പത്രോസ്: വീഴ്ചകളെ അതിജീവിച്ച വിശ്വാസയാത്ര


എന്നാല്‍, നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്‍റെ സഹോദരരെ ശക്തിപ്പെടുത്തണം. ലൂക്കാ 22 : 32
തള്ളിപ്പറഞ്ഞവനിൽ നിന്ന് ആടുകളെ മേയ്ക്കാനുള്ള വലിയ ദൗത്യത്തിലേയ്ക്കുള്ള വളർച്ച. കേപ്പ എന്നറിയപ്പെടും എന്നിരിക്കിലും ചിലയിടങ്ങളിൽ നിന്നൊരു തിരിച്ചു നടപ്പ് അനിവാര്യമായിരുന്നില്ലേ? ? തീർച്ചയായും എന്ന് ആ വലിയ മുക്കുവന്റെ ജീവിതം നമ്മേ പഠിപ്പിക്കുന്നുണ്ട്. കുഞ്ഞോളങ്ങൾ മാത്രമല്ല, ശക്തമായ കാറ്റിനെയും അതിൽ ഇളകിമറിയുന്ന ശക്തമായ തിരമാലകളെയും മല്ലിട്ടു, നൗകയേയും ഒപ്പം ഒരുപിടി ജീവിതങ്ങളെയും ചേർത്തുപിടിച്ചവൻ. വിഷമകരമായ അവസ്ഥകൾക്കൊന്നും അവനെ തകർക്കാൻ ആവില്ല എന്നറിഞ്ഞാണോ അവനെ കൂട്ടിയത്? ? അല്ല പ്രതിസന്ധികളിൽ അവൻ തകരും എന്നറിഞ്ഞു തന്നെയാണ് കൂടെ കൂട്ടിയത്. എങ്കിലും അവനെ പരുവപ്പെടുത്തി എടുത്താൽ വലിയ കാര്യങ്ങൾ ഏൽപ്പിക്കാൻ ആവുമെന്ന് തിരഞ്ഞെടുത്തവന് അറിയാമായിരുന്നു.വലിയ ഒരു സമൂഹത്തെ നയിക്കാൻ അവൻ പ്രാപ്തനായി തീരും എന്നുറപ്പുണ്ടായിരുന്നു.
നമുക്ക് ചുറ്റും ഇല്ലേ ഇതുപോലെ ചില വ്യക്തിത്വങ്ങൾ. ഈലോക ജീവിതത്തിന്റെ എല്ലാ പ്രതികൂലങ്ങളോടും മല്ലടിച്ചു ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന നിരവധിപ്പേർ. ജീവിതഭാരം മൂലം അവനവനിലുള്ള വിശ്വാസവും,ദൈവത്തിലുള്ള വിശ്വാസവും ക്ഷയിച്ചു പോയവർ. അവരെ ഒന്ന് കാണാൻ, കേൾക്കാൻ നമുക്കാവുന്നുണ്ടോ. ചിലപ്പോൾ ഒരു ചിരി മതിയാകും, അതുമല്ലെങ്കിൽ ആ തോളിൽ പിടിച്ചു പോട്ടെ വിഷമിക്കാതെ എന്നൊരു വാക്ക് മതിയാകും, ചില ജീവിതങ്ങളെ തിരിച്ചു പിടിക്കാൻ. എന്നോട് പറയാനുള്ള ഒരു മനസ്വീകാവസ്ഥ അവനും, അവനെ കേൾക്കാനുള്ള മനസ്വീകാവസ്ഥ എനിക്കും ഉണ്ടാകുന്ന തലത്തിലേയ്ക്ക് നാം വളരേണ്ടിയിരിക്കുന്നു. ചിതറിപ്പോകാതെ, പലയിടങ്ങളിൽ ആയിരിക്കാതെ ,ഒരുമയോടെ ഇരുന്നു പ്രാർത്ഥിക്കാൻ, ക്ഷയിച്ചുപോകുന്ന വിശ്വാസത്തെ തിരികെ പിടിക്കാൻ നമുക്കാവണം. ഈ ചെറിയ ജീവിതകാലയളവിൽ
എനിക്കിതാവുന്നില്ലെങ്കിൽ എന്ന് ഇനി ഇതൊക്കെ സാധ്യമാവാൻ? ?
തള്ളി പറയും എന്നറിഞ്ഞുകൊണ്ട്, ജീവിതത്തിന്റെ പരുപരുത്ത യഥാർഥ്യങ്ങൾക്ക് മുന്നിൽ പതറിപ്പോകും എന്നറിഞ്ഞു അവനു വേണ്ടി മാധ്യസ്ഥപ്രാർത്ഥന നടത്തുന്ന നല്ല ഗുരുവിന്റെ മാതൃകയാണ് നമുക്ക് അവലംബം. ചില തീപ്പൊരികൾ അവനിൽ പകർന്നു നൽകിയാൽ വലിയ ഒരു സമൂഹത്തെ തന്നെ ജ്വലിപ്പിച്ചു നിറുത്തുന്ന പന്തങ്ങളായി അവർ മാറുമെങ്കിൽ നമുക്കന്യോന്യം തീപ്പൊരികൾ പകർന്നു നൽകാം. ഈ ജീവിതയാത്രയിൽ വലിയ മുക്കുവനിൽ നിന്ന് സഭയെ നയിക്കുന്നവനിലേയ്ക്കും, സവൂളിൽ നിന്ന് പൗലോസിലേയ്ക്കുമൊക്കെ നമുക്ക് മാറാൻ കഴിയട്ടെ അതിനായി ദൈവം ഏവരും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്ോ


















































































































