top of page

വിവാഹ വിരുന്നുകൾ മദ്യസൽക്കാരങ്ങളാകുമ്പോൾ .....-

ബിനു ജോൺ ഡിക്രൂസ്
1 day ago
3 min read

 The smiling bride and groom standing nearby

അവധിക്കാല ആഘോഷങ്ങൾ കഴിഞ്ഞു ഈ അടുത്ത ദിവസങ്ങളിൽ നാട്ടിൽനിന്നും പ്രവാസലോകത്തേക്ക് തിരിച്ചെത്തിയ ഒരു സുഹൃത്ത് എന്നോട് അഭിമാനത്തോടെ പറഞ്ഞു :


“ബിനു ചേട്ടാ... ഞങ്ങളുടെ വീട്ടിലെ വിവാഹാഘോഷത്തിൽ ഒരു തുള്ളി മദ്യം പോലും ഉണ്ടായിരുന്നില്ല.”

ആ വാക്കുകളിൽ നിറഞ്ഞു നിന്ന സന്തോഷവും ആത്മവിശ്വാസവും ദൈവാശ്രയബോധവും എന്നെയും സന്തുഷ്ടനാക്കി .


പക്ഷേ നാട്ടിൽ അവരുടെ തീരുമാനത്തെ എല്ലാവരും ഒരേ രീതിയിൽ സ്വീകരിച്ചില്ലത്രേ.... ചിലർക്ക് മദ്യലഹരി നിഷേധിക്കപ്പെട്ടതിന്റെ പരിഭവം.

മറ്റു ചിലർക്ക് പരിഹാസം. വേറേ ചിലർക്ക് അവർ പുരോഗമന ചിന്തയില്ലാത്തവരായി മാറി

എന്നാൽ അതൊന്നും അവരെ സ്പർശിച്ചില്ല. കാരണം അത് മറ്റുള്ളവരെ തൃപ്തിപ്പെടുത്താനുള്ള അവരുടെ തീരുമാനമായിരുന്നില്ല; തങ്ങളുടെ വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉറച്ച നിലപാടായിരുന്നു. അവരുടെ വാക്കുകളിൽ.


വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായത്തിൽ കാനായിലെ കല്ല്യാണം

എന്റെ ചിന്തയായി. “കാനായിലെ കല്യാണം” എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം യേശുവിന്റെ ആദ്യത്തെ അത്ഭുതമാണ്. ആ കാലഘട്ടങ്ങളിലെ യഹൂദ കൂടുംബങ്ങളിൽ ദിവസങ്ങളോളം നിണ്ടു നിൽക്കുന്ന വിവാഹ വിരുന്നുകളിൽ മുന്തിരി വീഞ്ഞിന് സാമൂഹികവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ടായിരുന്നു. വിവാഹവിരുന്നിൽ വീഞ്ഞ് തീർന്നുപോകുന്നത് ആതിഥേയ കുടുംബത്തിന് വലിയ നാണക്കേടായി കണക്കാക്കപ്പെട്ടിരുന്നു.


അവിടെയാണ് ഒരു വലിയ പ്രതിസന്ധി ആ കുടുംബത്തിനു ഉണ്ടാകുന്നത്.

വീഞ്ഞ് തീർന്നു പോകുന്നു. ആ ഇല്ലായ്മയിലേക്കാണ് പരിശുദ്ധ അമ്മ തന്റെ മകനുമായി കടന്നു ചെല്ലുന്നത്. “അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവർക്കു വീഞ്ഞില്ല.” യോഹന്നാൻ 2: 3. യേശുവിന്റെ ഇടപെടലിൽ വെള്ളം മുന്തിയ മുന്തീരി വീഞ്ഞായി മാറുന്നു.


