സ്റ്റാഫും ബോസ്സും


ഈ കഥ പലതവണ വായിച്ചിട്ടും കേട്ടിട്ടും കാണും. പട്ട് വ്യാപാരം ചെയ്ത് സമ്പന്നനായ അസ്സീസിയിലെ പീറ്ററിൻ്റെ മൂത്തമകൻ! പുത്രൻ കുറച്ച് ലാവിഷായിട്ട് ജീവിക്കുന്നത് കാണാൻ തന്ന്യാ അപ്പന് ഇഷ്ടം. കാരണം, പാരമ്പര്യമായി വലിയ കുലീനത്വമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമാണ്. അതിനാൽ സാമാന്യം പ്രകടനപരതയൊക്കെ ആവാം. നല്ല വിലപിടിപ്പുള്ളതും പകിട്ടുള്ളതുമായ ബ്രാൻഡഡ് കുപ്പായങ്ങൾതന്നെയാ അപ്പൻ മകന് കൊടുക്കണത്. കൂട്ടുകാരോടൊപ്പം പൊങ്ങച്ചംകാട്ടാനും ആർമാദിക്കാനും ആവശ്യത്തിന് കൈക്കാശും. അല്പം റൊമാൻസിൻ്റെ അസ്കിതയും ഉണ്ട് മകന്.
എന്നാൽ അതൊന്നും പോരാ. 'എല്ലാരും അരിപ്രാഞ്ചീന്നാ വിളിക്കണ്.' 'ഒരു പേരില്ല പുണ്യാളാ' അതാ പ്രശ്‌നം.
ഒരു പേര് ഉണ്ടാക്കാൻ യുദ്ധത്തിന് പോകാമെന്ന് മകൻ പറഞ്ഞു.
ഏറ്റവും ബെസ്റ്റ് യുദ്ധക്കുതിരയെത്തന്നെ അപ്പൻ മകന് വാങ്ങിക്കൊടുത്തു. നല്ലൊന്നാന്തരം യുദ്ധക്കവചവും. പക്ഷേങ്കീ, പോയ പക്കത്തിനുതന്നെ രാത്രി പുത്രന് ഒരു ദർശനമുണ്ടായി. "പ്രാഞ്ചീ, പ്രാഞ്ചീ" എന്ന് വിളിക്കുന്നാരോ. "എന്തോ"ന്നു വിളികേട്ടു പ്രാഞ്ചി. "ബോസ്സിനെ നമ്പുന്നതാണോ, പണിക്കാരനെ നമ്പുന്നതാണോ മെച്ചം?"
" സംശംന്താ!ബോസ്സിനെ"
"പിന്നെന്തിനാ നീ പണിക്കാരനെ നമ്പാൻ പോണത്? തിരിച്ചുപോടാ"
കവചകുണ്ഡലങ്ങളും കുതിരേമൊക്കെയായി തിരിച്ച്ചെല്ലണത് ഫൗളാ. അതിനെയൊക്കെ ഓരോരുത്തർക്ക് ഫ്രീ കൊടുത്തു. പെട്ടന്ന് ആര്ടേം ശ്രദ്ധേപ്പെടാണ്ടിരിക്കാൻ അവരുടെ പഴേ കുപ്പായോക്കെ പകരം വാങ്ങിയിട്ടു.
അങ്ങനെ പയ്യൻസ് ഒളിച്ചും പാത്തും പിന്നാമ്പുറത്തൂടെ വീട്ടീക്കേറി.
പക്ഷേ, ഒന്നുണ്ട്. അന്നുതൊട്ട് ചെക്കൻ ബോസ്സിൽനിന്ന് കണ്ണെടുത്തിട്ടില്ല!
പണം ബോസ്സല്ല: പണിക്കാരനാ. പദവിയും പണിക്കാരനാ. പ്രശസ്തിയും പണിക്കാരൻതന്നെ. ഊരും പേരും മതോം ജാതീം നെറോം കുലോം ആൽഗൊരിതോം ഒക്കെ പണിക്കാരാ. ബോസ്സ് അതുക്കെല്ലാം മേലൈ!
പണിക്കാരെ നമ്പാൻ പോയാൽ യുദ്ധോം കൊലവെറീം ഒറപ്പാ!
കാണണില്ലേ?! പണിക്കാരൊക്കെ ഇപ്പ രാശാക്കമ്മാരെ പോലാ നടക്കണത്!!

















































































































