തിരുനാളുകൾ — ആഘോഷത്തിനപ്പുറം ഒരു ആത്മീയ ചോദ്യം


തിരുനാളുകൾ — ഒരു ക്രിസ്ത്യാനിയുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ആഘോഷങ്ങൾ. ഓർമ്മകളുടെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും നിറമുള്ള ദിനങ്ങൾ. ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മകളിൽ പലർക്കും തിരുനാളുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പള്ളിമണിയുടെ ശബ്ദം, കൊടിയേറ്റം, പ്രദക്ഷിണം, തിരുസ്വരൂപം, നേർച്ച, ബന്ധുക്കളുടെ വരവ്, പള്ളിമുറ്റത്തെ തിരക്ക് — ഇവയെല്ലാം ചേർന്നാണ് പലരുടെയും വിശ്വാസജീവിതത്തിലെ ഒരു കാലം രൂപപ്പെട്ടത്. എന്നാൽ തിരുനാളുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം ഒരിക്കൽ കൂടി പിന്നിലേക്ക് നോക്കേണ്ടതുണ്ട്.
തിരുന്നാൾ യഥാർത്ഥത്തിൽ എന്താണ്?
സഭയുടെ ആരംഭകാലം മുതൽ തന്നെ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതത്തിൽ ഓർമ്മയ്ക്കും അനുസ്മരണത്തിനും ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും ഉയിർപ്പും ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നു. അതോടൊപ്പം, ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം നൽകി ജീവൻ അർപ്പിച്ച രക്തസാക്ഷികളെയും ആദ്യകാല ക്രൈസ്തവർ സ്നേഹത്തോടെയും ആദരവോടെയും ഓർത്തിരുന്നു.
കാലം കടന്നുപോയപ്പോൾ ഇത്തരം അനുസ്മരണങ്ങൾ സഭയുടെ ആരാധനാജീവിതത്തിൽ കൂടുതൽ ക്രമീകരിക്കപ്പെട്ടു. ക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കും പരിശുദ്ധ കന്യകാമറിയത്തിനും അപ്പസ്തോലന്മാർക്കും രക്തസാക്ഷികൾക്കും വിശുദ്ധർക്കുമായി പ്രത്യേക തിരുനാളുകൾ രൂപപ്പെട്ടു.
അങ്ങനെ തിരുന്നാൾ ക്രൈസ്തവ പാരമ്പര്യത്തിൽ വെറും ആഘോഷമല്ല, വിശ്വാസത്തിന്റെ ഓർമ്മയായി വളർന്നു.
ആരെയാണ് നാം അനുസ്മരിക്കുന്നത്?
ഇങ്ങനെ ചിന്തിക്കുമ്പോൾ ഒരു ചോദ്യം സ്വാഭാവികമായി ഉയരുന്നു:
നാം അനുസ്മരിക്കുന്ന ഈ വിശുദ്ധർ ആരായിരുന്നു? നമ്മളെപ്പോലെ ഈ ഭൂമിയിൽ ജീവിച്ച മനുഷ്യരല്ലേ അവർ? അവർക്കും സുഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നില്ലേ? എന്നിട്ടും, തങ്ങൾക്ക് അനുഭവിക്കാമായിരുന്ന പല സുഖങ്ങളും സൗകര്യങ്ങളും ത്യജിച്ച്, തങ്ങളുടെ ഗുരു പഠിപ്പിച്ച പാഠങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട്, വിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിച്ച് നമുക്ക് മുന്നേ കടന്നുപോയവരാണ് വിശുദ്ധർ.
ദൈവം അവരുടെ ജീവിതത്തിലെ ഒരു ഭാഗം മാത്രമായിരുന്നില്ല; അവരുടെ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.
പ്രതിസന്ധികളിലും പരാജയങ്ങളിലും പീഡനങ്ങളിലും പോലും ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാതെ അവർ മുന്നോട്ട് പോയി. സ്വന്തം സുഖസൗകര്യങ്ങളെക്കാൾ മറ്റുള്ളവരുടെ നന്മയ്ക്കും ദൈവഹിതത്തിനും പ്രാധാന്യം നൽകി. പല വിശുദ്ധരുടെയും ജീവിതത്തിൽ ആഡംബരത്തേക്കാൾ ലാളിത്യത്തിനും വിനയത്തിനുമായിരുന്നു സ്ഥാനം.
