ഇന്നും പൂര്‍ത്തിയാകാത്തൊരു വിപ്ലവമാണ് ഫ്രാന്‍സിസ്


എന്തായിരുന്നു സഹോദരന്‍ ഫ്രാന്‍സിസില്‍ ലോകം ദര്‍ശിച്ച വിപ്ലവം?
പറഞ്ഞുകേട്ടിട്ടുള്ളതാണ്; നിരീശ്വരവാദത്തെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. സത്യമാണോ എന്നു വ്യക്തമല്ല. കാരണം, ആ പുസ്തകം ഇന്നോളം കയ്യിലെത്തിയിട്ടില്ല. റഷ്യയുടെ ബോള്‍ഷെവിക് വിപ്ലവനായകന്‍ വ്ളാഡിമിര്‍ ലെനിന്‍ തന്‍റെ മരണക്കിടക്കയില്‍വച്ച് പരിതപിച്ചത്രേ: "ഞാന്‍ റഷ്യയ്ക്കു നല്‍കേണ്ടിയിരുന്നത് കമ്യൂണിസമായിരുന്നില്ല: ഒരുഡസന്‍ ഫ്രാന്‍സിസ് അസ്സീസിമാരെയായിരുന്നു!"
അദ്ദേഹമങ്ങനെ പറഞ്ഞിരിക്കാന്‍ സാധ്യതയില്ലാതില്ല. കാരണം, ഫ്രാന്‍സിസ് ഒരു വിപ്ലവമായിരുന്നു: വെറുമൊരു രാഷ്ട്രീയ വിപ്ലവമല്ല -സൂക്ഷ്മ രാഷ്ട്രീയമുള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിന്‍റെയും നിലപാടിന്‍റെയും വിപ്ലവം.
ജി.കെ. ചെസ്റ്റര്‍ട്ടണ്‍ നൂറു കൊല്ലംമുന്‍പ് (1923) എഴുതിയ ഗ്രന്ഥം അറുപതു കൊല്ലത്തിനുശേഷം (1983) വായിച്ചപ്പോള്‍ അതിലെ ഒരു ചെറുഖണ്ഡിക ഹൃദിസ്ഥമാക്കാന്‍ കൊതിതോന്നിയിരുന്നു. ആവര്‍ത്തിച്ചു വായിച്ച് അതിനായി ഒരു വൃഥാവ്യായാമം നടത്തിയതോര്‍ക്കുന്നു. ആ വരികളുടെ മലയാളരൂപം ഏതാണ്ട് ഇങ്ങനെയായിരിക്കും:
"വെളിച്ചമപ്പോഴും അരണ്ടിരിക്കെ നഗരത്തിനുമേലേ ഒരു ചെറിയ കുന്നിന്‍മുകളില്‍ മങ്ങിക്കൊണ്ടിരിക്കുന്ന ഇരുളിനെതിരെ നിശ്ശബ്ദവും പൊടുന്നനെയുമായി ഒരു ഇരുണ്ട രൂപം പ്രത്യക്ഷപ്പെട്ടു. താരകള്‍ തീരെ എത്തിനോക്കാതിരുന്നില്ലെങ്കിലും ദീര്‍ഘവും കഠിനവുമായ ജാഗ്രത വേണ്ടിവന്ന രാവിന്‍റെ അന്ത്യമായിരുന്നുവത്. അനവധി രൂപങ്ങളിലും ചിത്രങ്ങളിലുമെന്നപോലെ, ഉയര്‍ത്തിയ കൈകളുമായി നിലകൊണ്ട ആ രൂപത്തിനു ചുറ്റുമായി പാടുന്ന പക്ഷികള്‍ ഒരു വലയം തീര്‍ത്തിരുന്നു; അവന്‍റെ പിന്നിലാകട്ടെ പുലരി പൊട്ടിവിടരുകയുമായിരുന്നു."
'ഇരുണ്ട കാലം' എന്നറിയപ്പെടുന്ന മധ്യയുഗത്തിന്‍റെ പൂര്‍വഘട്ടത്തില്‍നിന്നുള്ള ഒരു വഴിത്തിരിവായിരുന്നു ഫ്രാന്‍സിസ്. പാശ്ചാത്യ ലോകത്തിനും അതുവഴി ലോകത്തിനാകെയും ഒരു പുതുഭാവുകത്വം പ്രദാനംചെയ്ത മഹാമനീഷി. "അയാള്‍ക്കു പിന്നില്‍ പുലരിയുദിക്കുന്നു" എന്നാണ് ചെസ്റ്റര്‍ട്ടണ്‍ എഴുതുന്നത്.
ഫ്രാന്‍സിസ് എന്ന വിപ്ലവം
മൂന്ന് അനുഭവങ്ങളെ ആധാരമാക്കിയാണ് ഫ്രാന്‍സിസിന്‍റെ മാനസാന്തരം സംഭവിക്കുന്നത്. അക്കാലത്ത് മാര്‍പ്പാപ്പ ഏതാണ്ട് യൂറോപ്പു മുഴുവന്‍റെയും ചക്രവര്‍ത്തിയായിരുന്നു. മാര്‍പ്പാപ്പയുടെ സര്‍വാധിപത്യത്തിനെതിരേ സൈനികമായ പല ചെറുത്തുനില്‍പുകളും അക്കാലത്തുണ്ടായി. അത്തരം ഒരു യുദ്ധത്തില്‍ മാര്‍പ്പാപ്പയുടെ പക്ഷത്തിന് ആധിപത്യം ഉറപ്പിക്കാന്‍ പട്ടാളത്തില്‍ പേരുചേര്‍ത്ത ഫ്രാന്‍സിസ് യുദ്ധംചെയ്യാനായി സൈന്യത്തോടൊപ്പം പോയി. മാര്‍ഗമധ്യേ സൈനിക ക്യാമ്പില്‍ അയാള്‍ രാവുറങ്ങുമ്പോള്‍ ആ ചെറുപ്പക്കാരന് ഒരു സ്വപ്നമുണ്ടായി.
