top of page

900 വർഷത്തിലേക്കുള്ള യാത്ര

Writer: ഹാരിസ് കപ്പൂച്ചിന്‍
ഹാരിസ് കപ്പൂച്ചിന്‍
2 days ago
2 min read
കല്ലുമുറിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അസീസിയിലെ ഫ്രാൻസിസ്; മതിലിലെ ക്രൂശും ചെറിയ തിരിയും പശ്ചാത്തലത്തിൽ.

അസീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന ഒരു കഥയുണ്ട്.


ഉത്ഥാനത്തിനുശേഷം സ്വർഗാരോഹണം ചെയ്ത യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ അടുക്കലെത്തുന്നു. സ്വർഗത്തിൽ തിരിച്ചെത്തിയ മകനോട് പിതാവ് ഭൂമിയിലെ വിശേഷങ്ങളെല്ലാം ചോദിക്കുന്നു. ഭൂമിയെക്കുറിച്ച്, മനുഷ്യരെക്കുറിച്ച്, ഭൂമിയിലെ മകന്റെ വാസത്തെപറ്റി,മഞ്ഞുകാലത്തിനുശേഷം ഉണ്ടാകുന്ന വസന്തകാലത്തിന്റെ ഭംഗിയെ പറ്റി... ആദ്യമായി മറിയത്തെ അമ്മേ എന്നു വിളിച്ചപ്പോഴുണ്ടായ സന്തോഷത്തെക്കുറിച്ച്... അങ്ങനെ എന്തെല്ലാം വിശേഷങ്ങൾ പിതാവ് മകനോട് ചോദിച്ചിട്ടുണ്ടാവും! അമ്മേ എന്നു വിളിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന ആ അപൂർവമായ സന്തോഷത്തെക്കുറിച്ചുപോലും അവർ പരസ്പരം സംസാരിച്ചിട്ടുണ്ടാവില്ലേ?എല്ലാം കേട്ടുകൊണ്ട് സെറാഫുകളും ചിറകിട്ടടിച്ചിട്ടുണ്ടാവാം...


അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിൽ പിതാവ് മകനോട് ചോദിക്കുന്നു: “മോനെ , ഞാൻ നിന്നെ പഠിപ്പിച്ചതെല്ലാം നീ മനുഷ്യർക്കു പറഞ്ഞുകൊടുത്തു. ഉപമകളിലൂടെ നീ സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അവർക്കു വെളിപ്പെടുത്തി. എന്നാൽ ഒരു ഉപമ മാത്രം നീ പറഞ്ഞില്ലല്ലോ. അതെന്തുകൊണ്ടാണ്?”


അപ്പന്റെ ചോദ്യം കേട്ട യേശു പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “അപ്പാ, ആ ഉപമ പറയാൻ ഞാൻ മറന്നതല്ല. പക്ഷേ, അത് പറഞ്ഞുകൊടുക്കുന്നതിനേക്കാൾ ജീവിച്ചുകാണിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്ന് എനിക്കു തോന്നി. ചില കാര്യങ്ങൾ വാക്കുകൾകൊണ്ട് പറഞ്ഞുതീർക്കാനാവില്ലല്ലോ. അവ ജീവിച്ചുതന്നെ കാണിക്കണം. അങ്ങനെയൊരു ഉപമയാണ് അത്.”


പിന്നെ അപ്പനും പുത്രനായ യേശുവും സ്വർഗവും മാലാഖമാരും കാത്തിരുന്നു. ഋതുഭേദങ്ങളെ സാക്ഷിനിർത്തി ഭൂമിയെന്ന ഗോളം അനേകായിരം പൂർണചന്ദ്രന്മാരെ ചുംബിച്ചുകൊണ്ട് കടന്നുപോയി. നൂറ്റാണ്ടുകൾ പൂക്കൾ അടർന്നു വീഴുന്ന സൗമ്യതയോടെ ചരിത്രത്തിന്റെ മണ്ണിൽ അഭയം പ്രാപിച്ചു. ഏകദേശം പന്ത്രണ്ടു നൂറ്റാണ്ടുകളോളം നീണ്ട ആ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി.