രോഗികളിലും ദരിദ്രരിലും ഉപേക്ഷിക്കപ്പെട്ടവരിലും വേദനിക്കുന്നവരിലും അവർ ക്രിസ്തുവിന്റെ മുഖം കാണാൻ ശ്രമിച്ചു.
തങ്ങളോട് തെറ്റ് ചെയ്തവരോടുപോലും ക്ഷമിക്കാൻ അവർ ശ്രമിച്ചു. പ്രതികാരത്തിന് പകരം സ്നേഹത്തെ തിരഞ്ഞെടുത്തു.
“എനിക്ക് എന്ത് ലഭിക്കും?” എന്ന ചോദ്യത്തിനുപകരം,
“എനിക്ക് മറ്റുള്ളവർക്കായി എന്ത് ചെയ്യാൻ കഴിയും?”
എന്നതായിരുന്നു അവരുടെ ജീവിതത്തിന്റെ ചോദ്യം. പ്രാർത്ഥന അവരുടെ ജീവിതത്തിലെ ഒരു ചടങ്ങ് മാത്രമായിരുന്നില്ല; ദൈവവുമായുള്ള ബന്ധത്തിന്റെ അടിത്തറയായിരുന്നു. സത്യത്തിനും വിശ്വാസത്തിനും വേണ്ടി ഒറ്റയ്ക്കു നിൽക്കേണ്ടി വന്നപ്പോഴും അവർ പിന്മാറിയില്ല. അവർ പ്രസംഗിച്ചതിനേക്കാൾ ശക്തമായി അവർ ജീവിച്ച ജീവിതം ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തി. ഇതിന്റെയെല്ലാം ആകെ തുകയല്ലേ വിശുദ്ധർ?
തിരുനാൾ — ഒരു ഓർമ്മ പുതുക്കൽ
അങ്ങനെയുള്ള വ്യക്തിത്വങ്ങളെ നാം അനുസ്മരിക്കുമ്പോൾ, സ്വാഭാവികമായി നമ്മൾ നമ്മോടുതന്നെ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്:
“അവരെപ്പോലെ ജീവിക്കാൻ എന്നിൽ എന്തുണ്ട്?” അവിടുന്നാണ് നമ്മൾ ആഘോഷിക്കുന്ന തിരുന്നാളുകളിലേക്കുള്ള യഥാർത്ഥ യാത്ര തുടങ്ങേണ്ടത്.
ഒരിക്കൽ നാട്ടിൻപുറങ്ങളിലെ ദേവാലയങ്ങളിൽ നിന്ന് ഒരു വെടിയൊച്ച ഉയർന്നാൽ, അതൊരു ശബ്ദം മാത്രമായിരുന്നില്ല. പള്ളിയിൽ തിരുന്നാൾ ആരംഭിച്ചിരിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്. ആ ശബ്ദം കേട്ടവർ കൂവി വിളിക്കും. കേൾവിക്കാർ ആ വിളി ഏറ്റെടുക്കും. അങ്ങനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ആ ശബ്ദം സഞ്ചരിക്കും. മൊബൈൽ ഫോണുകളില്ലാത്ത, സോഷ്യൽ മീഡിയ അറിയാത്ത ഒരു കാലത്ത്, മനുഷ്യരുടെ ശബ്ദമായിരുന്നു തിരുന്നാളിന്റെ അറിയിപ്പ്. പിന്നെ കൊടിയേറും.
പള്ളി മുറ്റം അലങ്കരിക്കും. ദീപങ്ങൾ തെളിയും. വഴികൾ പള്ളിയിലേക്ക് തിരിയും. തിരുസ്വരൂപം പ്രദക്ഷിണമായി പുറത്തേക്കിറങ്ങും. പാട്ടും വാദ്യമേളവും ഉയരും. കുടുംബങ്ങൾ ഒന്നിച്ചുകൂടും. ബന്ധുക്കൾ എത്തും. എല്ലാവഴികളും പള്ളിയിലേക്കായിരുന്നു. ആ വലിയ സന്തോഷത്തിന്റെയും പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ഇടയിൽ, ആരുടെ തിരുന്നാളാണോ ആഘോഷിക്കുന്നത്, ആ വിശുദ്ധന്റെ ജീവിതവും വിശ്വാസവും ഓർമ്മ പുതുക്കപ്പെടുകയായിരുന്നു.
