വേണം നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ...


വേണം, നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ. സ്വര്‍ണത്തിന്‍റെ തിളക്കത്തില്‍ കണ്ണുമങ്ങാത്തവനെ, ദാരിദ്ര്യത്തിന്‍റെ വെളിച്ചത്തില്‍ ക്രിസ്തുവിനെ കണ്ടവനെ. സമ്പന്നതയില്‍ പിറന്നിട്ടും, സമ്പത്തിന്‍റെ അവകാശം ഉപേക്ഷിച്ച് സ്വര്‍ഗീയ പിതാവിന്‍റെ സ്നേഹത്തെമാത്രം അവകാശമാക്കിയവനെ. ആഡംബരത്തിന്‍റെ ഉടയാടകള്‍ വലിച്ചെറിഞ്ഞ് ക്രിസ്തുവിന്‍റെ ചെരിപ്പില്‍ നടക്കാന്‍ പഠിച്ചവനെ. സ്വന്തമാക്കാനുള്ള മോഹത്തില്‍നിന്നു വിട്ടിറങ്ങി, സ്വന്തമായി ഒന്നും കരുതാത്തവന്‍റെ സ്വാതന്ത്ര്യം അനുഭവിച്ചവനെ. അവന് ദാരിദ്ര്യം ഒരു ശാപമായിരുന്നില്ല, മറിച്ച് ക്രിസ്തുവിനെ സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു. ഒന്നുമില്ലാത്തവനായി മാറിയപ്പോള്‍ എല്ലാം സ്വന്തമായതായി അനുഭവിച്ചവനായിരുന്നു ഫ്രാന്‍സിസ്.
കല്ലുകള്‍ ചുമന്ന് സാന്‍ ഡാമിയാനോയിലെ പള്ളിപണിയാന്‍ തുടങ്ങിയ അയാള്‍ പിന്നീട് മനുഷ്യഹൃദയങ്ങളില്‍ സുവിശേഷത്തിന്‍റെ വീട് പണിതവനായിമാറി. ക്രിസ്തുവിനെ പിന്തുടരുക എന്നത് ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുന്നതല്ല, മറിച്ച് ക്രിസ്തുവിനെപ്പോലെ ജീവിക്കുകയാണെന്ന് അയാള്‍ ശരീരംകൊണ്ട് എഴുതിച്ചേര്‍ത്തു. വലിയ പ്രസംഗവേദികള്‍ അയാള്‍ക്കു വേണ്ടിയിരുന്നില്ല, ജീവിതംതന്നെയായിരുന്നു അയാളുടെ പ്രസംഗം. സഭയെ അയാള്‍ മതിലുകള്‍ക്കുള്ളില്‍ മാത്രം അന്വേഷിച്ചില്ല, മുറിവേറ്റ മനുഷ്യരുടെ ഇടയിലും അന്വേഷിച്ചു. ദൈവത്തെ പള്ളിയുടെ നിശ്ശബ്ദതയില്‍ മാത്രം കണ്ടില്ല, പക്ഷിയുടെ ചിറകിലും വെള്ളത്തിന്‍റെ ശബ്ദത്തിലും ദരിദ്രന്‍റെ കണ്ണീരിലും കണ്ടു.
