നീ എന്നെ സ്നേഹിക്കുന്നുവോ?


അധികം വാക്കുകളൊന്നുമില്ലെങ്കിലും, ഈ മൂന്ന് വാക്കുകൾകൊണ്ട് ഒരാളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നമുക്ക് അതിവേഗം സഞ്ചരിക്കാനാകും. അത്രമേൽ ശക്തമാണ് ആ ചോദ്യം.
സ്നേഹം എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ അറിയാതെ മനസ്സിൽ നിറയുന്നൊരു മൃദുസുഖമുണ്ട്. ചിലപ്പോൾ അത് മധുരമുള്ള ഓർമകളുണർത്തും; മറ്റു ചിലപ്പോൾ ഹൃദയത്തിന്റെ വിങ്ങലുകളെ തൊട്ടുണർത്തും. മനുഷ്യന്റെ ബോധമനസ്സിനെയും അവബോധമനസ്സിനെയും ഓർമകളെയും വികാരങ്ങളെയും സ്പർശിക്കുന്ന സ്നേഹത്തെ ശാസ്ത്രത്തിന് പലവിധം വിശദീകരിക്കാനാകും. എന്നാൽ വിശദീകരണങ്ങൾക്കപ്പുറം, ആ വികാരത്തിലൂടെയും ഈ ചോദ്യത്തിലൂടെയും നമുക്കൊന്നു സഞ്ചരിച്ചാലോ?
സ്നേഹം കേവലം ഒരു വികാരമല്ല; അത് ജീവിതത്തെ മുന്നോട്ടുനയിക്കുന്ന ശക്തിയാണ്. സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതും യഥാർഥത്തിൽ സ്നേഹിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്നേഹിക്കുന്നുവെന്ന് പറയാൻ എളുപ്പമാണ്; ആ സ്നേഹം പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ് പ്രധാനം. കാരണം, സ്നേഹത്തിന്റെ ആഴം വാക്കുകളുടെ മനോഹാരിതയിലല്ല, പ്രവൃത്തികളുടെ ആത്മാർഥതയിലാണ്.
മനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്ന്ന ഇണയെ ഞാന് നല്കും.
(ഉല്പത്തി 2 : 18) എന്ന ദൈവവചനം മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കും സ്നേഹത്തിനുമുള്ള പ്രാധാന്യം ഓർമിപ്പിക്കുന്നു. ബന്ധങ്ങൾക്കനുസരിച്ച് സ്നേഹത്തിന് പല പേരുകളുണ്ടെങ്കിലും അതിന്റെ അടിസ്ഥാനസത്ത ഒന്നുതന്നെയാണ്. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനുമുള്ള ആഗ്രഹം മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയിരിക്കുന്നു.
യോഹന്നാന്റെ സുവിശേഷത്തിൽ ഉയിർത്തെഴുന്നേറ്റ യേശു പത്രോസിനോട് ചോദിക്കുന്നു: “നീ എന്നെ സ്നേഹിക്കുന്നുവോ?” (യോഹന്നാൻ 21:15–17). ഒരിക്കലും തള്ളിപ്പറയുകയില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പത്രോസ് ഭയത്തിന്റെ നിമിഷത്തിൽ യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടും യേശു അവനോട് പരാജയങ്ങളുടെ കണക്കു ചോദിച്ചില്ല; അവന്റെ ഹൃദയത്തിലെ സ്നേഹത്തെക്കുറിച്ചാണ് ചോദിച്ചത്. ആ സ്നേഹത്തിന്റെ ഏറ്റുപറച്ചിലിലൂടെ യേശു അവനെ വീണ്ടും ഉത്തരവാദിത്വത്തിലേക്ക് ക്ഷണിച്ചു. പത്രോസിന്റെ വീഴ്ചയ്ക്കപ്പുറം അവനിൽ ശേഷിച്ച സ്നേഹത്തെ തിരിച്ചറിഞ്ഞ യേശു, അവന് പുതിയൊരു തുടക്കത്തിനുള്ള അവസരം നൽകി.
