top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

Writer: പ്രൊഫ. ജോര്‍ജ് ജോസഫ്
പ്രൊഫ. ജോര്‍ജ് ജോസഫ്
4 days ago
3 min read
കട്ടിലിൽ കണ്ണടച്ച് വിശ്രമിക്കുന്ന സ്ത്രീയുടെ പെൻസിൽ സ്കെച്ച്; പക്കൽ വിളക്കും പുസ്തകവും.

21

ഒടുക്കം ഒരു തുടക്കം


കൊച്ചുതോമയുടെ മരണമോ കച്ചവടം പൊളിഞ്ഞതോ മക്കള്‍ പരസ്പരം ചേര്‍ച്ചയില്ലാതെ പെരുമാറുന്നതോ ഒന്നും കൊച്ചുത്രേസ്യാക്കുട്ടിയെ അധികം ബാധിച്ചില്ല. എല്ലാം പ്രകൃതിനിയമം. തന്‍റെകൂടെ വളര്‍ന്ന എത്രയോ പേര്‍ മരിച്ചുമണ്ണടിഞ്ഞു, എത്രയോ പേരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. എത്രയോ കുടുംബങ്ങള്‍ നശിച്ചുപോയി.


ആലപ്പുഴയിലെ പുഴക്കാടന്മാര്‍ എന്തു വലിയ പ്രതാപശാലികളായിരുന്നു. ഇപ്പോള്‍ അവരുടെ മക്കള്‍ തെണ്ടിനടക്കുന്നു. അവര്‍ക്ക് മുതലാളിമാരായി ചുമ്മാ ഇരിക്കാനേ അറിയാമായിരുന്നുള്ളൂ. ഇപ്പോള്‍ മുതലും ഇല്ല, മറ്റൊരു തൊഴില്‍ അറിയത്തുമില്ല. ആരുടെയെങ്കിലും ജോലിക്കാരായി എവിടെയെങ്കിലും ജോലിചെയ്യാന്‍ പറ്റുമോ? തെണ്ടിത്തിരിഞ്ഞാലും പ്രതാപശാലിയായി തെണ്ടണം. തെരുവുതെണ്ടിയാകരുത്. അലക്കിത്തേച്ച മുണ്ടും ജൂബയും ഇട്ടോണ്ട് പുഴക്കാടന്‍റെ മകന്‍ വരുന്നതു കണ്ടാല്‍ ഏതു മുതലാളിയും തന്‍റെ തൊഴിലാളിക്കു കൊടുക്കുന്നതിനെക്കാള്‍ രണ്ടു രൂപ കൂടുതല്‍ കൊടുക്കും. അനുകമ്പയെക്കാള്‍ ആഢ്യത്തോടുള്ള ബഹുമാനം. നശിച്ചെങ്കിലെന്താ പ്രതാപം നിലനിര്‍ത്തുന്നുണ്ടല്ലോ. ആ നിലയ്ക്കൊന്നും തമ്പുരാന്‍ തങ്ങളെ തരംതാഴ്ത്തിയില്ലല്ലോ എന്നോര്‍ത്ത് കൊച്ചുത്രേസ്യാക്കുട്ടി ദൈവത്തിനു നന്ദി പറഞ്ഞു.


പ്രകൃതിനിയമം അനുസരിച്ച് ദൈവത്തിനു സമര്‍പ്പിക്കുവാന്‍ കൊച്ചുത്രേസ്യാക്കുട്ടി സ്വയം ഒരുങ്ങിക്കൊണ്ടിരുന്നു. നിത്യവും പള്ളിയില്‍പോകുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോഴും പൈലിയാണ് കൊച്ചുവള്ളത്തില്‍ കൊച്ചുത്രേസ്യാക്കുട്ടിയെ പള്ളിയില്‍ കൊണ്ടുപോകുന്നത്. അവധിദിവസങ്ങളില്‍ കൊച്ചുമക്കളും ഉണ്ടാകും. മറ്റു സമയങ്ങളില്‍, പല പ്രാര്‍ഥനപ്പുസ്തകങ്ങളിലുള്ള ജപങ്ങള്‍ തനിയെയിരുന്നു ചൊല്ലും.


