top of page

ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു

Writer: റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
17 hours ago
3 min read
Death of St Franicis.  St Francis lying on the ground, his friars are around him praying

മരണം കൊണ്ട് ഒരാളുടെയും ജീവിതം അവസാനിക്കുന്നില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികം ആഗോളസഭ ആചരിക്കുന്നു.


പല കാരണങ്ങൾ കൊണ്ടും ഫ്രാൻസിസിന്റെ മരണം നമ്മുടെ ബോധത്തിലുണ്ട്. മരണത്തെ സ്വീകരിച്ച രീതിയാണ് അതിൽ പ്രധാനം. നഗ്നനായി ചാരത്തിൽ കിടന്ന് സങ്കീർത്തനങ്ങൾ ആലപിച്ചും സ്വന്തമായി എഴുതിയ സൂര്യകീർത്തനം പാടി കേട്ടും “മരണമേ, പെങ്ങളെ, സ്വാഗതം” എന്ന് ചൊല്ലി അദ്ദേഹം മരണത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഇത്രയും ലാഘവത്തോടെ മരണത്തെ സമീപിക്കണമെങ്കിൽ, താൻ ജീവിച്ച ജീവിതത്തെപ്പറ്റിയുള്ള ഉറച്ച വിശ്വാസവും ഇനിയും ജീവിക്കാനുള്ള, മരണമെന്ന വാതിലിനപ്പുറമുള്ള ജീവിതത്തെപ്പറ്റിയുള്ള കൃത്യമായ പ്രകാശവും ഫ്രാൻസിസിൽ ഉണ്ടായിരിക്കണം.


സ്വന്തം ജീവിതമെന്നപോലെ മരണവും ആഘോഷമാക്കി കടന്നുപോയതുകൊണ്ടാവാം യേശുവിനെപ്പോലെ ഫ്രാൻസിസിന്റെയും മരണം നമ്മൾ ആചരിക്കുന്നത്. ജീവന്റെ തുടർച്ച തന്നെയാണ് മരണമെന്ന തിരിച്ചറിവാണ് സ്വന്തം മരണത്തെ ആഘോഷമാക്കാൻ അദ്ദേഹത്തിന് പ്രചോദനം നൽകിയത്. മരണം ജീവന്റെ സമൃദ്ധിയിലേക്കുള്ള വാതിൽ തുറക്കലാണ്. മറ്റൊരു തലത്തിലുള്ള ജീവന്റെ നിലനിൽപ്പ് അവിടെനിന്ന് തുടങ്ങുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, സ്നേഹം തന്നെയായ, ജീവന്റെ നിറവായ ദൈവത്തിലേക്കുള്ള കടന്നുപോക്കാണ് മരണത്തിലൂടെയെന്ന വ്യക്തത ഫ്രാൻസിസിനുണ്ടായിരുന്നു. മരണത്തെ പെങ്ങളെ എന്ന് വിളിച്ച്, പാട്ടുപാടി സ്വാഗതം ചെയ്ത് കൂടെ പോകാനുള്ള കരുത്തും കുസൃതിയും ഫ്രാൻസിസിനല്ലാതെ മറ്റാർക്കാണുള്ളത്?


അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതത്രയങ്ങളിലൂടെ അഹത്തിനും മോഹങ്ങൾക്കും ശേഖരിക്കാനുള്ള ആഗ്രഹങ്ങൾക്കുമെല്ലാം പണ്ടേ മരിച്ചുകഴിഞ്ഞിരുന്ന ഒരാൾക്ക് ഇഹലോകത്തിൽ നിന്നുള്ള മരണം അത്ര പേടിപ്പിക്കുന്ന കാര്യമേയല്ല.