ഒരശരീരി "ഫ്രാന്‍സിസ് ഫ്രാന്‍സിസ്," എന്നയാളെ വിളിക്കുന്നു.
"ഇതാ ഞാന്‍," എന്നു വിളികേട്ട ഫ്രാന്‍സിസിനോട് ആ അശരീരി ഇങ്ങനെ ചോദിച്ചു:
"ആരെ സേവിക്കുന്നതാണ് ഉത്തമം? യജമാനനെയോ ഭൃത്യനെയോ?"
അയാള്‍ക്ക് ഉത്തരം വ്യക്തമായിരുന്നു: "യജമാനനെ."
"എങ്കിലെന്തിന് ഭൃത്യനെ സേവിക്കാന്‍പോകുന്നു? തിരിച്ചുപോകൂ." ഇതികര്‍ത്തവ്യതാമൂഢനായി അയാള്‍ സ്വന്തം പട്ടണത്തിലേക്കു തിരിച്ചുപോയി. അതായിരുന്നു അയാളുടെ ഒന്നാമത്തെ വഴിത്തിരിവ്.

ചെറുപ്പക്കാരനായ ഫ്രാന്‍സിസ് ഒരിക്കല്‍ അസ്സീസിയുടെ പ്രാന്തവഴിയിലൂടെ തന്‍റെ കുതിരപ്പുറത്തു യാത്രചെയ്യുകയായിരുന്നു. പണ്ടുകാലത്ത് കുഷ്ഠരോഗികളെ നേരിട്ടു കണ്ടിട്ടുള്ളവര്‍ക്കതു മനസ്സിലാവും. വിരലുകള്‍ അറ്റുപോയ കൈകാലുകളും പഴുത്തു വ്രണമായി തീര്‍ന്നുപോയ മൂക്കും ചുണ്ടുകളും ചലവും ദുര്‍ഗന്ധവുംമൂലം ഈച്ചയാര്‍ത്ത് മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി നടന്നിരുന്ന കുഷ്ഠരോഗികളെ കാണുന്നതുതന്നെ ഫ്രാന്‍സിസില്‍ ഭയവും അറപ്പും മനംപുരട്ടലും ഉണ്ടാക്കിയിരുന്നു. ദൂരെ അത്തരമൊരു രൂപം കണ്ടമാത്രയില്‍ ഫ്രാന്‍സിസ് കുതിരയെ കടിഞ്ഞാണ്‍ വലിച്ചു നിര്‍ത്തി. കുതിരയെ തിരിച്ച് അയാള്‍ പിന്നോക്കം പാഞ്ഞു. പെട്ടെന്ന് അശനിപാദംകണക്കെ ഒരു വെളിപാട് ഫ്രാന്‍സിസിന്‍റെ മനസ്സില്‍ മിന്നി: "അതു ക്രിസ്തുവാണെങ്കിലോ?" ഫ്രാന്‍സിസ് വീണ്ടും കുതിരയെ തിരിച്ചു. ആ കുഷ്ഠരോഗിയുടെ അടുത്തെത്തി അയാള്‍ കുതിരപ്പുറത്തുനിന്നിറങ്ങി. ചങ്ക് പെരുമ്പറകൊട്ടുന്നു. മുഖം തീക്കല്ലുപോലെയാക്കി ഫ്രാന്‍സിസ് അയാളെ സമീപിച്ച് മാറോടണച്ച് അയാളെ ചുംബിച്ചത്രേ! തന്‍റെ ഏറ്റവും ശക്തമായ ദൈവാനുഭവമായി ഫ്രാന്‍സിസ് കുറിക്കുന്നത് ഈ അനുഭവമാണ്! അതായിരുന്നു അദ്ദേഹത്തിന്‍റെ രണ്ടാമത്തെ വഴിത്തിരിവ്.
തന്‍റെ വഴിയേതെന്നറിയാന്‍ ദൈവത്തില്‍നിന്ന് ഒരു സ്വരം കേള്‍ക്കാന്‍ ആഗ്രഹിച്ച് ഫ്രാന്‍സിസ് വിജനമായ ഇടങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും ചെലവഴിച്ച നാളുകള്‍. അങ്ങനെയാണ് പട്ടണപ്രാന്തത്തില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ ഡാമിയന്‍റെ പേരിലുള്ള, ഇടിഞ്ഞുവീഴാറായ, ആളൊഴിഞ്ഞ ആ ദേവാലയത്തില്‍ അയാള്‍ സമയംപോക്കുന്നത്. അവിടെ ക്രൂശിതനായ കര്‍ത്താവിന്‍റെ ഒരു ഐക്കണ്‍ പെയ്ന്‍റിങ് തൂങ്ങിനിന്നിരുന്നു. പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ, ആ കുരിശുരൂപം ഫ്രാന്‍സിസിനോട് ഇങ്ങനെ പറഞ്ഞു: "ഫ്രന്‍ചേസ്കോ, വയേ റിപാറ ലാ മിയ കാസ," (ഫ്രാന്‍സിസ്, പോയി എന്‍റെ ആലയം നീ നന്നാക്കുക.) അതായിരുന്നു മൂന്നാം വഴിത്തിരിവ്. സ്വപ്നം, യാഥാര്‍ഥ്യം, ദര്‍ശനം: മൂന്നു വെളിപാടുകളാണ്. അവ മൂന്നിന്‍റെയും വിപുലീകരണമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം.
