സ്നേഹബന്ധങ്ങളുടെ കാന്തികവലയം
- റോണിയ സണ്ണി

- Jul 11
- 2 min read

മക്കളുടെ സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ നടക്കുകയാണ്. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. എന്ത് പരിപാടി വന്നാലും പേര് കൊടുത്തിട്ട് വരുന്ന എന്‍റെ മകന്‍ പതിവ് തെറ്റിച്ചില്ല. പേര് ചേര്‍ത്താല്‍ പിന്നെ അവന്‍റെ ഡ്യൂട്ടി കഴിഞ്ഞു. പ്രോജക്ടിനുള്ള വിഷയം കണ്ടെത്തലും പ്രോജക്ട് തയ്യാറാക്കലുമൊക്കെ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിലും ഇപ്പോള്‍ മക്കളുടെ ഹോംവര്‍ക്കുകള്‍ പോലും മാതാപിതാക്കള്‍ക്കുള്ളതാണല്ലോ!
ക്രാഫ്റ്റ് വര്‍ക്കുകളിലൊക്കെ പണ്ടേ വീക്ക് ആയ ഞാന്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു പ്രോജക്ടിനായി യൂട്യൂബില്‍ രാപകല്‍ തിരഞ്ഞു. ഒടുവില്‍ അധികം അധ്വാനമില്ലാതെ ചെയ്യാന്‍ പറ്റുന്ന ഒരെണ്ണം കണ്ടെത്തി 'മാഗ്നറ്റിക് ലെവിറ്റേഷന്‍'. കാന്തികശക്തി കൊണ്ട് വസ്തുക്കളെ വായുവില്‍ ഉയര്‍ത്തി നിര്‍ത്തുകയും ചലിപ്പിക്കുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്. ബുള്ളറ്റ് ട്രെയിനുകളിലൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്.
കാന്തവും കാര്‍ഡ്ബോര്‍ഡ് ബോക്സും ഉപയോഗിച്ച് ഒരു മോഡല്‍ തയ്യാറാക്കി. ഫ്രെയിമിന്‍റെ മുകള്‍ഭാഗത്ത് ഒരു കാന്തം ഘടിപ്പിച്ചു. ഒരു സേഫ്റ്റി പിന്‍ നൂലില്‍ കെട്ടി ഫ്രെയിമിന്‍റെ താഴെ വശത്തായി പിടിപ്പിച്ചു. അതാ, സേഫ്റ്റി പിന്‍ വായുവില്‍ ഉയര്‍ന്നു നിന്ന് നൃത്തം ചെയ്യുന്നു! നൂല്‍ പിറകോട്ടു വലിക്കുമ്പോള്‍ കാന്തികവലയത്തിന് പുറത്താകുന്ന പിന്‍ താഴെ വീഴുകയും ചെയ്യുന്നു.
മക്കള്‍ക്ക് ഇതിന്‍റെ ശാസ്ത്രമൊക്കെ പറഞ്ഞു കൊടുത്ത് പിറ്റന്നത്തേക്കുള്ള പ്രസന്‍റേഷനും റെഡിയാക്കി. പക്ഷേ, മക്കള്‍ക്ക് അതിന്‍റെ ടെക്നോളജിയെക്കാള്‍ നൂലില്‍ പിടിച്ചു വലിച്ച് പിന്നിനെ താഴെ വീഴിക്കുന്ന കളിയാണ് ഇഷ്ടമായത്. എന്‍റെ സയന്‍സ് പ്രോജക്ടിനെ അവര്‍ വളരെ വേഗം ഒരു കളിപ്പാട്ടമാക്കി മാറ്റി.
മക്കളുടെ കളി കണ്ടപ്പോള്‍ എന്‍റെ അമ്മബുദ്ധിയില്‍ ഒരു ആശയം ഉദിച്ചു. കൗമാരത്തിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുന്ന മകന്‍ ഈയിടെയായി എന്‍റെ ചില 'അരുതുകള്‍' ഇഷ്ടപ്പെടാതെയായി തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെ കരുതലും ഈശ്വരവിശ്വാസവുമൊക്കെ അവന്‍റെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതൊക്കെ തന്നെയാണല്ലോ കൗമാരം!
നീണ്ട ഉപദേശങ്ങള്‍ വിലപോകില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അതിന് ഞാന്‍ മെനക്കെടാറില്ല. കണ്മുന്നില്‍ കാണുന്ന കാര്യങ്ങളില്‍ നിന്ന് ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും പറയാന്‍ ശ്രമിക്കാറുമുണ്ട്.
ഞാന്‍ അവന്‍റെ അടുത്തുചെന്ന് പറഞ്ഞു: "നീ ഈ സേഫ്റ്റി പിന്‍ പോലെയാണ്."
അമ്മ എന്താണ് പറയാന്‍ പോകുന്നതെന്ന ഭാവത്തില്‍ അവന്‍ എന്നെ നോക്കി.
"ഈ പിന്‍ നീയും, മാഗ്നറ്റ് ദൈവവും, ചുറ്റുമുള്ള മാഗ്നറ്റിക് ഫോഴ്സ് നമ്മുടെ കുടുംബവുമാണ്. ഈ നൂല്‍ നിന്‍റെ സുഹൃത്തുക്കളും പുറത്തുള്ള ലോകവുമാണ്. ഈ കാന്തികവലയത്തിനുള്ളില്‍ സേഫ്റ്റി പിന്‍ നിവര്‍ന്നു നില്‍ക്കുന്നതുപോലെ കുടുംബത്തിന്‍റെ സ്നേഹത്തിലും കരുതലിലും ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനയിലും നിനക്കും വീണുപോകാതെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയും. അതേ സമയം ഈ നൂലുപോലെ സുഹൃത്തുക്കളുമായും പുറംലോകവുമായും നിനക്ക് ബന്ധം ഉണ്ടായിരിക്കുകയും ചെയ്യും.