കാനായിലെ അന്നത്തെ വിരുന്നിൽ വീഞ്ഞു നൽകുന്നതും ഇന്നത്തെ മദ്യ ലഹരിയുടെ സൽക്കാരങ്ങളും ഒരു പോലയല്ല. പലരും കാനായിലെ സംഭവത്തെ ഇന്നത്തെ മദ്യസൽക്കാരങ്ങളുടെ സാധൂകരണത്തിനായി പറയുന്നത് കേൾക്കാറുണ്ട്. കാനായിലെ അന്നത്തെ സാംസ്കാരിക പശ്ചാത്തലവും ഇന്നത്തെ മദ്യപാന സംസ്കാരവും ഒരുപോലെയല്ല കാണേണ്ടത്. ഇന്നത്ത മദ്യപാനം പല കുടുംബങ്ങളിലും ഉണ്ടാക്കുന്ന സാമൂഹികവും മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്.


ഇന്ന് പല ക്രെസ്തവ വിവാഹങ്ങളിലും മദ്യം ആഘോഷത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. മദ്യസൽക്കാരം നടത്തിയിലെങ്കിൽ സമൂഹത്തിൽ അന്തസ്സ് ഇല്ലാതാകും എന്ന് കരുതുന്നവർ. എറ്റവും വിലകൂടിയ മദ്യസൽക്കാരം നടത്തിയില്ലെങ്കിൽ ആളുകൾ എന്തു കരുതും, എന്ന് ചിന്തിക്കുന്നവർ. ഇത്തരം ചിന്തകളിൽ ലക്ഷങ്ങളാണ് മദ്യലഹരിക്കായി ഈ കൂട്ടർ ഒഴുക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്തവർ പോലും കടം വാങ്ങി ആഘോഷങ്ങൾ നടത്താൻ നിർബന്ധിതരാകുന്നു. കേവലം ഒരു ദിവസത്തെ ആഘോഷത്തിനായി ഭീമമായ തൂക ചെലവഴിച്ചവരിൽ പലരും പിൽക്കാലത്ത് എത്ര വലിയ വിലയാണ് കൂടുംബ ജീവിതത്തിൽ കൊടുക്കേണ്ടിവരുന്നത്!


ഒരു സ്ത്രീയുടെ കണ്ണുനീർ നനവീവിലൂടെ നമ്മുക്ക് അത് കാണാനാകണം. എത്ര വലിയ സ്വപ്നങ്ങളും മോഹങ്ങളുമായാണ് അവൾ വിവാഹദിവസം തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യനെ നോക്കുന്നത്!


ഒരു നല്ല കുടുംബജീവിതവും സ്നേഹമുള്ള ഭർത്താവിനെയും സന്തോഷമുള്ള വീടും

മക്കളോടൊപ്പമുള്ള സമാധാനപൂർണ്ണമായ ജീവിതവും മറ്റും ആഗ്രഹിച്ചു സ്വപ്നങ്ങൾ നെയ്യുന്നവൾ. അവളുടെ മാതാപിതാക്കളും അതൊക്കെ തന്നെയാണ് സ്വപ്നം കാണുന്നത്. പക്ഷേ പല വീടുകളിലും കാലക്രമേണ ആ സ്വപ്നങ്ങൾ നഷ്ടമാകുന്നു.


മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ്.... നിസ്സാര കാര്യങ്ങൾ പോലും വലിയ കലഹങ്ങളായി മാറുന്നു. ആത്മ നിയന്ത്രണമില്ലാത്ത അവന്റെ വാക്കുകൾ. തെറിവിളികൾ, അപമാനങ്ങൾ, കുട്ടികളുടെ മുന്നിലുള്ള വഴക്കുകൾ. അവർക്കു മുന്നിൽ വെച്ചു പോലും അപമാനിക്കപ്പെടുന്നവൾ. സംശയവും അവിശ്വാസവും കൊണ്ട് തകർന്നു പോകുന്ന ദാമ്പത്യ ജിവിതം.


ലഹരി ഇറങ്ങുമ്പോൾ പക്ഷേ പറഞ്ഞതെല്ലാം അവൻ വിസ്മരിക്കും. പക്ഷേ അവൾക്ക് മറക്കാനാവില്ല; കുഞ്ഞുങ്ങളും മറക്കില്ല. അവൻ മറന്നുപോയ ഒരു രാത്രിയിലെ വാക്കുകൾ, അവളുടെ ഹൃദയത്തിൽ വർഷങ്ങളോളം മുറിവായി കിടക്കാം..