ആത്മീയതയായിരുന്നു ഫ്രാന്‍സിസിന്‍റെ പ്രാഥമിക തട്ടകം. ഒരാള്‍ തന്നെത്തന്നെയും ദൈവത്തെയും ലോകത്തെയും പ്രപഞ്ചത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണ് മറ്റെല്ലാം നിലകൊള്ളുന്നത്.
ഒന്നാം വെളിപാടിനോട് ഫ്രാന്‍സിസ് പ്രതികരിച്ചത് സുവിശേഷങ്ങളിലേക്കും വിജനതകളിലേക്കും സ്വന്തം അന്തരാളങ്ങളിലേക്കും മടങ്ങിപ്പോയ്ക്കൊണ്ടാണ്. തനിക്കു പതിനൊന്നു ശിഷ്യന്മാര്‍ ആയപ്പോള്‍ ഫ്രാന്‍സിസ് അവരെയും കൂട്ടിക്കൊണ്ട് 1209-ല്‍ റോമിലേക്ക് ഒരു കാല്‍നടയാത്ര പോയി. മാര്‍പ്പാപ്പയെ നേരില്‍ക്കണ്ട് തങ്ങള്‍ ആഗ്രഹിക്കുന്നതരം സമര്‍പ്പിത ജീവിതത്തിന് അനുമതി നേടുകയായിരുന്നു യാത്രാലക്ഷ്യം. ഏതാനും സുവിശേഷവചനങ്ങള്‍ ഒരു നിയമാവലി കണക്കേ എഴുതി കയ്യില്‍ക്കരുതിയിരുന്നു. പാപ്പയെ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടത് സുവിശേഷാനുസൃതം ജീവിക്കാന്‍ അനുവാദം വേണം എന്നായിരുന്നു! നിരാകരണമായിരുന്നു മാര്‍പ്പാപ്പയുടെ ആദ്യ പ്രതികരണം. എന്നാല്‍, ദൈവപ്രചോദനത്താല്‍ പാപ്പാ ഫ്രാന്‍സിസിന് അദ്ദേഹത്തിന്‍റെ താല്‍പര്യപ്രകാരം സുവിശേഷം ജീവിക്കാന്‍ വാക്കാല്‍ അനുവാദം നല്‍കി.
എന്താണ് വിശുദ്ധി എന്നതിനെക്കുറിച്ചു നമുക്ക് ഇക്കാലത്തു കുറച്ചെങ്കിലും വ്യക്തതയുണ്ട്. എന്നാല്‍, അനുഷ്ഠാനബദ്ധമാണ് ആത്മീയത എന്ന് അക്കാലത്തുള്ളവര്‍ കരുതിയിരുന്നു. കൂടുതല്‍ തവണ കുര്‍ബാനചൊല്ലുക; കൂടുതല്‍ തവണ കുര്‍ബാന കാണുക, കൂടുതല്‍ പ്രാര്‍ത്ഥന ചൊല്ലുക എന്നതെല്ലാം വിശുദ്ധി വര്‍ധിപ്പിക്കും എന്ന് അവര്‍ കരുതി. അതിനായി ദേവാലയങ്ങളില്‍ നിരവധി ബലിപീഠങ്ങള്‍ സ്ഥാപിച്ചു. ഒരു ബലിപീഠത്തില്‍ ബലി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് മറ്റൊരു ബലിപീഠത്തില്‍ മറ്റൊരു വൈദികന്‍ കുര്‍ബാനയാരംഭിച്ചു. കുറെപ്പേരെങ്കിലും ഒരിടത്തെ ആശീര്‍വാദം സ്വീകരിച്ചശേഷം അടുത്ത ബലിയിലേക്കു നീങ്ങിനിന്നു.

ആദ്യം ഫ്രാന്‍സിസിന്‍റെ സഹോദരഗണത്തില്‍ ചേര്‍ന്ന വൈദികന്‍ സില്‍വെസ്റ്ററച്ചന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് ഒന്നിലധികം വൈദികര്‍ അംഗങ്ങളായപ്പോള്‍, ഒരു വൈദികന്‍മാത്രം ഒരു ദിവസം ബലിക്കു നേതൃത്വം നല്‍കിയാല്‍ മതിയെന്നും സഹോദര വൈദികരടക്കമുള്ള മറ്റെല്ലാവരും ബലിയില്‍ പങ്കുചേര്‍ന്നാല്‍ മതിയെന്നും ഫ്രാന്‍സിസ് നിര്‍ദേശിച്ചു.