സങ്കടത്തോടെ ചുറ്റും നിൽക്കുന്ന സഹോദരങ്ങളോട് അദ്ദേഹം പറയുന്നു: “സഹോദരന്മാരേ, ദൈവത്തെ സേവിക്കാൻ നമുക്കാരംഭിക്കാം; ഇതുവരെയും നമ്മൾ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയിട്ടില്ല.” തന്റെ ജീവിതം വലിയൊരു മാറ്റത്തിന്റെ ചെറിയൊരു തുടക്കം മാത്രമാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരിക്കണം. സഹോദരങ്ങളിലുടെ തൻ്റെ ജീവിതം ഇനിയും തുടരുമെന്നുള്ള പ്രവചനമായോ; തന്നെ ദൈവം ഏൽപ്പിച്ചവ പൂർത്തിയാക്കിയെന്ന ചാരിതാർത്ഥ്യത്തോടെ സഹോദരങ്ങൾ തങ്ങളുടെ നിയോഗങ്ങൾ കണ്ടെത്തി പൂർത്തിയാക്കണമെന്നുള്ള ഓർമ്മപ്പെടുത്തലായോ ഈ വാക്കുകളെ കാണാം.


കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി ഫ്രാൻസിസ്കൻ ചൈതന്യത്തിൽ ക്രിസ്തുവിനെ പിന്തുടരുന്നത് എത്രയോ ലക്ഷം മനുഷ്യരാണ് - സന്യാസ സഹോദരങ്ങളും അല്മായ സഹോദരങ്ങളും. പേരുവിളിക്കപ്പെട്ടതും അല്ലാത്തതുമായ ആയിരക്കണക്കിന് വിശുദ്ധ ജീവിതങ്ങൾ. എല്ലാറ്റിന്റെയും തുടക്കം ഒരു ചെറുപ്പക്കാരൻ തന്റെ ജീവിതം ഗൗരവമായി എടുത്തുതുടങ്ങിയതിന്റെ തുടർച്ചയാണ്. സ്വന്തം ജീവിതം ഗൗരവമായി എടുക്കുന്നവർക്ക് ദൈവത്തെ ഗൗരവമായി എടുക്കാതിരിക്കാനാകില്ല. തന്റെ ഇഷ്ടാനിഷ്ടങ്ങളെ മാറ്റിവച്ച് ദൈവത്തിന്റെ ഇഷ്ടമെന്തെന്ന് ആരായുകയും അത് പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യുകയുമായിരുന്നു ഫ്രാൻസിസ്.


***

രണ്ടു സഭാവിഭാഗങ്ങൾക്കിടയിൽ തർക്കം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു സമയത്തായിരുന്നു ഞാൻ ഫ്രാൻസിസിന്റെ വഴിയിലേക്ക് തിരിഞ്ഞത്. പള്ളികളുടെ - സ്വത്തിന്റെയും മറ്റും - പേരിൽ തെരുവിൽ പരസ്പരം വാദിച്ചും വഴക്കടിച്ചും സഹോദരങ്ങൾ നിൽക്കുന്ന സമയത്ത്, “സ്നേഹം സ്നേഹിക്കപ്പെടുന്നില്ല” എന്ന നിലവിളിയോടെ അസ്സീസിയിലെ തെരുവിലൂടെ ഓടിപ്പോകുന്ന ഫ്രാൻസിസ് എന്റെ ഉള്ളിലും പതിഞ്ഞു.


മതിലുകളും വിഭജനങ്ങളും വേർതിരിവുകളും മനസ്സിൽ വല്ലാതെ ഭാരം സൃഷ്ടിച്ചിരുന്നു. കപ്പൂച്ചിൻ സഭയിൽ ചേർന്ന നാൾ മുതൽ ഇതുവരെ ഒരു തരത്തിലുള്ള വേർതിരിവുകളുമില്ലാതെ ഒരു സഹോദര്യം അനുഭവിക്കാൻ കഴിയുന്നുണ്ട്. മതിലുകളില്ലാത്ത, അതിരുകളില്ലാത്ത ആകാശം സ്വപ്നം കാണാൻ മുതിർന്ന സഹോദരങ്ങൾ കാണിച്ചുതരുന്നുണ്ട്. ജന്മദിനങ്ങൾക്കും ഫീസ്റ്റിനും ഒക്കെ എല്ലാവരും നിരയായി വന്ന് കെട്ടിപ്പിടിച്ച് ആശംസയർപ്പിക്കുന്നത് സെമിനാരിക്കാലത്ത് എന്തൊരു ആഘോഷമായിരുന്നു. അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ ...


