ഡെസ്കവന്‍
Updated: 4 hours ago

ശനിയാഴ്ചത്തെ ബ്രദേഴ്സിന്‍റെ ജോലി സമയം റെക്ടര്‍ അരമണിക്കൂര്‍ കൂടി കൂട്ടി. ആദ്യം പരിഭവമൊന്നും തോന്നിയില്ല. പക്ഷേ ചൂട് അതിഭീകരമാണ് എന്ന് പതുക്കെ ഞങ്ങള്‍ക്ക് മനസ്സിലായി. അതിശയോക്തി പറയുകയല്ല. പുറത്തെ റോഡില്‍ ഒരു മുട്ട പൊട്ടിച്ചിട്ടാല്‍ രണ്ട് മിനിറ്റിനുള്ളില്‍ വറുത്തുകിട്ടും.
രണ്ട് മണിക്കൂര്‍ സമയത്തെ ജോലി ഒരു മണിക്കൂര്‍ നേരത്തെ തീര്‍ത്തപ്പോള്‍ എനിക്ക് ഓടാന്‍ തോന്നി. ചൂടുകാരണം ഞങ്ങളില്‍ ചിലര്‍ കപ്പത്തോട്ടത്തിലെ കിള നിര്‍ത്തി പുറത്തേക്ക് ഇറങ്ങി. എല്ലാവരും ജോലി കുറച്ചുനേരത്തെ തീര്‍ത്ത് ഒരു മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു.
സമീപത്തെ പാടങ്ങളില്‍ ബിഹാറിലെ കുടിയേറ്റക്കാര്‍ ഞാറുനടാന്‍ തുടങ്ങിയിരുന്നു. പാടത്ത് പണിയെടുക്കുന്ന മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇത്തവണ എനിക്ക് വല്ലാത്തൊരു പുതുമ തോന്നി. കാരണം മറ്റൊന്നുമല്ല. അവരില്‍ രണ്ടുപേര്‍ മൈനേഴ്സ് ആയിരുന്നു. തീരെ ചെറുത്. ഒരാണും ഒരു പെണ്ണും. കൂട്ടത്തിലെ മൂത്തതിന് ഏറിയാല്‍ 13 വയസ്സ്. ആ ബാലിക നല്ല ചുരിദാറൊക്കെ ഉടുത്താണ് ജോലി ചെയ്തിരുന്നത്. ഞങ്ങള്‍ അവരെ നോക്കുന്നത് മനസ്സിലായപ്പോള്‍ കൂട്ടത്തിലുള്ള ബാലന്‍റെ ജോലിയുടെ വേഗത കൂടി.
പിള്ളേര് ഈ വെയിലത്ത് എങ്ങനെയാണ് പണിയെടുക്കുന്നത് എന്ന ചിന്ത എന്നെ പഞ്ചാബില്‍ പണ്ട് നിലനിന്നിരുന്ന ബോണ്ടഡ് ലേബര്‍ എന്ന വ്യവസ്ഥയെപ്പറ്റി ഓര്‍മിപ്പിച്ചു. ഉന്നതകുലജാതരായ സിക്കുകാരുടെ ഭൂമിയില്‍ വെയിലുണ്ടെങ്കിലും ഇല്ലെങ്കിലും രാവന്തിയോളം പാവപ്പെട്ട മനുഷ്യര്‍ക്ക് പണിയെടുക്കണം. നിസ്സാരമായ പണവും ഇടയ്ക്ക് കുറച്ച് ചാക്ക് അരിയും കൊടുത്തൊക്കെ തലമുറകളോളം താഴ്ന്ന ജാതിക്കാരെ ബന്ധിത തൊഴില്‍ വ്യവസ്ഥയില്‍ നിലനിര്‍ത്തിയ സര്‍ദാര്‍മാരെ- അതായത് ജന്മിമാരെപ്പറ്റി മുതിര്‍ന്ന വൈദികരില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
കുറേക്കാലം മുമ്പുവരെ നമ്മുടെ ക്രൈസ്തവരും ഇതിന്‍റെ പ്രധാന ഇരകളായിരുന്നു. ക്രൈസ്തവരില്‍ ഒരു നല്ല പങ്കും താഴ്ന്ന ജാതിക്കാരായിരുന്നു. ഒരു ജന്മിയുടെ ഭൂമിയില്‍ പണിയെടുക്കുന്ന ജോലിക്കാരന് അവിടെനിന്നും ഒരു കാലത്തും മോചനമില്ല.