യാമപ്രാര്‍ഥനകളെ ആഘോഷകരമാക്കി അവയുടെ നീളംകൂട്ടുന്നതിന് അദ്ദേഹം താല്‍പര്യപ്പെട്ടില്ല. അധരംകൊണ്ടല്ല, ഹൃദയംകൊണ്ടു പ്രാര്‍ഥിക്കാന്‍ അദ്ദേഹം തന്‍റെ ശിഷ്യരോടു നിര്‍ദേശിച്ചു. ഏതൊരു പ്രാര്‍ഥനയും ഹൃദയംകൊണ്ടായിരിക്കണം. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഭാഷയില്‍ 'ഹൃദയം' എന്നാല്‍, പൂര്‍ണവ്യക്തിത്വം എന്നാണര്‍ഥം. ജപങ്ങള്‍ക്കല്ല, വ്യക്തിപരമായ ധ്യാനത്തിന് പരമാവധി സമയം നല്‍കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. അങ്ങനെ, ആത്മീയതയുടെ പ്രാഥമികാടിസ്ഥാനം ദൈവവുമായുള്ള വൈയക്തിക ബന്ധമാണ് എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അങ്ങനെ, വചനത്തില്‍, ധ്യാനത്തില്‍, പ്രാര്‍ഥനയില്‍, ബലിയില്‍ - ഒന്നിലും അദ്ദേഹം യജമാനനില്‍നിന്നു കണ്ണെടുത്തില്ല.
സ്വന്തം ഉള്ളു നേരെയാക്കലും സഹോദരങ്ങളോടുള്ള സ്നേഹ- സേവനങ്ങളുമായിരുന്നു അടുത്തത്. അഹന്ത, സ്വാര്‍ഥത, താന്‍പോരിമ, കാമം, ക്രോധം, ലോഭം (ഉദാരതയില്ലായ്മ), മോഹം എന്നിവയെയെല്ലാം ഉല്ലംഘിക്കണം. അതിന് ഫ്രാന്‍സിസ് തനിക്കും സഹോദരന്മാര്‍ക്കുമായി അനവധി ആത്മീയാഭ്യാസങ്ങള്‍ കണ്ടെത്തി. കുഷ്ഠരോഗികളെ കുളിപ്പിക്കുകയും വച്ചുകെട്ടുകയും ചെയ്യുക; മറ്റുള്ളവരുടെ വീടുകളില്‍ പണിയെടുക്കുക; ഭക്ഷണത്തിനായി ഭിക്ഷയാചിക്കുക; അടിവസ്ത്രംമാത്രം ധരിച്ചുകൊണ്ട് തെരുവിലൂടെ നടക്കുക; മറ്റുള്ളവരുടെ അധിക്ഷേപങ്ങള്‍ക്കു നിന്നുകൊടുക്കുക; ദരിദ്രരോടോ മദ്യപരോടോ മോഷ്ടാക്കളോടുപോലുമോ വിധിക്കുംവിധം ഏതെങ്കിലും സഹോദരന്‍ സംസാരിച്ചുപോയാല്‍ സാഷ്ടാംഗം പ്രണമിച്ച് അവരോടു മാപ്പുചോദിക്കുക എന്നിങ്ങനെ അവനവനെ ശുദ്ധീകരിക്കത്തക്ക നിരവധി അഭ്യാസങ്ങളിലൂടെ അവര്‍ തങ്ങളെത്തന്നെ വിമലീകരിച്ചു. അങ്ങനെയായിരുന്നു അദ്ദേഹം തന്‍റെ രണ്ടാം വെളിപാടിന്‍റെ ആദ്യഘടകത്തിന് ജീവന്‍ നല്‍കിയത്.
ദാരിദ്ര്യത്തെ ആത്മനാ വരിക്കുക; ദരിദ്രരിലും കുഷ്ഠരോഗികളിലും സ്നേഹാദരവുകള്‍ ചൊരിയുക; എല്ലാവരോടും സൗമ്യതയോടെമാത്രം വര്‍ത്തിക്കുക; ആരോടും വിവേചനം കാട്ടാതിരിക്കുക; ആരെയും വിധിക്കാതിരിക്കുക; പ്രകൃതിയിലെ ഓരോന്നിനെയും സഹോദരതുല്യം സ്നേഹിക്കുക; ഭൂമിയെപ്പോലും നോവിക്കാതെ നടക്കുക എന്നിവയെല്ലാമായിരുന്നു മേല്‍പറഞ്ഞ വെളിപാടിന്‍റെ രണ്ടാം ഘടകത്തെ സാക്ഷാല്‍ക്കരിക്കാന്‍ ഫ്രാന്‍സിസ് കണ്ടെത്തിയ ആത്മീയസാധനകള്‍.

വി. ഡാമിയന്‍റെ ദേവാലയത്തിലെ ക്രൂശിതന്‍റെ ഐക്കണ്‍ ഫ്രാന്‍സിസിനോട് തന്‍റെ ഭവനത്തിന്‍റെ കേടുപോക്കണം (repair‑) എന്നു പറഞ്ഞതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വി. ഡാമിയന്‍റേതുള്‍പ്പെടെ അസ്സീസിയുടെ പ്രാന്തത്തിലെ മൂന്നു ദേവാലയങ്ങള്‍ ഫ്രാന്‍സിസ് അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കുന്നു. പിന്നീട് സ്വന്തം ഹൃദയം എന്ന ദൈവഭവനം കേടുപോക്കി പുനരുദ്ധരിക്കുന്നു. പുരുഷന്മാരുടെ സന്ന്യാസസമൂഹം, വി. ക്ലാരയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സന്ന്യാസസമൂഹം, പിന്നെ അല്‍മായരുടെ സമര്‍പ്പിതസമൂഹം എന്നിങ്ങനെ മൂന്നു സമൂഹങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം സഭയെന്ന ബൃഹത്തായ സൗധത്തിന്‍റെയും കേടുപോക്കി എന്നത് പില്‍ക്കാല ജനത അദ്ദേഹം ചെയ്തതായി ആരോപിച്ചതാണ്. ഒരുതരത്തില്‍ അതു ശരിയുമാണ്. ദൈവം സ്പര്‍ശിച്ച ഒരു കൊച്ചുമനുഷ്യന്‍ മാത്രമായിരുന്നു ഫ്രാന്‍സിസ്. ദൈവത്തിന്‍റെ ഒരു പാവം പണിക്കാരന്‍! തന്‍റെ സഭയെ നന്നാക്കാനായി ദൈവംതന്നെ നിയോഗിച്ച കൃശഗാത്രന്‍. അദ്ദേഹത്തിലൂടെ പ്രവര്‍ത്തിച്ചതെല്ലാം ദൈവമായിരുന്നു.