അവളുടെ വേദന പ്രവാസ ജീവിതത്തിൽ കൂടുതലാണ്. നാട്ടിൽ നിന്ന് അകന്ന്,

മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്ന്, ദമ്പതികൾ മാത്രമായി ഒരു വിദേശനാട്ടിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഭംഗിയായിരിക്കാം ശാന്തമായിരിക്കാം. നല്ല വീട്, നല്ല ജോലി, സാമ്പത്തിക ഭദ്രത.

മക്കൾക്ക് നല്ല വിദ്യാഭ്യാസം, മികച്ച ജീവിതനിലവാരം, വിലകൂടിയ കാർ. പക്ഷേ ആ വീടിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിൽ അവളുടെ ഹൃദയ വിലാപങ്ങൾ ആരു അറിയുന്നു. ഉറക്കം വരാത്ത രാത്രികളിലെ അവളുടെ നെടുവീർപ്പുകൾക്ക് ആരു വിലനൽകുന്നു. അവളെ ഒന്നു അംഗികരിക്കാൻ പോലും തയ്യാറാകാത്തവൻ. അവിടെ കേൾക്കുന്നത് സമാധാനത്തിന്റെ ശബ്ദമല്ല; കലഹത്തിന്റെ ശബ്ദമായിരിക്കാം.

പലപ്പോഴും ചില ദുരന്തങ്ങൾക്കു ഒടുവിലാകും അവളുടെ വേദനകൾ ലോകം അറിയുക.


ദൈവ വചനം നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു: "എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല"(ഗലാത്തിയാ5: 22-23). അപ്പോൾ നമുക്ക് ചിന്തിക്കാം, മദ്യത്തിന്റെ പേരിൽ വീട്ടിൽ കലഹം ഉണ്ടാകുമ്പോൾ, സ്നേഹം നഷ്ടപ്പെടുമ്പോൾ, ഭാര്യയുടെ കണ്ണുനീർ വർധിക്കുമ്പോൾ, കുട്ടികൾ ഭയപ്പാടോടെ വളരുമ്പോൾ, ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോൾ... ഇതെല്ലാം പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ആണോ?


വിശുദ്ധ വചനം നമുക്ക് മുന്നറിയിപ്പു നൽകുന്നു: "നിങ്ങള്‍ വീഞ്ഞുകുടിച്ച്‌ ഉന്‍മത്തരാകരുത്‌. അതില്‍ ദുരാസക്‌തിയുണ്ട്‌. മറിച്ച്‌, ആത്‌മാവിനാല്‍ പൂരിതരാകുവിന്‍"(എഫേസോസ്‌ 5:18). തിരുവചനം നമ്മോട് പറയുന്നത് ലഹരിയിൽ നിറയാനല്ല; പരിശുദ്ധാത്മാവിനാൽ നിറയാനാണ്. "ജ്‌ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈ കൊണ്ട്‌ അത്‌ ഇടിച്ചുനിരത്തുന്നു"(സുഭാഷിതങ്ങള്‍14 :1)


ഇവിടെയാണ് ഒരോ ക്രൈസ്തവ വിശ്വാസിയും ചിന്തിക്കേണ്ടത്. വിവാഹം ഒരു വിരുന്ന് സൽക്കാരമല്ല. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണത്. അവ‌ർ തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഒരു പുതിയ കുടുംബത്തിനായി സമർപ്പിക്കുന്ന അനുഗ്രഹ നിമിഷമാണ് വിവാഹം.


അവളുടെ മാതാപിതാക്കളുടെ ഹൃദയത്തിലെ പ്രാർത്ഥന ഒന്നു മാത്രമാകും: “എന്റെ മകൾ സന്തോഷത്തോടെ ജീവിക്കണം.” അങ്ങനെയുള്ള ഒരു വിവാഹചടങ്ങിൽ എന്താണ് നാം തിരഞ്ഞെടുക്കേണ്ടത്?