കേട്ടുതഴമ്പിച്ച ഈ ചോദ്യം നാം ഓരോരുത്തരും മനസ്സിരുത്തി ഒന്നു ചിന്തിച്ചാൽ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞേക്കാം. കാരണം, അത് പത്രോസിനോടു മാത്രമുള്ള ചോദ്യമല്ല; അവന്റെ പേരിൽ പ്രവർത്തിക്കുകയും വിശ്വാസത്തെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്ന ഓരോരുത്തരോടുമുള്ള ചോദ്യമാണ്. പ്രാർഥനകളും ശുശ്രൂഷകളും മതപരമായ പ്രവർത്തനങ്ങളുമെല്ലാം ചെയ്യുമ്പോഴും, യേശുവിനോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ യഥാർഥമായി പ്രതിഫലിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയ്ക്ക് ഈ ചോദ്യം നമ്മെ ക്ഷണിക്കുന്നു.
ഈ സംഭാഷണത്തിന്റെ ആഴങ്ങളിലേക്ക് കടക്കുമ്പോൾ സ്നേഹത്തെക്കുറിച്ചുള്ള രണ്ട് ഗ്രീക്ക് പദങ്ങൾ കൂടി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു: അഗപ്പെ (Agapē), ഫിലിയ (Philia). അഗപ്പെ നിസ്വാർഥവും ത്യാഗപൂർണവുമായ സ്നേഹത്തെ ഓർമിപ്പിക്കുമ്പോൾ, ഫിലിയ സൗഹൃദത്തോടും അടുപ്പത്തോടും ബന്ധപ്പെട്ട സ്നേഹത്തെ സൂചിപ്പിക്കുന്നു. യോഹന്നാൻ 21-ലെ യേശുവിന്റെയും പത്രോസിന്റെയും സംഭാഷണത്തിൽ ഇവയുമായി ബന്ധപ്പെട്ട അഗപാവോ (Agapaō), ഫിലിയോ (Phileō) എന്നീ ക്രിയാരൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ പദങ്ങൾ തമ്മിലുള്ള അർഥവ്യത്യാസത്തെക്കുറിച്ച് ബൈബിൾ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാൽ ഇവയെ സ്നേഹത്തിന്റെ രണ്ട് കർശനമായ തലങ്ങളായി വേർതിരിക്കുന്നതിനേക്കാൾ, സ്നേഹത്തിന്റെ ആഴവും ആത്മാർഥതയും നമ്മുടെ ജീവിതത്തിൽ എങ്ങനെ വെളിപ്പെടുന്നു എന്നു ചിന്തിക്കുന്നതാണ് ഉചിതം.
ഇവിടെ നമ്മെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. പത്രോസ് തന്റെ സ്നേഹം ഏറ്റുപറഞ്ഞിട്ടും യേശു വീണ്ടും വീണ്ടും അവനോട് അതേ ചോദ്യം ചോദിക്കുന്നു. എന്തുകൊണ്ടായിരിക്കാം? സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ ഏറ്റുപറച്ചിലുകൾ എത്ര മനോഹരമാണെന്നതിലുപരി, ആ സ്നേഹത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം തയ്യാറാണോ എന്ന ചിന്തയിലേക്കാണ് ഈ സംഭാഷണം നമ്മെ നയിക്കുന്നത്. കാരണം, സ്നേഹത്തിന്റെ യഥാർഥ ആഴം അളക്കപ്പെടുന്നത് നാം പറയുന്ന വാക്കുകളിലല്ല, നാം ജീവിക്കുന്ന ജീവിതത്തിലാണ്.
യേശുവിനോടുള്ള സ്നേഹം അവനുവേണ്ടി കാര്യങ്ങൾ ചെയ്തുതീർക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവൻ സ്നേഹിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്നതിലൂടെയാണ് ആ സ്നേഹം ജീവിതത്തിൽ തെളിയുന്നത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിലും തെറ്റുചെയ്തവനോട് ക്ഷമിക്കുന്നതിലും ഒറ്റപ്പെട്ടുപോയവനെ ചേർത്തുപിടിക്കുന്നതിലുമാണ് നമ്മുടെ സ്നേഹത്തിന്റെ യഥാർഥ പരീക്ഷണം. വിശക്കുന്നവന് അന്നവും നിരാശനായവന് പ്രത്യാശയും തളർന്നുപോയവന് ആശ്വാസവും പകരുമ്പോഴാണ് വിശ്വാസം പ്രവൃത്തിയായി മാറുന്നത്.
