top of page

വിടുതൽ

Writer: George Valiapadath Capuchin
George Valiapadath Capuchin
Oct 14
1 min read
ഇരുണ്ട നീല പശ്ചാത്തലത്തിൽ തുരുമ്പേറ്റ ലോഹ ചങ്ങലയും പൂട്ടുപോലുള്ള കെട്ടും അടുത്തുനിന്നുള്ള ദൃശ്യം.

"സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ ദൃഢതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയപ്പെടരുത്." (ഗലാ. 5:1) എന്ന ആഹ്വാനം കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എത്ര തലങ്ങളിലാണ് അതിൻ്റെ അർത്ഥം പടർന്നു കിടക്കുന്നത്!

ബാഹ്യവും സാമൂഹികവും ഘടനാപരവുമായ അവസ്ഥകളിൽ സ്വാതന്ത്ര്യം എന്നത് കൂടുതലും നെഗറ്റീവ് സ്വാതന്ത്ര്യത്തെയാവും സൂചിപ്പിക്കുന്നത്. ബാഹ്യശക്തികളുടെ കോയ്‌മ, സ്‌റ്റേറ്റിൻ്റെ നിയന്ത്രണം, സാമൂഹികമായ അടിച്ചമർത്തൽ എന്നിവയിൽനിന്ന് നാം നേടേണ്ട സ്വാതന്ത്ര്യത്തെക്കുറിക്കുന്നതാണ് നെഗറ്റീവായ അർത്ഥം. അതേസമയം പ്രതിഷേധിക്കാനും പ്രവർത്തിക്കാനും സ്വയം നിർണ്ണയിക്കാനുമുള്ള ശേഷിയും അവകാശങ്ങളും ഉണ്ടായിരിക്കുക എന്നതാവും പൊളിറ്റിക്കൽ സ്വാതന്ത്ര്യം എന്നതിൻ്റെ പോസിറ്റീവായ അർത്ഥം.


എന്നാൽ, അവ രണ്ടും ഉടലെടുക്കുന്നതാവട്ടെ, ആത്മീയമായ സ്വാതന്ത്ര്യത്തെ ആസ്പദമാക്കിയാണുതാനും. സ്ത്രീകൾക്ക് വോട്ടവകാശം ആവശ്യമില്ല എന്ന് ഒരുപറ്റം സ്ത്രീകൾ തന്നെ പറഞ്ഞിരുന്നല്ലോ! അടിമത്തത്തെ എതിർത്തവരെ എതിർത്ത അടിമകളും ഉണ്ടായിരുന്നു! സ്വാതന്ത്ര്യ സേനാനികളെ ഒറ്റുകൊടുത്ത കോളനിജനതകളും ഉണ്ടായിരുന്നിട്ടുണ്ട്!


സങ്കുചിതത്വത്തിൽ നിന്ന്, സ്വാർത്ഥതയിൽനിന്ന്, സ്വാർത്ഥതകൊണ്ട് ഉണ്ടാവുന്ന സഹനങ്ങളിൽനിന്ന് ഒക്കെയുള്ള വിടുതൽ ആണല്ലോ ആത്മീയമായ സ്വാതന്ത്ര്യം.

bottom of page