'ക്രിസ്തു: ദരിദ്രനും വിനീതനും ക്രൂശിതനും - അതാണ് സുവിശേഷം!' തന്‍റെ വെളിപാടുകളിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞ മഹത്തായ ഉള്‍ക്കാഴ്ച അതായിരുന്നു. താഴെനിന്നു പണി തുടങ്ങണം. ഉറപ്പുള്ള പാറയില്‍ത്തന്നെ അസ്ഥിവാരം വേണം. മെല്ലെ മെല്ലെ പടുക്കണം. മേലേക്കുപോകുന്തോറും കല്ലുകള്‍ ചെറുതാകണം! അന്ധര്‍ക്കും വികലാംഗര്‍ക്കും പതിതര്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാന്‍പാകത്തില്‍ വാതിലുകള്‍ വേണം. ആകാശങ്ങളില്‍നിന്ന് കാറ്റും വെളിച്ചവും പ്രവേശിക്കാന്‍ പാകത്തില്‍ തുറവുള്ള വാതായനങ്ങള്‍ വേണം. സര്‍വോപരി, എല്ലാറ്റിനെയും ഒന്നാക്കി ചേര്‍ത്തുനിര്‍ത്തുന്ന പശിമയുള്ള സ്നേഹം വേണം!
ഫ്രാന്‍സിസിന്‍റെ രചനകളില്‍ പഴയനിയമത്തിന്‍റെ സ്വാധീനം ഏറെ കാണാനുണ്ട്. എന്നാല്‍, അദ്ദേഹം മാര്‍പ്പാപ്പയോട് ആവശ്യപ്പെടുന്നത്, നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷമനുസരിച്ച് ജീവിതംകഴിക്കാനുള്ള അനുവാദമാണ്. "നാലു സുവിശേഷങ്ങള്‍ അനുസരിച്ച് ജീവിക്കണം," എന്നല്ല, "കര്‍ത്താവീശോമിശിഹായുടെ സുവിശേഷമനുസരിച്ചു ജീവിക്കണം," എന്നാണ്. ഏകവചനത്തില്‍ പറയുകവഴി നാലു സുവിശേഷങ്ങളെയും ചേര്‍ത്ത്, അല്ലെങ്കില്‍, പുതിയ നിയമത്തെത്തന്നെ ഒന്നായി കാണുകയാണയാള്‍. ക്രിസ്തുവചനമാണ് ആധാരമായി വേണ്ടത് എന്ന കാര്യത്തില്‍ തീരെ വിട്ടുവീഴ്ചയില്ല.
ദരിദ്രനായവനാണ് ക്രിസ്തു. സുഖലോലുപവും ആഡംബരപ്രമത്തവുമായ അക്കാലത്തെ സഭാ പരിസരത്തില്‍ 'ദാരിദ്ര്യ മണവാട്ടി'യെ ആത്മനാ വരിക്കുക എന്നതാണ് ഫ്രാന്‍സിസ് ആരംഭമിട്ട വിപ്ലവത്തിന്‍റെ സ്വഭാവം. "ആത്മനാ ദരിദ്രരായവര്‍ ഭാഗ്യപ്പെട്ടവര്‍; എന്തെന്നാല്‍ ദൈവരാജ്യം അവരുടേതാണ്," എന്നാണ് ക്രിസ്തു പറഞ്ഞത്. ആദ്യ സുന്നഹദോസും പത്രോസും ചേര്‍ന്ന് പൗലോസിനോടു പറഞ്ഞതും അതുതന്നെ. ഫ്രാന്‍സിസ് അടിവരയിട്ടതും അതാണ്. അതുതന്നെയാണ് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഹൊര്‍ഹേ ബെര്‍ഗോളിയോയോട് ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലൗജ്യൂ ഹുമ്മിസ് ചെവിയില്‍ മന്ത്രിച്ചതും! സഭ ആത്മനാ ദരിദ്രമാവണം. ദരിദ്രരോട് ഒപ്പമാവണം. ദരിദ്രരുടെ കണ്ണിലൂടെ കാണണം.
തന്നില്‍നിന്നു പഠിക്കണം എന്ന് ക്രിസ്തു പറഞ്ഞ ഒരുകാര്യം എളിമയാണ്. ജനനംമുതല്‍ മരണംവരെ അവന്‍ വിനീതനായിരുന്നു. തന്നെത്തന്നെ താഴ്ത്തിയതിനാല്‍ ദൈവം അവനെ ഉയര്‍ത്തി എന്നാണ് ആദിമ ക്രൈസ്തവ സമൂഹം പാടുന്നത്. പൊറുതി നല്‍കലിനും അടിസ്ഥാനം വേണ്ടത് എളിമതന്നെ. എളിമയെന്നത് അങ്ങനെ പരമപുണ്യമാകുന്നു. എളിമയുള്ളതേ ക്രിസ്തുസമൂഹമാകൂ.
