top of page

മാർത്തോമാ കുരിശിനെപ്പറ്റിത്തന്നെ

ടോമി വേങ്ങത്താനം
Jan 4, 1992
5 min read

image of mar thoma cross

ഒക്ടോബർ ലക്കം അസ്സീസ്സിയിൽ പ്രതികരണത്തിൽ ശ്രീ പി. കെ. മാത്യു

ഏറ്റുമാനൂർ, ബഹു. ഔസേപ്പു കത്തനാരുടെ പ്രതികരണത്തിനു മറുപടി എഴുതിയിരിക്കുന്നതു വായിച്ചു. അസ്സലായിരിക്കുന്നു.


മിശിഹായുടെ ജനനത്തിനു മുമ്പു കുരിശുണ്ടായിരുന്നു. അത് മനുഷ്യനെ അപഹാസ്യനായി കൊല്ലുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ മിശിഹായുടെ കുരിശുമരണത്തോടെ കുരിശ് മഹത്വത്തിൻ്റെ പ്രതീകമായി മാറി. ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നു. അങ്ങനെ വരുമ്പോൾ വിശ്വാസികളുടെ ഗണമായ ക്രിസ്ത്യാനികളുടെ വിശ്വാസ പാരമ്പര്യങ്ങളുടെ അടിസ്ഥാനം പ്രതീകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനി തന്നെ ക്രിസ്‌തുവിൻ്റെ പ്രതീകമാണല്ലോ.


സ്വഭാവത്തിലെ പ്രേഷിതരായ സഭയിലെ വിശ്വാസികളുടെ ചുമതല തങ്ങൾ വിശ്വസിക്കുന്നത് പ്രഘോഷിക്കുക എന്നതാണ്. ഈ വിശ്വാസ പ്രഘോഷണത്തിനുളള ഏറ്റം മഹനീയ മാതൃക വി കുർബാനയാണ്. കുർബാനയിലെ പലതും പൗരസ്ത്യരുടേതായാലും പാശ്ചാത്യരുടേതായാലും അനുഷ്ടാനങ്ങൾ ഉൾപ്പെടെ എല്ലാം പ്രതീകങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ബലിയർപ്പണത്തിനായി വൈദീകൻ തിരുവസ്ത്രങ്ങളണിയുന്നതു മുതൽ ബലിപീഠത്തിൽ ചുംബിച്ചു പിന്തിരിയുന്നതു വരെയുളള സകല കാര്യങ്ങളിലും പ്രതീകാത്‌മകമായ അർത്ഥങ്ങളാണുളളത്. പ്രതീകങ്ങളും പ്രതീകാത്മക അർത്ഥങ്ങളും നമ്മളൊക്കെ അർപ്പിക്കുന്ന ബലികളിലില്ലെങ്കിൽ രണ്ടായിരം വർഷം മുമ്പു നടന്ന ആ വലിയ സംഭവത്തിൻ്റെ ഓർമ്മയാചരണമാവില്ല അത്.


പാശ്ചാത്യരേക്കാൾ പൗരസ്ത്യർ ഒരു പടികൂടി മുന്നിൽ കടന്ന് അവർ പ്രതീകങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. അത് പൗരസ്ത്യ ആദ്ധ്യാത്‌മികതയുടെ പ്രത്യേകതയാണ്. ശ്രീ. മാത്യു പ്രതീകങ്ങളെപ്പറ്റിയും പൗരസ്ത്യ ആദ്ധ്യാത്മികതയെപ്പറ്റിയും മുൻവിധി കൂടാതെ ഒന്ന് പഠിക്കേണ്ടതാണ്. പൗരസ്ത്യ ആദ്ധ്യാത്മികത നല്ലതാണ് എന്ന് പൂർണ്ണ ബോധ്യമുണ്ടായതിനാലാണല്ലോ ഇപ്പോഴത്തെ നമ്മുടെ മാർപ്പാപ്പ ജോൺ പോൾ II-1987-ൽ എല്ലാ പാശ്ചാത്യ സെമിനാരികളിലും മഠങ്ങളിലും പൗരസ്ത്യ അദ്ധ്യാത്മികത പഠിപ്പിക്കണം എന്നും നിർബന്ധമായും പരിശീലിക്കണം എന്നും നിഷ്കർഷിച്ചത്. അതുകൊണ്ട് ആദ്ധ്യാത്മികതയെ പുച്ഛിച്ചു തളളാതെ നമ്മുടെ സ്വന്തം എന്നു കരുതി അത് സ്വായത്തമാക്കാനാണ് നാം ശ്രമിക്കേണ്ടത്


