top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -20

Writer: പ്രൊഫ. ജോര്‍ജ് ജോസഫ്
പ്രൊഫ. ജോര്‍ജ് ജോസഫ്
6 days ago
3 min read

20

അന്ത്യാഭിലാഷങ്ങള്‍

An old man

കൊച്ചുതോമയ്ക്ക് കൊച്ചിയിലെ കച്ചവട കേന്ദ്രത്തില്‍ പോകണമെന്നും തന്‍റെ പഴയ കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം കാണണമെന്നും വലിയ ആഗ്രഹമായിരുന്നു. തന്‍റെ ആഗ്രഹം വളരെ നാളുകള്‍ക്ക് ശേഷമാണ് സേവ്യറിനെ അറിയിച്ചത്. കച്ചവടത്തിനായി കൊച്ചിക്ക് പോകുമ്പോള്‍ തന്നെയും ഒരു തവണ കൊണ്ടുപോകണമെന്ന മനസ്സിനുള്ളിലെ ആഗ്രഹം അറിയിച്ചപ്പോള്‍ കൊണ്ടുപോകാം എന്ന് പറഞ്ഞെങ്കിലും പിന്നീട് ഒരു താല്‍പര്യവും സേവ്യര്‍ കാണിച്ചില്ല.


കാത്തിരുന്ന് മടുത്ത കൊച്ചുതോമ കൊച്ചുത്രേസ്യാക്കുട്ടിയേയും കൂട്ടി കൊച്ചിയിലെ പള്ളികളിലേക്ക് ഒരു തീര്‍ഥാടനം നടത്തി. പ്രതാപശാലിയായിരുന്ന കൊച്ചുതോമ ഭക്തയായ കൊച്ചുത്രേസ്യാക്കുട്ടിയെ ഇതുവരെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലും കൊണ്ടുപോയിട്ടില്ല. അക്കാലത്ത്, വീണ്ടുവിചാരത്തിനും വിചിന്തനത്തിനും എവിടെ സമയം? ഇപ്പോള്‍ സമയം വേണ്ടുവോളമുണ്ട്. എന്നാല്‍, ആരോഗ്യവും സമ്പത്തും സൗകര്യങ്ങളും കുറയുന്ന ഈ സമയത്ത് ഈ വക ചിന്തകള്‍ വേണ്ടാത്ത ചിന്തകളായി അവരെ പരിചരിക്കുന്നവര്‍ കണക്കാക്കുന്നു.


തീര്‍ത്ഥാടനം കഴിഞ്ഞ് ഉച്ചയോടെ മട്ടാഞ്ചേരി മാര്‍ക്കറ്റിലെത്തി. യഥാര്‍ത്ഥത്തില്‍ കൊച്ചുതോമയുടെ തീര്‍ത്ഥാടനം തുടങ്ങുന്നത് അവിടെയായിരുന്നു. നേരെ വിക്രം സേട്ടിന്‍റെ ഓഫീസിലേക്കാണ് പോയത്. അദ്ദേഹത്തിന്‍റെ മകനായിരുന്നു വ്യാപാരം നടത്തിയിരുന്നത്. കച്ചവടമെല്ലാം മകനെ ഏല്‍പ്പിച്ച് തപവും ജപവും പുണ്യകര്‍മ്മങ്ങളുമായി അച്ഛന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണെന്ന് അവന്‍ അറിയിച്ചു. രാവുണ്ണി മരിച്ചിട്ട് കുറച്ചു നാളുകള്‍ കഴിഞ്ഞിരുന്നു. "ഇപ്പോള്‍ വ്യാപാരം ചെയ്യുന്നില്ലേ?" വിക്രം സേട്ടിന്‍റെ മകന്‍ ചോദിച്ചു. അതിന് വ്യക്തമായ മറുപടി ഒന്നും പറയാതെ പറഞ്ഞു, "വേലിയേറ്റത്തിന് വേലിയിറക്കവും ഉണ്ടല്ലോ?"