എന്നിരുന്നാലും ചിലപ്പോഴെല്ലാം കുടുംബത്തിന്‍റെ സ്ഥിതിയോര്‍ത്തു ദുഃഖിക്കുകയും പരിതപിക്കുകയും ചെയ്യാറുണ്ട്. പഴയ വിശേഷങ്ങളും വീട്ടുകാര്യങ്ങളും ബന്ധുമിത്രാദികളുടെ പെരുമാറ്റങ്ങളുമെല്ലാം ഓര്‍ക്കുമ്പോള്‍ മാനസികനില മാറിമറിയും. തോമസിന്‍റെ ഭാര്യ മീനയുണ്ടാക്കുന്ന മീന്‍കറിക്ക് ഉപ്പ് അല്‍പം കുറയുകയോ, എരിവ് അല്‍പം കൂടുകയോ ചെയ്തെന്നു തോന്നിയാല്‍ "അവയും ചൊവ്വയും ഇല്ലെന്നു" പറഞ്ഞ് ചിലപ്പോള്‍ ശബ്ദം ഉയര്‍ത്തും. സന്തോഷത്തോടെ കഴിച്ചാല്‍ മീന സന്തോഷിക്കും. അതൃപ്തിയോടെ കഴിച്ചാല്‍ മീന, മീനയുടെ പാടുനോക്കും. വളരെ അടുത്തു പെരുമാറുന്നവരോട് "പ്രതാപശാലിയാണെന്നാണ് അമ്മയുടെ വിചാരം," എന്ന് രഹസ്യത്തില്‍ പറഞ്ഞ് മീന ചിരിക്കും. കൊച്ചുത്രേസ്യാക്കുട്ടിയുടെ എല്ലാ കാര്യങ്ങളും ഒന്നിനും ഒരു കുറവുംവരുത്താതെ മീന ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൊച്ചുത്രേസ്യാക്കുട്ടിക്ക് അത് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഉള്ള ബഹുമാനം നഷ്ടപ്പെടുത്തണ്ട എന്നു കരുതി ചില സമയങ്ങളില്‍ മീനയെ പ്രീതിപ്പെടുത്തുവാനുംڔകൊച്ചുത്രേസ്യാക്കുട്ടി ശ്രമിക്കും.


കൊച്ചുത്രേസ്യാക്കുട്ടിയെ ഏറ്റവും ചൊടിപ്പിക്കുന്നത്, "മേളപ്പറമ്പില്‍ക്കാര്‍ക്ക് പഴയപോലുള്ള പ്രതാപമൊന്നും ഇപ്പോള്‍ ഇല്ലെന്ന്" ആരെങ്കിലും പറഞ്ഞതായി കേള്‍ക്കുന്നതാണ്. അപ്പോള്‍ പ്രകൃതിനിയമങ്ങളെല്ലാം മറന്ന്, കുറച്ചു നാളുകള്‍ അതു മനസ്സിലിട്ട് തികട്ടിക്കൊണ്ടിരിക്കും. വീണ്ടും മക്കളെയും കൊച്ചുമക്കളെയും എല്ലാം ഒന്നിച്ചുകണ്ടാല്‍ പഴയ പ്രതാപവും അന്തസ്സും തിരിച്ചെത്തും. സ്നേഹത്താല്‍ കിട്ടുന്നത് പണംകൊണ്ടു വാങ്ങാന്‍പറ്റില്ലല്ലോ? എല്ലാവരും സന്തോഷം പങ്കുവച്ചു പിരിയുമ്പോള്‍ സന്തോഷവും സങ്കടവും മാറിമാറിവരും.