അതോടൊപ്പം, ആ വിശ്വാസം അടുത്ത തലമുറയ്ക്ക് പകർന്നു നൽകുകയായിരുന്നു.
തിരുന്നാൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറിയിരുന്ന ഒരു വിശ്വാസപാഠമായിരുന്നു.
കാലം മാറിയപ്പോൾ
എന്നാൽ ഇന്ന് കാലം മാറി. സാഹചര്യങ്ങൾ മാറി. ഒരിക്കൽ വെടിയൊച്ച കേട്ട് കൂവി അറിയിച്ചിരുന്നിടത്ത് ഇന്ന് വിരൽത്തുമ്പിൽ ലോകം മുഴുവൻ എത്തുന്നു. നൂതന സാങ്കേതികവിദ്യ നമ്മെ അതിവേഗം ബന്ധിപ്പിക്കുന്നു. തിരുന്നാളിന്റെ അറിയിപ്പുകളും മാറി. ആഘോഷങ്ങളുടെ രീതികളും മാറി. വേദികളും അലങ്കാരങ്ങളും വർധിച്ചു. പരിപാടികൾ വർധിച്ചു. ശബ്ദവും വെളിച്ചവും വർധിച്ചു. ഇതൊന്നും സ്വാഭാവികമായി തെറ്റല്ല. കാലത്തിനനുസരിച്ച് ആഘോഷരീതികൾ മാറുന്നതിൽ തെറ്റില്ല. സമൂഹത്തിന്റെ സന്തോഷവും കൂട്ടായ്മയും പ്രകടിപ്പിക്കാനുള്ള അവസരമാണ് തിരുന്നാളുകൾ.
പക്ഷേ, ഈ മാറ്റങ്ങൾക്കിടയിൽ തിരുന്നാളിന്റെ ആത്മാവ് വഴിമാറി സഞ്ചരിക്കുന്നുണ്ടോ? ഇന്നത്തെ പല ആഘോഷങ്ങളും കാണുമ്പോൾ അത്തരമൊരു ആത്മപരിശോധന ആവശ്യമായി തോന്നിപ്പോകുന്നു. ആഘോഷം വളരുമ്പോൾ ആത്മീയത കുറയുന്നുണ്ടോ? ക്രിസ്തു കേന്ദ്രീകൃതമാകേണ്ട പ്രാർത്ഥനകളും ദിവ്യബലിയും നൊവേനകളും പിന്നിലേക്ക് മാറുകയും, ആഘോഷങ്ങളും അലങ്കാരങ്ങളും വാദ്യമേളങ്ങളും വിനോദപരിപാടികളും മുന്നിലേക്ക് വരികയും ചെയ്യുമ്പോൾ നാം അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നത് എന്താണ്?
വിശ്വാസം മുറുകെപ്പിടിക്കുന്ന ഒരു ചെറിയ അജഗണം എങ്കിലും ഈ ചോദ്യം ചോദിക്കേണ്ടതില്ലേ?
തിരുനാളുകൾ എന്ന വാക്ക് കേൾക്കുമ്പോൾ അടുത്ത തലമുറയുടെ മനസ്സിൽ എന്തായിരിക്കും ആദ്യം തെളിയുക?
വിശുദ്ധന്റെ ജീവിതമോ? പ്രാർത്ഥനയോ? കുർബാനയോ? വിശ്വാസമോ?
അതോ ദീപക്കാഴ്ചകളും വെടിക്കെട്ടും വാദ്യമേളങ്ങളും എങ്ങനെയെല്ലാം നൃത്തം ചെയ്യാമോ അതെല്ലാം ഉൾപ്പെടുന്ന ഒരു വലിയ ആഘോഷമോ?
ഇനി പത്ത് വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ, നമ്മുടെ കുട്ടികൾക്ക് “തിരുനാൾ” എന്ന വാക്കിന്റെ അർത്ഥം എന്തായിരിക്കും? ഇതാണ് നാം ഇന്ന് ഗൗരവമായി ചിന്തിക്കേണ്ട ചോദ്യം. കാരണം, ഒരു തലമുറ ആഘോഷിക്കുന്ന രീതിയാണ് പലപ്പോഴും അടുത്ത തലമുറയുടെ വിശ്വാസത്തിന്റെ ഭാഷയായി മാറുന്നത്.