വിശുദ്ധ ഫ്രാന്‍സിസിന്‍റെ ലോകത്ത് സൃഷ്ടികള്‍ക്ക് ഉടമകളില്ലായിരുന്നു, സഹോദരങ്ങളും സഹോദരിമാരുമായിരുന്നു. നാം വെട്ടിവീഴ്ത്തുന്ന മരങ്ങളില്‍ ശ്വാസമെടുക്കുന്ന ഒരു സഹോദരനെ ഒരിക്കല്‍ ഫ്രാന്‍സിസ് കണ്ടിരുന്നുവെന്ന് ഓര്‍ക്കണം. നമുക്കു മുന്നില്‍ മലിനമായൊഴുകുന്ന നദിയില്‍, ഇതു ദൈവത്തിന്‍റെ സൗജന്യസമ്മാനമെന്നു വിളിച്ചുപറയുന്ന ഫ്രാന്‍സിസിന്‍റെ മുഖം തെളിഞ്ഞുവരണം. ഭൂമിയുടെ മുറിവുകളില്‍നിന്നു പുക ഉയരുമ്പോള്‍, ഫ്രാന്‍സിസിന്‍റെ ഹൃദയത്തില്‍നിന്ന് 'സഹോദരി ഭൂമി' എന്ന നിലവിളി ഉയരുന്നതുപോലെ തോന്നണം. മനുഷ്യന്‍റെ കൈകളാല്‍ മുറിഞ്ഞ ഭൂമിയെ മനുഷ്യന്‍റെ കൈകളാല്‍തന്നെ വച്ചുകെട്ടേണ്ട കാലമാണിത്. പ്രകൃതിയുടെ മുറിവുകള്‍ക്കു മരുന്നു പുരട്ടുന്നതാണ് ഇന്നത്തെ ഫ്രാന്‍സിസിന്‍റെ ദൗത്യങ്ങളിലൊന്ന്.
ഒരിക്കല്‍ ഭയത്തോടെ കുഷ്ഠരോഗിയില്‍നിന്നും അകന്നോടിയെങ്കിലും പിന്നീട് ചേര്‍ത്തുപിടിച്ചപ്പോള്‍, സ്വന്തം ഹൃദയത്തിലെ ഭയമാണ് സൗഖ്യപ്പെട്ടതെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
ഗുബിയോയിലെ ചെന്നായയെപ്പോലും ശത്രുവായി കാണാതെ സഹോദരനായി വിളിച്ചവന്‍. ആ ചെന്നായയുടെ വിശപ്പിനുള്ളില്‍പോലും മനുഷ്യന്‍റെ ക്രൂരതയുടെ ഒരു പ്രതിധ്വനി അയാള്‍ കേട്ടു. അതുകൊണ്ടാണ് അയാള്‍ ചെന്നായയോടു യുദ്ധംചെയ്യാതെ, അതിന്‍റെ വിശപ്പിനോടു സംസാരിച്ചത്.
വിശുദ്ധി എന്നത് ഫ്രാന്‍സിസിന് പ്രണയകാമനകള്‍ക്കുമപ്പുറമുള്ള വെണ്‍വസ്ത്രമായിരുന്നു. ശരീരത്തെ വെറുത്തതുകൊണ്ടല്ല അയാള്‍ വിശുദ്ധിയെ തേടിയത്, ശരീരത്തെക്കാള്‍ വലിയൊരു സ്നേഹം കണ്ടെത്തിയതുകൊണ്ടാണ്. ആഗ്രഹങ്ങളെ കൊന്നുകളയുകയല്ല, അവയെ ക്രിസ്തുവിന്‍റെ സ്നേഹത്തിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു അയാള്‍. ഫ്രാന്‍സിസ് സ്നേഹത്തെ സ്വന്തമാക്കലില്‍നിന്നു മോചിപ്പിച്ചു. ക്ലാരയെ കണ്ടപ്പോഴും അയാള്‍ ഒരു ജീവിതസഖിയെ അല്ല, ഒരേ ക്രിസ്തുവിലേക്കു നോക്കുന്ന ഒരു സഹോദരിയെയാണ് കണ്ടത്. ക്ലാരയോടൊപ്പം ആരംഭിച്ച ആത്മീയ സൗഹൃദം, വിശുദ്ധി ഒറ്റപ്പെട്ടൊരു യാത്രയല്ലെന്ന് ലോകത്തോടു പറഞ്ഞു. സമാധാനം പറയുന്നതിനുമുമ്പ് സമാധാനമായി മാറിയവന്‍റെ പേരാണ് ഫ്രാന്‍സിസ്.