ഇപ്പോൾ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മാർത്തോമാ കുരിശ് ഒട്ടും അംഗീകരിക്കുവാൻ മാത്യുവിന് കഴിയുന്നില്ല എന്നു തോന്നുന്നു. അദ്ദേഹത്തിന് കുരിശിനേക്കാളും വിരോധം ഔസേപ്പു കത്തനാരോടാണെന്നു കാണാം. മാത്യു തൻ്റെ മറുപടിയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. "ആ മാവിൽ നിറയെ കായ്ച്ചു കിടക്കുന്നത് തേങ്ങയാണ്. തേങ്ങകായ്ക്കുന്ന വൃക്ഷം കേരളീയർക്കു കൽപ്പ വൃക്ഷമാണ്. ഈ രീതിയിലുള്ള വാദഗതിയാണ് യൗസേപ്പു കത്തനാർ സ്വീകരിച്ചിരിക്കുന്നത്." മാത്യുവിനെ സംബന്ധിച്ചും അക്ഷരസ്യ ഇതു ശരിയാണ്. താൻ പറഞ്ഞതു മുഴുവൻ ശരിയാണെ സ്‌ഥാപിക്കുവാൻ ഒരുപാടു ചാട്ടവും മറിച്ചിലും ബോധപൂർവ്വം അദ്ദേഹം നടത്തിയിരിക്കുന്നു


കുരിശിനെ വിമർശിക്കുമ്പോൾ ഒന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. കുരിശ്, അത് സുറിയാനിക്കാരുടേതായാലും ലത്തീൻകാരുടേതായാലും, ഗ്രീക്കു സഭയുടേതായാലും, മലങ്കരയുടേതായാലും ഓർത്തഡോക്‌സുകാരുടേതായാലും, മാർത്തോമാക്കാരുടേതായാലും, പേർഷ്യാക്കാരുടേതായാലും എല്ലാം രക്ഷാകരമാണ്. ലോകത്തിൻ്റെ സമഗ്ര രക്ഷയാണ് അതിലെല്ലാം അടങ്ങിയിരിക്കുന്നത്. ഒരു ദേശത്തിൻ്റെയോ ഒരു സഭയുടെയോ മാത്രം രക്ഷയല്ല. ഈ കുരിശ് ആരുടെ കയ്യിലിരുന്നാലും പണ്ഡിതൻ്റെയാകട്ടെ പാമരൻ്റെയാകട്ടെ വൈദീകൻ്റെയാകട്ടെ, അൽമായൻ്റെയാകട്ടെ അത് അവന് രക്ഷക്കുപകരിക്കുന്നുവെങ്കിൽ ആ കുരിശിലൂടെ അവൻ രക്ഷ അനുഭവിച്ചു കഴിഞ്ഞു. അതുതന്നെയാണ് കുരിശിൻ്റെ ഫലവും. ആ കുരിശിനെ ഈ വിധം ആക്ഷേപിക്കുന്നത് അപമാനകരമാണ്. ലജ്ജാകരമായ ഈ പ്രവണത തീർത്തും മാറ്റേണ്ടതാണ്.