കൊച്ചുത്രേസ്യാക്കുട്ടി ആറിന്‍റെ തീരത്ത് കസേരയിട്ടിരുന്ന് കാറ്റുകൊള്ളുകയായിരുന്നു. പായ് കെട്ടിയ ചരക്കുവള്ളങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പൊയ്ക്കൊണ്ടിരുന്നു. കാറ്റ് അനുകൂലമായിരുന്നതിനാല്‍ വെറുമൊരു പങ്കായംപിടിച്ചോണ്ടു നിന്നാല്‍ മതി, വള്ളം നേരേ പാഞ്ഞുപൊയ്ക്കൊള്ളും. കാറ്റുപായുന്ന വഴിയെ വള്ളം. എന്നാല്‍ കാറ്റിനെതിരെ വരുന്ന വള്ളങ്ങള്‍ പായ് ചുരുട്ടി പായ്മരത്തോടു ചേര്‍ത്തുകെട്ടിയിരുന്നു. കാറ്റിനു ശക്തികൂടിയാല്‍ പായ്മരവും ചായ്ച്ച് താഴെ ഇറക്കും. രണ്ട് ഊന്നല്‍ക്കാര്‍ ഊന്നുവാനുണ്ട്. അമരക്കാരന്‍ വള്ളത്തിന്‍റെ പിറകില്‍നിന്ന് വള്ളത്തെ നേരേ നിര്‍ത്തുകയും കൂടെ വള്ളത്തെ തള്ളി മുന്നോട്ടുപായ്ക്കുകയും ചെയ്യും. അണിയത്തുനിന്ന് ഉന്തുന്ന ആള്‍ അണിയംമുതല്‍ അമരംവരെ നടന്ന് ഊന്നും. അതു വള്ളത്തിന്‍റെ വേഗത കൂട്ടും.


കൊച്ചുത്രേസ്യാക്കുട്ടിയുടെ മനസ്സില്‍ ചില ചിന്തകള്‍ കടന്നുകൂടി. വീണ്ടും വീണ്ടും ചിന്തിക്കും തോറും മുഖം ഗൗരവമുള്ളതായി. കൊച്ചുത്രേസ്യാക്കുട്ടി തീരുമാനിച്ചു, "കാറ്റ് എങ്ങോട്ടു വേണമെങ്കിലും അടിക്കട്ടെ, നമുക്ക് എങ്ങോട്ടുപോകണം എന്ന് നാം നിശ്ചയിക്കണം. കാറ്റിനെതിരെ നീങ്ങണമെങ്കില്‍ കഴുക്കോല്‍ക്കുത്തുള്ള ഇടംവഴി നീങ്ങണം. കഴുക്കോല്‍ കുത്തി, നന്നായി ഊന്നണം." കൊച്ചുത്രേസ്യാക്കുട്ടിڔഎന്തോ മനസ്സിലുറപ്പിച്ചു.


അടുത്ത നാള്‍ അതിരാവിലെ എപ്പോഴത്തെയുംപോലെ പള്ളിയില്‍പോയി പ്രഭാതഭക്ഷണവും കഴിഞ്ഞ് നാല് ആണ്‍മക്കളെയും വിളിപ്പിച്ചു. അവരുടെ വരവിനായി കൊച്ചുത്രേസ്യക്കുട്ടി കാത്തിരുന്നു. മക്കളോടു കുറച്ചു നേരം വര്‍ത്തമാനം പറയണം. വ്യാപാരംചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കണം. "കാറ്റുമൊഴുക്കും എതിരാകുമ്പോള്‍, ആഴം കുറഞ്ഞയിടംവഴി വള്ളം തള്ളണം," എന്നെല്ലാം ഉപദേശിക്കണമെന്ന് കൊച്ചുത്രേസ്യാക്കുട്ടി ആഗ്രഹിച്ചു. എന്നാല്‍ ആരും എത്തിയില്ല. വീട്ടിലുണ്ടായിരുന്ന തോമസുപോലും തിരിഞ്ഞുനോക്കിയില്ല.


