top of page

മരണത്തിനപ്പുറം പ്രകാശമുണ്ട്

ഫാ. ജി. കടൂപ്പാറയില്‍ MCBS
Nov 4
3 min read

'മരണമേ, നീ അഹങ്കരിക്കേണ്ട; നീ ഭയമുണര്‍ത്തുന്നവനും ശക്തനുമാണെന്ന് ചിലര്‍ വിളിച്ചേക്കാം, പക്ഷേ, നീ അങ്ങനെയല്ല. ഒരു ചെറിയ നിദ്രയ്ക്കുശേഷം നാം നിത്യമായി ഉണരും, ഇനി മരണമുണ്ടാവില്ല; മരണമേ, നീയും മരിക്കും." പതിനാറാം നൂറ്റാണ്ടില്‍ ജോണ്‍ ഡണ്‍, ഹോളി സോണറ്റില്‍ കുറിച്ച ഈ വരികള്‍ കേവലമൊരു കവിതയല്ല, മറിച്ച് മരണത്തിന്‍റെ അധികാരത്തിന്മേല്‍ ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്ന വിജയത്തിന്‍റെ മുദ്രയാണ്. മരണം ജീവിതത്തിന്‍റെ അന്ത്യമാണെന്നു കരുതുന്ന ലോകത്തിനു മുന്‍പില്‍, അതൊരു താല്‍ക്കാലിക നിദ്രമാത്രമാണെന്നും ആ നിദ്രയ്ക്കപ്പുറം മഹത്തായ ഒരു ഉണര്‍വ് നമ്മെ കാത്തിരിക്കുന്നുവെന്നുമുള്ള അചഞ്ചലമായ പ്രത്യാശ ഈ വരികള്‍ പകര്‍ന്നുനല്‍കുന്നു.


1. ഓര്‍മകളുടെയും പ്രാര്‍ഥനകളുടെയും പുണ്യകാലം

നവംബര്‍ മാസം കത്തോലിക്കാസഭയെ സംബന്ധിച്ച്, ആഴമേറിയ പ്രാര്‍ഥനയുടെയും പ്രത്യാശയുടെയും പുണ്യകാലമാണ്. ഭൂമിയിലെ തങ്ങളുടെ അല്പായുസ്സിന്‍റെ തീര്‍ഥാടനം പൂര്‍ത്തിയാക്കി നിത്യതയിലേക്കു വിടപറഞ്ഞുപോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്ന, അവര്‍ക്കായി വിശുദ്ധബലിയര്‍പ്പിച്ചു പ്രാര്‍ഥിക്കുന്ന സമയം. മണ്ണിലേക്കു മടങ്ങുന്ന ശരീരവും ദൈവത്തിലേക്ക് ഉയരുന്ന ആത്മാവും തമ്മിലുള്ള വിടപറച്ചില്‍ മാനവഹൃദയത്തിലെ ഏറ്റവും വലിയ നൊമ്പരമാണ്. എന്നാല്‍, ഈ വേര്‍പാട് നിത്യമായ ഒരന്ത്യമല്ല, മറിച്ച് ദൈവിക പ്രകാശത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു പുതിയ തുടക്കമാണ് എന്ന സത്യമാണ് ക്രിസ്തീയ ദര്‍ശനത്തിന്‍റെ ജീവനാഡി.