കൊച്ചുതോമ കൊച്ചുത്രേസ്യാക്കുട്ടിയെയും കൂട്ടി ഫോര്‍ട്ട്കൊച്ചിയിലേക്ക് നടന്നു. നടക്കുവാന്‍ രണ്ടു പേര്‍ക്കും അല്പം ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും നടക്കുവാനുള്ള ആവേശം രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. ഒരാള്‍ക്ക് പഴയതെല്ലാം ഓര്‍ക്കാനും മറ്റൊരാള്‍ക്ക് പുതിയത് പലതും കാണാനും. മീന്‍പിടുത്തക്കാര്‍ ചീന വല പൊക്കുന്നുണ്ടായിരുന്നു. കൊച്ചുതോമ വിശദീകരിച്ചു, "ഒഴുക്കിനെതിരെ നീന്തുന്ന മീനുകള്‍ എളുപ്പത്തിനായി അരികിലേക്ക് അടുക്കും. അവ കൂട്ടമായി വലയില്‍ പെടും. ഇത്രയേറെ മീനുകള്‍ കൂട്ടത്തില്‍ നിന്ന് പിടിക്കപ്പെട്ടിട്ടും മീനുകള്‍ക്ക് അവയുടെ സ്വഭാവം മാറ്റുവാന്‍ പറ്റുന്നില്ലല്ലോ?." കൊച്ചുതോമയുടെ കാഴ്ചപ്പാടിനെ കൊച്ചുത്രേസ്യാക്കുട്ടി തത്വവല്‍ക്കരിച്ചു, "മനുഷ്യരും അവരുടെ തെറ്റുകള്‍ ആവര്‍ത്തിക്കുകയല്ലേ?"

കടല്‍ത്തീരം വഴി അവര്‍ നടന്നു.


വാസ്കോഡിഗാമായെ അടക്കിയ പള്ളിയിലേക്ക് കൊച്ചുതോമ എത്തി നോക്കി. പള്ളിക്കു പുറത്ത് കാവല്‍ക്കാര്‍ ആരുമില്ലായിരുന്നു. പള്ളിക്കുള്ളിലും അങ്ങനെ ആരും തന്നെ ഇല്ലായിരുന്നു. അവര്‍ പള്ളിക്കുള്ളിലേക്ക് കയറി. പലതവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കൊച്ചുതോമ പള്ളിക്കകത്ത് കയറുന്നത്. പാറാവുകാര്‍ ഇല്ലാതിരുന്നിട്ടും പള്ളിക്ക് സംരക്ഷണക്കുറവ് ഒട്ടും ഉണ്ടായിരുന്നില്ല.

തന്‍റെ ലോകം ചുറ്റിക്കാണുന്നതിനിടയില്‍, കൊച്ചുതോമയ്ക്ക് അടിവയറ്റില്‍ കലശലായ വേദന ഉണ്ടായി. വേദന സഹിക്കാന്‍ പറ്റാതായപ്പോള്‍ ഒരു സോഡ വാങ്ങി കുടിച്ചു. ഒരല്പം ആശ്വാസം തോന്നി. വേദനയും കഷ്ടപ്പാടും തോന്നിയതിനാല്‍ പെട്ടെന്നു തന്നെ വീട്ടിലേക്ക് യാത്രയായി.


ഈ വേദന ഇടയ്ക്കിടെ ഉണ്ടാകുന്നതാണ്. ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ അള്‍സറാണെന്ന് പറഞ്ഞ് മരുന്നു കൊടുത്തിരുന്നു. എന്നാല്‍ വേദന തുടരുകയും കഠിനമാകുകയും ചെയ്തതിനാല്‍ വീണ്ടും പള്ളിവക ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു. ഡോക്ടറുടെ പ്രാഥമിക നിഗമന പ്രകാരം രോഗം വെറും വയറുവേദനയല്ലെന്നു മനസ്സിലായി. നല്ല പരിശോധന ആവശ്യമായതിനാല്‍ ഏതെങ്കിലും ഒരു വലിയ ആശുപത്രിയില്‍ പോകണമെന്ന് ഉപദേശിച്ചു.

പക്ഷേ, കൊച്ചുതോമ മറ്റൊരു രീതിയില്‍ ചിന്തിച്ചു. "സ്വന്തം കാര്യം മാത്രം നോക്കുന്ന, സ്വരുമയില്ലാത്ത, സ്വന്തം മക്കളെയോര്‍ത്ത് മനംനൊന്ത് തന്‍റെ അള്‍സര്‍ മൂര്‍ച്ചിച്ചതാണ്". അതിനാല്‍ ഒരാശുപത്രിയിലും പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.