ക്രിസ്തുവിനെ സ്നേഹിക്കുന്നുവെന്നു തെളിയിക്കാന്‍ ക്രിസ്തുവിന്‍റെ മുറിവുകളെ സ്വന്തം ശരീരത്തില്‍ വഹിക്കാന്‍ അയാള്‍ തയാറായി. ഓരോ കല്ലേറിലും അപമാനത്തിലും അനുഗ്രഹം കണ്ടെത്തി. മറ്റുള്ളവരുടെ ദാരിദ്ര്യത്തില്‍ സ്വന്തം സഹോദരനെ കണ്ടെത്തി. ഒന്നുമില്ലാത്തവന്‍റെ ശൂന്യമായ കൈകള്‍കൊണ്ടു ലോകത്തെ അനുഗ്രഹിച്ചു.
വിശപ്പിന്‍റെ മുഖത്ത് ക്രിസ്തുവിന്‍റെ മുഖം കാണാനും ഒറ്റപ്പെട്ടവന്‍റെ നിശ്ശബ്ദതയില്‍ ദൈവത്തിന്‍റെ വിളികേള്‍ക്കാനും നാം പഠിക്കണം. ഉപേക്ഷിക്കപ്പെട്ടവന്‍റെ കൈപിടിക്കുമ്പോള്‍, നാം അവനെ ഉയര്‍ത്തുകയല്ല, നമ്മുടെതന്നെ മനുഷ്യത്വത്തെ ഉയര്‍ത്തുകയാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ക്രിസ്തുവിന്‍റെ സുവിശേഷം പുസ്തകത്തിന്‍റെ താളുകളില്‍നിന്നു തെരുവിന്‍റെ പൊടിയിലേക്ക് ഇറങ്ങിവരേണ്ട കാലമാണിത്. ഫ്രാന്‍സിസിന്‍റെ സുവിശേഷം അങ്ങനെതന്നെയായിരുന്നു, കാലുകള്‍ പൊടിയിലായിരുന്നു, ഹൃദയം സ്വര്‍ഗത്തിലായിരുന്നു.
എന്‍റെ കാലത്തിന് അത്തരമൊരു ഫ്രാന്‍സിസിനെ വേണം. അധികാരത്തിന്‍റെ ഭാഷ അറിയാത്ത, അധികാരത്തെക്കാള്‍ സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞവനെ. സമ്പത്തിനെ വെറുക്കാത്ത, സമ്പത്ത് മനുഷ്യനെ അടിമയാക്കാതിരിക്കാന്‍ പഠിപ്പിക്കുന്നവനെ. പ്രകൃതിയെ സംരക്ഷിക്കണമെന്നു പ്രസംഗിക്കാത്ത, എന്നാല്‍ മരത്തെയും പക്ഷിയെയും പുഴുവിനെയും സഹോദരനായി കാണുന്നവനെ. ശരീരത്തിന്‍റെ
തൃഷ്ണകളില്‍നിന്ന് ഇറങ്ങി ആത്മാവിന്‍റെ ദാഹത്തിലേക്കു നടക്കാന്‍ ധൈര്യമുള്ളവനെ. അവന്‍ ക്രിസ്തുവിന്‍റെ മുറിവായി ഒഴുകുന്നതും ഭിക്ഷാംദേഹിയായി നില്‍ക്കുന്നതും സ്നേഹംകൊണ്ട് അപരനെ പുണരുന്നതും ഭൂമിയുടെ മുറിവുകള്‍ വച്ചുകെട്ടുന്നതും കണ്ടുകണ്ട് എന്‍റെ കാലം വീണ്ടും മനുഷ്യനാകണം.
വേണം നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ, അള്‍ത്താരയില്‍വച്ചു വണങ്ങാനല്ല, കൈ ചേര്‍ത്തുപിടിച്ച് ഈ തെരുവാകെ നടക്കാന്‍.
വേണം നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ...
ജോയ് മാത്യു പ്ലാത്തറ
അസ്സീസി മാസിക, ഒക്ടോബർ 2026
















































































