ഈശോ മരിച്ച കുരിശിനു തുല്യമായി മറ്റൊരു കുരിശുമില്ല. ഇന്ന് നാം വിവിധ സഭകളിൽ കാണുന്ന കുരിശുകളൊക്കെ (വിവിധതരത്തിലുള്ളവ) ഓരോ കലാകാരൻ്റെ ഭാവനയാണ്. ഓരോ സഭകളും തങ്ങളുടെ വ്യക്തിത്വം നിലനിർത്തുന്നതും പ്രതിഫലിപ്പിക്കുന്നതും ഈ കുരിശിലുടെയാണ്. ഒരു സഭയുടെ കുരിശു നല്ലതും മറ്റൊരു സഭയുടെ തനിക്കിഷ്ടമില്ലാത്തത് മോശവുമല്ല. കുരിശിലൂടെയുള്ള സമഗ്ര രക്ഷയാണ് മനുഷ്യനെ സ്വാധീനിക്കേണ്ടത്. കുരിശിൻ്റെ പേരും ആകൃതിയും പറഞ്ഞുളള യുദ്ധമല്ല ആവശ്യം. പരസ്പരം മനസ്സിലാക്കയും അംഗീകരിക്കൂ കയുമാണ്. ഇവിടെ ക്രിസ്‌ത്യാനികൾ കുരിശിൻ്റെ പേരു പറഞ്ഞ് കലഹിക്കുന്നു. ചുരുക്കത്തിൽ ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് കുരിശാകുന്നു.


ശ്രീ. മാത്യു മാർത്തോമാ കുരിശു മനിക്കേയൻ കുരിശാണെന്നു സ്ഥാപിക്കുവാൻ ഒരുപാഴ് ശ്രമം കൂടി നടത്തുന്നു. എത്ര ശ്രമിച്ചാലും മാർത്തോമാ കുരിശ് മനിക്കേയൻ കുരിശാവില്ല. അത് രണ്ടും രണ്ടാണെന്നുളള വസ്തുത ലേഖനത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. യൗസേപ്പു കത്തനാരുടെ ഗവേഷണം തെറ്റാണെന്ന് സമർത്ഥിക്കുന്ന മാത്യുവിൻ്റെ ഗവേഷണവും, അന്വേഷണവും തെറ്റാകരുതോ? ഏതോ ഒരു അലക്‌സാ ആര്യ മാത്രമാണ് പഹ്ലവി ഭാഷ അറിയാവുന്ന ഏക ആൾ. അദ്ദേഹം പറയുന്നത് ശരിയാണ് എന്നതിന് എന്താണ് തെളിവ്? ആ ഭാഷ അറിയാവുന്ന അനേക വിദഗ്ദർ ഏകാഭിപ്രായം പറഞ്ഞാൽ ആര്യാ പറയുന്നതിൽ കാര്യമുണ്ട്. അല്ലാത്ത പക്ഷം ആര്യായുടെ പഠനം ശരിയാണ് എന്നു പറയാൻ ബുദ്ധിമുട്ടാണ്.


മാർത്തോമാ കുരിശ് മാനിക്കേയൻ കുരിശാണെന്നു പറയുന്നത് ഭോഷത്തരമെന്നേ വിശേഷിപ്പിക്കാനാവൂ. കടുത്തുരുത്തി പള്ളിയിലെ കുരിശ് പേർഷ്യൻ കുരിശാണെന്നാണ് പണ്ഡിത മതം. പേർഷ്യൻ കുരിശും മനിക്കേയൻ കുരിശും തമ്മിൽ ചിലപ്പോൾ സാരമായ മാറ്റം കണ്ടു എന്നു വരില്ല. ചിലപ്പോൾ കണ്ടു എന്നും വരാം. അങ്ങനെയാണെങ്കിൽ കൂടിയും പേർഷ്യൻ കുരിശ് മനിക്കേയൻ കുരിശാണെന്നു സമ്മതിച്ചാൽ കൂടിയും അതിൻ്റെ മറ്റൊരു പതിപ്പാണ് മാർ തോമാ കുരിശ് എന്നു പറയുന്നത് കടും കൈ തന്നെ. അതായത് അറിവു കൊണ്ടുണ്ടായ അജ്ഞത എന്നേ വിശേഷിപ്പിക്കാനാവൂ. സഭയുടേയും സഭയിലേയും പലകാര്യങ്ങളും പഠിക്കുന്നതും വിമർശിക്കുന്നതും ഏകപക്ഷീയമായിട്ടായിരിക്കരുത്. നിഷ്‌പക്ഷമായിട്ടായിരിക്കണം. അങ്ങനെയാകുമ്പോൾ പേർഷ്യൻ കുരിശു മനിക്കേയൻ കുരിശോ, മനിക്കേയൻ കുരിശ് മാർതോമ്മാ കുരിശോ ആയി രൂപാന്തരപ്പെടുകയില്ല. തങ്ങൾക്കു സത്യ വിശ്വാസം നൽകിയ പിതാവിൻ്റെ പേരിൽ ഒരു ജനതയും ആ പേരിൽ ഒരു കുരിശും അറിയപ്പെടുന്നത് ഭാരത ജനതക്കു തന്നെ പ്രത്യേകിച്ചു കേരള സഭയ്ക്കും അഭിമാനജനകമാണ്. കാരണം ഈശോയുടെ 12 ശിഷ്യരും പ്രസംഗിച്ചിട്ടും അവരുടെ ആരുടേയും പേരിൽ ഒരു സഭ അറിയപ്പെട്ടിരുന്നില്ല. തോമാ ശ്ലീഹായുടെ പേരിൽ മാത്രമേ ഒരു സഭ( ഒരു പറ്റം ജനം) അറിയപ്പെട്ടിട്ടുള്ളൂ. ആ പേരിൽ ഒരു കുരിശ് പിൽക്കാലത്ത് അറിയപ്പെട്ടു എങ്കിൽ അതിനു പിന്നിൽ ഒരു ജനതയുടെ അംഗീകാരവും അർപ്പണവും ഉണ്ടായിരുന്നു.