2. ഐഹിക വിജയങ്ങളുടെ നിസ്സാരത

മനുഷ്യന്‍ പടച്ചുയര്‍ത്തിയ സാമ്രാജ്യങ്ങള്‍ക്കും ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും മുന്‍പില്‍ അടിയറവു പറയാത്ത ഏക യാഥാര്‍ഥ്യം മരണമാണ്. അതു ഭൂമിയിലെ എല്ലാ അഹങ്കാരങ്ങളെയും നിശ്ശബ്ദമാക്കുന്നു, എല്ലാ സമ്പാദ്യങ്ങളെയും ഇല്ലാതാക്കുന്നു. വിടപറയലിന്‍റെ ഈ ആഴമേറിയ വേദന ലോകസാഹിത്യത്തിലും കലയിലും എന്നും നൊമ്പരമായി നിറഞ്ഞുനില്‍ക്കുന്നു. ആന്‍റണ്‍ ചെക്കോവിന്‍റെ 'വാര്‍ധക്യം' (Old Age) എന്ന കഥ മരണത്തിന്‍റെ മുന്നിലെ മനുഷ്യന്‍റെ നിസ്സഹായതയെ ആഴത്തില്‍ വരച്ചുകാട്ടുന്നുണ്ട്.


ആ കഥയുടെ അവസാനം ഇങ്ങനെയാണ്, പതിറ്റാണ്ടുകള്‍ക്കുശേഷം തന്‍റെ ജന്മനാട്ടിലെ സെമിത്തേരിയിലെ പള്ളി പുതുക്കിപ്പണിയാന്‍ എത്തുന്ന ഉസെല്‍ക്കോവ് എന്ന ആര്‍ക്കിടെക്റ്റ്, പണ്ട് താന്‍ വഞ്ചിച്ച ഭാര്യ സോഫിയയുടെ കല്ലറയ്ക്കു മുന്നിലെത്തുന്നു. അയാളുടെകൂടെ പഴയ വക്കീല്‍ ഷാപ്കിനുമുണ്ട്. അവളുടെ കല്ലറയ്ക്കു മുന്നില്‍നിന്ന് തന്‍റെ പഴയ തെറ്റുകളെ ഓര്‍ത്ത് ഉച്ചത്തില്‍ കരയാന്‍ ഉസെല്‍ക്കോവ് ആഗ്രഹിക്കുന്നുവെങ്കിലും, വാര്‍ധക്യത്തിന്‍റെ തളര്‍ച്ചയും വികാരശൂന്യതയും കാരണം അദ്ദേഹത്തിന് ഒരുതുള്ളി കണ്ണീര്‍പോലും പൊഴിക്കാന്‍ കഴിയുന്നില്ല.


മനുഷ്യന്‍ ജീവിക്കുന്ന ഐഹികമായ വിജയങ്ങളും സ്വാര്‍ഥതകളും ഒടുവില്‍ മരണമെന്ന കല്ലറയ്ക്കു മുന്‍പില്‍ നിസ്സാരമായിമാറും എന്ന സത്യമാണ് ചെക്കോവ് ഇവിടെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ ഈ ഇരുട്ടിലും സഹാനുഭൂതിയും ദൈവികപ്രത്യാശയുമാണ് മനുഷ്യനെ അമരത്വത്തിലേക്കു നയിക്കുന്നത്.


3. മരണം അവസാന വാക്കല്ല

മരണം അവസാന വാക്കല്ല, പുനരുത്ഥാനത്തിലേക്കുള്ള വാതിലാണെന്നു ബൈബിളില്‍ നമ്മള്‍ കാണുന്നുണ്ട്. വിശുദ്ധഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത് മരണം എന്നാല്‍ അവസ്ഥാന്തരം മാത്രമാണ് എന്നാണ്. പഴയനിയമംമുതല്‍ പുതിയനിയമംവരെ പ്രത്യാശയുടെ ഈ വാഗ്ദാനം മുഴങ്ങിക്കേള്‍ക്കുന്നു. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോ നല്‍കുന്ന മഹത്തായ വാഗ്ദാനം ഇതാണ്: 'ഞാന്‍തന്നെയാണ് പുനരുത്ഥാനവും ജീവനും; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും,' (യോഹ. 11:25).