എന്നാല്‍, എളിമയാല്‍ ഒരാള്‍ സ്വയം കബളിപ്പിക്കപ്പെടാം. 'ചെമ്മരിയാട്ടിന്‍തോലണിഞ്ഞ ചെന്നായ്' എന്നത് ഒരു സാധ്യതയാണ്. അവിടെയാണ് എളിമയുടെ ഉരകല്ലായി 'മിനോരിത്താസ്' വരുന്നത്. 'കീഴാളത്തം' എന്ന് അതിനെ പരിഭാഷപ്പെടുത്താം. Order of Friars Minor എന്നാണ് അദ്ദേഹത്തിന്‍റെ സഹോദരഗണത്തിന് ഇടുന്ന പേര്. 'നിസ്സാര സഹോദരന്മാരുടെ ഗണം' എന്നാണ് മലയാളത്തില്‍ പൊതുവേ പറയാറ്. 'കീഴാള സഹോദരന്മാരുടെ സമൂഹം' എന്ന് പരിഭാഷപ്പെടുത്തിയാല്‍ കൂടുതല്‍ വ്യക്തതവരും.
'അധികാരത്തെ ഉപേക്ഷിക്കലാണ് വഴി.' 'എന്‍റെ രാജ്യം ഐഹികമല്ല' എന്നു പ്രഖ്യാപിക്കുന്നതിലൂടെ ഭൗതികമായ അധികാരമല്ല ക്രിസ്തു-അനുയായിയുടെ അധികാരം എന്നുകൂടി വ്യക്തമാകുന്നുണ്ട്. "വിജാതീയര്‍ക്കിടയില്‍ നേതാക്കള്‍ അധികാരം കയ്യാളുന്നു. എന്നാല്‍, നിങ്ങള്‍ക്കിടയില്‍ അങ്ങനെ ആകരുത്. നിങ്ങളില്‍ ഒന്നാമന്‍ ദാസനെപ്പോലെ ആകണം" എന്നാണ് ക്രിസ്തു നല്‍കുന്ന നിഷ്കര്‍ഷ. ഭൗതികമായ അധികാരപ്രയോഗങ്ങള്‍ ഇല്ലായ്മചെയ്യുകയും സ്വയം കീഴാളത്തം വരിക്കുകയും ചെയ്യുന്നിടത്താണ് എളിമ മൂര്‍ത്തമാകുന്നത്. ചുരുക്കത്തില്‍, ക്രിസ്തുവിന്‍റെ സ്വയംശൂന്യവല്‍ക്കരണം, തന്നെത്തന്നെ താഴ്ത്തല്‍,
ദാസത്വംവരിക്കല്‍, ഭൗതികമായ അധികാര നിരാകരണം എന്നീ എളിമയുടെ എല്ലാ ഘടകങ്ങളും ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഫ്രാന്‍സിസ് (മൈനോറിറ്റി) കീഴാളത്തം എന്ന ആശയസംജ്ഞകൂടി മുന്നോട്ടുവയ്ക്കുന്നത്. തനിക്കും സഹോദരഗണത്തിനുംവേണ്ടി ഫ്രാന്‍സിസ് അത് ഏറ്റെടുക്കുമ്പോള്‍, ഇതാണ് ക്രിസ്തുസഭയുടെ വഴി എന്നുകൂടി അദ്ദേഹം പ്രഖ്യാപിക്കുകയാണ്.
ക്രിസ്തുസഭയുടെ തുടക്കംമുതല്‍ തങ്ങളില്‍ത്തങ്ങളില്‍ അവര്‍ സഹോദരങ്ങളായിട്ടായിരുന്നു നിദര്‍ശിച്ചത്. തന്‍റെ സഹോദരഗണത്തില്‍ ഏവരും 'സഹോദരന്‍' എന്നു മാത്രമേ വിളിക്കപ്പെടാവൂ എന്ന് ഫ്രാന്‍സിസ് നിഷ്കര്‍ഷിച്ചു. ആരും പ്രിയോര്‍ എന്നോ സുപ്പീരിയര്‍ എന്നോ വിളിക്കപ്പെടരുത് എന്നും അദ്ദേഹം വിലക്കി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും അക്ഷരജ്ഞാനം ഇല്ലാത്തവരും ധനിക കുടുംബങ്ങളില്‍നിന്നുള്ളവരും ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ളവരും വൈദികരും അവൈദികരും അക്കാലത്ത് സഹോദരഗണത്തില്‍ ഉണ്ടായിരുന്നു. 'ഫ്രത്തെല്ലി തൂത്തി' - ഏവരും സോദരര്‍ എന്നു പ്രഖ്യാപിക്കുന്നതിലൂടെ അവിടെ വലുപ്പച്ചെറുപ്പങ്ങളുടെ വ്യത്യാസങ്ങളും അധികാരബന്ധങ്ങളും ഇല്ലാതാകുന്നതിന് ഒട്ടൊരളവുവരെ ഇടയായി. ഒരുപക്ഷേ, ക്രിസ്തുശരീരമായ സഭയ്ക്ക് ഫ്രാന്‍സിസ് നല്‍കിയ പ്രധാനപ്പെട്ട ഒരു വിപ്ലവസന്ദേശമായിരുന്നു അത്.