നമുക്ക് എന്താണ് പകർന്നു നൽകേണ്ടത്?
നമുക്ക് അടുത്ത തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ആഘോഷത്തെ എതിർക്കുന്ന ഒരു സംസ്കാരമല്ല. ആഘോഷത്തിന് ആത്മീയമായ അർത്ഥം നൽകുന്ന ഒരു സംസ്കാരമാണ്.
ദീപങ്ങൾ തെളിയട്ടെ - പക്ഷേ നമ്മുടെ ഹൃദയങ്ങളിലും വെളിച്ചം തെളിയണം.
വാദ്യമേളങ്ങൾ ഉയരട്ടെ - പക്ഷേ അതിനേക്കാൾ ഉയരത്തിൽ നമ്മുടെ പ്രാർത്ഥന ഉയരണം.
പ്രദക്ഷിണം നടക്കട്ടെ - പക്ഷേ അതിനൊപ്പം നമ്മുടെ ജീവിതവും ക്രിസ്തുവിന്റെ വഴിയിലൂടെ നടക്കണം.
തിരുസ്വരൂപം പള്ളിയിൽ നിന്ന് പുറത്തേക്ക് വരട്ടെ - പക്ഷേ അതിനൊപ്പം ക്രിസ്തുവിന്റെ സ്നേഹം നമ്മുടെ വീടുകളിലേക്കും സമൂഹത്തിലേക്കും പുറത്തേക്കും വരണം.
പെരുന്നാളിൽ വലിയ നേർച്ചകൾ ഉണ്ടാകാം- പക്ഷേ അതിനേക്കാൾ വലിയ നേർച്ച ഒരു മനുഷ്യന്റെ കണ്ണുനീർ തുടയ്ക്കുന്നതാകട്ടെ.
വലിയ അലങ്കാരങ്ങൾ ഉണ്ടാകാം - പക്ഷേ അതിനേക്കാൾ മനോഹരമായ അലങ്കാരം ഒരു മനുഷ്യന്റെ ജീവിതത്തിൽ നാം ചെയ്യുന്ന ഒരു നന്മയാകട്ടെ.
വലിയ ആഘോഷങ്ങൾ ഉണ്ടാകാം - പക്ഷേ അതിനേക്കാൾ വലിയ ആഘോഷം ഒരാളുടെ വേദനയിൽ നാം പങ്കുചേരുമ്പോഴാകട്ടെ.
നല്ല സമരിയാക്കാരന്റെ ഉപമയിൽ ക്രിസ്തു നമ്മോട് പറയുന്നത് ഒരു വിശ്വാസത്തിന്റെ ഏറ്റവും വലിയ അടയാളം കരുണയുള്ള ഹൃദയമാണ് എന്നല്ലേ? നമുക്ക് വേണ്ടത് അത്തരമൊരു മനുഷ്യസമൂഹമാണ്. നന്മയുള്ള ഒരു സമൂഹം. സ്നേഹമുള്ള ഒരു സമൂഹം. കരുണയുള്ള ഒരു സമൂഹം. ആർദ്രതയുള്ള ഒരു സമൂഹം. വേദനിക്കുന്നവന്റെ അടുത്തേക്ക് ഓടിയെത്തുന്ന ഒരു സമൂഹം. ഒരു നല്ല സമരിയാക്കാരൻ നമ്മളിൽ ഉണ്ടായിരിക്കണം.
തിരുന്നാൾ എവിടെയാണ് അവസാനിക്കേണ്ടത്?
തിരുന്നാൾ കഴിഞ്ഞാൽ കൊടി ഇറങ്ങും.
പള്ളിമുറ്റത്തെ ദീപങ്ങൾ അണയും.
വാദ്യമേളങ്ങൾ നിശ്ശബ്ദമാകും.
പ്രദക്ഷിണം അവസാനിക്കും.
വെടിക്കെട്ടിന്റെ ശബ്ദം ഓർമ്മയായി മാറും.
അലങ്കാരങ്ങൾ അഴിച്ചുമാറ്റപ്പെടും.