ലാസറിന്‍റെ കല്ലറയ്ക്കല്‍ കണ്ണീര്‍വാര്‍ത്ത ഈശോ, മരണം എന്ന യാഥാര്‍ഥ്യത്തിനു മുമ്പില്‍ കരയുന്ന മാനവഹൃദയത്തിന്‍റെ വേദന പൂര്‍ണ്ണമായും പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ആ കണ്ണീരിനുശേഷം, മരണത്തിന്‍റെ സകല ആധിപത്യങ്ങളെയും തകര്‍ത്തുകൊണ്ട് അവിടുന്ന് അരുളിച്ചെയ്തു: "ലാസറേ, പുറത്തുവരിക." അതു കേവലം ഒരു മനുഷ്യനെ ഉയിര്‍പ്പിക്കല്‍ മാത്രമായിരുന്നില്ല, മറിച്ച് മരണത്തിന്മേല്‍ ദൈവത്തിനുള്ള അന്തിമവിജയത്തിന്‍റെ പരസ്യപ്രഖ്യാപനമായിരുന്നു.

അതുപോലെതന്നെ, വിശുദ്ധ പൗലോസ് ശ്ലീഹാ കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ഉത്ഥാനത്തിന്‍റെ മനോഹരമായ ചിത്രം വെളിപ്പെടുത്തുന്നു:

'മരണമേ, നിന്‍റെ വിജയം എവിടെ, മരണമേ, നിന്‍റെ ദംശനം എവിടെ?' (1 കൊറി. 15:54-55). ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തോടെ മരണം എന്നത് നിത്യജീവനിലേക്കുള്ള ഒരു സ്വര്‍ണ്ണകവാടമായിമാറി. വിതയ്ക്കപ്പെടുന്ന വിത്ത് മണ്ണില്‍ ദ്രവിച്ചുപോയാലേ അതില്‍നിന്നു പുതിയൊരു വൃക്ഷം മുളപൊട്ടൂ എന്നതുപോലെ, നമ്മുടെ ഐഹിക ശരീരത്തിന്‍റെ ദ്രവിച്ചുപോകലാണ് നിത്യമായ ആത്മീയശരീരത്തിന്‍റെ ജനനം. ക്രിസ്തീയദര്‍ശനത്തില്‍ മരണം ഒന്നിന്‍റെയും നിത്യമായ അന്ത്യമല്ല.

4. അതിജീവനവും പ്രത്യാശയും

നമ്മില്‍ ഭയംജനിപ്പിക്കുന്ന മരണത്തിന്‍റെ ഇരുട്ടിനെക്കാള്‍, അതിനുശേഷമുള്ള അതിജീവനത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചത്തെ തിരയുകയാണ് ഈ ജീവിതത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. പ്രത്യാശയുടെ പ്രതീകമായിനില്‍ക്കുന്ന സിനിമയാണ് 'ദ ഷോഷാങ്ക് റിഡംപ്ഷന്‍'. ഇരുണ്ട തടവറയ്ക്കുള്ളില്‍ കിടക്കുമ്പോഴും ആന്‍ഡി എന്ന നായകന്‍റെ ഒരു വാക്യമുണ്ട്:

'പ്രത്യാശ നല്ലൊരു കാര്യമാണ്, ഒരുപക്ഷേ, ഏറ്റവും നല്ല കാര്യം. നല്ല കാര്യങ്ങളൊന്നും ഒരിക്കലും മരിക്കില്ല.'

എത്ര മനോഹരമായ ആശയമാണിത്. മരണസമാനമായ അനുഭവങ്ങളിലും നിരാശയിലും കഴിയുന്ന ഏതൊരു മനുഷ്യനും ദൈവികപ്രത്യാശയുടെ പുതിയൊരു ആകാശം ഈ വാക്യങ്ങള്‍ തുറന്നുനല്‍കുമെന്നു തീര്‍ച്ച.