അങ്ങനെ ഒരു ജനതയുടെ വിശ്വാസ സാഫല്യവും പൂർത്തീകരണവുമായി ഒരു കുരിശ്, അതും തങ്ങളുടെ തനിമ നില നിർത്തത്തക്കവിധത്തിൽ ഒരു കുരിശ് തങ്ങൾക്കു ലഭിച്ചതിൽ ആത്‌മ നിർവ്യതി നേടിയവരാണ് കേരള ക്രിസ്ത്യാനികൾ. ഈ മാർതോമ്മാ കുരിശു തോമാ ശ്ളീഹായെ അപമാനിക്കുന്നുണ്ടെങ്കിൽ ഇന്ന് എല്ലാ പള്ളികളിലും ഇരിക്കുന്ന കുരിശ് മിശിഹായേയും അപമാനിക്കുന്നുണ്ടാകും തൂങ്ങപ്പെട്ട രൂപങ്ങൾക്കു മുമ്പിലിരിക്കുന്ന പെട്ടികൾ ക്രിസ്ത്യാനികളെ ഒന്നടങ്കം അപമാനിക്കുന്നുണ്ടാവാം.


മാത്യുവിനോടൊന്നു ചോദിക്കട്ടെ വിഗ്രഹാരാധന പാടില്ല എന്നു പറഞ്ഞ ഈശോയുടെ വിഗ്രഹം ഉണ്ടാക്കി വച്ചല്ലയോ മാത്യു ഉൾപ്പെടെയുള്ളവർ ആരാധന നടത്തുന്നത്? മനഃസ്സാക്ഷിയോടു ചോദിക്കു ഇത് ശരിയാണോ എന്ന്. വിഗ്രഹങ്ങൾക്കു മുമ്പിലല്ലാതെ എത്ര കത്തോലിക്കർ പ്രാർത്ഥിക്കുന്നുണ്ട് . നിങ്ങൾ ഒന്ന് ഓർത്ത് അഭിമാനിക്കുന്നുണ്ടാവും. ഇന്ന് അൾത്താരയിൽ പൂജ്യമായി വച്ചിരിക്കുന്ന കുരിശുരൂപം തന്നെയാണ് അവിടെ വ‌യ്ക്കേണ്ടത് എന്നും, അതു തന്നെയാണ് മുഴുവൻ ശരിയെന്നും, പൂർവ്വ കാലങ്ങളിൽ തുടങ്ങിയ ആചാരമാണ് അതെന്നും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. കുരിശു രൂപം ആദ്യം ഉണ്ടായത് ഈജിപ്‌തിലെ സന്യാസികളുടെ ഇടയിലാണ്. ക്രൈസ്തവ സന്യാസികളുടെ പിള്ളത്തൊട്ടിലായ ഈജിപ്ത‌ിൽ ആഗ്രഹനിഗ്രഹം അഭ്യസിച്ചിരുന്ന സന്യാസികൾക്ക് മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ദിവസങ്ങളോളം ധ്യാനിക്കുന്നതിനു വേണ്ടി മെനയപ്പെട്ടതാണ് ക്രൂശിതരൂപം. ക്രൂശിത രൂപം മിശിഹായുടെ പീഡാനുഭവത്തേയും മരണത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ സഭ മുഴുവനും