ആരാധനക്രമത്തിന്റെയോ പാരമ്പര്യങ്ങളുടെയോ ദേശത്തിന്റെയോ പ്രായത്തിന്റെയോ പഠനത്തിന്റെയോ സ്ഥാനങ്ങളുടെയോ ഒന്നും വേർതിരിവുകളില്ലാത്ത ഒരു തരം ഔന്നത്യം. അത്തരം ഒരു സാഹോദര്യം നൽകുന്ന സന്തോഷവും സ്വാതന്ത്ര്യവും ഒന്നു വേറെയാണ്.


എല്ലാം പെർഫെക്ട് ആണെന്ന അവകാശവാദങ്ങളൊന്നുമില്ല. എന്നാലും ഈ സുവിശേഷം ജീവിക്കണമെന്നും, ഫ്രാൻസിസിന്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹം ഉണ്ടാകണമെന്നും ഉള്ള സ്വപ്നം എല്ലാവരുടെയും ഉള്ളിലുണ്ട്. അതിനുള്ള ചെറുതും വലുതുമായ പരിശ്രമങ്ങളുമുണ്ട്.


ഓരോരുത്തരുടെയും കഴിവനുസരിച്ച് മുപ്പതും അറുപതും നൂറുംമേനി ഒക്കെ ശ്രമിക്കുന്നു. പരാജയങ്ങളുണ്ട്. അപ്പോൾ ഫ്രാൻസിസ് ഓർമിപ്പിക്കും: “സഹോദരന്മാരേ, നമ്മൾ ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല; നമുക്ക് അങ്ങു തുടങ്ങാം.” അതുമതി. ഒരു ചെറിയ കല്ലു ചേർത്തുവച്ചും ഈ ജീവിതവും പള്ളിയുമൊക്കെ പുതുക്കിപ്പണിയാം.


ഫ്രാൻസിസിൻ്റെ ജീവിതം 800 വർഷം മുമ്പ് മരണത്തിൽ അവസാനിച്ച ഒന്നല്ല. അതു തൻ്റെ സഹോദരങ്ങളിലുടെ ഇന്നും തുടരുകയാണ്. ഫ്രാൻസിസിൻ്റെ ജീവിതത്തിൻ്റെ തുടർച്ചയാണ് ഫ്രാൻസിസ്കൻ സഹോദരങ്ങൾ (Franciscans are the extention of St. Francis) എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്ന, സുവിശേഷത്തിൻ്റെ ഗന്ധമുള്ള സഹോദരങ്ങൾക്കിടയിൽ പാർക്കാൻ കഴിയുന്നത് എത്രയോ ഭാഗ്യമാണ്. ഞങ്ങളുടെതായ പൊട്ടത്തരങ്ങളെയും മണ്ടത്തരങ്ങളെയും വിശേഷിപ്പിക്കാൻ, ഇങ്ങനെയുള്ളവരെ ഈ സമൂഹത്തിൽ ചേരുകയുള്ളു എന്ന തമാശ പറയാറുണ്ട്. തമാശയേക്കാൾ അതൊരു കൃതഞ്ജതാഗീതമാണ്. ഫ്രാൻസിസിൻ്റെ വഴിയിലുടെ ദൈവത്തെ തേടാനും അറിയാനുമുള്ള വലിയ അനുഗ്രഹം ലഭിച്ചവർ.