പത്രോസിനോട് “എന്റെ ആടുകളെ മേയ്ക്കുക” എന്ന് യേശു ആവശ്യപ്പെട്ടത് (യോഹന്നാൻ 21:17) സ്നേഹം വാക്കുകളിൽ ഒതുങ്ങേണ്ടതല്ല, ഉത്തരവാദിത്വമായി ജീവിക്കേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ആഴം നാം പറയുന്ന വാക്കുകളിലല്ല; നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർ എത്രത്തോളം സ്നേഹം അനുഭവിക്കുന്നു എന്നതിലാണ്. ബലിപീഠത്തിനു മുന്നിൽ പ്രകടമാകുന്ന ഭക്തി മറ്റൊരാളുടെ വേദനയ്ക്കു മുന്നിൽ കരുണയായി മാറണം. പ്രാർഥനയിൽ ദൈവത്തോടു നീളുന്ന കൈകൾ വീണുപോയ ഒരാളെ ഉയർത്താനും നീളണം.
അതുകൊണ്ട് യേശുവിന്റെ ഈ ചോദ്യം ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ മുഴങ്ങട്ടെ. നമ്മുടെ പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും വിശ്വാസപ്രഖ്യാപനങ്ങൾക്കും അപ്പുറം, നമ്മുടെ ജീവിതംതന്നെ ആ ചോദ്യത്തിനുള്ള ഉത്തരമായി മാറട്ടെ.
“നീ എന്നെ സ്നേഹിക്കുന്നുവോ?”
പത്രോസിനെപ്പോലെ നമുക്കും പറയാം: “കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു” (യോഹന്നാൻ 21:17). എന്നാൽ ആ വാക്കുകൾ അധരങ്ങളിൽ മാത്രം ഒതുങ്ങാതിരിക്കട്ടെ. നമ്മുടെ കരുണയിലും ക്ഷമയിലും കരുതലിലും മറ്റുള്ളവരോടുള്ള സമീപനത്തിലും ആ സ്നേഹം തെളിയട്ടെ. നമ്മിലൂടെ ഒരാൾക്കെങ്കിലും ആശ്വാസവും പ്രത്യാശയും അനുഭവിക്കാൻ കഴിയുന്നുവെങ്കിൽ, നമ്മുടെ വിശ്വാസം ജീവിതത്തിൽ ഫലം പുറപ്പെടുവിച്ചുതുടങ്ങിയിരിക്കുന്നു.
ഒടുവിൽ, യേശുവിനോടുള്ള നമ്മുടെ സ്നേഹത്തിന് ഉത്തരം നൽകേണ്ടത് വാക്കുകളിലൂടെയല്ല, ജീവിതത്തിലൂടെയാണ്. അവൻ നമ്മോടു ചോദിക്കുന്ന ഈ ചോദ്യത്തിന് നമ്മുടെ ജീവിതംതന്നെ മറുപടിയാകട്ടെ.
കാരണം, സ്നേഹം വെറുമൊരു വികാരമല്ല; അത് ജീവിച്ചുകാണിക്കേണ്ട ഒരു സുവിശേഷമാണ്. അതിനായി നമുക്ക് ശ്രദ്ധയോടെ സഞ്ചാരിക്കാം അതിനായി ദൈവം നാമേവരെയും അനുഗ്രഹിക്കട്ടെ













































































