ഉപയോഗിച്ചിരുന്നത് ഈശോയില്ലാത്ത സാധാരണ കുരിശായിരുന്നു എന്നതാണ് ഏറെ ശരി. പീഡാനുഭവ ധ്യാനത്തിനു വേണ്ടി ഉണ്ടായ കുരിശാണ് പിന്നീട് അൾത്താരയിൽ സ്ഥാനം പിടിച്ചത്. അന്നും മാർത്തോമാ ക്രിസ്ത്യാനികൾ ഒരു പടികൂടി കടന്ന് 'ഐക്കണുകൾ ആണ് അൾത്താരയിൽ (ie: മദ്ബഹായിൽ) ഉപയോഗിച്ചിരുന്നതും വണങ്ങിയിരുന്നതും. ഇങ്ങനെയൊക്കെ നോക്കുമ്പോൾ സഭയ്ക്ക് പൂർവ്വകാലം മുതൽ നിയതമായിട്ടുളള വസ്തുത കത്തോലിക്കാ വിശ്വാസം മാത്രമാണ്.


പോർട്ടുഗീസുകാർ പലകാര്യങ്ങളും അതിശയോക്തിപരമായി പറഞ്ഞിട്ടുണ്ടായിരിക്കാം. 1599 ൽ നടന്ന ഉദയം പേരൂർ സൂനഹദോസും അതുവഴി കേരള സഭയിൽ നിർബന്ധപൂർവ്വം നടപ്പാക്കിയ നിയമങ്ങളും അവർ കെട്ടിച്ചമച്ചതാണോ? ഒരു ജനതയുടെ വേദനയിലൂടെ ഉതിർന്നുവീണ നിശ്ചയ ദാർഢ്യത്തിൻ്റെ ബഹിർസ്‌ഫുരണമായ കൂനൻ കുരിശു സത്യം പോർട്ടുഗീസുകാർ കെട്ടിച്ചമച്ചതാണോ? ഇടപ്പള്ളി ഇക്കാക്കോ കത്തനാരെ വെളിച്ചം പോലും കടക്കാത്ത തുറുങ്കിലടച്ചു മരണാസന്നനായപ്പോൾ അന്ത്യകൂദാശ ആവശ്യപ്പെട്ടിട്ടും അതുകൊടുക്കുവാൻപോലും കൂട്ടാക്കാതെ പട്ടിണിക്കിട്ട് കൊന്ന്, പായയിൽ പൊതിഞ്ഞ് മൃതശരീരം കുളക്കരയിൽ മാന്തിയിട്ട ചരിത്ര സത്യം അവർ കെട്ടിച്ചമച്ചതാണോ?


ഇവിടുത്തെ അമൂല്യമായ സുറിയാനി ഗ്രന്ഥങ്ങൾ-ആരാധനാ ക്രമങ്ങളും ചരിത്ര ങ്ങളും-അനേകായിരം സഭാസ്നേഹികൾ വേദനയോടെ നോക്കിനിൽക്കെ ചുട്ടെരിച്ചു കളഞ്ഞ ചരിത്ര സംഭവം അവർ കെട്ടിച്ച മച്ചതാണോ? കരിയാറ്റി മെത്രാപ്പോലീത്തായെ കൊന്നിട്ട് പനിപിടിച്ച് അദ്ദേഹം മരിച്ചു എന്നവർ കെട്ടിച്ചമച്ചു. ചരിത്ര സംഭവങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും തൂത്തെറിയുവാൻ തുനിയരുത്. ഇവ സ്വയം നിഷേധിക്കുന്നത് ആത്മഹത്യയാണ്.