പക്ഷേ, തിരുന്നാൾ അവിടെ അവസാനിക്കരുത്. അത് നമ്മുടെ ജീവിതത്തിൽ തുടരേണ്ടതാണ്. വിശുദ്ധന്റെ തിരുന്നാൾ കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഒരു നന്മയെങ്കിലും നമ്മുടെ ജീവിതത്തിൽ ജനിച്ചിട്ടുണ്ടെങ്കിൽ — അതാണ് യഥാർത്ഥ തിരുന്നാൾ.
ഒരു വിശക്കുന്നവന് ഭക്ഷണം നൽകിയാൽ, ഒരു ഏകാകിയുടെ കൈപിടിച്ചാൽ, ഒരു രോഗിയുടെ അരികിൽ ഇരുന്നാൽ, ഒരു ദുഃഖിതനെ ആശ്വസിപ്പിച്ചാൽ, തെറ്റ് ചെയ്തവനോട് ക്ഷമിച്ചാൽ, വേദനിക്കുന്നവനോട് കരുണ കാണിച്ചാൽ —
അവിടെയാണ് തിരുന്നാൾ യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നത്.
കാരണം യേശു നമ്മെ ഓർമ്മിപ്പിക്കുന്നു:
“ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്.” — മത്തായി 25:40.
അതിനാൽ നമുക്ക് തിരുന്നാളുകളെ ഉപേക്ഷിക്കേണ്ടതില്ല.തിരുന്നാളുകളെ തിരികെ കണ്ടെത്തുകയാണ് വേണ്ടത്. ആഘോഷത്തിൽ നിന്ന് ആത്മീയതയിലേക്ക്. ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക്. പ്രദർശനത്തിൽ നിന്ന് സാക്ഷ്യത്തിലേക്ക്. ധൂർത്തിൽ നിന്ന് പങ്കുവെക്കലിലേക്ക്. വിനോദത്തിൽ നിന്ന് വിശ്വാസത്തിലേക്ക്. കാഴ്ചയിൽ നിന്ന് കരുണയിലേക്ക്. അപ്പോൾ മാത്രമേ നമ്മുടെ തിരുന്നാളുകൾ ഒരു വിശുദ്ധന്റെ ഓർമ്മദിനം എന്നതിലുപരി ക്രിസ്തുവിനെ വീണ്ടും ജീവിതത്തിൽ കണ്ടെത്തുന്ന ദിനങ്ങളായി മാറുകയുള്ളൂ.
ഒടുവിൽ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: നാം തിരുന്നാൾ ആഘോഷിക്കുകയാണോ, അതോ തിരുന്നാളിന്റെ പേരിൽ ഒരു ആഘോഷം മാത്രമാണോ നടത്തുന്നത്? കൊടിയേക്കാൾ ഉയരത്തിൽ നമ്മുടെ വിശ്വാസം ഉയരട്ടെ.
ദീപങ്ങളേക്കാൾ പ്രകാശമുള്ളത് നമ്മുടെ ജീവിതമാകട്ടെ. വാദ്യമേളങ്ങളേക്കാൾ ശക്തമായി നമ്മുടെ സ്നേഹം സംസാരിക്കട്ടെ. പ്രദക്ഷിണത്തേക്കാൾ ദൂരത്തേക്ക് നമ്മുടെ കരുണ സഞ്ചരിക്കട്ടെ. തിരുന്നാൾ പള്ളിമുറ്റത്ത് അവസാനിക്കാതെ, മനുഷ്യഹൃദയത്തിൽ ആരംഭിക്കട്ടെ. അപ്പോൾ മാത്രമേ നാം ആഘോഷിക്കുന്ന വിശുദ്ധരുടെ ജീവിതം നമ്മുടെ ജീവിതത്തിലും തുടരുകയുള്ളൂ. അപ്പോൾ മാത്രമേ തിരുന്നാൾ ഒരു ആഘോഷമല്ലാതെ — ഒരു സാക്ഷ്യമായി മാറുകയുള്ളൂ.















































































