നമ്മുടെ നാട്ടിലെ കോളനികളെക്കാളും ആയിരം മടങ്ങ് ശോചനീയമായ അവസ്ഥയുള്ള 'ഗലികള്‍' പോലും താഴ്ന്ന ജാതിക്കാര്‍ക്ക് ഒരിക്കലും ഉന്നമനം ഉണ്ടാകാതിരിക്കാനുള്ള ഉന്നതകുലജാതരുടെ വിദ്യയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഗലികളിലാണ് താഴ്ന്ന ജാതിക്കാര്‍ വസിക്കുന്നത്. ഇടതിങ്ങിയ വീടുകള്‍. ഒരു വാഹനത്തിനു പോലും അവിടേക്ക് ഒരിക്കലും പോകുവാന്‍ കഴിയില്ല. അവിടെയാണ് ഞങ്ങളെല്ലാവരും മിഷന്‍ പോകുന്ന ഗ്രാമങ്ങള്‍.
പള്ളിമേടയില്‍ ഒളിപ്പിച്ചും, സ്റ്റേഷനുകള്‍ കയറിയിറങ്ങിയും അനേകരെ ബന്ധിത തൊഴിലില്‍നിന്നും മോചിപ്പിച്ച കഥകളൊക്കെ ഞാന്‍ കേട്ടത് ചെറിയാച്ചനില്‍ നിന്നാണ്. ഇടവകയിലെ ക്രൈസ്തവരെ നിര്‍ബന്ധിത തൊഴിലിന്‍റെ മറവില്‍ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കുന്ന ജന്മിമാരെ പേടിപ്പിക്കാന്‍ ചെറിയാച്ചന്‍ അന്ന് ഒരു ലൈസന്‍സുള്ള തോക്കും തോളിലിട്ട് അവരുടെ മുമ്പിലൂടെ ഒരു പോക്ക് ഉണ്ടായിരുന്നു. ഉപയോഗിക്കാനൊന്നുമല്ല കേട്ടോ, വെറുതെ അവര്‍ക്ക് ഒരു മുന്നറിയിപ്പ് 'അധികം കളിക്കണ്ട'. ഇങ്ങനെയും ചില അച്ചന്മാര്‍ ഉണ്ടെന്ന അറിവില്‍ ഒരുപക്ഷേ ജന്മിമാര്‍ പേടിച്ചിട്ടുണ്ടായിരിക്കണം.
പണിയെടുക്കുന്ന തൊഴിലാളികള്‍ തളരാതിരിക്കാന്‍ വേണ്ടി 'ഡെസ്കവന്‍' (desvan) എന്ന മരുന്ന് ജന്മിമാര്‍ അവര്‍ക്ക് നല്‍കിയിരുന്നു. അത് കഴിച്ചാല്‍ പിന്നെ തളരില്ല. പക്ഷേ ആ മരുന്ന് ശരീരത്തെ കാര്‍ന്നുതിന്നും. ഞങ്ങളുടെ സെമിനാരിക്ക് പുറത്തെ കണ്ടത്തില്‍ പിള്ളേരെ കണ്ടപ്പോള്‍ എനിക്കും അതാണ് തോന്നിയത്. ഇവര്‍ക്കും ഉടമകള്‍ 'ഡെസ്കവന്‍' കൊടുത്തുകാണുമോ?
ഞാന്‍ അവരെ പരിചയപ്പെടാന്‍ കണ്ടത്തിലേക്ക് നടന്നു. പെണ്‍കുട്ടി ജോലി തുടര്‍ന്നു. പക്ഷേ ആ പയ്യന്‍ എന്‍റെ അടുത്ത് മിണ്ടി. അവന്‍റെ പേര് രാജ്വീര്‍ എന്നാണ്. ഇപ്പോള്‍ വെക്കേഷനാണ്, അപ്പനെയും അമ്മയെയും സഹായിക്കാന്‍ വന്നതാണ്. ഒരു കണ്ടം മുഴുവന്‍ ഞാറ് നട്ടാല്‍ 2000 രൂപ, അതാണ് അവരുടെ കൂലി.