മാർത്തോമാ കുരിശു മുഖവാരത്തിലുളള പഴയ പള്ളികൾ ഒന്നും ഇന്നില്ല എന്നതാണ് ശരിയായ വസ്തുത. ആദ്യകാ ലങ്ങളിലുള്ള പളളികളുടെ മുഖവാര ത്തിൽ മാർത്തോമാ കുരിശല്ല. ലത്തീൻ കുരിശാണ് എന്നതിന് എന്താണ് തെളിവ്? 1599-നു മുമ്പുള്ള എത്ര പളളികൾ ഇന്ന് കേരളത്തിലുണ്ട്? ഒറ്റപ്പഉളിപോലുമില്ല എന്നത് സത്യമായിരിക്കെ പോർട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള കേരളത്തിലെ പളളികളിൽ മാർത്തോമാകുരിശില്ലാ യിരുന്നു എന്ന് എന്ത് തെളിവിൻ്റെ പിൻബലത്തിൽ പറഞ്ഞു എന്ന് മനസ്സിലാകൂന്നില്ല. കേരളത്തിലെത്തിയ വിദേശ ചരിത്രകാരന്‌മാർ ദർശിച്ചത് ഇവിടുത്തെ പളളികളിലെ കുരിശിൻ്റെ പ്രത്യേകതയല്ല. പിന്നെയോ പൂർവ്വികരുടെ വിശ്വാസ തീഷ്‌ണതയും, സുകൃത ജീവിതാവേശവും മതമൈത്രിയിലുള്ള അവരുടെ ജീവിതവുമായിരുന്നു. കൂടാതെ മറ്റൊരു പ്രത്യേകത കൂടി നമുക്കുണ്ട്. നാം ഇന്നു ജീവിക്കുന്നു എന്നല്ലാതെ നാളത്തെ തലമുറയ്ക്കായി ഒന്നും തയ്യാറാക്കി സൂക്ഷിച്ചു വച്ചിട്ടില്ല. അങ്ങനെയൊരു ശീലവും ഭാരതീയർക്കില്ല. എന്നാൽ ആദ്യകാലങ്ങളിൽ കേരള ക്രിസ്ത്യാനികളെപ്പറ്റിയും, പാരമ്പര്യ വിശ്വാസ അടിസ്ഥഥാനങ്ങളെപ്പറ്റിയും മറ്റും വിരചിതമായ അനവധി ഗ്രന്ഥങ്ങൾ കത്തി ച്ചു കളഞ്ഞപ്പോൾ ചാമ്പലായത് വിശ്വാസ ജീവിതത്തിൽ ത്യാഗാർപ്പണം ചെയ്ത ഒരുപറ്റം ജനങ്ങളുടെ തപ്‌ത നിശ്വാസങ്ങളും ബലി ജീവിതങ്ങളും ലോകാവസാനം വരെയുള്ള തങ്ങളുടെ പിൻഗാമികൾക്ക് കൈ മാറേണ്ട വിശ്വാസ പൈത്യ കവുമായിരുന്നു. തൻമൂലം തങ്ങളുടെ പൈതൃകത്തെപ്പറ്റിയും ആ മാർഗ്ഗത്തെ പ്പറ്റിയും അജ്ഞരായ ഒരു പുതിയ തലമുറ രൂപം കൊള്ളുകയും അവരുടെ പിൻതലമുറ ഇന്നും തങ്ങളുടെ അജ്ഞതയിൽ നിലകൊള്ളുകയും ചെയ്യുന്നു. പത്രോസും യോഹന്നാനും തോമായും ഒരു മിശിഹായെ ശ്രവിച്ചു എന്നും ആ മിശിഹായെത്തന്നെ അവർ പ്രസംഗിച്ചു എന്നും അംഗീകരിക്കുവാൻ കഴിയാതെപോയ സഭാധികാരികളുടെ അനാരോഗ്യകരമായ പിടിവാശി മൂലമാണ് അന്ധതമൂലമാണ് കേരള സഭയിൽ പോർട്ടുഗീസുകാർ നടത്തിയ അതിക്രമങ്ങൾ. റോമിൻ്റെ അംഗീകാരവും പോർട്ടുഗലിൻ്റെ പദ്രുവാദോയും ഈ സഭയെ സഭയല്ലാതാക്കി എന്നതാണ് ശരി. തൻമൂലം തിരുസഭയ്ക്ക് നഷ്ടമായത് ഉന്നതമായ ജീവിത ശൈലിയായ മാർത്തോമായുടെ മാർഗ്ഗമാണ്.