ഇറ്റലിയിൽ സ്പൊലേറ്റോവിലേക്കുള്ള വഴിയിൽ, അധികമൊന്നും ഉയരമില്ലാത്ത ഒരു യുവാവ് ഒരു വലിയ മാടമ്പിയാകാനുള്ള മോഹവുമായി യുദ്ധത്തിനു പോകാൻ തയ്യാറെടുക്കുകയായിരുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അവന്. യുദ്ധവീരനാകണം, കീർത്തി നേടണം, അസ്സീസിയിലെ യുവരാജനാകണം... എന്നാൽ അവന്റെ സ്വപ്നങ്ങളെ തകിടം മറിക്കുവാൻ വേണ്ടി ദൈവത്തിന്റെ അങ്കുലീസ്പർശം മലയിടുക്കിലേക്ക് നീണ്ടു


അപ്പോൾ സ്വർഗം മന്ത്രിച്ചു: “ഇവനാണവൻ!”


അതെ, സ്വർഗം അവനെ തൊട്ടു. ആ സ്പർശനത്തിനുശേഷം അവന്റെ ഉള്ളിൽ ഒരു ചോദ്യം ഉയർന്നു: “ദാസനെ സേവിക്കുന്നതാണോ നല്ലത്, യജമാനനെ സേവിക്കുന്നതാണോ നല്ലത്?”


ആ ചോദ്യം അവന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. എല്ലുകളിൽ നിന്നും മജ്ജയെ വേർതിരിക്കാൻ തക്ക പ്രാവീണ്യമുള്ള കീറ്റു കത്തികണക്കുപോലുള്ള ആ ചോദ്യം അവനെ കീറിമുറിച്ചു. അസ്ഥികളെപ്പോലും ഉലയ്ക്കുന്ന ഒരു ആത്മീയ വിപ്ലവത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. ആ ചോദ്യത്തിന്റെ പ്രകമ്പനം മൂലം അവൻ ഭിക്ഷാം ദേഹിയുടെ വസ്ത്രം അണിഞ്ഞു. മനുഷ്യർ സ്വസ്ഥതയോടെ കിടപ്പറകളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയും താരാട്ടുഗാനങ്ങൾ ആലപിക്കുകയും ചെയ്ത രാത്രികളിലെല്ലാം അവൻ ഋതുഭേദങ്ങളുടെ മാറ്റത്തിന് വശംവധയാകാത്ത സോദരി ചന്ദ്രനെ വലംവച്ചു. കാലം അവനെ ഭ്രാന്തനാക്കി. അസീസിയിലെ ഫ്രാൻസിസ് ആക്കി.


അതെ, അസീസിയിലെ ഫ്രാൻസിസ് യേശു പറഞ്ഞുതീരാതെ പോയ ഒരു ഉപമയായിരുന്നു. എന്തു രസാ ലെ അസീസിയിലെ ഫ്രാന്സിസിനെ പറ്റി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കാൻ. എത്ര എഴുതിയിട്ടും കൊതി തീരുന്നില്ല. പറയപ്പെടാതെ പോയ ക്രിസ്തുവിന്റെ ആ ഉപമയെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളും അനുസ്മരണയോഗങ്ങളും നൊവേനകളും, അനുസ്മരണാർഥം സംഘടിപ്പിച്ച ട്രാൻസിറ്റുസുകളും(Trancitus) ഒക്കെ ഏകദേശം അന്ത്യത്തിലേക്ക് അടുക്കാറായി. ഒക്ടോബർ മാസവും വിടവാങ്ങുകയാണല്ലോ.