ഫ്രാന്‍സിസിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഏവരുടെയും മനസ്സില്‍ ഓടിയെത്തുന്ന ചിത്രം പ്രകൃതിയിലെ ജീവജാലങ്ങളോടൊപ്പമുള്ള ഫ്രാന്‍സിസിന്‍റെ ചിത്രമാവും. ഫ്രാന്‍സിസ് രചിച്ച 'ലൗദാത്തോ സീ' - 'അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ' എന്ന വാക്കുകളോടെ ആരംഭിക്കുന്ന 'സൃഷ്ടികീര്‍ത്തനം' ലോകപ്രസിദ്ധമാണ്. ക്രൈസ്തവലോകം പ്രകൃതിയെ ഭയപ്പാടോടെയാണ് വീക്ഷിച്ചിരുന്നത്. വിജാതീയ ഗോത്രജനതകള്‍ പ്രകൃതിയെയും സൃഷ്ടവസ്തുക്കളെയും ആരാധിച്ചിരുന്നതിനാല്‍ ബഹുദൈവാരാധനയിലേക്കു വഴുതിവീണെങ്കിലോ എന്നു ഭയന്നാണ് ക്രൈസ്തവര്‍ ദൈവത്തെ പ്രകൃതിയില്‍നിന്ന് അകറ്റിനിര്‍ത്തിയത്. ആ വഴിക്കു പോകാതെതന്നെ, എന്നാല്‍ പൂര്‍ണമായും ക്രൈസ്തവ ദൈവശാസ്ത്രത്തിന് അനുയോജ്യമാംവിധം പ്രകൃതിയെ ഫ്രാന്‍സിസ് സഹോദരിയായി നിദര്‍ശിച്ചു. അതു തികച്ചും നൂതനമായ ഒരു ആഭിമുഖ്യമായിരുന്നു. 'സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഏറ്റുനോവ് അനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു,' എന്ന് റോമാ ലേഖനത്തില്‍ (8:22) നാം വായിക്കുന്നുണ്ട്. നമ്മെ സൃഷ്ടിക്കുന്നതിനു മുന്‍പേ ദൈവം തന്‍റെ സ്നേഹത്തില്‍നിന്ന് പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിനെയും സൃഷ്ടിച്ചു. അവയെല്ലാം നല്ലതാണ് എന്ന് ദൈവം സംതൃപ്തിപ്പെടുകയും ചെയ്തിരുന്നു. ദൈവത്തില്‍നിന്ന് ഉരുവായതാണ് സര്‍വതും എന്നതിനാല്‍, ജീവികളെയും അജീവ വസ്തുക്കളെയും ഫ്രാന്‍സിസ് സഹോദരനും സഹോദരിയുമായി കണ്ടു. ക്രിസ്തുസഭയില്‍ ഫ്രാന്‍സിസ് സമാരംഭിച്ച മറ്റൊരു വിപ്ലവമായിരുന്നു അത്.
ഇതര ജനതകളെയും അവരുടെ വിശ്വാസങ്ങളെയും ആദരവോടെ കാണാനും അവരുടെ ഇടയില്‍ ദൈവത്തെയോര്‍ത്ത് അതീവ വിനയത്തോടും സൗമ്യതയോടുംകൂടി ജീവിക്കാനും ഫ്രാന്‍സിസ് സഭയെ പഠിപ്പിച്ചു. വാക്കുകൊണ്ട് ഉള്ളതിനെക്കാള്‍ ഹൃദയംകൊണ്ടും പ്രവൃത്തികൊണ്ടുമാണ് നാം ആരാണെന്നും നമ്മുടെ വിശ്വാസം എന്താണെന്നും പ്രഘോഷിക്കേണ്ടത്. ഒരു പുത്തന്‍ മിഷന്‍ ആഭിമുഖ്യമായിരുന്നുവത്.

ഫ്രാന്‍സിസിന്‍റെ കടന്നുപോകലിന്‍റെ 800-ാം വാര്‍ഷികമാചരിക്കുകയാണ് നാം ഇക്കൊല്ലം. മരണത്തെ അദ്ദേഹം സഹോദരിയായാണ് കണ്ടത്. നമുക്കായി സ്വര്‍ഗകവാടം തുറന്നുതരുന്നവള്‍! അവളുടെ ആശ്ലേഷമാണ് നമ്മെ മര്‍ത്ത്യരാക്കുന്നത്! അവള്‍ നമ്മിലേക്കു വരുമ്പോള്‍ കൃതജ്ഞതയോടും ആനന്ദത്തോടുംകൂടി അവളെ വരവേല്‍ക്കണം. ഒരുപക്ഷേ, ഏറ്റവും അവസാനമായി സഭയില്‍ ഫ്രാന്‍സിസ് ആരംഭമിട്ട വിപ്ലവം മരണത്തോടുള്ള ഈ പോസിറ്റീവ് സമീപനമാവണം!