ഇന്ന് കേരള സഭയിൽ നിലനില്ക്കുന്നത് ലത്തീനവല്ക്കരിച്ച സുറിയാനി പാരമ്പര്യ മാണ്. ഇതിനെ തോമായുടെ മാർഗ്ഗമെന്നോ പൈതൃകമെന്നോ വിളിക്കാനാവില്ല. കാരണം ഇതിൽ നിന്നുള്ള സർവ്വതും - അനുഷ്‌ഠാനങ്ങൾ, ശൈലികൾ , ആചാരങ്ങൾ, പ്രാർത്ഥനകൾ, സംസ്കാരം എന്നിവ- വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതാണ്. നമ്മുടേതായ ഒന്നുമില്ല എന്നതാണ് ശരി. ഭാരത സുറിയാനി സഭ ആദ്യകാലാനുഭവത്തിൽ നിന്നുടലെടുത്ത മാർതോമ്മായുടെ മാർഗ്ഗത്തിലേക്കു തിരികെ പോകണമെന്ന് റോം നിരന്തരം ആവശ്യപ്പെടുന്നു. ഇതിനു വിഘാതമായി നില്ക്കുന്നത് സഭജ്ഞാനികളെന്നവകാശപ്പെടുന്ന സഭാചരിത്ര ദരിദ്രരായ കുറെ സമുദായ നേതാക്കൻമാരാണ്. അന്ന് മെനെസിസ് മെത്രാപ്പോലിത്തയ്ക്കു ഇവിടെ നടപ്പിലാക്കാൻ പറ്റാതെ പോയ കാര്യങ്ങളും പരിഷ്ക്കാരങ്ങളും യാതൊരു ഉളുപ്പും കൂടാതെ ഇവിടുത്തെ മെത്രാൻമാരും നേതാക്കൻമാരും നടപ്പിലാക്കുന്നതിനു വേണ്ടി എടുക്കുന്ന വിഷമം കാണുമ്പോൾ അവരെ ദരിദ്രർ എന്നല്ലാതെ വേറെ എന്തു വിളിക്കും. മാർത്തോമായുടെ മാർഗ്ഗത്തിലെ പല നല്ല കാര്യങ്ങളും വിദേശത്തു നിന്നു കടമെടുത്തു പ്രാവർത്തികമാക്കുമ്പോൾ അതിന് ഇവിടെയുള്ള കുറെ നേതാക്കൾ അയിത്തം കല്പിച്ചിരിക്കുകയാണ്. "നിങ്ങൾ ജീവനെയാഗ്രഹിച്ചു കൊണ്ട് നല്ല ഭാവിക്കായി ദാഹിക്കുന്നു എങ്കിൽ നിങ്ങളുടെ നാവിനെ സൂക്ഷിച്ചു കൊള്ളുവിൻ", വ്യാജം പറയാതെ അധരങ്ങളെയും നിങ്ങൾ നിയന്ത്രിച്ചുകൊള്ളുവിൻ. തിൻമയിൽ നിന്നു വിട്ടു മാറി നൻമ ചെയ്യുവിൻ. സമാധാനം തേടി അതിനെ പിൻതുടരുവിൻ" (സങ്കീ. 34: 11-14) എന്ന ഭാഗം വിസ്മരിക്കാവുന്നതല്ല.


നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെ വില നമുക്കറിയത്തില്ല പലപ്പോഴും. എല്ലാം അറിയാമെന്നു നടിക്കുന്നു, അറിവില്ലായ്‌മ നയിക്കുന്നു അക്ഷരാർത്ഥത്തിൽ. കേരളീയർ ഇന്ന് വടക്കെ ഇന്ത്യയിൽ ചെന്നാൽ മദ്രാസികൾ എന്നാണ് അറിയപ്പെടുന്നത്. സ്വന്തമായ നമ്മുടെ തനിമ അവർ അംഗീകരിക്കാതെ നാം മറ്റൊരു പേരിൽ സംബോധന ചെയ്യുകയാണ്. ഇവിടെ എന്നാൽ സഭാപരമായി നേരെ തിരിച്ചാണ്. റോമിൽ ചെന്നാൽ നാമൊക്കെ സുറിയാനിക്കാരാണ്. നമ്മുടെ Identity റോം അംഗീകരിക്കുന്നു. നമ്മുടെ നിലയും വിലയും പ്രവൃത്തി ദോഷം കൊണ്ട് നഷ്‌ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മലർന്ന് കിടന്നു കൊണ്ട് മുകളിലേക്ക് തുപ്പുന്നതിനു തുല്യമാണിത്. കൈവിട്ടു പോയ നമ്മുടെ പൂർവ്വിക ചൈതന്യം കണ്ടെത്തി മുമ്പത്തെക്കാളും മെച്ചമായി പ്രതിഷ്‌ഠിക്കേണ്ടത് ആത്‌മാർത്‌ഥതയുള്ള ഒരോ സുറിയാനി ക്രിസ്ത്യാനി (കേരള ക്രിസ്‌ത്യാനി) യുടെയും ചുമതലയാണ്. കാരണം ആദ്യനൂറ്റാണ്ടിലു ണ്ടായ അനവധി സഭകളിൽ ഇന്നും നശിച്ചു പോകാതെ നിലനില്ക്കുന്ന രണ്ടു സഭകളിൽ ഒന്ന് കേരള (ഭാരത) സഭയാണ് (മറ്റത് റോമാസഭയും). അതു കൊണ്ട് ആ പൈതൃകവും ആ മാർഗ്ഗവും അവരുടേത് എന്നു വയ്ക്കാതെ

എൻ്റെതാണ് എന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്. വസ്തുതകളെ നിഷ്‌പക്ഷമായി പഠിക്കുവാനും വിലയിരുത്തുവാനും കഴിയണം.


മാർതോമ്മാ കുരിശിൻ്റെ കാര്യത്തിലും ഇതാണു ശരി. അതിനെ അപമാനിക്കാതിരിക്കുക. വിഗ്രഹാരാധന നടത്താത്ത, പ്രോത്സാഹിപ്ലിക്കാത്ത സഭയാണ് നമ്മുടേത്. പ്രതികങ്ങളൂടെ മാഹാത്മ്യം ഇവിടെയാണ്. മധ്യകാ ലങ്ങളിൽ അത്‌മായന് സഭാകാര്യങ്ങ ളെപ്പറ്റി പഠിക്കുവാനുള്ള അവസരവും അനുവാദവും നിഷേധിക്കുക കൂടി ചെയ്‌തപ്പോൾ സഭാകാര്യങ്ങളുടെ അറിവിൽ അവൻ ശിശുവായി. ഈ പാപ്പരത്തം ഇന്നും മാറിയിട്ടില്ല. ഈ ശൈശവത്വം മാറണം. ഈ പാപ്പരത്തം മാറിയാലെ മാർതോമ്മാ കുരിശു രക്ഷാകരമാണ ന്നും ഒരു ജനതയുടെ മുഴുവൻ അംഗീകാരവും അർപ്പണവും തനിമയുമാണ് ആ കുരിശിലടങ്ങിയിരിക്കുന്നതെന്നും അംഗീകരിക്കുവാൻ കഴിയൂ. കുരിശിലൂടെ മാത്രമാണ് നമ്മുടെ രക്ഷ. മാത്യു എന്തെല്ലാം വാദഗതികൾ നിരത്തിയാലും മാർതോമ്മ കുരിശ് മനിക്കേയൻ കുരിശാവില്ല.


bottom of page