എന്നാല്‍, കൊച്ചുത്രേസ്യാക്കുട്ടിയുടെയും മക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ചികിത്സയ്ക്കായി എറണാകുളത്തേക്ക് പോയി. ചെറിയൊരു പരിശോധനയ്ക്കു ശേഷം പ്രധാന ഡോക്ടര്‍ വിധിയെഴുതി, "ക്യാന്‍സറാണ്, മൂര്‍ധന്യാവസ്ഥയില്‍ എത്തി. ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യുവാനില്ല. കൂടിയാല്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം."

കാര്യങ്ങള്‍ നിര്‍ബന്ധിച്ചറിഞ്ഞ കൊച്ചുതോമ തന്‍റെ കല്‍പന പുറപ്പെടുവിച്ചു. "എന്നെ വീട്ടിലേക്ക് കൊണ്ടുപോകണം. എനിക്ക് വീട്ടില്‍ കിടന്നു മരിക്കണം."

അതാണ് നല്ല തീരുമാനമെന്ന് എല്ലാവരും അംഗീകരിച്ചു. അപ്രകാരം അവര്‍ വീട്ടിലേക്ക് യാത്രയായി. തിരിച്ചു പോകുന്ന വഴി കൊച്ചുതോമ വിക്രം സേട്ടിനെ ഓര്‍ത്തു. മനസ്സില്‍ ചില ഉറച്ച തീരുമാനങ്ങള്‍ എടുത്തു. മരിക്കുന്നതിനു മുമ്പേ ലോകത്തോട് വിട പറയണം.


ചേരുപ്പറമ്പില്‍ മത്തായിച്ചനോട് ക്ഷമിക്കുവാനുള്ള തീരുമാനം ആയിരുന്നു ആദ്യത്തേത്. നാരായണന്‍കുട്ടി മത്തായിച്ചനെ കണ്ട് കൊച്ചുതോമയ്ക്ക് കാണണമെന്നറിയിച്ചു. താന്‍ ചെയ്തത് വലിയ ചതിയായിരുന്നു എന്ന കുറ്റബോധം മത്തായിച്ചനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോഴെല്ലാം ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെടുത്തിയതിനെയോര്‍ത്ത് സങ്കടപ്പെട്ടിരുന്നു. അതിനാല്‍ സമയം ഒട്ടും പാഴാക്കാതെ നാരായണന്‍കുട്ടിയുടെ കൂടെ മേളപ്പറമ്പിലേക്ക് യാത്രയായി. തന്‍റെ പ്രയോഗം ഇത്രയ്ക്കങ്ങ് നാശം വിതയ്ക്കുമെന്ന് കരുതിയില്ലെന്നും, ഇതു താന്‍ ചെയ്യരുതായിരുന്നു എന്നും പറഞ്ഞ് മത്തായിച്ചന്‍ മാപ്പിരന്നപ്പോള്‍ കൊച്ചുതോമയ്ക്ക് ആത്മസംതൃപ്തി ഉണ്ടാകുകയും അനുതാപം കൊണ്ട് മത്തായിച്ചനെ കെട്ടിപ്പിടിക്കുകയും ചെയ്തു. അവരുടെ സ്നേഹം തടഞ്ഞു നിറുത്താനാവാതെ രണ്ടുപേരും പൊട്ടിക്കരഞ്ഞു. പരസ്പരം കണ്ണീര്‍ തുടച്ചപ്പോള്‍ കൊച്ചുതോമ സ്വര്‍ഗ്ഗവാതിക്കല്‍ എത്തിയിരുന്നു.


തന്‍റെ നല്ല കാലത്ത് കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളും അവരുടെ കുടുബത്തിലുള്ളവരും മരണാസന്നനായ കൊച്ചുതോമയെ കണ്ട് തങ്ങളുടെ നന്ദി സങ്കട രൂപത്തിലറിയിക്കാനായി ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. അത് കൊച്ചുതോമയ്ക്ക് വലിയ ആശ്വാസമായും മക്കള്‍ക്ക് അഭിമാനവും ബലവുമായി തോന്നി.