മദ്യത്തിന്റെ ഗ്ലാസുകളോ? അതോ അത്യുന്നതനിലേക്ക് ഉയരേണ്ടുന്ന പ്രാർത്ഥനയുടെ കരങ്ങളോ?

മദ്യ ലഹരിയോ? അതോ പരിശുദ്ധാത്മാവിന്റെ നിറവോ?

ഒരു ദിവസത്തെ ആഡംബര ആഘോഷങ്ങളോ? അതോ സമാധാന പൂർണ്ണമായി നീണ്ടു നിൽക്കുന്ന കൂടുംബ ജീവിതമോ?


ഒരു വിവാഹവിരുന്നിൽ മദ്യത്തിന്റെ ഗ്ലാസ് ഉയർത്തുന്നതിനേക്കാൾ, പുതിയ ദമ്പതികൾക്കായി കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നതല്ലേ കൂടുതൽ മനോഹരം?

അതുകൊണ്ടാണ് സുഹൃത്തിന്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചത്: ഞങ്ങളുടെ വീട്ടിലെ വിവാഹത്തിൽ ഒരു തുള്ളി മദ്യം പോലും ഉണ്ടായിരുന്നില്ല.”


ചിലർ പരിഹസിച്ചിരിക്കാം. പക്ഷേ അവരുടെ തീരുമാനം ഒരു മനോഹരമായ സന്ദേശമാണ്: “ഞങ്ങളുടെ ആഘോഷത്തിന് മദ്യം ആവശ്യമില്ല, അതിഥികളെ ആദരിക്കാൻ ലഹരി ആവശ്യമില്ല. ഞങ്ങളുടെ മകളുടെ വിവാഹത്തെ അനുഗ്രഹിക്കാൻ മദ്യത്തിന്റെ ഗ്ലാസ് വേണ്ട, പ്രാർത്ഥിക്കുന്ന അനുഗ്രഹിക്കുന്ന കരങ്ങൾ മതി.


നമ്മുടെ വീടുകളിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലേക്ക് നാം ആരെയാണ് ക്ഷണിക്കുന്നത്?

സമാധാനത്തെയോ, കലഹത്തെയോ?

സ്നേഹത്തെയോ, വെറുപ്പിനെയോ?

പരിശുദ്ധാത്മാവിനെയോ, മദ്യ ലഹരിയുടെ സാത്താനെയോ ?

ഒരു പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന മകൾക്ക് നാം എന്താണ് സമ്മാനിക്കുന്നത്?


ഒരു മദ്യസൽക്കാരത്തിലൂടെ ഈ ലഹരിയുടെ സാത്താനെ തന്നെയല്ലേ അവർക്കു നൽകുന്നത് ആ സാത്താനും കൂടയല്ലേ അവർക്ക് ഒപ്പം പുതിയ ജീവിതത്തിലേക്ക് പോകുന്നത് ....ആ സാത്താൻ അവരുടെ കുടുംബ ജീവിതത്തിൽ ആധിപത്യം ഉറപ്പിക്കില്ലേ .....


ഒരു കുടുംബം മുഴുവൻ ചേർന്ന് ഉയർത്തുന്ന പ്രാർത്ഥനയോടും അനുഗ്രഹങ്ങളോടും അവളെ യാത്ര അയച്ചാൽ അവൾക്കൊപ്പം പരിശുദ്ധാത്മാവ് ഉണ്ടാകില്ലേ ? കാനായിലെ കല്യാണ വിരുന്നിൽ യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നതു പോലെ. നമ്മുടെ വിവാഹങ്ങളിലും യേശുവും പരിശുദ്ധ അമ്മയും ഉണ്ടാകണം. പുതിയ ദമ്പതികളുടെ ജീവിതത്തിന്റെ മധ്യത്തിൽ, അവരുടെ സന്തോഷത്തിലും കണ്ണൂനീരിലും ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും കർത്താവ് ഉണ്ടാകട്ടെ! മദ്യത്തിന്റെ ലഹരിയല്ല പരിശുദ്ധാത്മാവിന്റെ ലഹരിയിൽ ജീവിത യാത്ര മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കട്ടെ!


bottom of page