ദൈവം സ്നേഹമായതിനാല്‍ ആനന്ദവുമാണ്. ഫ്രാന്‍സിസിനെ ഒരുപക്ഷേ, കരയുന്ന വിശുദ്ധനായിട്ടാവും പലപ്പോഴും നാം കണ്ടിട്ടുള്ളത്. എന്നാല്‍, എപ്പോഴും കരയുന്ന വിശുദ്ധനായിരുന്നില്ല ഫ്രാന്‍സിസ്. അദ്ദേഹത്തില്‍ എപ്പോഴും ഉണ്ടായിരുന്നത് ആനന്ദമായിരുന്നു. പാട്ടുപാടുന്ന, നൃത്തംചെയ്യുന്ന, ദൈവത്തിന്‍റെ കോമാളിയാകാന്‍ ശ്രമിച്ച വിശുദ്ധനായിരുന്നു ഫ്രാന്‍സിസ്. ഒരു വിശുദ്ധനില്‍നിന്നു നാം പ്രതീക്ഷിക്കാത്ത പല രീതികളും ഫ്രാന്‍സിസില്‍ നാം കണ്ടിട്ടുണ്ട്. ഒരു കമ്പെടുത്തു വയലിന്‍കണക്കെ തോളില്‍വച്ച് മറ്റൊരു കമ്പുകൊണ്ട് അതില്‍ മീട്ടി പാട്ടുപാടുന്നുണ്ട് ഫ്രാന്‍സിസ്. സഹോദരങ്ങളോടൊപ്പം തീ കായുമ്പോള്‍ ഉടുപ്പില്‍ തീപിടിക്കെ, ചിരിച്ചുകൊണ്ടു തുള്ളിച്ചാടുന്ന ഫ്രാന്‍സിസ്! പ്രസംഗിക്കാന്‍ യാത്രപോകേ ഒരു നാല്‍ക്കൂട്ടപ്പെരുവഴിയില്‍ എത്തുമ്പോള്‍ ഏതു ദിക്കിലേക്കു പോകാനാണ് ദൈവേഷ്ടം എന്നു കണ്ടുപിടിക്കാന്‍ തെരുവിനു നടുവില്‍നിന്നു സ്വയം വട്ടംചുറ്റി അവസാനം തലകറങ്ങിവീഴുമ്പോള്‍ മുഖം ഏതു ദിക്കിലേക്കാണോ തിരിഞ്ഞിരിക്കുന്നത് ആ വഴിക്കുപോകാന്‍ തീരുമാനിക്കുന്ന ഫ്രാന്‍സിസ്! മരണക്കിടക്കയിലായിരിക്കെ സഹോദരങ്ങളോട്, 'സൂര്യകീര്‍ത്തനം' പാടി സംഗീതത്താല്‍ മുറിനിറയ്ക്കാന്‍ പറയുന്ന ഫ്രാന്‍സിസ്! "ഒരു ദൈവമനുഷ്യന്‍ മരിക്കുമ്പോള്‍ പാട്ടുപാടുന്നതു കേട്ടാല്‍ മറ്റുള്ളവര്‍ക്ക് ഉതപ്പുണ്ടാകും" എന്നു പറയുന്ന സഹോദരന്‍ ഏലിയാസിനോട്, "ക്ഷമിക്കണം സഹോദരാ. എന്‍റെ ഹൃദയം ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്നു. എനിക്കിപ്പോള്‍ എങ്ങനെ പാടാതിരിക്കാന്‍ കഴിയും?" എന്നു പറഞ്ഞ് സഹോദരങ്ങളോടൊപ്പം പാട്ടുമൂളുന്ന ഫ്രാന്‍സിസ്! ഇങ്ങനെ, ജീവിതത്തില്‍ പാട്ടും നൃത്തവും കളിയും ചിരിയും സമന്വയിപ്പിച്ച് വിശുദ്ധിയുടെ ഒരു പുതിയ ആനന്ദസരണി നിര്‍മിച്ചു, ഫ്രാന്‍സിസ്.
സുവിശേഷാനുസൃതമായി ജീവിക്കുക; ആത്മനാ ദാരിദ്ര്യം വരിക്കുക; മണ്ണത്തത്തിന്‍റെ എളിമയുണ്ടായിരിക്കുക; കീഴാളത്തം ഏറ്റെടുക്കുക; സാഹോദര്യത്തെ ജീവിതവഴിയാക്കുക; പ്രകൃതിയെ സോദരത്വേന കാണുക; ആദരം വെടിയാതെ വിശ്വാസം പങ്കിടുക; മരണത്തെ കൃതജ്ഞതയോടെ ആശ്ലേഷിക്കുക; എപ്പോഴും ആനന്ദത്തോടെ ഇരിക്കുക! ഇങ്ങനെ നവമുഖങ്ങളുള്ള ഒരു വിപ്ലവത്തിന് സഭയില്‍ തുടക്കമിട്ടിട്ടാണ് എട്ട് ശതാബ്ദങ്ങള്‍ക്കപ്പുറം ഫ്രാന്‍സിസ് കടന്നുപോകുന്നത്! ഇന്നും, ഈ ഉത്തരാധുനിക കാലത്തും, കൃത്രിമബുദ്ധി ലോകത്തെ സംവഹിക്കുന്ന വേളയിലും ഏതെല്ലാംതരം പ്രാഞ്ചിപ്പൊടിപ്പുകളാണ് ഭൂമിയിലെമ്പാടും! ഫ്രാന്‍സിസ് തുടക്കമിട്ട വിപ്ലവം ഇന്നും പൂര്‍ത്തിയായിട്ടില്ല എന്നുതന്നെയല്ലേ അതെല്ലാം നമ്മോടു പറയാതെപറയുന്നത്?! അതേയതെ. ഇന്നും പൂര്‍ത്തിയാവാത്ത വിപ്ലവത്തിന് ഒരു പേരേയുള്ളൂ, ഫ്രാന്‍സിസ് എന്നാണത്!
ഇന്നും പൂര്‍ത്തിയാകാത്തൊരു വിപ്ലവമാണ് ഫ്രാന്‍സിസ്
ജോര്‍ജ് വലിയപാടത്ത്
അസ്സീസി മാസിക, ഒക്ടോബർ 2026















































































