എണ്ണൂറ് വർഷങ്ങൾ എന്നത് അത്ര ചെറിയൊരു കാലഘട്ടമല്ല. തോമസ് അക്കമ്പിസിന്റെ ക്രിസ്താനുകരണത്തിൽ പറയുന്നൊരു കാര്യമുണ്ട്: മാനസാന്തരപ്പെട്ടിട്ട് എത്ര വർഷമായി എന്ന് പറയാൻ ആർക്കും സാധിക്കും. വർഷങ്ങൾ എണ്ണുക എന്നുപറയുന്നത് അത്രയ്ക്ക് സുഖമുള്ള പരിപാടിയും ഒന്നുമല്ല ഫലം ഉണ്ടാകണം എന്ന് സാരം. ഫ്രാൻസിസിന്റെ എണ്ണൂറാമത്തെ ചരമവാർഷികം തീർച്ചയായിട്ടും അഭിമാനിക്കാൻ ഒത്തിരിയുള്ള ഒന്നാണ്. അഭിമാനിക്കാൻ മാത്രമല്ല, ആഘോഷിക്കാനും. ഭംഗിയായിത്തന്നെ നമ്മൾ ആഘോഷിച്ചു, അല്ലേ? ലക്ഷങ്ങൾ ചെലവഴിച്ചു. ഫ്രാൻസിസിന്റെയും യേശുവിന്റെയും അനേകം ചിത്രങ്ങൾ, അനേകം കാർഡുകൾ... ലക്ഷങ്ങളുടെ അലങ്കാരങ്ങൾ, നാടകങ്ങൾ... മൊത്തം കണക്കെടുത്താൽ ചിലപ്പോൾ കോടിയിൽ അവസാനിക്കുന്ന തുകകൾ. എണ്ണൂറാമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് ഞങ്ങളും ഒരു ചെറിയ നാടകം അവതരിപ്പിച്ചിരുന്നു. നാടകം കഴിഞ്ഞപ്പോൾ എല്ലാം നന്നായി അവസാനിച്ചെങ്കിലും ഞങ്ങൾക്ക് ചെറിയൊരു നൊമ്പരം ബാക്കിയായി. മേക്കപ്പും, കോസ്റ്യൂമും ഇത്തിരി കുറഞ്ഞുപോയില്ലേ എന്നൊരു തോന്നൽ. അതിനാൽ ചിലർക്ക് ഒരു വൈക്ലബ്യം.


അപ്പോൾ പ്രായമായ ഒരു മദർ കാര്യം തിരക്കി. ഞങ്ങൾ പറഞ്ഞു “ഞങ്ങൾക്ക് മേക്കപ്പ് ശരിയായിട്ടു ചെയ്യാൻ പറ്റിയില്ല, കുറച്ചു കൂടി ആവാമായിരുന്നു ”


മദർ ഞങ്ങളോട് ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്: “നിങ്ങൾ ആരുടെ നാടകാ കളിച്ചത്?”


ഞങ്ങൾ പറഞ്ഞു: “അസീസിയിലെ ഫ്രാൻസിസിന്റെ.”


അപ്പോൾ മദറിന് ഉന്മേഷം വീണ്ടുകിട്ടി. “അസീസിയിലെ ഫ്രാൻസിസിന്റെ നാടകമല്ലേ? എന്നാ കുഴപ്പമില്ല.


എണ്ണൂറാമത്തെ ചരമവാർഷികം ആഘോഷിച്ച ശേഷം 900 യിലേക്ക് യാത്ര തുടങ്ങുന്ന നമുക്കു അതൊരു ഓർമ്മപ്പെടുത്തലാണ് എന്ന് എനിക്ക് തോന്നി. ഈ വസ്ത്രം ആണെങ്കിലും കുഴപ്പമില്ല. ഈ കീറിപറിഞ്ഞ ചെരിപ്പ് ആണെങ്കിലും കുഴപ്പമില്ല. ഈ വിലകുറഞ്ഞ കാർ ആണെങ്കിലും കുഴപ്പമില്ല. ഈ സാധനങ്ങളാണെങ്കിലും കുഴപ്പമില്ല.അസീസിലെ ഫ്രാൻസിസുമായി ബന്ധപ്പെട്ട് നിൽക്കുന്ന നമ്മുടെ ചെവിയിൽ നാഴികയ്ക്ക് നാല്പതുവട്ടം മുഴങ്ങികേൾക്കേണ്ട അനുവാചകം ആണതെന്ന് എനിക്ക് ഉറപ്പാണ്. ഇത്രയൊക്കെ മതി ജീവിതത്തിന്. 900 വർഷം കഴിഞ്ഞിട്ടായാലും 9000 വർഷം കഴിഞ്ഞിട്ടായാലും ശരി നമുക്കൊന്ന് ജീവിക്കണ്ടേ ഭായി ഈ പുള്ളിയെ പോലെ...


ഈയൊരു മനോഭാവത്തോടെ, പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് തൊള്ളായിരം വർഷങ്ങൾ ആഘോഷിക്കാനായി യാത്ര ചെയ്യാം...

bottom of page