശൈത്യത്തിലും ഈ വഴിത്താരയില്‍ വിശുദ്ധിയുടെ വെള്ളപ്പൂക്കള്‍ വിരിയുന്നത് നമ്മള്‍ വായിക്കുമ്പോള്‍ ആത്മീയ സൗഹൃദങ്ങളില്‍ ഉണ്ടാകേണ്ട സുതാര്യത ദൃശ്യമാകുന്നു. "മാംസ നിബദ്ധമല്ല രാഗം" എന്ന് മലയാളത്തിന്‍റെ മഹാകവി എഴുതുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ദൈവികപ്രേമത്തിന്‍റെ ഉത്തമഗീതം ആലപിച്ച ഒരു ഋഷിതുല്യനെ നമ്മള്‍ കണ്ടുമുട്ടുന്നു. പ്രളയത്തിന്‍റെ കെടുതികള്‍ക്കപ്പുറത്ത് പ്രത്യാശയുടെ ഒലിവില കൊത്തിക്കൊണ്ടുവരാന്‍ നോഹയാല്‍ നിയോഗിക്കപ്പെട്ട വെള്ളരിപ്രാവുകള്‍ മൃതശരീരങ്ങള്‍ക്കിടയില്‍ ലക്ഷ്യം മറന്ന മലങ്കാക്കകള്‍ ആവുമ്പോള്‍ ആത്മീയതയുടെ സൗഹൃദ തണലുകള്‍ കരിഞ്ഞുണങ്ങുന്നു. ബ്രഹ്മത്തില്‍ ചരിക്കുന്ന ബ്രഹ്മചാരിക്കല്ലേ നിത്യതയുടെ "ഉത്തമഗീതങ്ങള്‍" കമ്പോസ് ചെയ്യാന്‍ പറ്റൂ!
7. ഇമ്മിണി വല്യ "നിസാര സഹോദരന്‍"
തങ്ങളുടെ സമൂഹത്തെ ഫ്രാന്‍സിസ് വിളിച്ചത് "നിസാര സഹോദരന്മാരുടെ സമൂഹം" (Ordo Fratum Minorum - OFM‑) എന്നാണ്. കൊടും തണുപ്പിലും മഴയിലും വിറച്ച് ലിയോ സഹോദരനൊപ്പം നടക്കുമ്പോള്‍, മനുഷ്യര്‍ സന്തോഷം എന്ന് കരുതുന്ന സകല ധാരണകളെയും ഫ്രാന്‍സിസ് തിരുത്തുന്നുണ്ട്. രാജാക്കന്മാരെ മാനസാന്തരപ്പെടുത്തുന്നതിലോ, മരിച്ചവരെ ഉയിര്‍പ്പിക്കുന്നതിലോ, വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലോ അല്ലാ പൂര്‍ണ്ണ ആനന്ദം ഉള്ളത്. മറിച്ച്, രാത്രി വൈകി ആശ്രമവാതിലില്‍ എത്തുമ്പോള്‍, കള്ളനെന്നും കപടനെന്നും വിളിച്ച് വടികൊണ്ട് അടിക്കുകയും മഞ്ഞിലേക്ക് തള്ളിയിടുകയും ചെയ്യുമ്പോള്‍, യാതൊരു കയ്പുമില്ലാതെ ക്ഷമയോടെ അത് സഹിക്കുകയും ക്രിസ്തുവിന്‍റെ കഷ്ടപ്പാടുകളില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുകയും ചെയ്യുന്നതിലാണ് പൂര്‍ണ്ണ ആനന്ദം.
ലോകത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാത്ത ഒരു ആത്മാവില്‍ നിന്ന് സമാധാനം കവര്‍ന്നെടുക്കാന്‍ ലോകത്തിന് ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ ഫ്രാന്‍സിസ്!
മരണത്തെ "സഹോദരി" എന്ന് വിളിക്കാന്‍ ഭയത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും പൂര്‍ണ്ണമായ മോചനം ആവശ്യമാണ്. ജീവിതത്തെ ഒരു സമ്മാനമായി (Gift) മാത്രം കാണുന്ന ഒരാള്‍ക്ക്, ശരീരത്തിന്‍റെ മരണം പോലും സ്വന്തം ഭവനത്തിലേക്കുള്ള മടക്കയാത്ര മാത്രമായി മാറുന്നു. ഈ വിശുദ്ധ സ്വാതന്ത്ര്യത്തെയാണ് "ദൈവത്തിന്‍റെ നിസ്വന്‍" (God’s Pauper) എന്ന വിഖ്യാത കൃതി എഴുതി കസാന്‍ദ്സാക്കീസ് ഏറെ പ്രശംസിച്ചത്.
പിന്‍കുറിപ്പ്!
ഫ്രാന്‍സിസ് നിത്യതയിലേക്കു മടങ്ങിയിട്ട് 800 വര്‍ഷം തികയുകയാണ്. "ദൈവത്തിന്‍റെ കോമാളി"കള്‍ക്ക് ഇനിയും പണിയാന്‍ പള്ളികള്‍ ബാക്കി വച്ചിട്ടാണ് ഫ്രാന്‍സിസ് മടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു ജെസ്യൂട്ട് പാപ്പ "ഫ്രാന്‍സിസ്" എന്ന ആ പേര് സ്വീകരിച്ചപ്പോള്‍ ഒരു മഹാബലി മടങ്ങി വന്ന "നവീകരണ സിനഡല്‍കാലം" ചിലര്‍ക്കെങ്കിലും അനുഭവവേദ്യമായി. സിനഡാലിറ്റി പാതി വഴിയിലാണ്. ഫ്രാന്‍സിസിന്‍റെ സന്തത സഹചാരിയായിരുന്ന ലിയോയുടെ പേരാണ് പുതിയ പാപ്പ സ്വീകരിച്ചത് എന്നത് പള്ളിപണി തീര്‍ന്നിട്ടില്ല എന്നതിന്‍റെ സൂചന തന്നെയാണ്. പള്ളി പണിക്ക് കല്ലുകള്‍ ആവശ്യമുണ്ട്, ഹോള്‍സെയിലായും റീട്ടെയില്‍ ആയും!
"ഒരു കല്ല് തരുന്നവന് രണ്ട് അനുഗ്രഹം!"
ദൈവത്തിന്‍റെ ദിഗംബരന്‍: ഫ്രാന്‍സിസ് ഒരു പര്യായ പദമാണ്!
ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
അസ്സീസി മാസിക, സെപ്റ്റംബർ 2026

















































































