നിരാശപ്പെടാതിരിക്കുവാനായി കൊച്ചുത്രേസ്യാക്കുട്ടി ജപമാല ചൊല്ലുവാന്‍തുടങ്ങി. അപ്പോഴാണ് തോമസിന്‍റെ മകള്‍ കുഞ്ഞുവാവ കൊച്ചുത്രേസ്യാക്കുട്ടിയുടെ അരികില്‍ വന്നിരുന്നത്. സര്‍വവികാരങ്ങളും ചേര്‍ത്തിണക്കി, അവളെ കെട്ടിപ്പിടിച്ച്, നിറുകയില്‍ ഉമ്മവച്ച് അനുഗ്രഹിച്ചു. പതിയെ കട്ടിലിലേക്കു ചരിഞ്ഞു. തുറന്ന വായില്‍നിന്ന് അല്‍പം ചോര പുറത്തേക്കൊഴുകി. കുഞ്ഞുവാവ വാവിട്ടുകരഞ്ഞു. കൊച്ചിന്‍റെ പേടിച്ചുള്ള കരച്ചില്‍കേട്ട് ഓടിവന്ന തോമസും മീനയും കണ്ടത് കണ്ണും വായും തുറന്ന്, ചലനമറ്റുകിടക്കുന്ന കൊച്ചുത്രേസ്യക്കുട്ടിയെയാണ്. അന്നും കുര്‍ബാനയ്ക്കു പോയി കുബസാരിച്ച് കുര്‍ബാന സ്വീകരിച്ച കൊച്ചുത്രേസ്യാക്കുട്ടിയുടെ നല്ല മരണം എല്ലാവരെയും അതിശയിപ്പിച്ചു. ഒരു കുടുംബത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട കൊച്ചുത്രേസ്യാക്കുട്ടി എല്ലാ തളര്‍ച്ചകളെയും അതിജീവിക്കുമാറ് ജീവിച്ചാണ് മരിച്ചത്.


കൊച്ചുത്രേസ്യാക്കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുമിത്രാദികളും സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും ധാരാളമായി എത്തി. മേളപ്പറമ്പില്‍ക്കാരുടെ ക്ഷീണകാലത്തും ധാരാളംപേര്‍ എത്തിയെന്നതില്‍, മക്കള്‍ക്കു വലിയ അഭിമാനം തോന്നി.


ശവസംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് അല്‍പം മുന്‍പായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും സ്ഥലം മുന്‍ എംഎല്‍എ ആയിരുന്ന സഖാവ് പ്രസാദ്, റീത്തുവച്ച് അനുശോചന സന്ദേശം അറിയിക്കുകയുണ്ടായി. കൊച്ചുത്രേസ്യാക്കുട്ടിയുടെ മഹാമനസ്കതയെക്കുറിച്ചും കൊച്ചുതോമയുടെ കുടുംബം സമൂഹത്തിനും തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും ഒന്നുരണ്ടു നിമിഷം സഖാവ് പ്രസാദ് പ്രതിപാദിച്ചു. എന്നാല്‍ കൊച്ചുത്രേസ്യാക്കുട്ടിയോടുള്ള വ്യക്തിബന്ധത്തെക്കുറിച്ചോ കുടുംബങ്ങള്‍ തമ്മിലുള്ള വൈകാരികമായ അടുപ്പത്തെ സംബന്ധിച്ചോ ഒന്നു സ്മരിക്കുകപോലും ഉണ്ടായില്ല. പ്രസാദിന്‍റെ അനുശോചനത്തിന് ആത്മാര്‍ഥതയില്ലെന്ന് മേരിക്കുട്ടിക്ക് ഉടനെ മനസ്സിലായി.