അവര്‍ ജോലി തുടര്‍ന്നു. പേശികളെ തുളയ്ക്കുന്ന ചൂടിനെ പരിഹസിച്ചുകൊണ്ട് അവള്‍ ഞാറ് താഴ്ത്തിക്കുത്താന്‍ തുടങ്ങി. രാജ്വീറിന്‍റെ ചേച്ചിയുടെ പച്ച ചുരിദാറില്‍ തെറിച്ചുവീണ ചെളിക്കുത്തുകള്‍ കൂടുതല്‍ ദൃശ്യമായി. വെയില്‍ സഹിക്കാന്‍ പറ്റാഞ്ഞതിനാല്‍ ഞാന്‍ സ്ഥലം വിട്ടു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എന്‍റെ കൂടെയുള്ള ഒരു സഹോദരന്‍റെ ഒപ്പം പോയപ്പോള്‍ ഒരു പാലത്തിന്‍റെ അടിയില്‍വച്ച് ഞാന്‍ പിന്നില്‍നിന്ന് ഒരു വിളി കേട്ടു. തിരിഞ്ഞുനോക്കിയപ്പോഴാണ് മനസ്സിലായത് നമ്മുടെ രാജ്വീറിന്‍റെ ചേച്ചിയാണത്. പാലത്തിന്‍റെ അടിയില്‍ അവരുടെ കുടുംബത്തിന് ചെരിപ്പും തൂവാലകളും വില്‍ക്കുന്ന ചെറിയൊരു പെട്ടിക്കടയുണ്ട്. ഒഴിവുസമയങ്ങളില്‍ അവള്‍ അവിടെയും ജോലി ചെയ്യുന്നുണ്ട്.
'ഭയ്യാ' എന്ന് വിളിച്ചത് എന്നെയല്ല, എന്‍റെ കൂടെയുള്ള ബ്രദറിനെയാണ്. എനിക്ക് ആകെ അത്ഭുതമായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എന്‍റെ കൂടെയുള്ള ബ്രദര്‍, ഇവര്‍ക്ക് ഫ്രൂട്ട്സിന്‍റെ കച്ചവടം ഉണ്ടായിരുന്നപ്പോള്‍ അവിടെനിന്നാണ് പലപ്പോഴും സാധനങ്ങള്‍ വാങ്ങിയത്.
അവനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. മറ്റൊരു സംസ്കാരത്തില്‍നിന്നും ദരിദ്രമായ ചുറ്റുപാടില്‍നിന്നുമുള്ള ഒരു പെണ്‍കുട്ടിക്ക് 'ഭയ്യാ' എന്ന് റോഡില്‍ വിളിച്ചുകൂവാന്‍ തക്ക സൗഹൃദം അവന്‍ സൃഷ്ടിച്ചെടുത്തുവല്ലോ! സമ്മതിക്കണം.
ഞാന്‍ അവന്‍റെ ഒപ്പം അവളോട് സംസാരിച്ചു. "എന്തിനാ വെയിലത്ത് ഇങ്ങനെ പണിയെടുക്കുന്നത്?" എന്ന എന്‍റെ ക്ലീഷേ ചോദ്യം കേട്ട് അവള്‍ പുഞ്ചിരിച്ചു.
"ജീവിക്കണ്ടേ ഭയ്യാ, മാത്രമല്ല അനിയനെ പഠിപ്പിക്കണം."
ഞാറുനട്ടും തൂവാല വിറ്റും അനിയനെ പഠിപ്പിക്കാന്‍ വേണ്ടി അക്ഷീണം അധ്വാനിക്കുന്ന അവളുടെ പേര് ഞാന്‍ ചോദിച്ചു.
"ആരതി"
ആരതി എന്നാല്‍ അഗര്‍ബത്തി. സ്വയം കത്തിയെരിഞ്ഞുകൊണ്ട് അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന അവള്‍ക്ക് എന്തുകൊണ്ടും ആ പേര് നന്നായി ചേരും... "ആരതി"
ഡെസ്കവന്‍
ഹാരിസ് കപ്പൂച്ചിന്‍
അസ്സീസി മാസിക, ഒക്ടോബർ 2026













































































