ഫ്രാൻസിസ്കൻ ജീവിതത്തെ രേഖപ്പെടുത്തുന്ന വരികളെന്ന് തോന്നിയതുകൊണ്ട്, തിരുപ്പട്ടത്തിന് നൽകിയ താങ്ക്സ് കാർഡിൽ വച്ചത് ടാഗോറിന്റെ ഗീതാഞ്ജലിയിൽ നിന്നുള്ള വരികളായിരുന്നു:


എനിക്കറിയാത്തവർക്ക്

നീയെന്നെ പരിചയപ്പെടുത്തി തന്നു.

എന്റേതല്ലാത്ത ഭവനങ്ങളിൽ

നീയെനിക്ക് ഇരിപ്പിടങ്ങൾ ഉറപ്പാക്കിത്തന്നു.

അകലെയുള്ളതിനെ നീ അടുപ്പിച്ചു തന്നു.

അപരിചിതരെ നീ എനിക്ക് സഹോദരങ്ങളാക്കി.

എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും

നയിക്കുന്നതത്രയും നീയാണ്.

നീയെന്റെ യാത്രയിലെ നിതാന്ത സഹചാരിയാണ്.

നിന്നെ അറിയുന്നവന് അപരിചിതരില്ല,

അടഞ്ഞ വാതിലുകളില്ല...


സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കുമ്പോൾ ശിഷ്യരോട് ക്രിസ്തു പറയുന്നത് മറ്റെന്താണ്? ഫ്രാൻസിസിന്റെ ജീവിതം അതിന് നേർസാക്ഷ്യമാണ്.


ഈ തവിട്ടുടുപ്പിനുള്ളിൽ നിങ്ങൾ എല്ലാവരോടും എല്ലാ സൃഷ്ടികളോടും connected ആണ്. ചുറ്റും നിറയെ സഹോദരങ്ങളാണ്. അതുകൊണ്ടുതന്നെ ഫ്രാൻസിസ്കൻ ജീവിതം ഒറ്റതിരിഞ്ഞുള്ള യാത്രയല്ല. അപരിചിതരെ സഹോദരങ്ങളാക്കുന്ന ഒരു യാത്രയാണ്. മതിലുകൾക്ക് പകരം ബന്ധങ്ങളാകുന്ന വാതിലുകൾ പണിയുന്ന ഒരു ജീവിതമാണ്. മരണത്തിനപ്പുറമുള്ള ജീവനെ വിശ്വസിച്ച്, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്നേഹത്തിന്റെ ഒരു പുതിയ ലോകം പണിയാനുള്ള ശ്രമമാണത്.


ഫ്രാൻസിസ്കൻ ആശ്രമങ്ങളിൽ ഒക്ടോബർ മൂന്നിന് ഫ്രാൻസിസിന്റെ സ്വർഗപ്രവേശനാനുസ്മരണം — Transitus — ഉണ്ട്. സാധിക്കുമെങ്കിൽ ഏറ്റവും അടുത്തുള്ള ആശ്രമത്തിൽ പോയി അതിൽ പങ്കെടുക്കണം. ഫ്രാൻസിസിനെപ്പറ്റി വീണ്ടും വായിച്ചുനോക്കൂ. അല്ലെങ്കിൽ Brother Sun and Sister Moon, Clare and Francis തുടങ്ങിയ സിനിമകൾ കണ്ടുനോക്കൂ. കാരണം ഫ്രാൻസിസിന്റെ ഓർമ സജീവമാക്കുന്നത് ക്രിസ്തുവിനെ നമ്മിൽ കൂടുതൽ ആഴപ്പെടുത്തുന്നതിലേക്കുള്ള ഒരു യാത്രയാണ്.


വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ 800-ാം ജൂബിലിയുടെ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.


ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു

റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

അസ്സീസി മാസിക, ഒക്ടോബ‌ർ 2026


bottom of page