നാല് ആണ്‍മക്കളെയും അരികില്‍ വിളിച്ച്, അവരോട്, കൊച്ചുതോമ വലിയൊരു വ്യാപാരിയായിരുന്ന നാളുകളില്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരാഗ്രഹം വളരെ വൈഷമ്യത്തോടെ അപേക്ഷാസ്വരത്തില്‍ പറഞ്ഞൊപ്പിച്ചു. പാപ്പിക്ക് നിങ്ങള്‍ ഓരോരുത്തരും മാസം 20 രൂപ വീതം കൊടുക്കണം. പത്തു രൂപയായിരുന്നു ഒരു ദിവസത്തെ പണിക്കൂലി. അവര്‍ ഒന്നും പറഞ്ഞില്ല. നാരായണന്‍കുട്ടിക്കും പെന്‍ഷന്‍ കൊടുക്കണമെന്ന് കൊച്ചുതോമയ്ക്കുണ്ടായിരുന്നു. മക്കള്‍ക്ക് അത് താങ്ങാനാകുമോയെന്ന് അദ്ദേഹം സംശയിച്ചു. സര്‍ക്കാര്‍ തന്‍റെ ശമ്പളക്കാര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ കൊച്ചുതോമ പെന്‍ഷന്‍ പദ്ധതി മനസ്സില്‍ രൂപം കൊടുത്തിരുന്നു. സുഖങ്ങള്‍ക്കെല്ലാം തന്‍റെ കൂടെ നിന്നവര്‍ക്ക് അവരുടെ ക്ലേശ കാലത്ത് എന്തെങ്കിലും കൊടുക്കണ്ടേ? എന്നാല്‍ കൊച്ചുതോമ പെന്‍ഷനായതിനുശേഷം എങ്ങനെ പെന്‍ഷന്‍ പ്രഖ്യാപിക്കും? അവസാനം മക്കളോട് കൊച്ചുതോമ പെന്‍ഷന്‍ പദ്ധതി പറഞ്ഞപ്പോള്‍ പാപ്പി മാത്രമേ യോഗ്യത പട്ടികയില്‍ ഉണ്ടായിരുന്നുള്ളൂ.


കൊച്ചുതോമ തന്‍റെ രണ്ടാമത്തെ ആവശ്യവും മുന്നോട്ടു വെച്ചു. അത് എല്ലാവര്‍ക്കും അറിയാവുന്നതും പാലിച്ചുവരുന്നതും തോമസിനു മാത്രം ബാധകമാകുന്നതും ആയിരുന്നു. "നാരായണന്‍കുട്ടിക്ക് രണ്ട് ചക്കയും ഒരു കുട്ട മാമ്പഴവും കൊടുക്കണം."


നാരായണന്‍കുട്ടിക്ക് ഓരോ വര്‍ഷവും രണ്ടു ചക്കയും ഒരു കുട്ട മാമ്പഴവും കിട്ടുമ്പോള്‍ ഏതോ ഒരു വലിയ തുക കയ്യില്‍ കിട്ടിയ സുഖമായിരുന്നു. കൊച്ചുതോമ മരിച്ച് വളരെ ആണ്ടുകള്‍ക്ക് ശേഷവും നാരായണന്‍കുട്ടി വയസ്സു ചെന്ന് കണ്ണ് കാണാനാവാതെ, കാത് കേള്‍ക്കാനാവാതെ ജീവിച്ചു. തീരെ എഴുന്നേല്‍ക്കാന്‍ പറ്റാതെ കിടപ്പിലായപ്പോള്‍ പോലും നമ്മുടെ പറമ്പിലെ ചക്കയും മാങ്ങയും കൊണ്ടുവന്നോ എന്ന് തിരക്കുമായിരുന്നു. അതിന് കൊച്ചുതോമാച്ചന്‍റെ മണമുണ്ടെന്ന് നാരായണന്‍കുട്ടി പറയും. അത്തരം സംസാരം പ്രസാദിനെ അലോസരപ്പെടുത്തി. അച്ഛന്‍റെ വിധേയത്വ മന:സ്ഥിതി മാറിയിട്ടില്ലെന്ന് പറഞ്ഞ് പ്രസാദ് കോപപ്പെടും. അതൊന്നും നാരായണന്‍കുട്ടിയെ ബാധിച്ചില്ല. ലോകം ഒരുപാട് കണ്ട നാരായണന്‍കുട്ടി വലിയൊരു ജ്ഞാനിയായി തീര്‍ന്നിരുന്നു. "ഇത് വിധേയത്വമോ അടിമത്വമോ അല്ല മോനെ, സ്നേഹമാണ്, അനുഭവിച്ചറിഞ്ഞവര്‍ക്ക് സ്നേഹം മണക്കാനും രുചിക്കാനും പറ്റും."