പ്രത്യാശയുടെയും പുനരുത്ഥാനത്തിന്‍റെയും ഏറ്റവും വികാരനിര്‍ഭരമായ മറ്റൊരനുഭവം നാം കാണുന്നത് വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന നോവലിന്‍റെ ഒടുവിലാണ്. ജീവിതകാലം മുഴുവന്‍ സഹിച്ച യാതനകള്‍ക്കൊടുവില്‍ ജീന്‍ വാല്‍ ജീന്‍ മരണത്തിലേക്കടുക്കുമ്പോള്‍, അയാള്‍ക്കു ചുറ്റും സ്നേഹത്തിന്‍റെ പ്രകാശം നിറയുന്നു. പ്രാര്‍ഥനാപൂര്‍വം കിടക്കുന്ന ജീന്‍ വാല്‍ ജീന്‍റെ ആത്മാവിനെ സ്വീകരിക്കാന്‍ മാലാഖമാര്‍ ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. മരണം അയാള്‍ക്ക് ഒരു ശിക്ഷയായിരുന്നില്ല, മറിച്ച് ഭൂമിയിലെ കഷ്ടപ്പാടുകളില്‍നിന്നുള്ള മോചനവും ദൈവത്തിന്‍റെ നിത്യസ്നേഹത്തിലേക്കുള്ള ഉത്ഥാനവുമായിരുന്നു. നോവലിന്‍റെ അവസാന വാക്യങ്ങള്‍ ഇങ്ങനെയാണ്:


"അയാള്‍ പിന്നിലേക്കു വീണു, മെഴുകുതിരികളുടെ വെളിച്ചം അയാളെ പ്രകാശപൂരിതനാക്കി. അയാളുടെ വിളറിയ മുഖം സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നിരുന്നു; തന്‍റെ കൈകളില്‍ ഉമ്മകള്‍കൊണ്ടു മൂടാന്‍ അയാള്‍ കൊസെറ്റിനെയും മരിയസിനെയും അനുവദിച്ചു. അയാള്‍ മരിച്ചിരുന്നു. ആ രാത്രി നക്ഷത്രങ്ങളില്ലാത്ത, കൂരിരുട്ടു നിറഞ്ഞതായിരുന്നു. എങ്കിലും, ആ ഇരുളില്‍ വിടര്‍ത്തിയ ചിറകുകളോടെ ഒരു മാലാഖ ആ ആത്മാവിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു."

എല്ലാ സങ്കടങ്ങളുടെയും ഒടുവില്‍ പ്രതീക്ഷയുടെ ചിറകിലേറി അയാള്‍ ദൈവത്തിങ്കലേക്കു യാത്രയായി. നമ്മുടെയും ഒടുവിലത്തെ യാത്ര ദൈവത്തിന്‍റെ പക്കലേക്കാണെന്നു നമ്മള്‍ ഓര്‍മിക്കണം.


5. വൈകിപ്പോകരുത്

നമ്മുടെ പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരെ സ്നേഹിക്കണം എന്ന ചിന്തയും നവംബര്‍ നമുക്കു നല്‍കുന്നുണ്ട്. റഷ്യന്‍ എഴുത്തുകാരനായ കോണ്‍സ്റ്റന്‍റൈന്‍ പൗസ്തോവ്സ്കിയുടെ (ഗീിമെേിശേി ജമൗീ്സ്യെേെ) 'ദി ടെലിഗ്രാം' എന്ന കഥ നമുക്കു നല്‍കുന്നത് സ്നേഹത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും വലിയൊരു പാഠമാണ്. ഈ കഥയിലെ കാതറീന പെത്രോവ്ന എന്ന വൃദ്ധ, റഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ സബോറിയെയില്‍ തന്‍റെ മകള്‍ നസ്ത്യയുടെ വരവുംകാത്ത് ഏകയായി കഴിയുകയാണ്. നസ്ത്യയാകട്ടെ,

ലെനിന്‍ഗ്രാഡ് നഗരത്തിലെ തിരക്കേറിയ ജീവിതത്തില്‍ ആര്‍ട്ട് എക്സിബിഷനുകളുടെയും മറ്റും തിരക്കിലായിരുന്നു.