കൊച്ചുത്രേസ്യാക്കുട്ടിയുടെ ശവമഞ്ചം ചുമന്നുകൊണ്ടുള്ള വിലാപയാത്ര പള്ളിയില്‍ എത്തുകയും തുടര്‍ന്ന് വിടവാങ്ങല്‍ പ്രാര്‍ഥനയും ആശീര്‍വാദവും കഴിഞ്ഞ് ശവമഞ്ചം സെമിത്തേരിയിലേക്ക് എടുക്കുവാന്‍ തുടങ്ങുമ്പോഴായിരുന്നു 'ചേച്ചീ,' എന്നു കരഞ്ഞുകൊണ്ട് പ്രായംചെന്ന ഒരു സ്ത്രീ വേഗം നടന്നെത്തിയത്. എല്ലാവരുടെയും ശ്രദ്ധ കൊച്ചുത്രേസ്യാക്കുട്ടിയില്‍നിന്നു മാറി ആ സ്ത്രീയിലേക്കു തിരിഞ്ഞു. എന്നാല്‍ മുടി ബോബ്ചെയ്ത് പുതുമോടിയില്‍ വസ്ത്രം ധരിച്ച ആ സ്ത്രീ ആരാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ഇവരാര് എന്ന അന്വേഷണം ഒരു ആരവമായിമാറി. എന്നാല്‍ ഉത്തരം പറയുവാനുള്ള ശ്രമങ്ങള്‍ മുഴുവന്‍ മറുചോദ്യങ്ങളായി മാറിയെന്നതല്ലാതെ ആര്‍ക്കും ഉത്തരം കിട്ടിയില്ല. അമ്മയുടെ മൃതശരീരത്തോടു ചേര്‍ന്നു നിന്നിരുന്ന കത്രീനക്കന്യാസ്ത്രീയുടെ മനസ്സില്‍ പരിശുദ്ധാരൂപിയുടെ പ്രചോദനം ഉണ്ടായി, 'എലിസബത്തമ്മ.'


എലിസബത്തമ്മ കൊച്ചുത്രേസ്യാക്കുട്ടിയുടെ മുഖത്തു വീണ്ടും വീണ്ടും മുത്തി. ബന്ധുക്കളെല്ലാം ഒരു വെള്ള തുണിക്കഷണം മുഖത്തിട്ട്, അതിനുശേഷമാണ് വിടവാങ്ങല്‍ മുത്തം നല്‍കുന്നത്. എലിസബത്തമ്മ വിടവാങ്ങല്‍ ചൊല്ലുകയല്ലായിരുന്നു, നന്ദി പറയുകയായിരുന്നു.


വിടവാങ്ങല്‍ പാട്ടുപാടി ശവപ്പെട്ടി സെമിത്തേരിയിലേക്ക് എടുക്കപ്പെട്ടു. സെമിത്തേരിയിലേക്ക് എലിസബത്തമ്മ അനുഗമിക്കുന്നില്ലെന്നു കണ്ട കത്രീനക്കന്യാസ്ത്രീ തിരികെവന്ന് എലിസബത്തമ്മയുടെ കയ്യില്‍പ്പിടിച്ചുകൊണ്ടു പറഞ്ഞു, "വല്യമ്മേ പോകരുത്. എനിക്ക് വല്യമ്മയോടു സംസാരിക്കുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ചടങ്ങ് കഴിഞ്ഞതിനുശേഷം കാണാം." കത്രീനക്കന്യാസ്ത്രീ സെമിത്തേരിയിലേക്കു പോയി.


എല്ലാ ചടങ്ങുകളും കഴിഞ്ഞ് എലിസബത്തമ്മയെ എല്ലായിടത്തും തിരഞ്ഞു. എങ്ങും എലിസബത്തമ്മയെ കാണാനില്ലായിരുന്നു. ഏതോ നിഗൂഢതയില്‍നിന്ന് അവര്‍ എങ്ങനെയോ എത്തി, അതേ നിഗൂഢതയിലേക്ക് അവര്‍ തിരിച്ചുപോയി. വീണ്ടും പള്ളിയില്‍ കയറി കത്രീനക്കന്യാസ്ത്രീ പ്രാര്‍ഥിച്ചു. പ്രാര്‍ഥനയില്‍ ഒരു വെളിപാടുണ്ടായി:


"എല്ലാം നന്മയ്ക്ക്..." അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു.

(അവസാനിച്ചു.)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം.

അസ്സീസി മാസിക, ഒക്ടോബ‌ർ 2026

bottom of page