ഈ കാന്തികശക്തി നിന്നെ തടവിലാക്കുകയല്ല; സ്വാതന്ത്ര്യത്തോടെ സുരക്ഷിതമായി നിവര്‍ന്നു നില്‍ക്കാന്‍ നിന്നെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുറംലോകത്തിന്‍റെ വാക്കുകള്‍ മാത്രം കേട്ട് ഈ സ്നേഹവലയത്തില്‍ നിന്ന് നീ പുറത്തുപോകുമ്പോള്‍, ദാ... ഈ പിന്‍ വീണതുപോലെ നീയും വീണുപോകും."
വീണുകിടക്കുന്ന പിന്‍ നേരെ നിര്‍ത്തിയിട്ട് ഞാന്‍ വീണ്ടും പറഞ്ഞു:
"ഇനി എങ്ങാനും നീ വീണുപോയാല്‍, ഇതുപോലെ എഴുന്നേറ്റ് തിരിച്ചു വരാനും കഴിയും. ഈ കാന്തികവലയം മാറ്റമില്ലാതെ ഇവിടെ തന്നെയുണ്ടാകും. വീണുപോയി എന്നതല്ല; വീണിടത്ത് നിന്ന് എഴുന്നേറ്റ് തിരിച്ചു വരുന്നുണ്ടോ എന്നതിലാണ് കാര്യം."
എല്ലാം കേട്ട് അവന്‍ നിശബ്ദനായിരുന്നു. പതിവ് മറുപടികളൊന്നും വന്നില്ല.
മിക്ക ദിവസങ്ങളിലും പ്രാര്‍ത്ഥിക്കാന്‍ ഓര്‍മ്മിപ്പിക്കണം. പക്ഷേ അന്ന് രാത്രി കുറച്ചധികം നേരം കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നത് കണ്ട് ഞാന്‍ കാര്യം തിരക്കി.
"അമ്മ പറഞ്ഞ മാഗ്നറ്റിക് ഫോഴ്സില്‍ നിന്ന് വീണുപോകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതാ." അവന്‍ മറുപടി പറഞ്ഞു.
എന്‍റെ ഉപമ അവന്‍റെ ജീവിതം അടിമുടി മാറ്റുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എങ്കിലും പ്രാര്‍ത്ഥനയും വിശ്വാസവും മാതാപിതാക്കളുടെ കരുതലും എന്തിന് വേണ്ടിയാണെന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാന്‍ അവന് അവസരം ലഭിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
നമ്മള്‍ തീര്‍ക്കുന്ന സ്നേഹവലയത്തില്‍ നിന്ന് മക്കള്‍ പലപ്പോഴും വീണുപോകാറുണ്ട്. അത് അവര്‍ മോശക്കാരായതുകൊണ്ടല്ല; മറിച്ച് അതിന്‍റെ അര്‍ത്ഥവും ആവശ്യവും അവര്‍ക്ക് മനസ്സിലാകാതെ പോകുന്നതുകൊണ്ടാണ്. ചിലപ്പോഴൊക്കെ ആ സ്നേഹവലയം അവരെ ശ്വാസംമുട്ടിക്കുന്നതുകൊണ്ടാണ്.
പ്രാര്‍ത്ഥനയും വിശ്വാസവും നമ്മുടെ കരുതലും അതില്‍ നിന്ന് വരുന്ന ചില 'അരുതുകളും' എന്തിന് വേണ്ടിയാണെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനായാല്‍, നമ്മുടെ കാന്തികവലയത്തിന് പുറത്തേക്ക് കടക്കാന്‍ അവര്‍ അത്ര എളുപ്പത്തില്‍ ശ്രമിക്കില്ല.
“Train up a child in the way he should go; and when he is old, he will not depart from it.” (Proverbs 22:6)
ഇനി അഥവാ അവര്‍ വീണുപോയാല്‍, മടങ്ങിവന്ന ധൂര്‍ത്തപുത്രനെ സ്വീകരിച്ച അപ്പന്‍റെ ഹൃദയം പോലെ എല്ലാ കുടുംബങ്ങളിലും അവര്‍ക്കായി ഒരിടമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കാന്‍ നമുക്കാവണം.
കൊടുത്ത സ്നേഹവും കരുതലുമൊക്കെ പാഴായിപ്പോയെന്ന് കരുതി വേദനിക്കുന്ന മാതാപിതാക്കളോടാണ്: 'നമ്മള്‍ അവര്‍ക്കായി തീര്‍ത്ത സ്നേഹവലയം എന്നെങ്കിലും അവര്‍ തിരിച്ചറിയാതിരിക്കില്ല. ആ സ്നേഹക്കൂട്ടിലേയ്ക്ക് അവര്‍ തിരികെയെത്താതിരിക്കില്ല.'
"To be in your children’s memories tomorrow, you have to be in their lives today.” - Barbara Johnson
സ്നേഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും മക്കള്‍ക്ക് ചുറ്റും ഒരു കാന്തികവലയം തീര്‍ക്കാന്‍ നമുക്കാവട്ടെ.
സ്നേഹബന്ധങ്ങളുടെ കാന്തികവലയം
റോണിയ സണ്ണി
അസ്സീസി മാസിക ജൂലൈ 2026
























