എണ്ണ


കഴിഞ്ഞൊരു ദിവസം ഒരു ക്ലാസ്സിൽ ചെന്നപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഒരു ചോദ്യം ചോദിച്ചു. 'ഒറ്റ ഒരു കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കണം എന്നുവച്ചാൽ അച്ചൻ എന്തിനു വേണ്ടിയായിരിക്കും പ്രാർത്ഥിക്കുന്നത്?'
"എനിക്കുവേണ്ടി തന്നെയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ, 'എന്നിൽ കൂടുതൽ സ്നേഹം തരണമേ', എന്നായിരിക്കും പ്രാർത്ഥിക്കുക" എന്ന് ഞാനവളോട് പറഞ്ഞു.
ഉത്തരം ലേശം സ്പിരിച്വൽ ആയിപ്പോയി എന്നറിയാം! എങ്കിലും ആത്മാർത്ഥമായിട്ടു തന്നെയാണ് പറഞ്ഞത്.
"സ്നേഹം" എന്നതിന് "എണ്ണ"/"തൈലം" എന്നുകൂടി അർത്ഥമുണ്ട് എന്ന് പണ്ട് ശബ്ദതാരാവലി പറഞ്ഞു തന്നിട്ടുണ്ട്.
ആവശ്യത്തിനും കൂടുതലും എണ്ണ നമ്മുടെ കൈവശം ഇല്ലെങ്കിൽ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും നാം കെട്ടു പോയിട്ടുണ്ടാകും!
ആർമിക്കാർ പോകുന്ന പള്ളിയിലെ ഗായകസംഘത്തിൽ ഡാഡി പണ്ട് പാടുമായിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ റിട്ടയർ ചെയ്ത് വന്നശേഷം വീട്ടിലെ സന്ധ്യാപ്രാർത്ഥനക്കും ചിലപ്പോഴൊക്കെ ഇംഗ്ലീഷ് പാട്ട് പാടും. അങ്ങനെ പാടുന്ന പാട്ടുകളിൽ ഒന്ന് "Give me oil in my lamp. Keep me burning, burning burning, till the end of day" ആയിരുന്നു.
എണ്ണതീർന്ന് പടുതിരികത്തി കെട്ടുപോകുന്നത് എന്തൊരു ദുരന്തമാണ്!












































































