മരണം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കിയ അമ്മ, ഒരു രാത്രിയില്‍ വേദനയോടെ മകള്‍ക്ക് ഇങ്ങനെ ഒരു കത്തെഴുതി: "എനിക്കേറ്റവും പ്രിയപ്പെട്ടവളേ, ഈ മഞ്ഞുകാലം അതിജീവിക്കാന്‍ എനിക്കു കഴിയില്ല, ഒരു ദിവസത്തേക്കെങ്കിലും നീ വരിക. ഞാന്‍ നിന്നെ ഒരിക്കല്‍ക്കൂടി കാണട്ടെ..." എന്നാല്‍ തിരക്കുകള്‍ കാരണം അവള്‍ വന്നില്ല. പിന്നീട് അമ്മ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചുകൊണ്ട് ഗ്രാമത്തിലെ പോസ്റ്റ്മാന്‍ അയച്ച ടെലിഗ്രാം ലഭിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. മഞ്ഞുവീഴ്ചയെ അവഗണിച്ച് അവള്‍ ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും അമ്മയുടെ സംസ്കാരം കഴിഞ്ഞിരുന്നു. തിരുത്താനാവാത്ത ആ തെറ്റില്‍നിന്നും കുറ്റബോധത്തില്‍നിന്നും മോചനം നേടാനാകാതെ തേങ്ങിക്കരയുന്ന നസ്ത്യയുടെ രൂപം വൈകിപ്പോകുന്ന തിരിച്ചറിവുകളെക്കുറിച്ചുള്ള ലോകത്തിന്‍റെ വിലാപമാണ്.


6. പ്രകാശത്തിലേക്കു നടക്കുക

മരിച്ചവരെ ഓര്‍മിക്കുന്ന നവംബര്‍ നമ്മെ പഠിപ്പിക്കുന്നത് മരണത്തെയോര്‍ത്തു ഭയപ്പെടാനല്ല, മറിച്ച് നമ്മുടെ

ദിനങ്ങളെ വിശുദ്ധീകരിക്കാനാണ്. നാം ഇന്നിവിടെ ജീവിക്കുന്ന ഓരോ നിമിഷവും, ചെയ്യുന്ന ഓരോ നന്മയും നിത്യതയിലേക്കുള്ള നിക്ഷേപമാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നാം കണ്ണീരൊഴുക്കുമ്പോള്‍, നിരാശയല്ല ഉണ്ടാകേണ്ടത്; മറിച്ച്, ക്രിസ്തുവിന്‍റെ വാഗ്ദാനത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. ഒരമ്മ തന്‍റെ കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നതുപോലെ, പരമപിതാവായ ദൈവം നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും തോളിലേറ്റുന്ന ഒരു സുന്ദരദിനം വരും. അന്നു വിടപറയലുകളില്ല, രോഗങ്ങളില്ല, വേദനകളില്ല.


"അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി," (വെളി. 21:4) എന്ന വചനം നമ്മെ ശക്തിപ്പെടുത്തട്ടെ.

മരണം എന്നത് വെറുമൊരു നിഴല്‍ മാത്രമാണ്. ആ നിഴലിനപ്പുറം ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ നിത്യപ്രകാശം നമ്മെ കാത്തിരിക്കുന്നു. അതിനാല്‍, ഈ നവംബര്‍ മാസത്തില്‍ വിടപറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരെ കണ്ണീരോടെയല്ല, പ്രാര്‍ഥനയോടെ ഓര്‍ക്കാം. നമ്മളും ആ നിത്യവീട്ടിലേക്കു യാത്രയാകേണ്ട തീര്‍ഥാടകരാണ് എന്ന ബോധ്യത്തോടെ ജീവനെ സ്നേഹിക്കാം, പ്രത്യാശയോടെ അവിടുത്തെ പ്രകാശത്തിലേക്കു മുന്നോട്ടുനടക്കാം.


മരണത്തിനപ്പുറം പ്രകാശമുണ്ട്

ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്.

അസ്സീസി മാസിക, നവംബർ 2026


bottom of page