കൊച്ചുതോമയുടെ മരണം തീയതിയും സമയവും എഴുതാതെ കുറിക്കപ്പെട്ടിരുന്നതിനാലും, വേദന കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാലും, അദ്ദേഹത്തിന്‍റെ നല്ല മരണത്തിനായും സ്വര്‍ഗീയ സമ്മാനത്തിനായും ബന്ധുക്കളും സ്നേഹിതരും ഈശോയുടെ തിരുഹൃദയത്തോടും വ്യാകുല അമ്മയോടും സകല പുണ്യവാന്മാരോടും കാവല്‍ മാലാഖമാരോടും മാറിമാറി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തന്‍റെ ചെറിയ ചെറിയ ആവശ്യങ്ങള്‍ മക്കള്‍ നിറവേറ്റാം എന്ന് സമ്മതിച്ചതിനാല്‍ അവരോടുള്ള അനിഷ്ടം പൂര്‍ണമായും മാറിയിരുന്നു. ആണ്‍മക്കളെ അരികില്‍ വിളിച്ച്, ശാരീരിക വേദനയ്ക്കിടയിലും ആത്മീയ സംതൃപ്തി അരുളിച്ചെയ്തു. "വേലിയേറ്റവും വേലിയിറക്കവും പ്രകൃതി നിയമം. പക്ഷേ ഒഴുകാന്‍ വെള്ളം വേണം. നന്നായി പ്രാര്‍ത്ഥിക്ക്, നന്നായി കച്ചവടം ചെയ്യ്. വേലിയേറ്റം ഇനിയും ഉണ്ടാകും." എന്നാല്‍ മക്കള്‍ അവസാനത്തെ അനുഗ്രഹം അത്ര കാര്യമായെടുത്തില്ല. മരണാസന്ന ആവശ്യങ്ങള്‍ക്കായും മരണാനന്തര ചടങ്ങുകള്‍ക്കുമായി അപ്പന്‍ ഒരു തുക പണമായി സൂക്ഷിച്ചു വെച്ചിരുന്നതിനാല്‍, അത് വെച്ച് മരണാനന്തര ചടങ്ങുകള്‍ എങ്ങനെ ആഘോഷമായി നടത്താം എന്ന ചിന്തയിലായിരുന്നു ഓരോരുത്തരും.


മക്കളെ ആശ്രയിക്കാന്‍ താത്പര്യമില്ലാതെ, വയറുവേദനയ്ക്ക് മഞ്ഞള്‍ പാലും വെളുത്തുള്ളി പാലും മാത്രം മരുന്നായി കഴിച്ച്, മറ്റു ചികിത്സകളിലൊന്നും ഉള്‍പ്പെടാതെ അള്‍സര്‍ മൂത്ത്, സ്വന്തം ചേട്ടനെ പോലെ വയറില്‍ ക്യാന്‍സര്‍ മൂര്‍ച്ചിച്ച് വേദനകൊണ്ടു പുളഞ്ഞ് കൊച്ചുതോമ മരിക്കുമ്പോള്‍, മൂത്ര തടസം ഒന്നുമില്ലാതിരുന്നതിനാല്‍, ആരും കണ്ട പെണ്ണുങ്ങളുടെ പ്രാക്കാണെന്ന് പറഞ്ഞില്ല. പ്രമുഖ വ്യാപാരിയും കര്‍ഷകനും സഭാ സ്നേഹിയും ദാന ധര്‍മ്മിഷ്ഠനും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദാരമായി സംഭാവന നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നവനുമായ കൊച്ചുതോമയുടെ നിര്യാണത്തില്‍ സമൂഹത്തിന്‍റെ നാനാ തുറയിലുള്ളവര്‍ അനുശോചനം അറിയിക്കുകയും, നേരിട്ടു വന്ന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

തുടരും

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-20

പ്രൊഫ. ജോര്‍ജ് ജോസഫ് എം

bottom of page